Image

ലാന്‍ഡ് ഓഫ് ദി ഫ്രീ കഥകള്‍: (കഥ-2 -ഒരു വഴക്ക്: കാര്യവും കാരണവും; ബൈക്കില്‍ പൂത്ത ലതാവല്ലരി-ബിന്ദു പണിക്കര്‍)

ബിന്ദു പണിക്കര്‍ Published on 05 August, 2019
ലാന്‍ഡ് ഓഫ് ദി ഫ്രീ കഥകള്‍:  (കഥ-2 -ഒരു വഴക്ക്: കാര്യവും കാരണവും; ബൈക്കില്‍ പൂത്ത ലതാവല്ലരി-ബിന്ദു പണിക്കര്‍)
ലതാവല്ലരി എന്റെ ബൈക്കിന്റെ പിന്നില്‍ പൂത്തുലയുന്ന കാഴ്ച കണ്ട് രമണി 'മരണി' ആയി മാറിയിട്ടിപ്പോള്‍ ഇരുപത്തിനാല് മണിക്കൂറുകള്‍ തികഞ്ഞിരിക്കുന്നു. 'മരണി' വളച്ച് രമണിയാക്കാനുള്ള  എന്റെ പരിശ്രമങ്ങള്‍ക്കൊടുവില്‍ അതുവരെ മൂകയായിരുന്ന അവള്‍ പ്രതികരിച്ചു. നീണ്ടകാല പരിശ്രമങ്ങള്‍ക്ക് ശേഷം അഗാധമായ സ്‌പേസില്‍ നിന്നും റേഡിയോ സിഗനല്‍സിന് പ്രതികരണം ലഭിച്ച ശാസ്ത്രജ്ഞന്റെ സന്തോഷം എനിക്ക്. എന്നാല്‍ ലഭിച്ച സിഗ്നലുകള്‍ ഡീക്കോഡ് ചെയ്തപ്പോള്‍ സൗരയൂഥത്തിനപ്പുറം രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നും വന്ന തീപാറുന്ന കുറിവാക്കുകള്‍ ആണ് അതെന്ന് മനസ്സിലായി.
നീണ്ട മൂകതയ്ക്ക് ശേഷം കൂടം പടികളില്‍ വീണുരുളും പോലൊരു ശണ്ഠ, അതാണല്ലോ എന്റെ രമക്കുട്ടിയുടെ പ്രശ്‌നപരിഹാരഘട്ടങ്ങള്‍. എന്തായാലും രണ്ടാംഘട്ടത്തില്‍ പ്രവേശിച്ചു എന്നത് ആശ്വാസകരം തന്നെ. ശേഷം സ്‌ക്രീനില്‍....
'ചുറ്റിയ വള്ളി മുറിച്ചുമാറ്റിയപ്പോള്‍ വേദനിച്ചോ ആവോ!' 'മരണി'ക്കുട്ടി എന്റെ നേരെ ആക്രോശിച്ചു.
'വള്ളി ചുരുട്ടി അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ ഒരു ചിന്ന വള്ളിക്കുടില്‍ തീര്‍ക്കാമായിരുന്നു.' പരിഹാസവും പുച്ഛവും സമാസമം ചേര്‍ത്തുണ്ടാക്കിയ മിശൃതം അവള്‍ എന്റെ നേര്‍ക്ക് പ്രയോഗിച്ചു.
തല്‍സമയം എന്റെ ബുദ്ധിയില്‍ ഉദിച്ചതിന്‍ പ്രകാരം കൈകള്‍ മുകളിലേക്കുയര്‍ത്തി കൂപ്പി, കണ്ണുകള്‍ ഭദ്രമായി അടച്ച് ഞാന്‍ ഉറക്കെ ചൊല്ലി,
സര്‍വേ ഭവന്തു സുഖിനഃ
സര്‍വേ സന്തുതിരാമയഃ
സര്‍വേ ഭദ്രാണി പശ്യന്തു
മാ കശ് ചിത് ദുഖഃ ഭാഗഭവമേദ്
ഓം ശാന്തി ശാന്തി ഹിഃ
നല്ലതൊന്നും സംസാരിക്കാന്‍ വരാത്ത അവസരത്തില്‍ നിങ്ങള്‍ ഫ്രഞ്ചില്‍ സംസാരിക്കൂ എന്ന് എവിടെയോ കേട്ട ഓര്‍മ്മ, ഫ്രഞ്ചറിയില്ല എന്നാല്‍ സംസ്‌കൃതമാവാമോ എന്ന പരീക്ഷണം ഒന്നു നത്തിനോക്കി ശ്ലോകം ചൊല്ലിത്തീര്‍ന്നതും, കണ്ണുതുറന്നതും, തന്റെ നേരെ പാഞ്ഞ് വരുന്ന ഇരുനൂറ് പേജിന്റെ കട്ടിക്കവറുള്ള പുസ്തകം തട്ടിമാറ്റിയതും ഒരുമിച്ചായതുകൊണ്ട് ഒരു വന്‍ ദുരന്തം ഒഴിവായി.
സര്‍വ്വേക്കല്ലുകള്‍ ഒക്കെ സുഖമായിരിക്കട്ടെ
സര്‍വ്വേക്കല്ലുകള്‍ ആരോഗ്യമുള്ളതായിരിക്കട്ടെ
നല്ലതായിരിക്കട്ടെ, ക്ലേശരഹിതമായിരിക്കട്ടെ
എന്നാലല്ലെ കാക്കകള്‍ക്ക് ശാന്തിശാന്തിയായി
കാര്യം സാധിക്കാന്‍ കഴിയൂ....
എന്നൊരു തമാശ പൊട്ടിച്ച് രമണിയമ്മയെ പാട്ടിലാക്കാനുള്ള പരിശ്രമം പാഴ് വേലയായി.
രമയും ഞാനുമായുള്ള യുദ്ധത്തില്‍ ചിലപ്പോഴൊക്കെ എന്റെ നര്‍മ്മോക്തിയും വേറെ ചിലപ്പോള്‍ തത്വജ്ഞാനവും എന്റെ രക്ഷയ്‌ക്കെത്തിയ ചരിത്രമുണ്ട്. ചരിത്രം ആവര്‍ത്തിച്ച് ചരിത്രവുമുണ്ട്. ഇന്നെന്ത് മാരകായുധമാണാവോ  ഇവളുടെ കലിടക്കാന്‍ ഞാന്‍ കൊണ്ടുവരേണ്ടത്!
രമ തുടരുന്നു....
സര്‍വ്വേ ഭവന്തു സുഖിനഃ പോലും.... നിങ്ങളുടെ സ്വന്തം സുഖമാണല്ലോ നിങ്ങള്‍ക്ക് പ്രധാനം. അതിനു കണ്ട മാര്‍ഗ്ഗമോ.... ബൈക്കില്‍ .... ഛെ, പറയാന്‍ നാണക്കേട് തന്നെ. ഹൗ.... രമയുടെ കൂര്‍ത്ത് മൂര്‍ത്ത വാക്ശരങ്ങള്‍ എന്റെ മാറ് പിളര്‍ന്നു.
പക്ഷെ, ശരങ്ങള്‍ ഏറ്റ എന്റെ മാറില്‍നിന്നും കിനിയുന്നത് തേന്‍തുള്ളികളാണല്ലോ. രക്തത്തുള്ളികള്‍ എവിടെപ്പോയൊളിച്ചു. ആശ്ചര്യകരമായിരിക്കുന്നല്ലോ.
'ദേഷ്യമേ.... നീയെന്നെ വിട്ട് പോയി എന്ന് ഞാന്‍ ധരിച്ചോട്ടെ.' ചോദ്യം എന്റെ വക എന്നോട് തന്നെ. ചോദ്യത്തിനൊടുവില്‍ ചുണ്ടത്ത് മിന്നിയ പുഞ്ചിരി നാവുകൊണ്ട് തുടച്ച് മായച്ചുകളഞ്ഞു.
ഇങ്ങനെയുള്ള അവസരങ്ങളില്‍ ചിരി എവിടെ പരന്നാലും മുഖത്ത് പരക്കാതെ നാം പ്രത്യേകം ശ്രദ്ധിക്കണം. ഭാര്യ ജീവിതവ്യഥയുമായി കേഴുമ്പോള്‍ അതിനെനിസാരമായി കണ്ട് പുഞ്ചിരി തൂകുന്ന ഭര്‍ത്താവ്' എന്നൊരു തലവാചകം മനസിലുദിച്ചപ്പോഴേ ശേഷം കഥാഭാഗം വറ്റിവരണ്ട് ഉണങ്ങിപ്പോയി.
എന്തായാലും ഞാന്‍ ഒരു സമാധാനസന്ദേശം കൈമാറാന്‍ തീരുമാനിച്ചു. വഴിക്കു വരുമോ എന്ന് നോക്കട്ടെ.
'രമെ, ഇത് നിന്റെ അമേരിക്കയിലെ ഫൈറ്റിംഗ് ലെയിനിലെ വീടല്ല, നിന്റെ മദര്‍ ഇന്‍ലായുടെ വീടാണ്, മറക്കണ്ട.' ഞാന്‍ ഒരു ഇരുപത്തിയഞ്ച് കിലോ കട്ടിയെടുത്ത് എന്റെ ശബ്ദത്തില്‍ തൂക്കിയിട്ട് ഘനഗംഭീരനായി മൊഴിഞ്ഞു.
'ശബ്ദമല്ല ഉയര്‍ത്തേണ്ടത്, നിങ്ങളുടെ വാക്കുകളാണ്. റെയ്‌സ് യുവര്‍ വേര്‍ഡ്‌സ്, നോട്ട് യുവര്‍ വോയ്‌സ്.' മഹാ പോയറ്റ് റൂമി ആള്‍സിയന്റിന്റെ വരികള്‍ തലയില്‍ മിന്നി. ഭാര്യ കത്തിജ്വലിച്ച് നില്‍ക്കുമ്പോള്‍ കവിത പാടിക്കൂട എന്ന് നിയമം ഒന്നും ഇല്ലല്ലോ. പരക്കാന്‍ തുടങ്ങിയ പുഞ്ചിരി വീണ്ടും തെറുത്ത് മടക്കി കെട്ടിവച്ചു.
'മദര്‍ ഇന്‍ ലാ?... അവര്‍ മദര്‍ ഔട്ട് ലായാണ്.' രമ എന്റെ നേര്‍ക്ക് ചീറിയടുത്തു.
ഹാവൂ ഒന്നാംപ്രതി എന്റെ അമ്മയാണ്, ഞാനല്ല. എന്തായാലും ഒരു സമാധാനശ്രമം കൂടി.
'രമേ, നിനക്കിപ്പോള്‍ എന്താണ് വേണ്ടത് ? ഞാന്‍ കാര്യം തിരക്കുന്ന കാര്യസ്ഥനായി.
'എനിക്കറിയണം, എനിക്കില്ല്ാത്ത എന്താണ് അവള്‍ക്കുള്ളത്. ആ മരതകവല്ലരിക്ക് ?' ഇപ്പോള്‍ വാശി പിടിച്ച് കരയുന്ന കുട്ടിരമയുടെ മുഖം അവള്‍ക്ക്.
ചോദ്യം ന്യായമാണ്. ഇവള്‍ക്കില്ലാത്തതെന്താണ് അവള്‍ക്കുള്ളത്?
സത്യം തുറന്നുപറഞ്ഞാല്‍ ഇവള്‍ എന്നെ കൊല്ലും. തലയിലുദിച്ച മുഴുവന്‍ ദുഷ്ചിന്തകളുടെ ഫലമായി മുഖത്ത് വിരിഞ്ഞത് പുഞ്ചിരി.
പുരഹരനാകിയ ആ പരമശിവനെപോലും പെടുത്തികളഞ്ഞ സാക്ഷാല്‍ രമാദേവിയുടെ നാരീകുലത്തില്‍ പിറന്നവളല്ലോ രമേ നീയും....
പുരഹരനോടഥ ചോദ്യം ചെയ്തു,
'തിരുമുടിജടയുടെ നടുവില്‍ വിളങ്ങി-
പ്പരിചൊടു കാണുവതെന്തൊരു വസ്തു?'
ഹരനരുള്‍ ചെയ്തിതു, നമ്മുടെ ജടയില്‍
പെരുകിനവെള്ളം വേര്‍പെടുകില്ല.'
'കുരല കഥിയ്ക്കരുതെന്നൊടു നാഥാ
സരസം മുഖമിഹ കാണാകുന്നു.
...........................................................'
ഗംഗയെ ചൂണ്ടിക്കാട്ടി ഗംഗാധരനോട് 'വിടമാട്ടെ, ഉന്നെ ഞാന്‍ വിടമാട്ടെ' എന്ന് കോപിച്ചവള്‍ ദേവി പാര്‍വ്വതി. എന്തായാലും ഇക്കഥ പാടിയ കുഞ്ചന്‍ നമ്പ്യാരദ്യേത്തെയും, സാക്ഷാല്‍ ശിവപ്പെരുമാളിനെയും മനസാ വണങ്ങി ഞാന്‍ പൂഴിക്കടകം പ്രയോഗിക്കാന്‍ തീര്‍ച്ചയാക്കി.
ഇവളുടെ കാഴ്ചപ്പാടില്‍ ബൈക്കില്‍ ചുറ്റിപ്പിണഞ്ഞു കണ്ട ലതയെ ഉദ്ദേശം വച്ച് ഞാന്‍ പറഞ്ഞു,
ഞാന്‍ ശാന്തനായി, ശാന്തപ്പാറ ശാന്തപ്പനായി മൊഴിഞ്ഞു.
'അതേയതേ.... നിങ്ങള്‍ ചെയ്തതൊക്കെയും ശരി. ഞാന്‍ കണ്ടതുകൊണ്ട് കുറ്റം എന്റെ കാഴ്ചയ്ക്ക്. ഞാന്‍ കണ്ടില്ലായിരുന്നു എങ്കില്‍ നിങ്ങള്‍ അമ്മയ്ക്കും മകനും സന്തോഷമായേനെ.'
അമ്മ കൂട്ടുപ്രതിയായി തുടരുന്നു.
'രമേ, നീ എന്തിനെന്റെ അമ്മയെ ഇതില്‍ വലിച്ചിഴയ്ക്കുന്നു.' ഞാന്‍ ഘനഗംഭീരനായി മുരണ്ടു.
'നിങ്ങളല്ലെ പറയാറുള്ളത് സ്‌നേഹത്തിന്റെ കുത്തൊഴുക്കാണ് അമ്മ' എന്ന്. ഹതെ, കുത്തെനിക്കും ഒഴുക്കത്രയും അവള്‍ക്ക് നേര്‍ക്കും.'
ഘോരമായ പ്രസംഗത്തിനിടയില്‍ പുട്ടിന് തേങ്ങാപ്പീരയെന്നവണ്ണം ഈണത്തില്‍ ചേര്‍ന്ന തേങ്ങലും.
പെട്ടെന്ന് ഭൂപാളികള്‍ തളിര്‍ത്ത് സ്‌നേഹത്തിന്റെ ഒരുറവ എന്റെ നെഞ്ചില്‍ പൊട്ടി. എം.ബി.എ.ക്കാരിയാണത്രേ. വാശിപിടിച്ച് കരയുന്ന ഈ പൊട്ടിക്കാളിയെ ഞാന്‍ എങ്ങനെപറഞ്ഞ് മനസ്സിലാക്കും?
'രമേ.... രമക്കുട്ടീ.... എന്റെയമ്മ ആ കുട്ടിയോടൊന്ന് മിണ്ടി, അവള്‍ക്ക് ഒരു കപ്പ് ചായ കൊടുത്തു. ബൈക്കിലൊന്ന് വീട്ടിലെത്തിക്കാന്‍ എന്നോട് പറഞ്ഞു. അതെങ്ങനെയാണ് നിന്നോടുള്ളതിനെക്കാള്‍ സ്‌നേഹക്കൂടുതല്‍ ആകുന്നത്?'
'കുട്ടി.... ആ കുട്ടി.... മകനും അമ്മയ്ക്കും എന്തൊരു സ്‌നേഹം....' നൂറ് മണിയനീച്ചകള്‍ ഒന്നിച്ച് മുരളുംപോലെ രമ ഗ്യാപ്പില്ലാതെ തുടരുന്നു.
സമയമായിരിക്കുന്നു..... ഇവളെ ഒതുക്കാന്‍ സമയമായിരിക്കുന്നു. ഇവിടെ കരണീയമായിട്ടുള്ളത് രണ്ട് കാര്യങ്ങള്‍.
ഒരു ഇരുപത്തിയഞ്ച് ഡെസിബല്‍  സൗണ്ടില്‍ ആക്രോശിച്ചുകൊണ്ട് രമയുടെ അച്ഛനപ്പൂപ്പന്‍മാരെയും, അമ്മ അമ്മൂമ്മമാരെയും കാലം പൂകിയ കാരണവന്‍മാരെയും ഒക്കെ വിളിച്ച് വരുത്താം. പക്ഷെ, വീട്ടുകാരും നാ്ട്ടുകാരും ഓടിക്കൂടും. അടുത്ത ഓപ്ഷന്‍ എന്ന് പറയുന്നത്, പറയാനുള്ളതൊക്കെ കാച്ചിക്കുറുക്കി പഞ്ചാക്ഷരങ്ങളുള്ള 'ആ' കുഞ്ഞ് ഇംഗ്ലീഷ് വാക്ക് അവളുടെ ചെവിയില്‍ വിസര്‍ജ്യം ചെയ്ത് ഒരു ആയിരം ലക്‌സ്(Lux) ഇന്റന്‍സിററിയുടെ നോട്ടം ഒരെണ്ണം തറച്ച് വച്ച് ഛടുതിയില്‍ ഇവിടെനിന്ന് നിഷ്‌ക്രമിക്കുക എന്നതാണ്. പക്ഷെ, രണ്ടായാലും ചെറുകഥ തുടരനായി പരിണമിക്കും എന്നു ചിന്തിക്കുന്നതിനിടെ മറ്റൊന്ന് സംഭവിച്ചു.
കൂകിപ്പായുന്ന തീവിപോലെ, അലയടിക്കുന്ന സാഗരം പോലെ ഊര്‍ജ്ജസ്വലതയോടെ തുടരുന്ന രമയെ നോക്കി ഞാന്‍ വിളിച്ചു....
'രമേ....' പായുന്ന തീവണ്ടി എന്റെ ശബ്ദം തട്ടിത്തെറിപ്പിച്ചു.
'രമേ....' പായുന്ന തീവണ്ടി എന്റെ ശബ്ദം തട്ടിത്തെറിപ്പിച്ചു.
'രമേ....' ഇത്തവണ ഞാന്‍ അമറി വിളിച്ചു. തീവണ്ടി നിന്നു, സാഗരം മൂകമായി.
മുക്ത സാക്ഷിയാക്കി ഞാന്‍ മെല്ലെ പറഞ്ഞുതുടങ്ങി....
രമേ.... നീയെന്നോട് ക്ഷമിക്കണം. പണ്ട് ലതയ്ക്കും എനിക്കും കല്യാണം പറഞ്ഞു വച്ചതാണ് എന്ന് നിനക്കറിയാമല്ലോ. സത്യത്തില്‍ എത്ര ശ്രമിച്ചിട്ടും നിന്നെ കല്യാണം കഴിച്ച ശേഷവും എനിക്കവളെ മറക്കാനായില്ല. ഞങ്ങള്‍ ഇരുവരും ഇപ്പോഴും ഗാഢമായ പ്രയാണത്തിലാണ്. ക്ഷമിക്കണം പ്രണയത്തിലാണ്. ഇനി പിരിയാന്‍ കഴിയും എന്ന് തോന്നുന്നില്ല. സത്യത്തില്‍ അവളെ കാണാന്‍ മാത്രമാണ് ബിസിനസ് ടൂര്‍ എന്ന കാരണമുണ്ടാക്കി ഞാന്‍ നാട്ടില്‍ വരുന്നതുതന്നെ.'
ഇത്രയും പറഞ്ഞ് ശ്വാസം കഴിക്കാന്‍ ഒരു ഇടവേള എടുത്തു. തല സ്വല്പം ചെരിച്ച് പ്രിയതമയെ വീക്ഷിച്ചു.
അവളുടെ സ്വതവേ വിടര്‍ന്ന നേത്രങ്ങള്‍ വീണ്ടും വികസിതമായപ്പോള്‍ നേത്രഗോളങ്ങള്‍ താഴെ വീണുപോകുമോ എന്ന് ഞാന്‍ ഭയന്നുപോയി. ഇമവെട്ടാതെ ചലിക്കാത്ത നേത്രങ്ങളില്‍ നിന്നും കണ്ണീര്‍പ്പുഴ ചാലിട്ടൊഴുകുന്നു. ചുവന്ന് വികസിച്ച നാസികാപേശികള്‍, വലിഞ്ഞുമുറുകിയ ഗളപ്രദേശം. ശ്വാസം കഴിക്കാന്‍ കൂടി മറന്ന് സ്തബ്ധയായി നില്‍ക്കുന്ന പ്രാണപ്രേയസിയെ നോക്കിയപ്പോള്‍, സ്‌ക്രിപ്റ്റിലില്ലാതിരുന്ന ഒരു വന്‍ ചിരി മടപൊട്ടി കുത്തിയൊലിച്ച് എന്നില്‍നിന്നും പ്രവഹിച്ചു.
വല്ലപാടും പണിപ്പെട്ട് ചിരിയൊതുക്കി ഞാന്‍ പറഞ്ഞു....
'റിലാക്‌സ്.... നാരീ.... റിലാക്‌സ്....'
ഇനി നീ വാശി വെടിഞ്ഞ്.... മനസമാധാനത്തോടെ ചിന്തിക്കൂ.... എനിക്ക് പറയാനുള്ള കടിതം ഇങ്ങനെ വല്ലതും ആയിരുന്നു എങ്കില്‍ നീ എന്ത് ചെയ്‌തേനെ....?
അച്ഛന്‍ മുറ്റത്തെ തെങ്ങില്‍ ചാരിവച്ച തോര്‍ത്തെടുത്ത് ഒരു മുങ്ങിക്കുളിയുടെ ആഹ്ലാദത്തിനായി ഞാന്‍ പുറത്തേക്ക്, നിഷമോളെ വാരിയെടുത്ത് മുത്തംകൊണ്ട് മൂടി ഒരു മൂളിപ്പാട്ടും മൂളി രമ.....

ലാന്‍ഡ് ഓഫ് ദി ഫ്രീ കഥകള്‍:  (കഥ-2 -ഒരു വഴക്ക്: കാര്യവും കാരണവും; ബൈക്കില്‍ പൂത്ത ലതാവല്ലരി-ബിന്ദു പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക