പാരതന്ത്ര്യത്തിന്റെ വേലികള്‍ മാഞ്ഞിട്ട്
ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും
ഭാരത മക്കളേ ചൊല്ലുക, നിങ്ങള്‍
സ്വാതന്ത്ര്യം ആസ്വദിച്ചീടുന്നുവോ!
ജാതിമതത്തിന്റെ വിദ്വേഷ വിത്തുകള്‍
നാട്ടിലെങ്ങും വിതച്ചീടുന്നതും
ഉച്ചനീചത്വമാം ചിന്തയില്‍, സ്വച്ഛത
തുച്ഛമാക്കുന്നതും സ്വാതന്ത്ര്യമോ!
ഏറിയോരധികാര ദുര്‍മ്മോഹ ചിന്തയില്‍
ഏറെ നിഷ്ഠൂരതകള്‍ ചെയ വതും,
കള്ളവും കൈക്കൂലിയാലുമീ നാടിനെ
കൊള്ള ചെയ്യുന്നതും സ്വാതന്ത്ര്യമോ!
കൊലപാതകം ബലാല്‍സംഗവും ചെയ്യുവോര്‍
കുറ്റവിമുക്തരായ് പോകുന്നതും,
രാ്ഷ്ട്രീയ സ്വാധീനമെന്നൊരഹന്തയില്
ധാര്ഷ്ട്യരാകുന്നതും സ്വാതന്ത്ര്യമോ!
വീഥിയില്‍ എന്നൊരു നാരിക്ക് രാത്രിയില്‍
ഭീതികൂടാതെ നടക്കുവാന്‍ സാധ്യമോ
അന്നു മുതല്‍ ലഭ്യമായിടും, നിശ്ചയം
നന്മയില് പൂര്‍ണ്ണമാകുന്ന സ്വാതന്ത്ര്യം!!
Reference of last stanza:
Gandhiji Said: India will be free when the women feel safe in the streets of india in the midnight.