ഫോണ്‍കോള്‍-(മിനികഥ: ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 28 August, 2019
ഫോണ്‍കോള്‍-(മിനികഥ: ഡോ.ഈ.എം.പൂമൊട്ടില്‍)
തോമാച്ചായന്‍ അമേരിക്കയില്‍ നിന്നും നാട്ടിലോട്ട് ജോണിയെ വിളിച്ചത് ഒരു പ്രധാന വിഷയം സംസാരിക്കാനായിരുന്നു. പെട്ടെന്നു കണക്ഷന്‍ കിട്ടി. ലൈന്‍ നന്നേ കഌയര്‍! മുഖവുരയായി അല്പം കുശലാന്വേഷണങ്ങള്‍ നടത്തിയതിനുശേഷം അച്ചായന്‍ കാര്യത്തിലേക്ക് കടന്നു: എടാ ജോണീ, ഞാനിപ്പം വിളിച്ചത് നിന്നോട് പണസംബന്ധമായ ഒരു കാര്യം പറയാനാ, ഇവിടെ ഞങ്ങളിപ്പോള്‍ പൊതുവെ ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുവാ; നിനക്കറിയാമല്ലോ!
ജോണി: ശരി അച്ചായാ; ഞങ്ങള്‍ പത്രം, റ്റി.വി. ഒക്കെ മുഖേന ഇതെപ്പറ്റി അറിയുന്നുണ്ട്.
അച്ചായന്‍: അറിയുന്നുണ്ടല്ലോ; സന്തോഷം തന്നെ, നീ എന്നോട് താമസിയാതെ തിരികെ തരാമെന്നു പറഞ്ഞു വാങ്ങിച്ച ആ തുകയുണ്ടല്ലോ; ഇത് ഈ നവംബറില്‍ ഞങ്ങള്‍ നാട്ടില്‍ വരുമ്പോള്‍ തരണം.

ജോണി: അച്ചായന്‍ പറയുന്നതൊന്നും ഇവിടെ കേള്‍ക്കുന്നില്ല, പെട്ടെന്നുണ്ടാകുന്ന മഴയും ഇടിമിന്നലുമൊക്കെ ഇവിടെ ശല്യം തന്നെയാ; പറുന്നതൊന്നും കഌര്‍ അല്ല! 
അച്ചായന്‍: അപ്പം ഞാന്‍ പറയുന്നതൊന്നും കേള്‍ക്കുന്നില്ലേ?
ജോണി: ഇല്ലച്ചായാ; ഒന്നും കേള്‍ക്കുന്നില്ല. ഫോണില്‍ ആകെ ഇരപ്പും ബഹളവുമാ!
അച്ചായന്‍ പതിയെ വിഷയം ഒന്നു മാറ്റി നോക്കി: എടാ, ജോണീ, പണത്തിന്റെ കാര്യമൊക്കെ പോട്ടെ, നീ നാട്ടിലെ രാഷ്ട്രീയ വര്‍ത്തമാനങ്ങളൊക്കെ അല്പം പറ, മന്ത്രിസഭ വീഴാന്‍ സാധ്യതയുണ്ടോ, നിന്റെ അഭിപ്രായം എന്തവാ?

ജോണി: എന്റച്ചായാ, ഒന്നും പറയണ്ടാ, നാലു മന്ത്രിമാരല്ലെ ഒന്നിച്ച് അഴിമതിയാരോപണത്തില്‍പ്പെട്ടിരിക്കുന്നത്. അച്ചായന്‍ നവംബറില്‍ നാട്ടില്‍ എത്തുന്നതിനു മുമ്പ് മന്ത്രിസഭ വീണിരിക്കും, ഉറപ്പാ!
അച്ചായന്‍ വീണ്ടും സംഭാഷണം പ്രധാന വിഷയത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തി:

അന്നു നീ എന്നോട് കടമായി വാങ്ങിച്ച ആ പണം തിരികെത്തരുന്ന കാര്യം......
അച്ചായന്‍ വാചകം പൂര്‍ത്തിയാക്കുന്നതിനു മുമ്പായി മറുതലയ്ക്കല്‍ നിന്നും മറുപടി വന്നു:

അച്ചായാ, ഈ നശിച്ച കാറ്റും മഴയും കാരണം വീണ്ടും പ്രശ്‌നങ്ങള്‍ തുടങ്ങി; അവിടെ നിന്നു പറയുന്നതൊന്നും ഇവിടെ കേള്‍ക്കുന്നില്ല; ചിലപ്പോള്‍ ഫോണ്‍ കട്ടാേക്കും.

അച്ചായന്‍: എടാ, നീ പറയുന്നതെല്ലാം എനിക്ക് നന്നായി കേള്‍ക്കാമല്ലോ!
അല്പനേരത്തേക്ക് മറുതല്ക്കല്‍ മൗനം!

അച്ചായന്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു:
ഹലോ, ഹലോ നീ വല്ലതും കേള്‍ക്കുന്നുണ്ടോ?
ജോണീ, നീ കേള്‍ക്കുന്നുണ്ടോ; ഹലോ, ഹലോ,...
ആരു കേള്‍ക്കാന്‍; മറുതല്ക്കലെ ഫോണ്‍ ഇതിനകം കട്ടായിക്കഴിഞ്ഞിരുന്നു!

ഫോണ്‍കോള്‍-(മിനികഥ: ഡോ.ഈ.എം.പൂമൊട്ടില്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക