Image

അയ്യങ്കാളി : നവോത്ഥാനത്തിന്റെ പാഠപുസ്തകം (മീട്ടു റഹ്മത്ത് കലാം)

Published on 28 August, 2019
അയ്യങ്കാളി : നവോത്ഥാനത്തിന്റെ പാഠപുസ്തകം (മീട്ടു റഹ്മത്ത് കലാം)
മലയാളി എന്ന് പരിചയപ്പെടുത്തുമ്പോൾ സ്വപ്രയത്നം ഒന്നുമില്ലാതെ തന്നെ ഒരു ആദരവ് വന്നുചേരും. വിദ്യാഭ്യാസത്തിന്റെ    വില അറിയുന്നവർ, സംസ്കാരമുള്ളവർ , വൃത്തി ഉള്ളവർ എന്നിങ്ങനെയുള്ള വിശേഷണവും ചാർത്തി കിട്ടും . മറ്റ് സംസ്ഥാനങ്ങളിലേക്ക്  യാത്ര ചെയ്യുമ്പോൾ നമുക്കും  ഇത് അനുഭവപ്പെടാറുണ്ട്. 1947 ഓഗസ്റ്റ് 15 ന് ഭാരതം സ്വതന്ത്ര ആയപ്പോൾ മുതൽ കൈവന്ന അവകാശങ്ങളെല്ലാം അനുഭവിക്കാൻ ഭാഗ്യം കിട്ടിയവരാണ് കേരളീയർ. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഇനിയും എത്താത്ത വെളിച്ചം,  കേരളത്തിലെത്തിച്ച  നവോത്ഥാന നായകരിൽ പ്രഥമഗണനീയനാണ് മഹാത്മ അയ്യങ്കാളി.
 ഇരുണ്ട കാലഘട്ടത്തിൽ നിന്ന് അറിവിന്റെയും സംസ്കാരത്തിന്റെയും വെളിച്ചം വിതറുന്ന വികാസഭൂമിയിലേക്ക്    കേരളത്തെ കൈപിടിച്ച് നടത്തിയ അയ്യങ്കാളി, പുലയ സമുദായത്തിൽ പെട്ട അയ്യന്റെയും മാലയുടെയും മകനായി വെങ്ങാനൂര് 1863 ഓഗസ്റ്റ് 28നാണ് ജനിച്ചത്.   അയ്യന്റെ  മകൻ കാളി എന്നുള്ള വിളിയാണ് പിന്നീട് അയ്യങ്കാളി എന്നായത്.  അധ്വാനി ആയിരുന്ന  അയ്യൻ പുലയന്, ജന്മി അഞ്ചേക്കർ ഭൂമി പതിച്ചു കൊടുത്തിരുന്നത് കൊണ്ട് തന്റെ  സമുദായത്തിൽ പെട്ട മറ്റു കുട്ടികളുടേതിനു സമാനമായ ദാരിദ്ര്യം കാളി അറിഞ്ഞിരുന്നില്ല. എങ്കിലും ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ കുഞ്ഞു മനസ്സിൽ തന്നെ പതിഞ്ഞിരുന്നു. നായർ സമുദായത്തിൽ പെട്ട കുട്ടികൾ വിദ്യ അഭ്യസിക്കുമ്പോൾ  ' ദളിതർക്ക് വിദ്യ പറഞ്ഞിട്ടില്ല' എന്നുള്ള അമ്മയുടെ ഉപദേശം കാളിയെ കൂടുതൽ ചിന്തിപ്പിച്ചു. പന്ത്രണ്ടാം വയസ്സിൽ ഓണത്തിന്  കൂട്ടുകാരുമൊത്ത് കളിക്കുമ്പോൾ പന്ത് തെറിച്ച്  ,  നായർ തറവാട്ടിലെ ഓടിളകിയതും    അതിനെത്തുടർന്നുള്ള ക്രൂര മർദ്ദനവുമാണ് ഉന്നതകുലജാതരെ  തങ്ങൾ തൊട്ടുകൂടെന്ന    നിയമം നിലനിൽക്കുന്നു   എന്നാദ്യമായി കാളിയെ പഠിപ്പിച്ചത്.  ജാതിയുടെ പേരിൽ നിഷേധിക്കപ്പെടുന്ന ഓരോന്നും തിരിച്ചുപിടിക്കുക എന്ന ശപഥമാണ്  നവോത്ഥാനത്തിലേക്ക്  നടക്കാൻ അയ്യങ്കാളിയെ  പ്രേരിപ്പിച്ചത്.

1893ൽ  ഇരുപത്തെട്ടാം വയസ്സിൽ ആണ് അയ്യങ്കാളി  കാശുകൊടുത്ത് തമിഴ്നാട്ടിൽനിന്ന് സ്വന്തമായൊരു വില്ലുവണ്ടി വാങ്ങുന്നത്.  വരേണ്യവർഗ്ഗത്തിൻറെ ആഡംബര വാഹനമായിരുന്ന വില്ലുവണ്ടി, 2 വെള്ള കാളകളെ കെട്ടിയാണ് നിയന്ത്രിച്ചിരുന്നത്.  അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതിരുന്ന അക്കാലത്ത് , മഹാരാജാവ് തിരുമനസ്സ് മാത്രം സഞ്ചരിച്ചിരുന്ന നിരത്തിലൂടെ മണിനാദം മുഴക്കി കൊണ്ട് വില്ലുവണ്ടിയിൽ നിർഭയം സഞ്ചരിച്ച് യാഥാസ്ഥിതികരെ അയ്യങ്കാളി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഭീഷണിപ്പെടുത്താൻ ശ്രമിച്ചവരെ സ്വയം എതിരിട്ടും   അംഗരക്ഷകരെ വച്ച് വിരട്ടിയും നാട്ടുകാർക്കിടയിൽ അദ്ദേഹമൊരു വീരനായകനായി.  125 വർഷം പഴക്കമുള്ള ഈ സംഭവം വില്ലുവണ്ടി സമരം എന്ന പേരിലാണ്  ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

തനിക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം അടുത്ത തലമുറയ്ക്ക് ലഭിക്കാതെ പോകരുതെന്ന് ആഗ്രഹിച്ച അയ്യങ്കാളി, 1905 ൽ കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു.  ദിവാന് കത്തെഴുതി പുലയക്കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം തരപ്പെടുത്തിയപ്പോൾ, നായർ സമുദായക്കാർ അതിനെ എതിർത്തു. തങ്ങളുടെ കുട്ടികളെ പഠിക്കാൻ സമ്മതിച്ചില്ലെങ്കിൽ    നായന്മാരുടെ കൃഷിപ്പണിക്ക് പുലയർ പോകില്ലെന്നു അയ്യങ്കാളി ആഹ്വാനം ചെയ്തു.  ചെളിയിലും വെള്ളത്തിലും ശീലമില്ലാത്ത ജോലിചെയ്ത് നായർസ്ത്രീകൾക്ക് രോഗം പിടിപെട്ടപ്പോൾ, നായന്മാർ തലകുനിച്ച് സ്കൂൾ പ്രവേശനാനുമതി നൽകി.

അധഃസ്ഥിതരായ രോഗികളെ സ്പർശിച്ചുകൊണ്ട് രോഗനിർണയം നടത്താൻ ഡോക്ടർമാർ തയ്യാറായിരുന്നില്ല .
ലക്ഷണംവച്ച് ഒരു മരുന്ന് കുറിപ്പടി എഴുതി പേപ്പറിൽ ചുരുട്ടി എറിയുകയായിരുന്നു പതിവ് . അയ്യങ്കാളിയാണ്  ഈ പ്രവണത ചോദ്യംചെയ്ത് മാറ്റം കൊണ്ടുവന്നത്.

 മേലാളന്മാരുടെ കാലടിപ്പാടുകളിൽ വീണു കരയാൻ വിധിക്കപ്പെട്ടവർ എന്ന് കരുതുന്ന തന്നെ പോലുള്ളവരുടെ തലയിലേക്ക്  മുഖമുയർത്തി അവർ നോക്കുന്ന കാലം വരണമെന്ന്  അയ്യങ്കാളി ആഗ്രഹിച്ചുകൊണ്ടേയിരുന്നു.  നീളൻ കോട്ട് ധരിച്ചും    കസവുകരയുള്ള തലപ്പാവ് കെട്ടിയും കുങ്കുമം തൊട്ടും   തലയെടുപ്പോടെ നിൽക്കുമ്പോൾ മതിപ്പ്  തനിയെ കിട്ടും എന്ന് അദ്ദേഹം പറയാതെ പറഞ്ഞു.ദളിത് സ്ത്രീകൾക്ക് മാറു മറയ്ക്കാനും കല്ലുമാല പൊട്ടിച്ചെറിഞ്ഞ് കൊതിപോലെ സ്വർണമോ വെള്ളിയോ ധരിക്കാൻ അവകാശം നേടിക്കൊടുത്തതും അയ്യങ്കാളി തന്നെ. വൃത്തിഹീനമായ ദളിത് കുടുംബങ്ങളിൽ ചെന്ന് വീട് വെടിപ്പാക്കാനും കുട്ടികളെ കുളിപ്പിക്കാനും എല്ലാം അദ്ദേഹം മുന്നിട്ടിറങ്ങി. പഞ്ചശുദ്ധി ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഒരു 'സ്വച്ഛ്‌ ഭാരത് പദ്ധതി'ക്കും  കൊണ്ടുവരാൻ കഴിയാത്ത മാറ്റമാണ് അയ്യങ്കാളി സാധ്യമാക്കിയത്.

വിദ്യയിലൂടെ ഔന്നിത്യം നേടാൻ ജനങ്ങളെ പഠിപ്പിക്കുമ്പോൾ അദ്ദേഹം മനസ്സിൽ വളർത്തിയ  ഒരു സ്വപ്നമുണ്ട്-  ദളിതർക്കിടയിൽ നിന്ന് പത്ത് B.A ബിരുദധാരികളെ എങ്കിലും മരിക്കും മുൻപ് കാണാൻ കഴിയണം എന്ന്.  1941 ജൂൺ 18നാണ് ആ മഹാത്മാവ് വിടവാങ്ങിയത്.  അധ്വാനിക്കുന്നവർക്ക് മാന്യമായ കൂലി ഉറപ്പുവരുത്തണമെന്ന് ശഠിച്ച അയ്യങ്കാളി ആണ് കേരളം കണ്ട ആദ്യ കമ്മ്യൂണിസ്റ്റുകാരൻ എന്ന് മുൻ മുഖ്യമന്ത്രി ഇ.കെ .നായനാർ വിശേഷിപ്പിച്ചിട്ടുണ്ട്.

പുലയ ശിവനെ പ്രതിഷ്ഠിച്ചുകൊണ്ട് ദൈവങ്ങൾക്കുമേൽ എല്ലാവർക്കും ഒരേ അവകാശമാണെന്ന്   തന്റേടത്തോടെ  അയ്യങ്കാളി പ്രഖ്യാപിച്ചപ്പോൾ, വിരലിലെണ്ണാവുന്ന വിദ്യാസമ്പന്നരേ സമൂഹത്തിൽ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ആ ഉദ്ദേശശുദ്ധി ഉൾക്കൊള്ളാൻ പോകുന്ന വിശാലമായ വീക്ഷണം അന്നത്തെ ജനതയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് കേരളം  വിദ്യാസമ്പന്നമായിരിക്കുമ്പോൾ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തത്ര  ശുഷ്കമായ മനസ്സിൻറെ ഉടമകളായി ജനം മാറി എന്നത് ഖേദകരമാണ്.
യഥാർത്ഥ നവോത്ഥാനം എന്താണെന്നുള്ള നേതാക്കളുടെ അറിവില്ലായ്മയോ അസംഖ്യമായി വളർന്ന രാഷ്ട്രീയകക്ഷികളുടെ മുതലെടുപ്പോ  നിമിത്തം,  ഉച്ചനീചത്വങ്ങളുടെ ആ  ഇരുണ്ട കാലത്തേക്ക് പോകേണ്ടി വരുമോ എന്ന്  ഭയപ്പെടേണ്ടിയിരിക്കുന്നു. സാമൂഹികപരിഷ്കരണം എങ്ങനെ വേണം എന്ന് പഠിപ്പിക്കുന്ന  തുറന്ന പാഠപുസ്തകമാണ് മഹാത്മ അയ്യങ്കാളിയുടെ ജീവിതം. ഈ തലമുറയ്ക്കും വരും തലമുറകൾക്കും ആ പുസ്തകത്തിൽ നിന്ന് പഠിക്കാനും പകർത്താനും ഒരുപാടുണ്ട്.

അയ്യങ്കാളി : നവോത്ഥാനത്തിന്റെ പാഠപുസ്തകം (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക