Image

കോണ്‍ഗ്രസിലെ മോഡി അനുകൂല-എതിര്‍ പോരിന്റെ രാഷ്ട്രീയം (ദല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 30 August, 2019
കോണ്‍ഗ്രസിലെ മോഡി അനുകൂല-എതിര്‍  പോരിന്റെ രാഷ്ട്രീയം   (ദല്‍ഹികത്ത്:  പി.വി.തോമസ്)
കോണ്‍ഗ്രസില്‍ ഇ്‌പ്പോള്‍ സ്ഥായിയായ ഒരുവിവാദം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനെ ഒരു കടച്ചില്‍-മഥനം-എന്നും വിളിക്കാം. വിചിത്രം എന്നു പറയട്ടെ വിഷയം മോഡിയെ എതിര്‍ക്കണമോ അതോ പ്രകീര്‍ത്തിക്കണമോ എന്നതാണ്. ഒരു പ്രധാന പ്രതിപക്ഷ കക്ഷിക്ക് ഇതില്‍പ്പരം എന്ത് ദുര്‍ഗ്ഗതി ആണ് വരുവാനുള്ളത്? ലോകസഭ തെരഞ്ഞെടുപ്പു കാലത്ത് 'ചൗക്കിദാര്‍'(മോഡി) കള്ളര്‍ ആണ് എന്ന് പറഞ്ഞ് ആക്ഷേപിച്ച് വോട്ട് ചോദിച്ച നേതാവിന്റെ കക്ഷിയിലെ മുന്‍നിര അനുയായികള്‍ തന്നെയാണ് മോഡിയെ പുണ്യപുരുഷനായി പുകഴ്ത്തുന്നതില്‍ തെറ്റില്ലെന്ന് സധൈര്യം കൊട്ടിഘോഷിക്കുന്നത്. ഇതിനെ മറ്റുചില നേതാക്കന്മാര്‍ എതിര്‍ത്ത് സംസാരിക്കുന്നുണ്ടെന്നതും ശരിയാണ്. എന്താണ് ഇതിന്റെ രാഷ്ട്രീയം?  ഇതിന് തീര്‍ച്ചയായും രാഷ്ട്രീയം ഉണ്ട്.

ആ്ദ്യമായി എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിക്കാം. ശശി തരൂരും ജയ്‌റാം രമേഷും അഭിഷേക് മനുസിംങ്കവിയും മറ്റുചിലരും ഒരര്‍ത്ഥത്തില്‍ മോഡിപക്ഷം ആയിരിക്കുന്നു. തരൂര്‍ മുമ്പുതന്നെ മോഡിയെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. മോഡി അദ്ദേഹത്തെയും. പ്രത്യേകിച്ചും തരൂര്‍ ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍ കോളണി ഭരണത്തെ പിച്ചിച്ചീന്തി സംസാരിച്ച വേളയില്‍. മോഡിയെ പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ തരൂരിന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് എന്ന സ്ഥാനവും നഷ്ടം ആയത് ആണ്. ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പായി തരൂര്‍ ബി.ജെ.പി.യില്‍ ചേരുമെന്നും തിരുവനന്തപുരത്തു നിന്നുമുള്ള സ്ഥാനാര്‍ത്ഥി ആകുമെന്നും ശ്രുതി ഉണ്ടായിരുന്നു. പക്ഷേ, അത് നടന്നില്ല. തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു.

തരൂര്‍ ഇങ്ങനെ ചെറിയ ഒരു മോഡി ഭക്തന്‍ ആയിരിക്കവെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയില്‍ നിന്നും ഉള്ള രാജ്യസഭ അംഗം ജയറാം രമേഷ് മോഡിയെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിച്ചത്. രമേഷിന്റെ അഭിപ്രായത്തില്‍ മോഡി ഭരണം-മോഡല്‍-അത്രമോശം ഒന്നും അല്ല. അതിനെ അംഗീകരിക്കാതെ മോഡിയെ എപ്പോഴും രാക്ഷസ്സവല്‍ക്കരിക്കുന്നത്് കോണ്‍ഗ്രസിന് ഗുണം ചെയ്യുകയില്ല. മോഡി ചെയ്ത സല്‍കൃത്യങ്ങളുടെ പേരിലാണ് 2019-ല്‍ 30 ശതമാനം സമ്മതിദായകര്‍ അദ്ദേഹത്തിന് വോട്ട് ചെയ്ത് അധികാരത്തില്‍ തിരിച്ചുകൊണ്ടുവന്നത്. ഇവിടെ രമേഷിന് അല്പം തെറ്റുപറ്റി. മോഡിക്ക് 37.4 ശതമാനം വോട്ട് ലഭിച്ചു. അദ്ദേഹത്തിന്റെ നാഷ്ണല്‍ ഡെമോക്രാറ്റിക്ക് അലയന്‍സിന് (എന്‍.ഡി.എ.) 45 ശതമാനം വോട്ടും. 130 കോടി ജനങ്ങള്‍ ഉള്ള ഇന്‍ഡ്യയില്‍ 90 കോടി ആണ് സമ്മതിദായക ജനസംഖ്യ. അതില്‍ 60 ശതമാനം ആണ് വോട്ടു ചെയ്തത്. അതില്‍ പകുതിയ്ക്ക് താഴെ വോട്ട് ലഭിച്ച് അധികാരത്തില്‍ തിരിച്ചുവന്നത് അത്രമോശമൊന്നും അല്ലെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ വാദം. ഇത് ഒരര്‍ത്ഥത്തില്‍ ശരിയും ആണ്. പക്ഷേ, വസ്തുതകളെ ശരിക്കും വിശകലനം ചെയ്യാതെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോഡിയുടെ സ്തുതിപാഠകനായി മാറുന്നതാണ് വിചിത്രം ആയത്. മോഡിയെ പുകഴ്ത്തിക്കൊണ്ട് രമേശ് വീണ്ടും പറഞ്ഞു മോഡിക്ക് ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ഭാഷയുണ്ട്. ഇത് അംഗീകരിക്കാത്തിടത്തോളം കാലം കോണ്‍ഗ്രസിന് മോഡിയെ തൊടുവാന്‍ സാധിക്കുകയില്ല.

മോഡിയുടെ ഭരണത്തിന്റെ തത്വശാസ്ത്രം മഹത്താണ്. പക്ഷേ അദ്ദേഹത്തിന്റെ ഭരണത്തിന്റെ രാഷ്ട്രമീംമാസ ഭിന്നം ആയിരിക്കാം. രമേശ് ഇതുകൊണ്ട് എന്ത് ഉദ്ദേശിച്ചാലും അതിനെ വഴിയെ വിശകലനം ചെയ്യാം. മോഡിയുടെ വികസനപരമായ ഭരണത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് പല പദ്ധതികളും നിരത്തികാട്ടി. ഉദാഹരണമായി പ്രധാനമന്ത്രി ഉജ്ജ്വാല യോജന തുടങ്ങിയവ. കോണ്‍ഗ്രസ് കര്‍ഷകരുടെ വിഷമതകള്‍ ഉയര്‍ത്തി കാട്ടിയെങ്കിലും ജനം അതിന് മോഡിയെ പഴിച്ചില്ല, രമേഷ് പറഞ്ഞു. മോഡിക്ക് പിറകെയാണ് ശശി തരൂരും സിംങ്കവിയും മോഡിക്ക് പിന്നാലെ അണിനിരന്നത്. അതിന് മുമ്പ് കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പ്രധാന വിപ്പ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നതാണ്. വിഷയം കാശ്മീര്‍- ആര്‍ട്ടിക്കിള്‍ 370-35-എ.യും മുന്‍ഹരിയാന മുഖ്യമന്ത്രി ഭുവേന്തര്‍ സിംങ്ങ് ഹുഡയും മുതിര്‍ന്ന നേതാവ് ജ്യോതിരാധിത്യ സിന്ധ്യയും പാര്‍ട്ടിയുടെ കാശ്മീര്‍ നിലപാടിനെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.

തരൂറിന്റെയും രമേഷിന്റെയും സിംങ്കവിയുടെയും എല്ലാം അഭിപ്രായത്തില്‍ മോഡിയെ വെറുതെ വിമര്‍ശിച്ചതുകൊണ്ട് കാര്യമില്ല. അത് കോണ്‍ഗ്രസിന് ഗുണം ചെയ്യുകയില്ല. മറിച്ച് ദോഷമേ ചെയ്യുകയുള്ളൂ. അദ്ദേഹത്തിന്റെ നന്മകളെ അംഗീകരിക്കണം. പ്രകീര്‍ത്തിക്കണം. പക്ഷേ, കോണ്‍ഗ്രസിലെ മറ്റ് മുതിര്‍ന്ന നേതാക്കന്മാര്‍ ഇതിനെ അംഗീകരിക്കുന്നില്ല. ഉദാഹരണം ആയി ആനന്ദ് ശര്‍മ്മ, കുമാരി ശെല്‍ജ, മനീഷ് തീവാരി തുടങ്ങിയവര്‍. കേരളത്തില്‍ നിന്നുള്ള നേതാക്കന്മാരായ മുരളീധരനും, രമേഷ് ചെന്നിത്തലയും ശശി തരൂറിന് എതിരായി നടപടിയും ആവശ്യപ്പെട്ടു.
ഇവിടെ എന്താണ് വിഷയം? രാഷ്ട്രീയമോ അതോ കയ്യാലപ്പുറത്തെ തേങ്ങകളിയോ? എന്താണ് മോഡിയുടെ രാഷ്ട്രീയം? എന്താണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയം? ശശി തരൂറിനും ജയ്‌റാം രമേഷിനും അഭിഭാഷകനായ മനു അഭിഷേക് സിംങ്കവിക്കും മറ്റും കോണ്‍ഗ്രസിന്റെ രാഷ്ട്രീയം അറിഞ്ഞു കൂടാത്തതല്ല. അവര്‍ ചില വഴികള്‍ ഒരുക്കുകയാണ് അവര്‍ക്ക് വേണ്ടി.

ഒരു ഭരണകൂടത്തിന് ഒരു പ്രത്യയശാസ്ത്രം ഉണ്ട്. ആര്‍.എസ്.എസി.നും ബി.ജെ.പി.ക്കും സംഘപരിവാറിനും അത് വ്യക്തമായി അറിയാം. മോഡിയും അമിത്ഷായും അതിന്റെ സൃഷ്ടിയാണ്. വികസനം ഒരു മുദ്രാവാക്യം. അതിലുപരി ആര്‍.എസ്.എസിന്റെ ഹിന്ദു രാഷ്ട്രം ആണ് അവരുടെ മൂലാധാരശില. തരൂറും ജയ് രാം രമേഷും സിംങ്കവിയും ഇത് മനസിലാക്കാതെ അല്ല മോഡി ഭക്തര്‍ ആയത്. 

ശരിയാണ് ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറുന്ന നേതാവ് ജനങ്ങളുടെ ഒന്നടങ്കം നേതാവാണ്. കക്ഷിഭേദം ഇല്ലാതെ ആ നേതാവിനെ അംഗീകരിക്കണം. അദ്ദേഹത്തിന്റെ നല്ല ഭരണചെയ്തികളെ സഹര്‍ഷം സ്വാഗതം ചെയ്യണം. പ്രതിപക്ഷം ഭരണത്തെ തുരങ്കം ചെയ്തത്. പക്ഷേ, ഇതേ ഭരണാധികാരി പ്രതിനിധാനം ചെയ്യുന്ന പ്രത്യയ ശാസ്ത്രത്തിന്റെ അന്തസത്ത  ഒരു ജനാധിപത്യത്തിനും അതിന്റെ ഭരണഘടനക്കും വിരുദ്ധം ആണെങ്കില്‍ ആര് അതിനെ പിന്തുണയ്ക്കും? തരൂരിനും ജയ്‌റാമിനും സിംങ്കവിക്കും ഒന്നും ഇത് അറിയാഞ്ഞിട്ടല്ല. അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശവും മനുഷ്യാന്തസും ബലികഴിച്ചുകൊണ്ടുള്ള പുരോഗമനം ഫാസിസം ആണ്. അതിനെ ആണോ ഈ അവസരവാദികളായ കോണ്‍ഗ്രസ് നേതാക്കന്മാര്‍ സ്വാഗതം ചെയ്യുന്നത്. പെഹലൂഖാന്മാരെയും അഖലാാക്കുമാരെയും ഇവര്‍ മറന്നോ? ബുലന്ത് ശഹറില്‍ പോലീസുകാരനെയും മുസ്ലീം യുവാവിനെയും കൊന്ന പശുസംരക്ഷകരെ ജയില്‍ വിമോചിരാക്കിയപ്പോള്‍ അവരെ മാലയിട്ട് സ്വീകരിച്ചവരെ ഇവര്‍ മറന്നോ? മുസഫര്‍ നഗര്‍ വര്‍ഗ്ഗീയ കലാപത്തില്‍ ഓരോ കേസുകളും യോഗി ആദിത്യനാദിന്റെ ഗവണ്ഡമെന്റ് പിന്‍വലിക്കുമ്പോള്‍ നല്‍കുന്ന സന്ദേശം ഇവര്‍ കേള്‍ക്കുന്നില്ലേ?
ഈ കോണ്‍ഗ്രസ് നേതാക്കന്മാര്‍ മോഡി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ദിവസേന ഇടിച്ചുതാഴ്ത്തി സംസാരിക്കുന്നത് കേള്‍ക്കുന്നില്ലേ? മോഡിയുടെ ദൃഷ്ടിയില്‍ നെഹ്‌റുവിന് യാതൊരു ഗുണവും ഇല്ല. സര്‍ദാര്‍ പട്ടേലിന് മാത്രം. ഇതുപോലുള്ള രാഷ്ട്രീയ വിവേചന, അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ഒരു നേതാവ് എങ്ങനെ ഈ കോണ്‍ഗ്രസ്‌കാരുടെ ആരാധ്യപുരുഷനായി?
മോഡിയെ രാക്ഷസവല്‍ക്കരിക്കുന്ന മറ്റാരും അല്ല. അദ്ദേഹത്തിന്റെ കര്‍മ്മങ്ങള്‍ ആണ്. 2002-ലെ ഗുജറാത്ത് വംശഹത്യയാണ്. അത് പോലെ ഇപ്പോള്‍ പരക്കെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും വെള്ളപൂശുന്ന ചില മുദ്രാവാക്യങ്ങള്‍ പരിഹാരം അല്ല. ഇതിന് തരൂറും, ജയ്‌റാമും, സിംങ്കവിയും മറുപടി പറയട്ടെ.

കോണ്‍ഗ്രസിലെ മോഡി അനുകൂല-എതിര്‍  പോരിന്റെ രാഷ്ട്രീയം   (ദല്‍ഹികത്ത്:  പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക