ജീവിതത്തിലെ ഓരോ ഓണവും ഓരോ ഉണര്‍ത്തുപാട്ടാണ്. മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍ ഓര്‍മ്മകള്‍ ഓടിച്ചെല്ലുമ്പോള്‍, ഇല്ലായ്മകളുടെ ആ പിന്നാമ്പുറങ്ങളില്‍ അന്ന് പെറുക്കിവച്ച പൂക്കളങ്ങള്‍, സ്നേഹപ്പൂക്കള്‍ കൊണ്ടായിരുന്നു; ആ പൂക്കള്‍ക്ക് വര്‍ഗ്ഗിയതയുടെ നിറമില്ലായിരുന്നു, വിദ്വേഷങ്ങളുടെ ഗന്ധവുമില്ലായിരുന്നു. ഇലയില്‍ വിളമ്പിയ ചൂട് ചോറിനു മുന്നിലിരിക്കുമ്പോള്‍ അത് ഏതോ തൊടാനാകാത്ത മനുഷ്യരുടെ വിയര്‍പ്പിന്റെ മണികളായിരുന്നെന്ന് അറിയില്ലായിരുന്നു . അന്നു ആടിയ ഊഞ്ഞാലില്‍ മുഖാമുഖം കുനിഞ്ഞു നിന്ന് ചവിട്ടി ഉയര്‍ത്തുമ്പോള്‍ കാലത്തിന്റെ ഇറക്കവും ഭാവിയുടെ ഉയര്‍ച്ചയും സമാസമം ആണെന്ന തിരിച്ചറിവില്ലായിരുന്നു. പക്ഷേ, അതുവരെ കാണാത്ത ചക്രവാളസീമക്ക് ഒട്ടേറെ പ്രതീക്ഷകളുടെ നിറപ്പകിട്ടുണ്ടായിരുന്നു.
ദേഹമാസകലം വര്‍ണ്ണങ്ങളില്‍ പുരട്ടിയ പുലികള്‍ താളത്തില്‍ ചാടുമ്പോള്‍ അറിഞ്ഞില്ല; സ്വാതന്ത്ര്യത്തിന്റെ നിറഭേദങ്ങള്‍ക്കു പുലികളുടെ അരയില്‍ ചുറ്റിയ കാട്ടു ചെടികളുടെ അല്‍പ്പായുസ്സായിരിക്കുമെന്ന്. കറുത്ത കണ്ണടവച്ചു പുലിക്ക് ചുറ്റും തോക്കുമായി നൃത്തം വെച്ചു നടന്ന വേട്ടക്കാരന് നന്മകളുടെ അന്തകനായിരിക്കുമെന്ന്. അവസാന വെടിയോടയോടെ പുലി ചത്തുവീഴുമ്പോള്‍ ഒരു വലിയ കുതിപ്പിന്റെ ഒടുക്കമാണിതെന്നു തിരിച്ചറിവുണ്ടായിരുന്നില്ല. അന്ന് കൂകിവിളിച്ചു കൈയ്യടിച്ചപ്പോള്‍ ഇനിയും വേട്ടക്കാരന്റെ ഇര നമ്മളൊക്കെയായിരിക്കുമെന്ന് ധരിച്ചില്ല. ചെണ്ടയുടെ താളത്തിനു കുത്തിമറിയുമ്പോള്‍ അവന്റ്റെ തോക്കിന് മുനയില്‍ എപ്പോഴെങ്കിലും ഒടുങ്ങും നന്മകളുടെ പൂക്കാലമെന്ന് ഓര്‍ത്തില്ല.
ഓണത്തിന്റെ പിറകിലുള്ള ഐതിഹ്യം എന്താണെങ്കിലും നന്മ നിറഞ്ഞ സഹവര്‍ത്തിത്വം, കറയറ്റ രാജ്യഭരണം, വഞ്ചനയും ചതിയും പൊള്ളവാക്കുകളും ഇല്ലാത്ത ഒരു സാമൂഹിക പശ്ചാത്തലം ഒക്കെ നിലനിന്നിരുന്നു എങ്കില്‍, അവയെ വെറും മൂന്നു അടിയില്‍ എന്നന്നേക്കുമായി ചവിട്ടി താഴ്ത്തി. അതിനു ദിവ്യപരിവേഷം നല്കി എന്നതാണ് അതിവിചിത്രം. എന്താണ് നമ്മള് ആഘോഷിക്കേണ്ടത്? നന്മയുടെ പുനര്‍വായനയോ അതോ ദിവ്യമായ ചതിയുടെ പിന്നാമ്പുറ നിമിത്തങ്ങളോ? ചെറിയവന്റെ നിസ്സാരമായ ഒരു ആഗ്രഹത്തിന്റെ മുന്നില്‍ സങ്കീര്‍ണ്ണമായ ഒരു വന്‍ചതി ഉണ്ടെന്ന ബോധ്യമില്ലാതെ, എല്ലാ നന്മകളും തന്നോടൊപ്പം ചവിട്ടി താഴ്ത്താന്‍, സ്വന്തം വാക്കുകള്‍ക്കു വലിയവില കല്‍പ്പിച്ച ഒരു മഹാ... ബലിയുടെ അര്‍ത്ഥരഹിതമായ പുനഃ സന്ദര്‍ശനങ്ങളോ?
നാം അറിയാതെ നമ്മുടെ തലയില്‍ വന്നു പതിച്ച കപടതയുടെ ഭീമാകാരമായ ഇരുള് മനുഷ്യ സമൂഹത്തെ ആകെ വിപത്തില്‍ ആക്കിയിരിക്കുന്നു എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. മാവേലിയുടെ കേരളത്തില്‍ ഇപ്പോള്‍ പബ്ലിക് സര്‍വീസ്, പോലീസ് സംവിധാനങ്ങള്‍, കോടതി, മതം, പൊതു ഭരണം ഒക്കെ സംശയത്തിന്റെ കരിനിഴലില്‍ ആണ്. രാഷ്രീയം എന്നാല്‍, പൊള്ള വാക്കുകളുടെ സര്‍വ്വകലാശാലകളായി. ശരണം വിളിച്ചും വിമോചന മതിലുകള്‍ കെട്ടിയും സമൂഹം ബോധപൂര്‍വം വെട്ടി മുറിക്കപ്പെടുകയാണ്. ക്രൂശിലെ ത്യാഗത്തിന്റെ അവകാശികള്‍ ശവം വച്ചും തെരുവില്‍ വിലപേശുന്നു. വിശ്വാസികളെ പീഡിപ്പിച്ചു ഇരകളാകുന്ന പുരോഹിതന്മാര്, തുര്ക്കിസുല്ത്താനെപ്പോലെ വേഷംധരിക്കയും കവലച്ചട്ടമ്പികളെപ്പോലെ സംസാരിക്കയും ചെയ്യുന്ന ബിഷോപ്പന്മാര്. സ്വയപൂര്‍ണ്ണതയുടെ പ്രകാശത്തിന്‍ലേക്കു നടക്കേണ്ടവര്‍ ഇരുട്ടിന്റെ പര്‍ദകള്‍ക്കുള്ളില്‍ ഒളിക്കുന്നു. കന്യാവ്രതക്കാര്‍ തങ്ങളുടെ കാവല്‍ക്കാരില്‍ നിന്നും സ്വയരക്ഷക്കായി തെരുവില്‍ സമരം ചെയ്യുന്നു. മതത്തിന്റെ പേരില്‍ പൊതുമുതല്‍ ഒരു ചെറുകൂട്ടം നാണമില്ലാതെ അടിച്ചു മാറ്റുന്നു.
തീരാത്ത തീര്‍ഥാടനങ്ങളും ഒടുങ്ങാത്ത പദയാത്രകളും, വഴിയോരത്തു പാചകം ചെയ്തും, കലമുടച്ചും,പൊതു ജീവിതം അമ്മാനമാടുന്ന ഭ്രാന്തമായ മതഭ്രമങ്ങള്‍! പാലങ്ങള്‍ക്കും ബലമില്ല പാളയങ്ങള്‍ക്കും വിലയില്ല. വിദ്യ എന്ന അഭ്യാസം വെറും ആഭാസമായ ചന്തയായി. കയ്യില്‍ നിറച്ചരടുകളും കെട്ടി, മുട്ടിനു താഴെ വച്ചു തുന്നിയ കാലുറകളും ധരിച്ചു, രൂപത്തിലും ഭാവത്തിലും താനേതോ പ്രത്യേക ഗണമാണെന്നു വിളിച്ചുപറയുന്ന മനുഷ്യ കോമരങ്ങളായി നാം അധഃപതിച്ചു. ചെറുകിട വ്യവസായികള്‍ നാടുവിട്ടു ഓടുമ്പോള്‍, ഓടാനറിയാത്ത പാവം കര്‍ഷകര്‍ ചെറിയ കയറില്‍ എല്ലാം അവസാനിപ്പിക്കുന്നു. കോടതിവിധികള്‍ നടപ്പാക്കാന്‍ 'വിശ്വാസികള്‍'സമ്മതിക്കില്ല എന്ന് വാശി പിടിക്കുന്നു, നടപ്പാക്കാന്‍ പറ്റില്ല എന്നു ഭരണകര്‍ത്താക്കള്‍, ഇവിടെ എങ്ങനെയാണു നീതിയും ന്യായവും നടപ്പാക്കാനാവുക? ആധുനിക സാമൂഹിക സംവിധാനങ്ങള്‍ ഒക്കെ അപ്പാടെ മരവിച്ചു.
പൊള്ളക്കഥകള്‍ പെരുപ്പിച്ചു മാധ്യമങ്ങള്‍ അന്തിചര്‍ച്ച പൊടിപൊടിക്കുന്നു. ശരി പോലെ തോന്നുന്ന നുണകള്‍ നിറഞ്ഞു നിക്കുന്നിടത്തു ശരിയേതെന്നു ചൂണ്ടിക്കാണിക്കാന്‍, ജീവനില്‍ കൊതികൊണ്ടു മടിച്ചു നില്ക്കുന്ന സാംസ്കാരിക നായകര്‍. ആള്‍ദൈവങ്ങളുടെ മുന്നിലൊരു നാണവുമില്ലാതെ ഇഴഞ്ഞു നടക്കുന്നു നേതാക്കന്മാര്. കൂട്ടത്തോടെ കാലുമാറുന്ന സാക്ഷികള്‍, മദ്യപിച്ചു വണ്ടിയിടിച്ചു കൊലനടത്തിയാലും രക്ഷപെടുത്താന്‍ ശ്രമിക്കുന്ന നിയമപാലകര്‍, ദശവത്സരങ്ങള്‍ വേണ്ടിവരുന്ന വ്യവഹാരങ്ങള്‍. ക്രൂരമാണ് നമ്മുടെ അവസ്ഥ!
ദേശീയപൗര രജിസ്റ്ററും, ഞെക്കിപ്പഴുപ്പിച്ച ദേശീയതയും കൊണ്ട് ലക്ഷക്കണക്കിനു ജനങ്ങളെ, രാജ്യമില്ലാത്തവരാക്കി നാടുകടത്താന്‍ ശ്രമിക്കുന്നു. നാടുനീളെ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിച്ചു 'ചിതല്' എന്നപേരില്‍ മനുഷ്യക്കൂട്ടങ്ങളെ കൊല്ലാക്കൊല ചെയ്യാന്‍ ശ്രമിക്കുന്നു. പൂജിച്ചെടുത്ത ചന്ദ്രദൗത്യവും വെറുപ്പിന്റെ കൂറ്റന്‍ സ്മാരകങ്ങളും കൊണ്ട് തൊഴില്‍ ഇല്ലായ്മയും, സാമ്പത്തീക പ്രതിസന്ധികളും മൂടി വയ്ക്കുന്നു. തോക്കിനു മുന്നില്‍ കുത്തിനിര്‍ത്തി സമാധാനം പുനഃസ്ഥാപിക്കുന്നു. അഷ്ടിക്കു വകയില്ലാത്ത ദരിദ്ര നാരായണന്മാരുടെ മുന്നില്‍ കോടികള്‍ മുടക്കി ഏതോ യുഗത്തിലെ ക്ഷേത്രം പുനഃസൃഷ്ടിക്കുന്നു.
നാളിതുവരെ തുടര്‍ന്ന രാജ്യ-രാഷ്ട്ര ബന്ധങ്ങള്‍ ഒരു പുനര്‍വായനക്ക് വിധേയമാക്കുന്നതോടെ നിലനിര്‍ത്തിയ എല്ലാ സങ്കേതങ്ങളും അപ്രത്യക്ഷമാകുന്നു. വ്യവസ്ഥാപിതമായ മാധ്യമ പ്രസ്ഥാങ്ങളെ എല്ലാം വ്യാജമായവാര്‍ത്തകളായി മുദ്രകുത്തുന്നു. ഇന്ന് പറയുന്നതൊക്കെ നാളെ അങ്ങനേ അല്ല പറഞ്ഞെതെന്നു കൂളായി പറഞ്ഞൊഴിയുന്നു. തനിക്കു എതിരു നില്‍ക്കുന്നവരെ ഒക്കെ ദേശദ്രോഹികളായി മാറ്റുന്നു. എന്റെ സാമര്‍ഥ്യം കൊണ്ട് ഞാന്‍ നികുതി അടച്ചില്ലെങ്കിലും നിങ്ങള്‍ അടച്ചില്ലെങ്കില്‍ പിടിച്ചകത്തിടും എന്ന് ഒരു ഉളുപ്പുമില്ലാതെ പറയുന്ന നേതാക്കള്‍. ആഗോള താപനം വെറും ഇല്ലാക്കഥയാണെന്നു പരിഹസിക്കുന്നവര്‍.
ഇവിടെ, പരസ്പരം നിലനില്ക്കേണ്ട നന്മയെക്കുറിച്ചു പറയാന്‍ ആര്‍ക്കാണ് അവകാശം? മേഘങ്ങളില്‍ ഒളിച്ചിരിക്കുന്ന ദേവനോ അതോ പാതാളത്തില്‍ നിലയുറപ്പിച്ച അസുരനോ?
എല്ലാ മാനുഷീക ഇടപാടുകളിലും വിശ്വാസത്തിന്റെ ഒരു തിരി കണ്ടേ മതിയാവുകയുള്ളൂ. വാങ്ങുമ്പോള്‍, കൊടുക്കുമ്പോള്‍, പഠിക്കുമ്പോള്‍, അംഗത്വം എടുക്കുമ്പോള്‍, ബന്ധം സ്ഥാപിക്കുമ്പോള്‍, പിറന്നു വീഴുന്നതുമുതല്‍ ഇത്തരം പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പരസ്പര ബന്ധിത ശൃംഖല തീര്‍ക്കുകയാണ് നാം. ഇവിടെ ഒരു വിള്ളല്‍ വന്നാല്‍, തകരുകയാണ് സമൂഹം. നമുക്ക് മുന്നില്‍ അസുരനായ ഒരു മഹാബലിതമ്പുരാനേ പരിപൂര്‍ണമായ വൈജയന്തികനായുള്ളൂ.
ഇന്ന് മലയാളി, എല്ലാ മനുഷ്യഗുണങ്ങളുടെ സൂചികകളിലും വളരെയേറെ മുന്നിലാണെങ്കിലും, പരസ്പര സംശയത്തിന്റെ സൂചികയില്‍ എല്ലാ കാലത്തേക്കാളും മുകളിലാണ് എന്നുസമ്മതിച്ചുതന്നേ പറ്റുള്ളൂ. മുത്തും പവിഴവും കൊണ്ട് നിറഞ്ഞാലും
ഒരിക്കലും നിറയാത്ത മനസ്സുമായി ഒരു ഓണക്കകാലം കൂടി.
'മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു
പവിഴം കൊണ്ടെന്റെ പറ നിറഞ്ഞു
നിറ നിറ നിറഞ്ഞിട്ടും നിറയാത്തതൊരു പാത്രം
മനസ്സു മാത്രം എന്റെ മനസ്സു മാത്രം'- കാവാലം