അമേരിക്കയിലെങ്ങും ഓണാഘോഷം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്. ഇവിടിങ്ങനെയാണെങ്കില്‍ അവിടെയെങ്ങനെയായിരിക്കുമെന്നറിയാന്‍ വര്‍ണത്തില്‍ ഒരാശങ്ക. അങ്ങനെ നാട്ടിലെ വിശേഷങ്ങളറിയാന്‍ "ആപ്പ്' എടുത്ത് കുത്തിത്തു റന്നു പിടിച്ചപ്പോള്‍ അത്ഭുതം. സ്ഥലം കേരളം തന്നെയാണോ. അവിടെ അത്തം തുടങ്ങി അനിഴം വരെയായിട്ടും എവിടെയും ഓണം എന്നൊന്നും ആരും മിണ്ടുന്നില്ല. പാലായിലെ തെരഞ്ഞെടുപ്പും ഇടക്കിടെ "യെല്ലോ- ഓറഞ്ച്' അലര്‍ട്ടുകളുമായി എത്തുന്ന മഴയും കൊച്ചിയിലെ ഗതാഗത കുരുക്കുമൊക്കെയാണ് പ്രശ്‌നം. ടിവി ഓണ്‍ ചെയ്തു നോക്കുമ്പോഴാണ് സോപ്പ്, ചീപ്പ്, കണ്ണാടി വരെയുള്ളതിന്റെ സകലമാന ഓണാഘോഷ പരസ്യങ്ങളും മിന്നി മറയുന്നത് കണ്ണില്‍ നിറഞ്ഞത്. ശരിക്കും കാര്യമെന്താണെന്നറിയാന്‍ പാമ്പാടിയിലെ വീട്ടിലേക്കൊന്നു വിളിച്ചു നോക്കി. അപ്പോഴാണ് അറിയുന്നത്, അവിടെ പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ആവേശത്തിലാണേ്രത മലയാളികള്‍. അതിനിടയ്ക്ക് എന്തോന്ന് മാവേലി, എന്തോന്ന് ഓണാഘോഷം. മലയാളിക്ക് ഇലക്ഷന്‍ കഴിഞ്ഞേ എന്തുമുള്ളുവത്രേ!
എംഎല്‍എ ആകാന്‍ റെഡിയായിരുന്ന ജോസ്. കെ. മാണി, ഭാര്യ നിഷ എന്നിവരെ അത്ഭുതപ്പെടുത്തി കൊണ്ട് പുതിയൊരാള്‍ അവതരിച്ചിരിക്കുന്നു. അതിനിടയ്ക്ക് പരേതനായ മാണി സാര്‍ സ്വന്തം കുടുംബസ്വത്തായി വളര്‍ത്തി കൊണ്ടു വന്ന കേരള കോണ്‍ഗ്രസി(മാണി)ല്‍ സ്വന്തം മകന് മിണ്ടാനുള്ള അവകാശം പോലും ഇല്ലാതിയിരിക്കുന്നുവത്രേ. ആരാണ് ചെയര്‍മാന്‍ എന്നതാണ് ഇപ്പോള്‍ ഏറ്റവും വലിയ സങ്കീര്‍ണ്ണതയായി മാറിയിരിക്കുന്നത്. മണ്ണൊലിപ്പും ഉരുള്‍പൊട്ടലും പ്രളയവും തലയ്ക്ക് മീതെ നില്‍ക്കുമ്പോഴും വളരെ പെട്ടെന്നു പരിസ്ഥിതിയും ഗാഡ്ഗിലുമൊന്നും കേരളീയര്‍ക്ക് ഒരു പ്രശ്‌നമല്ലാതായിരിക്കുന്നുവത്രേ. അവരെ സംബന്ധിച്ചിടത്തോളം ചെയര്‍മാനായിരുന്ന മാണി സാര്‍ ഇരുന്ന കസേരയില്‍ ഒരു സൈഡില്‍ നിന്നു വൈസ് ചെയര്‍മാന്‍ പി.ജെ. ജോസഫും മറുഭാഗത്തു നിന്നും മകന്‍ ജോസ്. കെ. മാണിയും പിടിവലി നടത്തുകയാണ്.
അതിനിടയില്‍ ഇടയ്ക്ക് ചെയര്‍മാനായി മാറിയ ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് കോടതി ഇടപെട്ട് സ്റ്റേ ചെയ്തു. അതു കൊണ്ട് ചെയര്‍മാന്റെ കസേരയില്‍ താത്ക്കാലികമായി കയറിയിരിക്കുന്നത് വൈസ് ചെയര്‍മാന്റെ കസേരയും ഒപ്പം കാക്കുന്ന പി.ജെ. ജോസഫ് തന്നെ. മഴയത്ത് നനയാതിരിക്കാന്‍ കയറി നിന്ന അതിഥി വീട്ടുകാരനായ അവസ്ഥ. എങ്ങനെ സഹിക്കാനാണ്? ഒടുവില്‍, നാട്ടുകാര്‍ക്ക് വേണ്ടി (അവര്‍ക്കു വേണ്ടി മാത്രം) എല്ലാ വിട്ടുവീഴ്ചയും നടത്തി ജോസ് മോന്‍ പരിശുദ്ധനായി മാറവേയാണ്, ജോസഫ് കൊട്ടുവടിയെടുത്ത് തലയ്‌ക്കൊരു അടികൊടുത്തത്. പാര്‍ട്ടി ചിഹ്നമായ രണ്ടില തത്ക്കാലം ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി ശ്രീമാന് കൊടുക്കാനാവില്ലത്രേ. കാരണം, ടിയാന്‍ കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ലെന്നാണ് ജോസഫ് സാറിന്റെ കണ്ടെത്തല്‍. മാണിസര്‍ മരിച്ചിടത്ത് ഒഴിവ് വന്ന സ്ഥാനത്തേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മാണി സര്‍ മരിക്കുവോളം കൊണ്ടു നടന്ന പാര്‍ട്ടിയുടെ പേരില്‍ ഒരു സ്ഥാനാര്‍ത്ഥി എന്ന അനിഷേധ്യ സ്ഥാനത്തിനു കോട്ടം വന്നിരിക്കുന്നു. അതു വരുത്തിയതോ പാര്‍ട്ടിയെ പിടിച്ചെടുക്കാന്‍ മാണി സാര്‍ ഉള്ളപ്പോള്‍ മുതല്‍ തക്കം പാര്‍ത്തു നടന്ന പി.ജെ. ജോസഫും. ഇതു പാലായിലെ ജനങ്ങള്‍ എങ്ങനെ സഹിക്കും? അതിനിടയ്ക്ക് എന്തോന്ന് ഓണാഘോഷം, എന്തോന്ന് മാവേലി?
പാലായില്‍ നിന്നു പ്രശ്‌നം വളര്‍ന്നു കേരളമൊട്ടാകെ കാര്യമായ ചര്‍ച്ചയായിരിക്കുകയാണ്. മാണി സര്‍ മരിക്കുന്നതിനു മുന്‍പേ ഒഴിവു വന്ന മറ്റു നിയമസഭ മണ്ഡലങ്ങളുണ്ടെങ്കിലും ഇവിടെ മാത്രം ഇത്ര തിരക്കിട്ട് എന്തിനാണ് ഒരു തെരഞ്ഞെടുപ്പ് എന്നായിരുന്നു നാട്ടുകാരുടെ ഒരു സംശയം. അമേരിക്കയിലിരുന്ന മലയാളിക്കു പോലും ഇത്തരമൊരു സംശയം ഉണ്ടായിരുന്നു. അപ്പോള്‍ പിന്നെ സാധാരണക്കാരായ, വിരലില്‍ മഷി തേച്ച് വോട്ട് ചെയ്യാന്‍ മുട്ടി നില്‍ക്കുന്നവരുടെ കാര്യം പറയാനുണ്ടോ? ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം എന്നതു പോലെയായി പോയി ഇപ്പോള്‍ ഇവിടെ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ശരിക്കും ഇവിടൊരു പുട്ടുക്കച്ചവടമാണ് നടക്കുന്നത്. എന്നാല്‍, ഈ പൂരത്തിനിടയിലേക്ക് സാക്ഷാല്‍ സര്‍വ്വശ്രീ. പി.സി. ജോര്‍ജ് കൂടി കടന്നു വന്നിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നു മാന്യവായനക്കാര്‍ ആലോചിച്ചിട്ടുണ്ടോ? വെടിക്കെട്ടിനിടയില്‍ ഗുണ്ടാണോ ഡൈനാമിറ്റാണോ പൊട്ടുന്നത് എന്ന് തിരക്കാനുള്ള സമയമുണ്ടോ, അതു പോലെ വെടികള്‍ ഓരോ അതിരില്‍ നിന്നും ചടപടാന്ന് പൊട്ടിയേനെ. പട പേടിച്ച് പാലായില്‍ ചെന്നപ്പം അവിടെ പന്തം കൊളുത്തി പട എന്നതു പോലെയായി കാര്യങ്ങള്‍ എന്നു കരുതി പാവം മാവേലി ഇത്തവണ ഒരു മുങ്ങിമുങ്ങിയാല്‍ അദ്ദേഹത്തിനെയും കുറ്റം പറയാനൊക്കുകേലല്ലോ. കാരണം, തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ നടക്കുന്നിടത്ത് പാര്‍ട്ടിയുടെ നേതാവായ പി.ജെ. ജോസഫ് വന്നു മൈക്കിനടുത്ത് നില്‍ക്കുമ്പോള്‍ തന്നെ കൂവുകയും ചീത്ത വിളിക്കുകയും ചെയ്യുന്നത് എതിര്‍പാര്‍ട്ടിക്കാരല്ല, സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്. കൂവാന്‍ കാശ് കൊടുത്തു വിട്ടിട്ട്, പരസ്യമായി അവരെ സ്റ്റേജില്‍ നിന്നു ശാസിക്കുകയും മനസ്സിലാകെ നിഗൂഡമായി അത് ആനന്ദിക്കുകയും ചെയ്യുന്ന മറ്റു നേതാക്കാന്മാരെയും നാം കണ്ടില്ലെന്നു നടിക്കരുത്. ഇതൊക്കെയും ഇപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളിയുടെ മുന്നിലേക്ക് ടിവി ചാനലുകള്‍ ലൈവായും അല്ലാതെയും എത്തിക്കുന്നുണ്ട്.
അതു കൊണ്ട് ഇത്തവണ തിരുവോണത്തിനും അതു കഴിഞ്ഞുള്ള ഓണനാളുകള്‍ക്കുമൊന്നും ആഡംബരം ഇത്തിരി കുറഞ്ഞാലും പ്രേക്ഷകര്‍ക്ക് നോ വറി. ഒരു ബ്ലോക്ക്ബസ്റ്റര്‍ മസാലപടം പോലെ ആസ്വദിക്കാന്‍ പറ്റുന്ന വിധത്തിലാണല്ലോ കാര്യങ്ങളുടെ പോക്ക്. ഇതൊക്കെ ആ പാവം മാണി സാര്‍ സ്വര്‍ഗ്ഗത്തിലിരുന്നു കാണുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോഴാണ് പാവം പാലാകാര്‍ക്ക് ഒരു വിതുമ്പല്‍. ഇല്ലെങ്കില്‍ ഓസിന് ഒരു അടിയും മാറി നിന്നൊരു കൂവലിനും അവര്‍ക്കും ചാന്‍സ് കിട്ടിയേനെ!