Image

ഇന്ത്യാപ്രസ്ക്‌ളബ് മുന്നേറുന്നു, കാലത്തിന്റെ സുവിശേഷം (ഏബ്രഹാം തെക്കേമുറി)

Published on 17 September, 2019
ഇന്ത്യാപ്രസ്ക്‌ളബ്  മുന്നേറുന്നു, കാലത്തിന്റെ സുവിശേഷം (ഏബ്രഹാം  തെക്കേമുറി)
വരണ്ട മനസിന്റെ വികൃതമായ മുഖത്ത് ഒരു പുഞ്ചിരിയുടെ ലാഞ്ചന തെളിയിക്കാന്‍ കഴിഞ്ഞാല്‍, അഥവാ വരണ്ട നിലത്ത് ഒരുതുള്ളി പുതുമഴ ചൊരിഞ്ഞാല്‍ അവിടെ ഉണര്‍വിന്റെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ധ്വനി ആരംഭിക്കുകയായി. വിമോചനത്തിന്റെ, വിടുതലിന്റെ സന്ദേശം. താന്‍ ഇവിടെ ഏകനല്ലയെന്ന ഉള്‍ബോധം അഥവാ വിശ്വമാനവികതയുടെ കാഴ്ചപ്പാടില്‍ "ലോകമേ തറവാട്’ എന്ന വികാരത്തിലെത്തിച്ചേരുക. നാളെയുടെ പ്രത്യാശ ഇന്നലെകളുടെ ഓര്‍മ്മകളിലൂടെ ഇന്നെന്ന വര്‍ത്തമാനത്തിനെ ശോഭാപൂരിതമാക്കുക.  കാലത്തെ തൊട്ടറിയുക, ലോകത്തെ ഉള്‍ക്കൊള്ളുക. അങ്ങനെ തങ്ങളുടെ സമശിഷ്ടങ്ങളുടെ നാഡീസ്പന്ദനം അറിയുക.
 
എല്ലാ സമൂഹത്തിന്റെയും എല്ലാക്കാലത്തിലേയും ഉയര്‍ച്ചയുടെയും, സംസ്കാരിക വളര്‍ച്ചയുടെയും നട്ടെല്ലായിരുന്നു സാഹിത്യവും വര്‍ത്തമാനപത്രവും. ആശയവിനിമയങ്ങളിലൂടെ വളര്‍ച്ചയുടെ, വികസനത്തിന്റെ പാതയില്‍ സംഘടിച്ച് മുന്നേറുവാനുള്ള ദിവ്യബോധത്തിന്‍ കീഴെ മനുഷ്യനെ അഥവാ ഒരു കൂട്ടത്തെ ഒന്നായ് നിര്‍ത്തുകയെന്ന പ്രക്രിയയാണ് പത്രധര്‍മ്മം.
 
കാല്‍നൂറ്റാണ്ടിന്റെ ചരിത്രമയവിറക്കിക്കൊണ്ട് നാലു ലക്ഷം മലയാളികള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ചിതറിക്കിടക്കുന്നു. സ്വയം നിര്‍മ്മിച്ച പുഴുക്കൂടിനുള്ളില്‍ പരിസരത്തെയറിയാതെ "കൊക്കൂണ്‍’ സംസ്കാരത്തിന്റെ അടിമകളായി. ആ അടിമത്വത്തില്‍ വളരുകയെന്ന ആവേശത്തില്‍ സംഘടിച്ചു. അസോസിയേഷനുകള്‍ ഉണ്ടാക്കി. പള്ളികള്‍ പണിതു. സഭകള്‍ പെരുകി. ഇന്നിപ്പോള്‍ ഈ വിപ്രിതികളെല്ലാം  സംഘട്ടനത്തിന്റെ സദസുകളായി മാറിയിരിക്കുന്നു. കാരണം ഭാവിയെപ്പറ്റിയുള്ള ദീര്‍ഘവീക്ഷണമില്ലാതെ അടിസ്ഥാനമിടുകയും, അമേരിക്കയെന്തെന്ന് അറിയാത്ത കേരളനേതൃത്വത്തിന്റെ കിഴവിക്കഥകളില്‍ ലയിച്ച് എന്നെങ്കിലും മടങ്ങിപ്പോകുമെന്ന് ധരിച്ച് ആഗ്രഹങ്ങളെ ഗര്‍ഭം ധരിച്ച് സ്വപ്നങ്ങളെ പ്രസവിക്കുന്ന സാങ്കല്‍പ്പികലോകത്ത് "യാഥാര്‍ത്ഥ്യങ്ങള്‍’ വിസ്മരിക്കപ്പെട്ടു.

അടിസ്ഥാനപരമായി ഒരു കാഴ്ചപ്പാടില്ലാതെ പരസ്പരസംവാദമില്ലാതെ എന്തൊക്കെയോ ചെയ്തു. തെറ്റും ശരിയും പറയാന്‍ ആരും ഇല്ലായിരുന്നു. പറഞ്ഞാല്‍തന്നെ അത് ജനങ്ങളിലേക്കെത്തിക്കാന്‍ മാദ്ധ്യമങ്ങളില്ലായിരുന്നു. ഉണ്ടായിരുന്ന മാദ്ധ്യമങ്ങളെ പുച്ഛിച്ചുകൊണ്ട് അജ്ഞതയുടെ ആധിക്യത്താല്‍ പെട്ടെന്ന് സായ്പ്പ് ചമഞ്ഞ് മലയാളത്തെ നിന്ദിച്ചവരായിരുന്നു ആദ്യകാല നേതാക്കന്മാര്‍. വീണതു വിദ്യയാക്കിയ ആ വിവേകഹീനര്‍ ഇപ്പോഴും പടം മടക്കാന്‍ തയ്യാറല്ല. തങ്ങള്‍ ഹിറ്റ്‌ലറെപ്പോലെ പലതും വെട്ടിപ്പിടിച്ചുവെന്ന് ഞെളിയുന്നവരും കുറവല്ല. ആഗ്രഹങ്ങള്‍ വിനാശകരവും ആശയങ്ങള്‍ സ്വാര്‍ത്ഥതയില്‍ പൊതിയപ്പെട്ടവയും അനുഭവങ്ങള്‍ കഷ്ടപൂര്‍ണ്ണവും.
  
കാലത്തെ വിവേചിച്ചറിഞ്ഞവര്‍ ന്യൂനപക്ഷമായി. എന്നിട്ടും ശക്തിയുക്തം എതിര്‍ത്തു. എതിര്‍ത്തവര്‍ ഒറ്റപ്പെട്ടു. ആ ഒറ്റപ്പെടലില്‍ സാഹിത്യം ഇവിടെ ജനിച്ചു. മലയാളം പ്രിന്റ്‌ചെയ്യാന്‍ ഗതിയില്ലാത്ത അവസ്ഥയില്‍ കൈയ്യെഴുത്ത് സ്വീകരിച്ചു. വെട്ടിയൊട്ടിക്കല്‍ മാര്‍ഗം സ്വീകരിച്ചു. മലയാളം ടൈപ്പ്‌റൈറ്റര്‍ ലഭ്യമായപ്പോള്‍ അതിനെ ആശ്രയിച്ചു. ഇത്രയെല്ലാം കഷ്ടപ്പാടുകള്‍ സഹിച്ചിട്ടും പ്രയോജനരഹിതമെന്ന് കണ്ട് മനംമടുത്ത് പല പ്രസ്ഥാനങ്ങളും ഇല്ലാതായി.
 
പിടിച്ചു നില്‍ക്കണമെങ്കില്‍ മുഖസ്തുതി എഴുതണമെന്നനില വന്നു. എഴുതി. പക്‌ഷേ വളര്‍ച്ച മുരടിച്ച സമൂഹമായി ഇവിടെ മലയാളി. സാഹിത്യകാരനും പത്രപ്രവര്‍ത്തകനും അധഃകൃതനും, സംഘടനാനേതാക്കള്‍ ബ്രാമ്ണരുമായിവിടെ. നാലാംക്‌ളാസ് വിദ്യാഭ്യാസമുള്ള മന്ത്രിയുടെ മുമ്പില്‍ വിറയ്ക്കുന്ന ഐ.എ.എസ്കാരന്‍ ജില്ലാകളക്ടര്‍ എന്ന തന്ത്രം ഈ അമേരിക്കയിലും മലയാളിയുടെ ഇടയില്‍ വളര്‍ന്നു. സംഘടനകള്‍ സാഹിത്യകാരനു അവാര്‍ഡ് പ്രഖ്യാപിച്ചു. പക്‌ഷേ കേരളത്തിലെ സ്കൂള്‍ യുവജനോത്‌സവത്തില്‍ അദ്ധ്യാപകനെ വണങ്ങി സമ്മാനം കൈപറ്റുന്ന വിദ്യാര്‍ത്ഥിയുടെ സ്ഥാനമേ ഇവിടെ സാഹിത്യകാരനു കിട്ടിയുള്ളു. പത്രങ്ങള്‍ക്ക് പതിനഞ്ച് ഡോളറിന്റെ പ്‌ളാക് നല്‍കി ഒതുക്കി കിടത്തി. അങ്ങനെ അമേരിക്കന്‍ മലയാളിസമൂഹത്തിന്റെ നേതൃത്വനിരകളില്‍  സംഘടനാശക്തിയെന്ന പദം തന്ത്രപ്രയോഗമായി ഭവിച്ചു. വെട്ടിപ്പും തട്ടിപ്പും കാലുവാരലും കുതികാല്‍വെട്ടും നടത്തി.  ഇതൊന്നും ജനമറിഞ്ഞില്ല. അപ്പോഴും മലയാളഅക്ഷരം അമേരിക്കയില്‍ മലയാളിയുടെ മാദ്ധ്യമമായി തുടര്‍ന്നുകൊണ്ടു വന്നവരാണ് ഇന്നാട്ടിലെ സകലസംഘടനകളുടെയും എന്തെങ്കിലും വളര്‍ച്ച ഉണ്ടെങ്കില്‍ അതിനു കാരണക്കാര്‍. പരിമിതികള്‍ക്കുള്ളിലും ഭാഷയെ സ്‌നേഹിച്ച അക്ഷരസ്‌നേഹികളേ നിങ്ങള്‍ക്ക് നന്ദി!.

സംഘടനകളെ വളര്‍ത്തിയ മാദ്ധ്യമങ്ങള്‍ക്ക് വിലയില്ലാതെയും, സാഹിത്യകാരന്‍ എന്തോ തരംതാണ ഒന്നാണെന്നും വിലയിരുത്തി് വായനാശീലമില്ലാത്തവര്‍ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവായി വിലസുമ്പോള്‍ വീണുടയുന്ന അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി ഉലൈടു സംഘടനയാണ് ഇന്ത്യാപ്രസ് ക്‌ളബ്.
 
ബാലാരിഷ്ടതകള്‍ പിന്നിട്ട് വളര്‍ച്ചയിലേക്ക് കുതിക്കുന്നു. വീഴ്ചകളെ അടുത്തറിഞ്ഞ് ഉയര്‍ച്ചയുടെ വഴികളെ കണ്ടെത്തുന്നു. ഇന്റര്‍നെറ്റ് സംവിധാനം ഇന്നാട്ടില്‍ മലയാളപ്രസിദ്ധീകരണങ്ങളുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് പ്രവചിച്ചവരും അത് മുന്നില്‍ക്കണ്ട് പ്രസ്ഥാനങ്ങള്‍ നിര്‍ത്തിയവരുമുണ്ട്. എന്നാല്‍ കാലാതീതമായ മര്‍ത്യന്റെ അന്വേഷണതൃഷ്ണ അവസാനിക്കുന്നതല്ലാത്തതിനാല്‍ വിഷയങ്ങളിലേക്കുള്ള  കവാടങ്ങള്‍ തുറക്കുന്ന വിഷയങ്ങളുമായി മുന്നേറുന്ന പ്രസിദ്ധീകരണങ്ങള്‍ക്ക് മരണമില്ലയെന്നതാണ് വാസ്തവം.

അമേരിക്കയില്‍ മലയാളപ്രസിദ്ധീകരണങ്ങള്‍ വര്‍ദ്ധിക്കട്ടെയെന്നാണ് എന്റെ പ്രാര്‍ത്ഥന. വര്‍ദ്ധിക്കണം. എന്തെന്നാല്‍ എങ്കില്‍ മാത്രമേ വിസ്താരമേറിയ ഈ നാട്ടില്‍ ചിതറിക്കിടക്കുന്ന മലയാളിയെ കണ്ടെത്താനാവു. മാത്രമല്ല ആരോഗ്യപരമായ മത്‌സരം ഉണ്ടാവുന്നിടത്തു മാത്രമേ പ്രസ്ഥാനങ്ങള്‍ വളരുകയുള്ളു. പ്രസ്ഥാനങ്ങള്‍ വളരുമ്പോള്‍ വ്യക്തികള്‍ നന്നാവുകയാണ്. അങ്ങനെ സമൂഹം ശക്തിപ്പെടുന്നു.
 
 മരവിച്ച മനസും, തകര്‍ന്ന കുടുംജീവിതവും, തോന്ന്യാസം നടക്കുന്ന മക്കളും, അലങ്കോലമയമായ ആത്മീയാന്തരീക്ഷവും, മനുഷ്യജീവിതത്തിന്റെ ക്ഷണികതയെ വിളിച്ചറിയിക്കുന്ന അനിഷ്ടസംഭവങ്ങളും തകര്‍ച്ചയുടെ അടിത്തട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന ഈ യാന്ത്രികയുഗത്തിലെ യന്ത്രമായ മനുഷ്യന് ശൂന്യതാബോധത്തില്‍ നിന്നും കരകയറാന്‍ വായന അല്ലാതെ മറ്റൊരു പ്രതിവിധിയില്ല. (knowledge is power. . .reading is the key to success.)  വായിക്കുക. വളരുക.
  
സാമൂഹ്യജീവിതത്തിന്റെ സ്ഥിരത, വ്യക്തിജീവിതത്തിന്റെ ഭദ്രത, പ്രായേണ സമാധാനപൂര്‍ണ്ണവും ശാന്തവുമായ സാമൂഹ്യരാഷ്ടീയ സാഹചര്യങ്ങള്‍, മതത്തിന്റെ സ്വാധീനം തുടങ്ങിയവയെ വിസ്മരിക്കപ്പെട്ട് അവതാളമയമായ പ്രയാണത്തില്‍ അരാജകത്വം നിറഞ്ഞ സമൂഹത്തെ സൃഷ്ടിച്ചുംകൊണ്ട് അജ്ഞതയുടെ അധോലോകത്തിലേക്ക് തലമുറകളിലൂടെ മനുഷ്യന്‍  മറയപ്പെടുമ്പോള്‍, ഇവിടെയിതാ ഭൂതകാലത്തിന്റെ സത്യവും, വര്‍ത്തമാനത്തിന്റെ സാക്ഷ്യപത്രവും, ഭാവിയുടെ ചൂണ്ടുപലകയുമായി ഈ പ്രസ്ഥാനം വളരുന്നു


Join WhatsApp News
വഴിയില്‍ ....പിള്ളേരെപോലെ 2019-09-18 09:39:38
വഴിയില്‍ തൂറുന്ന കുരുത്തം കെട്ട പിള്ളേരെ പോലെ ആണ് ഇ മലയാളിയിലെ ചില എഴുത്തുകാരും കമന്‍റെ കാരും. അവര്‍ കുറേശെ അവിടെയും ഇവിടെയും നിഷേപിക്കും. അവര്‍ പിന്നെ അ വഴിക്ക് വരില്ല, അവര്‍ വഴി മാറി പോകും. നാറ്റം സഹിക്കുന്നതോ സ്ഥിരം വായനക്കാരും.
 കുറെ നാള്‍ മുമ്പ് ' എന്‍റെ  ആര്‍ട്ടിക്കിള്‍ വായിച്ചോ?  ഒരു കമന്‍റെ എഴുതുക എന്ന് എഴുത്തുകാരന്‍'. എന്നെ വിളിച്ചു പറഞ്ഞു. ഞാന്‍ എഴുതിയല്ലോ കണ്ടില്ലേ എന്ന് ഞാന്‍. അപ്പോള്‍ എഴുത്തുകാരന്‍ പറയുവ; -ഓ ഞാന്‍  വല്ലപോഴുമേ ഇ മലയാളി വായിക്കു എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു;- നിങ്ങള്‍ നടക്കാത്ത വഴിയില്‍ തൂറുന്ന പിള്ളേരെ പോലെ ആണല്ലോ!
സ്ഥിരം വിളിക്കുന്ന അദേഹം ഇപ്പോള്‍ വിളിക്കാറില്ല.- നാരദന്‍ -
വായനക്ലബുകാരൻ 2019-09-18 16:52:48
ഇവിടെ  ലാനയുണ്ട്   പുനയുണ്ട് . പ്രസ്  ക്ലബ്  മൂന്നോ  നാലോ  ഉണ്ട് .  ആകകണ്ഫ്യൂഷനായി . എല്ലാരും  അവാർഡുകൾ  പൊന്നാടകൾ  അനർഹർക്കും  വാരിക്കോരി  കൊടുക്കുന്നു . വാർത്തകൾ  കാണുന്നുണ്ടാല്ലോ . എത്ര  അതിഥി  വമ്പന്മാരാണ്  നാട്ടിന്നു  വരണത് ? അതുകൊണ്ടെന്തു  ഗുണം ? ചുമ്മാ  പണച്ചെലവ്‌  മാത്രം . അവർ  എന്ത്‌  പുതുമയാ  ഇവിടെ  വന്നു  വിളമ്പാൻ  പോകുന്നത് ?  ചുമ്മാ  വേസ്റ്റ് .ലോക്കൽ  മലയാളീ  പത്രക്കാർക്കും  എഴുത്തുകാർക്കും  ചാൻസ്  കൊടുക്കു  സാറന്മാരേ . ചെലവും  കൊറക്കാം  കൂടുതൽ  അറിവും  അവർ  പകർന്നു  തരും . കുറേ  മീഡിയക്കാർ  ന്യൂജേഴ്‌സിയിൽ  കൺവെൻഷൻ  നടത്തുന്നു , കുറേപ്പേർ  ആസമയത്തു  ഹ്യൂസ്റ്റണിലും  നടത്തുന്നു . ഹൂസ്റ്റണിൽ  നടത്തുന്നവർ  ചുമ്മാ  ആളുകളെ  പറ്റിക്കാൻ നാട്ടിലെ  സകല  മാധ്യമക്കാരുടേയും  പേരും  പടവും  വച്ചു  വീഡിയോ  മെസ്സേജ്  സോഷ്യൽ  മീഡിയയിൽ  പോസ്റ്റ്  ചെയ്യിന്നു . അവർ  പറയുന്നവർ  എല്ലാം  എല്ലാവരും  വരണമെങ്കിൽ  ഒരു  3  മില്യൺ  ഡോളർ  എങ്കിലും  വേണം . അവിടെ  ഒന്നോ  രണ്ടോ  വന്നെങ്കിൽ  ആയി  ചുമ്മാ  അങ്ങ്  അടിച്ചുള്ള  ഒരു  വിടലാണ് . അല്ല, ഇനി  എല്ലാരും  വന്നിട്ടുതന്നെ  എന്തു  ഗുണം ? ചുമ്മാ  അവരുടെ  ബോർ  പ്രസംഗം  കേട്ടു കൈയടിച്ചു  ചാകണം . എലെക്ഷൻ  ഇല്ലാത്ത  സ്ഥിരം  ചെയർമാനും സ്ഥിരം  കുലുക്കി പെൺ  എംസികളും . എന്നിട്ടു  ഭയങ്കരം  ഗംഭീരം  എന്ന  കുറെ  പുങ്കൻ  വാർത്തകൾ  മീഡിയകളിൽ  കാണാം .  ലോക്കലുകാർക്കു  ചാൻസ്  കൊടുക്കു  സാർ . കൊറച്ചു  അനർഹർക്ക്  അവാർഡ്‌  കൊടുക്കുന്നത്  വഴി  നിങ്ങൾ  ഒത്തിരി ആൾക്കാരെ  അകറ്റി  നിർത്തുകയാണെന്ന  കാര്യം  മറക്കരുത്‌ . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക