Image

കളിപ്പാട്ടങ്ങള്‍ തേടുന്നവര്‍ (കഥ: ജോസഫ് എബ്രഹാം)

Published on 22 September, 2019
കളിപ്പാട്ടങ്ങള്‍ തേടുന്നവര്‍ (കഥ: ജോസഫ് എബ്രഹാം)
"ഇതിലിപ്പോ പേടിക്കാനൊന്നുമില്ല.  പിന്നെ മുന്‍ജന്മത്തിന്റെ ഇച്ചിരിയൊക്കെ ഈ ജന്മത്തിലും കാണാണ്ടിരിക്കുമോ അതോണ്ടാ" കവടി പലകേന്നു കണ്ണെടുക്കാതെ കൃഷ്ണക്കണിയാര്‍ പറഞ്ഞു. 

സുഗുണന്‍പോലീസ് അന്നൊരു കൈക്കുഞ്ഞായിരുന്നു. മണ്ണില്‍  പിറക്കുന്ന കുഞ്ഞുങ്ങള്‍ മുട്ടിലിഴയാന്‍ തുടങ്ങിയാല്‍ പിന്നെ  എന്തു  കിട്ടിയാലും അതെടുത്തുടനെ വായിലിടും.  പക്ഷെ സുഗുണന്‍പോലീസ് കുഞ്ഞായിരുന്നപ്പോള്‍  എന്തു കിട്ടിയാലും ആദ്യം അത് മൂക്കിനോട് അടുപ്പിച്ചു മൂക്കുവിടര്‍ത്തി മണം പിടിച്ചു നോക്കും. അമ്മിഞ്ഞ കുടിക്കുന്നതിനു മുന്‍പായിപ്പോലും അവന്‍ ആദ്യമൊന്നു  മണം പിടിക്കും എന്നിട്ടേ കുടി തുടങ്ങൂ. കണ്ടവരും  കേട്ടവരും ഇതു വല്ലാത്തൊരു മെനകൃതിയെന്നു പറഞ്ഞപ്പോള്‍   സുഗുണന്റെ  അച്ഛനും അമ്മയ്ക്കും വല്ലാത്ത ആധിയായി അവര്‍ സുഗുണനെയുംകൊണ്ട്  കൃഷ്ണക്കണിയാരുടെ അടുക്കലേക്കു മണ്ടിപ്പാഞ്ഞുചെന്നു.

കണിയാര്‍  കവടി നിരത്തുന്ന സമയം  സുഗുണന്റമ്മ കണിയാരുടെ വീടിന്റെ കോലായില്‍ കൊരണ്ടി പലകയിലിരുന്നു  തോര്‍ത്ത്  മുണ്ടുകൊണ്ട് മാറ്  മറച്ചുപിടിച്ചു  സുഗുണനു  മുല കൊടുത്തുകൊണ്ടിരുന്നു 
"കഴിഞ്ഞ  ജന്മത്തില്‍  ഇവനൊരു   നായ ആയിരുന്നു അതോണ്ടാ ഇതൊക്കെ ."  കണിയാര്‍ കവടി നോക്കി മൊഴിഞ്ഞു .

കണിയാരുടെ വാക്കുകേട്ട സുഗുണന്റമ്മ തെല്ലസ്വസ്ഥതയോടെ  കുഞ്ഞിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.   തന്‍റെ മടിയില്‍ കിടന്നു കൊണ്ട്   മനുഷ്യന്റെ  ഉടലും പട്ടികുഞ്ഞിന്റെ മുഖവുമുള്ള ഒരു ശിശു  മുല ചപ്പി വലിക്കുന്നതായി  അവര്‍ക്കു തോന്നി.   ഒരു ഞെട്ടലോടവര്‍   മുലഞെട്ട് കുഞ്ഞിന്റെ  വായില്‍ നിന്ന്  വിടുവിച്ചു ബ്ലൌസിനുള്ളിലേക്ക് ഒതുക്കിവച്ച്  തോര്‍ത്തു മുണ്ട് കൊണ്ട് മറച്ചു മാറിടം ബന്തവസാക്കി. കുടിച്ചു കൊണ്ടിരുന്ന അമിഞ്ഞ വായില്‍ നിന്ന്  മാറ്റിയപ്പോള്‍  കുഞ്ഞുസുഗുണന്‍   കരഞ്ഞു. സുഗുണന്റെ കരച്ചില്‍ ഒരു പട്ടിക്കുഞ്ഞിന്റെ ദീനമായ മോങ്ങലുപോലാണ്  അമ്മയുടെ  കാതില്‍ വീണത്.

 " അതേ, ഈ നായെന്നു കേട്ട് നിങ്ങള്‍  കുറച്ചിലൊന്നും  വിചാരിക്കണ്ട കേട്ടോ.  ഇവന്‍ നല്ല ഒന്നാംതരം പോലീസുനായ ആയിരുന്നു.  ഒരു പാട് കള്ളമ്മാരെ പിടിച്ച അസല്‍ പോലീസ്  നായ"
"ഈ ജന്മം എന്ന് പറയുന്നത് കഴിഞ്ഞ ജന്മത്തിന്റെ  ബാക്കിയാണ്.  നിങ്ങള്‍ നോക്കിക്കോ ഈ ജന്മത്തില്‍  ഇവന്‍ അസലൊരു പോലീസാകും"

 അങ്ങിനെയന്നു  കൃഷ്ണക്കണിയാര്‍  സുഗുണന്റെ ജന്മനിയോഗം   അവന്‍റെ അച്ഛനോടും അമ്മയോടും    വെളിപ്പെടുത്തി. സുഗുണന്‍ വലുതായി സുഗുണന്‍പോലീസായപ്പോള്‍  സുഗുണന്റെമ്മ പറഞ്ഞു 'കൃഷണക്കണിയാര്‍  അന്ന്  പറഞ്ഞത്  അച്ചട്ടായീ'ന്നു.

പൂര്‍വജന്മ വാസന കൊണ്ടായിരിക്കാം   ഗന്ധങ്ങളോട്  സുഗുണന്‍പോലീസിനു വല്ലാത്തൊരു  മമതയാണ്.  സ്കൂളിലെ   കൂട്ടുകാരെയും അദ്ധ്യാപകരേയും  സുഗുണന്‍പോലീസ് ഇപ്പോഴും   ഓര്‍ക്കുന്നതുപോലും മന:പാഠമാക്കിയ    ഗന്ധങ്ങളുടെ പെരുക്കപ്പട്ടികയിലൂടെയാണ്. നല്ല അസല്‍ സാബാര്‍  കായത്തിന്റെ  മണമുള്ള ഉഷാറാണി,  കാച്ചെണ്ണയുംടെയും  തുളസിയുടെയും   മണമുള്ള സുഷമ.   തലയില്‍ ചൂടുന്ന റോസാപ്പൂവിന്റെ  മണമുള്ള പാട്ടുടീച്ചര്‍  പാറുക്കുട്ടി സാര്‍.   വടിവൊത്ത ഖദറില്‍ നിന്ന്   കൂറമുട്ടായിയുടെ മണം പടര്‍ത്തുന്ന  കേശവന്‍ സാര്‍,    മൂക്കള വലിച്ചു കേറ്റി  നടക്കുന്ന   ഉളുമ്പ്  മണമുള്ള കണ്ണടക്കാരന്‍ കൃഷണകുമാര്‍ അങ്ങിനെ ഓരോരുത്തരെയും ഓരോ ഗന്ധമായി സുഗുണന്‍പോലീസ്  ഓര്‍മ്മയില്‍ കൊരുത്തിട്ടിരിക്കുന്നു.
 
സ്ത്രീയുടെ സൗന്ദര്യമല്ല  മാദകമായ  ഗന്ധമാണ് പുരുഷനെ അവളിലേക്കടുപ്പിച്ചുനിര്‍ത്തുന്ന കെമിസ്ട്രിയെന്നാണ് സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ചുള്ള സുഗുണന്‍പോലീസിന്റെ  സിദ്ധാന്തം. ബസ് പിടിക്കാനായി വിയര്‍ത്തുകുളിച്ചു ഓടിയെത്തുന്ന തങ്കമണിക്കടുത്തായി    നില്‍ക്കുമ്പോള്‍ തങ്കമണിയുടെ വിയര്‍പ്പുതുള്ളികള്‍ക്ക് പൊടിമണ്ണില്‍ തൂളിയ പുതുമഴയുടെ മാദകഗന്ധമാണെന്ന്  സുഗുണന്‍പോലീസറിഞ്ഞു. ആദ്യരാത്രിയില്‍  തങ്കമണിയുടെ ഇളംകറുപ്പ് മേനിയില്‍ പൊടിമഴപോലെ  തുള്ളിയിട്ട  വിയര്‍പ്പില്‍  മുഖമമര്‍ത്തി സുഗുണന്‍പോലീസ്  ഇക്കാര്യം  പറഞ്ഞതുകേട്ടു പാതിരാത്രിയില്‍ പരിസരം മറന്നുറക്കെയവള്‍ പൊട്ടിച്ചിരിച്ചപ്പോള്‍  കോലായിലെ കട്ടിലില്‍ കിടന്നുകൊണ്ട്  സുഗുണന്‍പോലീസിന്റെ അച്ഛന്‍  ഒന്നു രണ്ടുവട്ടം ഉറക്കെ ചുമച്ചു.

പോലീസില്‍ ചേര്‍ന്ന സുഗുണന്‍  ഡോഗ് സ്ക്വാഡിലെ ജോലി    ചോദിച്ചു വാങ്ങുകയായിരുന്നു.  അവിടെ ജോയിന്‍ ചെയ്ത സുഗുണന്‍പോലീസിനു ചങ്ങാതിയായി കിട്ടിയത്  ആറുമാസം മാത്രം പ്രായമുള്ള ട്രെയിനിയായ  ജെയിംസ് ബോണ്ടിനെയാണ്.  ബോണ്ട്   വല്യ മുന്തിയ ജാതിക്കാരനൊന്നുമല്ല.  ഒരുപക്ഷെ പോലീസ് ചരിത്രത്തില്‍ ആദ്യമായി സേനയില്‍ എത്തുന്ന സ്വദേശി നായയെന്നു അവനെ വിശേഷിപ്പിക്കാം.  ഉരുണ്ടു മിനുത്ത  ഉടലോ ഓമനത്വം തുടിക്കുന്ന മോന്തയോ  ഒന്നുമില്ലാത്ത മെലിഞ്ഞു നീണ്ട ഒരിനം.  കണ്ടാല്‍  ചുമ്മാതൊരു  തൊഴികൊടുക്കാന്‍  ആര്‍ക്കും തോന്നുന്ന  ഒരുമാതിരി   ചാവാലി  ലുക്ക്.
 
ഒരു പോലീസ്   ഐ ജി യുടെ അമ്മായിയച്ഛന് ഒരാഗ്രഹം തോന്നി.   തന്‍റെ വീട്ടിലെ ഒരു പട്ടീനെക്കൂടെ പോലീസില്‍ ചേര്‍ക്കണമെന്ന്.  ഐ പി എസ് അമ്മായിയപ്പന്റെ  ആഗ്രഹമല്ലേ  നിവര്‍ത്തിച്ചു കൊടുക്കാതെ പറ്റില്ലാന്നു ഭാര്യ മൂക്കു വിറപ്പിച്ചു മുരണ്ടതോടെ വിരണ്ടുപോയ  ഐ ജി  സ്‌പെഷ്യല്‍ ഓര്‍ഡര്‍ ഇറക്കി.  അങ്ങിനെ  കര്‍ണാടകത്തിലെ ബാഗല്‍കോട്ട്  നിന്ന്  ജെയിംസ് ബോണ്ട്  കേരളത്തിലെത്തി. 

പട്ടിക്കുട്ടികളുടെ  പരിശീലകന്‍ ഒരു റിട്ടയേര്‍ഡ് കേണലാണ്. പട്ടാളത്തില്‍വച്ച് നായ്ക്കളെ പരിശീലിപ്പിക്കുന്നതില്‍  പ്രവീണ്യം നേടിയ കേണല്‍  റിട്ടയര്‍ ചെയ്തശേഷം   സ്വന്തമായി  ഒരു കെന്നല്‍ ഫാമും  ഡോഗ് ട്രെയിനിംഗ്  സ്കൂളും  നടത്തിവരികയാണ്.    ബോണ്ടിനോട് കേണലിന് വല്ലാത്ത  പുച്ഛമായിരുന്നു. 'വെറും കണ്ട്രിയായ'  അവന്‍റെ പെഡിഗ്രിയും  ജെനുസും വളരെ   മോശമാണെന്ന അഭിപ്രായമാണ്  കേണലിന്.
 
കേണല്‍  ദേഷ്യപ്പെടുമ്പോള്‍ അയാളുടെ മുഖം  ഒരു  ബുള്‍ഡോഗിന്റെ പോലെ  ക്രൌര്യമുള്ളതാകും  അതു കാണുമ്പോള്‍  ട്രെയിനികളായ നായ്ക്കുട്ടികള്‍ പേടിച്ചരണ്ട് കാലിനിടയില്‍ വാലുംചുരുട്ടിവച്ചനങ്ങാതെയിരിക്കും.  ട്രെയിനിംഗ്  അവസാനിപ്പിച്ച്  കേണല്‍  ജീപ്പോടിച്ചു  കണ്‍വെട്ടത്തുനിന്നു  മറഞ്ഞാല്‍പിന്നെ  സ്കൂള്‍വിട്ട കൂട്ടമണികേട്ട കുട്ടികളെപ്പോലെ ആര്‍ത്തുവിളിച്ചു കുരച്ചുകൊണ്ടവര്‍   ഓടിച്ചാടിത്തിമര്‍ക്കും.

നായ്ക്കുട്ടികളുടെ പരിശീലനമെല്ലാം  ഡി പി  ഇ പി  സിലബസിലാണ്.   എല്ലാം ഓരോ   കളികളാണ്.  
  "ഗോ ആന്‍ഡ്  ബ്രിംഗ് ദ ബോള്‍" അകലേക്ക്  എറിഞ്ഞ  പന്തിനെ ചൂണ്ടി  കേണല്‍   ആജ്ഞാപിച്ചു. ബോണ്ടും കൂട്ടരും ഉത്സാഹത്തോടെ ഓടിപ്പോയി പന്തുകള്‍ കടിച്ചു പിടിച്ചു എടുത്തു കൊണ്ട് വരും. ഈ കളികള്‍ക്കൊപ്പം    ' ഗോ, ലുക്ക്,  സെര്‍ച്ച്, റണ്‍'  തുടങ്ങിയ കമാന്‍ഡുകളും  അവര്‍ പഠിക്കും.
ഒന്നാംഘട്ട  പരിശീലനത്തില്‍   മിടുക്ക് കാണിച്ചവരെയും   ആരോഗ്യവും ബുദ്ധിശക്തിയും അനുസരണയുമുള്ളവരെയും  മാത്രം  തെരഞ്ഞെടുത്തു അടുത്തഘട്ട  ട്രെയിനിംഗ്. പിന്തള്ളപ്പെട്ടവര്‍ ക്യാമ്പില്‍നിന്ന്  പുറത്താകും.  ഏതെങ്കിലും പോലീസുകാരോ   മറ്റാരെങ്കിലുമോ  അവരില്‍   ചിലരെ ഏറ്റെടുക്കും ഏറ്റെടുക്കാന്‍ ആരുമില്ലാത്തവരെ  ഡിപ്പാര്‍ട്ട്‌മെന്റിനു  ബാധ്യത ആകാതിരിക്കാന്‍ ദയാവധത്തിനു വിധേയമാക്കും. ബോണ്ട്  മിടുക്കനായിരുന്നു കളികളില്‍ നിന്നവന്‍ പുറത്തായില്ല. ബോണ്ട് പുറത്താകാതെ നില്കുന്നതില്‍  കേണലിനു   നല്ല നീരസമുണ്ടായിരുന്നു.

 "നെക്സ്റ്റ് സ്റ്റേജ്  ട്രെയിനിംഗ്  ഇതുപോലോന്നുമല്ല.  ദാറ്റ് ഈസ് ദ റിയല്‍  ഇന്‍റെറലെക്ച്ച്വല്‍   ഗെയിം.  അതില്‍ നീ  പുറത്താകുമെടാ നായിന്റെ  മകനെ"   കേണല്‍ ബോണ്ടിന്റെ  മുഖത്ത് നോക്കി പറഞ്ഞു.
  അടുത്തത്  'സ്‌നിഫര്‍'  ട്രെയിനിംഗാണ്.    ഇതിലെ   കളികളിലൂടെ  വിത്യസ്തങ്ങളായ ഗന്ധങ്ങള്‍ അവര്‍ പരിചയിക്കുന്നു.  ഇതില്‍    കളിപ്പാട്ടങ്ങളെന്നത്   ചെറിയ കോട്ടന്‍ തൂവാലകളാണ്.  തൂവാലകള്‍  കൊണ്ടുള്ള കളികള്‍  ബോണ്ടിനും കൂട്ടര്‍ക്കും  വളരെ രസിച്ചു. അവര്‍ തൂവാലകള്‍  എടുത്തു കടിച്ചു കുടഞ്ഞു അതിനെ ഇഞ്ചപ്പരുവത്തിലാക്കി  രസിക്കുമ്പോള്‍  വിവിധ ഗന്ധങ്ങള്‍ പുരട്ടിയ തൂവാലകള്‍ മാറിമാറി കളിക്കാന്‍ കൊടുക്കും. അങ്ങിനെ ഒരു പാടു ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ അവര്‍  അറിയാതെ തന്നെ ശീലിച്ചു.
അടുത്ത കളിയില്‍ ഒരു ചെറിയ പഞ്ഞി കഷണത്തില്‍  ഒരു തുള്ളി ദ്രാവകം ഇറ്റിച്ചു  കളിക്കാരെ  മണപ്പിക്കും. 
തേ ദ്രാവകം ഇറ്റിച്ച  തൂവാലകള്‍  എവിടെയെങ്കിലും ഒളിച്ചു വച്ചിട്ടുണ്ടാകും  അത്    മണം പിടിച്ചുപോയി കണ്ടെത്തണം.  കളികള്‍ പുരോഗമിക്കുമ്പോള്‍  ഒന്നും മണപ്പിക്കാതെതന്നെ ഒളിപ്പിച്ചുവെച്ച കളിപ്പാട്ടങ്ങള്‍ അന്തരീക്ഷത്തില്‍ അനുഭവപ്പെടുന്ന ഗന്ധം ശ്വസിച്ചവര്‍ കണ്ടെത്തും. ഇങ്ങിനെ  മണ്ണിനടിയില്‍  കുഴിച്ചിട്ട സ്‌ഫോടകവസ്തുക്കള്‍  മയക്കുമരുന്നുകള്‍ എന്നിവയൊക്കെ മണം പിടിച്ചു കണ്ടെത്താന്‍  അവര്‍ പരിശീലനം നേടി.  അവരെ സംബന്ധിച്ചു ഇതൊന്നും വലിയ ഗൌരവമുള്ള കാര്യങ്ങളല്ല  അവര്‍ എപ്പോഴും മണം പിടിച്ചു തേടുന്നത് അവരുടെ  പ്രിയപ്പെട്ട കളിപ്പാട്ടങ്ങളെയാണ്.

കേണലിന്‍റെ പരിശീലനം സുഗുണന്‍പോലീസിന്റെ മുന്‍ജന്മ വാസനകളെയും ഉദ്ധീപിപ്പിച്ചു. പുതിയ  ഗന്ധങ്ങള്‍ സുഗുണന്‍പോലീസും സ്വായത്തമാക്കി. എങ്ങിനെ സ്‌നിഫിഗ്   നടത്തണമെന്ന  കേണലിന്റെ   പരിശീലനമൊക്കെ  സുഗുണന്‍പോലീസും കണ്ടു പഠിച്ചു.

റാക്കിന്റെ ലഹരി തലക്കു പിടിച്ചൊരു രാത്രിയില്‍  തന്‍റെ നാസാഗ്രങ്ങള്‍ വികസിച്ചു വരുന്നതായും    താനുമൊരു ഉഗ്രന്‍ 'സ്‌നിഫര്‍ ഡോഗായി' മാറിയാതായും  സുഗുണന്‍ പോലീസിനും തോന്നിയപ്പോള്‍   റാക്കുകാരി  ജലജ   ഇക്കിളിയെടുത്ത്  ചിരിച്ചുകൊണ്ട്  സുഗുണന്‍പോലീസിനോട്   ചോദിച്ചു  "എന്താ സുഗണന്‍ സാറെ  ബോംബു  വല്ലതു ഒളിപ്പിച്ചു  വച്ചിട്ടുണ്ടോന്നു നോക്കുവാന്നോ  ?"

 സ്‌നിഫര്‍ പരിശീലനത്തില്‍  മികവു തെളിയിച്ചവര്‍  അടുത്ത   പരിശീലനത്തിലേക്കും.   പരാജയപ്പെട്ടവര്‍  പുറത്തേക്കും  മരണത്തിലേക്കുമായി നയിക്കപ്പെട്ടു. ഇനിയുള്ളത്   'ട്രാക്കിംഗ്'  പരിശീലനമാണ്. എത്ര ദൂരം ഒരു പ്രത്യേക  ഗന്ധം തേടി  സഞ്ചരിക്കാന്‍ പറ്റുമെന്നാണിതില്‍ പരിശീലിക്കുന്നത്. ഈ കളിയില്‍  തോല്‍വിയോ  പുറത്താക്കലോ ഇല്ല.   ഇത് ഒരു  തൊഴില്‍ അഭിമുഖ്യപരീക്ഷണമാണ്.  ട്രാക്കിങ്ങില്‍  മികവു തെളിയിക്കുന്നവരാണ് പൊതുജനങ്ങള്‍ക്കിടയിലെ സ്റ്റാര്‍. അവരാണ് ഒരു കുറ്റകൃത്യം നടന്നു കഴിഞ്ഞാല്‍ ക്രൈം സീനില്‍ വന്നു മണം പിടിച്ചു കേസിനു തുമ്പ്  ഉണ്ടാക്കുന്ന ഹീറോകള്‍.

  ബോണ്ട്   ട്രാക്കിംഗ് പരിശീലനം  വിജയകരമായി പൂര്‍ത്തിയാക്കി. എത്ര ദുര്‍ബലമായ ഗന്ധകണികയാണെങ്കിലും  അത്  തേടി ബഹുദൂരം സഞ്ചരിക്കാന്‍ അവനു കഴിയും. സേനയില്‍ ചേരുന്ന പാസ്സിംഗ് ഔട്ട് പരേഡിന്റന്ന്  കേണല്‍  അവനെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചുകൊണ്ട്  പറഞ്ഞു.
"യു ആര്‍ ഗ്രേറ്റ്  മൈ സണ്‍.  ഐ അം പ്രൌഡ് ഓഫ്  യു"  ജാതിയില്‍ താണവനെന്നു പറഞ്ഞു അവനെ അവഹേളിച്ചതിലവനു കേണലിനോടുണ്ടായിരുന്ന പരിഭവമെല്ലാം ആ കെട്ടിപ്പിടുത്തത്തിലൂടെ  അവസാനിച്ചു. അവന്‍  കേണലിനെ കെട്ടിപ്പിടിച്ചും   മുഖത്ത് നക്കിയും അവന്‍റെ സ്‌നേഹമറിയിച്ചു. അന്ന് കേണലിന്‍റെ ജീപ്പ്  കണ്ണില്‍ നിന്ന്  മറഞ്ഞിട്ടും   ആ വഴിയെ നോക്കി  വാലാട്ടി  കുറച്ചു നേരംകൂടി അവന്‍ അവിടെത്തന്നെ   നിന്നു.

സുഗുണന്‍പോലീസും ജെയിംസ് ബോണ്ടും നല്ല ഉശിരന്‍  ടീം ആയിരുന്നു. അനേകം   ക്രൈം സീനുകളില്‍നിന്ന്  മണം പിടിച്ചു   ബോണ്ടിനോപ്പം  സുഗുണന്‍പോലീസും   ഓടി. ചിലപ്പോള്‍  ചില ഇടവഴികളില്‍, നാലും കൂടിയ മുക്കുകളില്‍ ബോണ്ടിന്  ലക്ഷ്യം  നഷ്ടപ്പെടും  അപ്പോള്‍ സുഗുണന്‍പോലീസ്    മൂക്ക് വിടര്‍ത്തി ശ്വാസം  ഉള്ളിലേക്കെടുത്തിട്ടവനെയും കൊണ്ട് നടക്കും  കുറച്ചു ചെല്ലുമ്പോള്‍  അവര്‍ കൃത്യമായി  ലക്ഷ്യത്തില്‍  എത്തും. കുറ്റവാളികള്‍   മുളകുപൊടിവിതറിയൊ  വിസര്‍ജ്യങ്ങള്‍ വിതറിയോ    'ക്രൈം സീന്‍    ക്രോസ് കണ്ടാമിനേറ്റു'  ചെയ്തിടത്ത്   കൃത്യമായ  ഗന്ധംപിടിക്കാന്‍  ബോണ്ട് വിഷമിക്കും പക്ഷെ   സുഗുണന്‍പോലീസ് ബോണ്ടിനെയും കൊണ്ടങ്ങു നടക്കും കുറച്ചങ്ങു ചെല്ലുമ്പോള്‍  സുഗുണന്‍പോലീസിനെങ്കിലും  ഒരു  തുമ്പ് കിട്ടും. 

" ഈ  അച്ഛനെപ്പോഴും  പോലീസ്  പട്ടിയെപ്പോലെയാണ് "
ഭക്ഷണം  കഴിക്കാനിരിക്കുമ്പോള്‍  കഴിക്കുന്നതിനു മുന്‍പായി കറികളെല്ലാം മണത്തു നോക്കുന്ന സുഗുണന്‍പോലീസിനെ മക്കള്‍ കളിയാക്കി.
 
" എടാ മക്കളെ  മനുഷ്യര്‍ മാത്രമാണ്  കിട്ടുന്നതെന്തും   കണ്ണും പൂട്ടി തിന്നുന്നത്.  ബാക്കിയുള്ള  ജന്തുക്കളെല്ലാം  ആദ്യം മണത്ത് നോക്കി തിന്നാന്‍  കൊള്ളാവുന്നത് അന്നോന്നു നോക്കീട്ടെ തിന്നത്തൊള്ളൂ "  സുഗുണന്‍പോലീസ്  മക്കള്‍ക്ക്  തന്‍റെ ഘ്രാണ വിജ്ഞാനം പകര്‍ന്നു.
 
"ഇതെന്നാ തിന്നാന്‍ കൊള്ളാവുന്നത്  ആണോന്നറിയാനുള്ള പുറപ്പാടാണോ"  രാത്രിയില്‍  തന്നെ കളിയാക്കിയ  തങ്കമണിയെ  സുഗുണന്‍പോലീസ്  ഒരു ബുഡോഗിന്‍റെ കരുത്തോടെ കരവലയത്തില്‍ ഞെരുക്കിയതും  ഫോണ്‍ ശബ്ദിച്ചതും ഒരുമിച്ചാണ്.  നഗരത്തില്‍  ഒരു ക്രൈം നടന്നിരിക്കുന്നു  ഡോഗ് ട്രാക്കിംങ്ങിനായുടന്‍  ചെല്ലണം.

 ബോണ്ടും  സുഗുണന്‍പോലീസും    ക്രൈം സീനില്‍ ചെന്നു.  ആളുകളെല്ലാം  പോലീസു നായ  വന്നതുകൊണ്ട് കുറ്റവാളിയെക്കുറിച്ചുള്ള തുമ്പു കിട്ടുമോന്ന അകാംഷയില്‍ നില്ക്കുകയാണ്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.  ബോണ്ടിനോട്  സ്‌നിഫ് ചെയ്യാന്‍  സുഗുണന്‍പോലീസ്  കമാന്‍ഡ്  കൊടുത്തു.   അവന്‍ അതിലെയും ഇതിലെയും  നടന്നു മണം പിടിച്ചു.
 'ട്രാക്ക്'
 
സുഗുണന്‍പോലീസ്   ബോണ്ടിന് അടുത്ത കമാന്‍ഡ് കൊടുത്തു.  പക്ഷെ പതിവിനു വിപരീതമായി മുന്നോട്ടു കുതിക്കാതെ  അവന്‍ നിലത്തു കുത്തിയിരുന്ന്  ദയനീയമായി  സുഗുണന്‍പോലീസിനെ   നോക്കി.
  "എന്ത് പറ്റിയെടാ"
 സുഗുണന്‍പോലീസ്  അവനോട്  ചോദിച്ചു.  അവന്‍ സുഗുണന്‍ പോലീസിനോട്   ചേര്‍ന്ന് നിന്ന് ശബ്ദം താഴ്ത്തി മോങ്ങി.  സുഗുണന്‍പോലീസിനു  മനസ്സിലായി   ബോണ്ടിന് മണമൊന്നും കിട്ടുന്നില്ലാന്ന്.  സുഗുണന്‍പോലീസ്   അവന്‍റെ  ചെവിയില്‍ പറഞ്ഞു
  "സാരമില്ലട  ഞാന്‍ നോക്കട്ടെ"
 
സുഗുണന്‍പോലീസ്  മൂക്ക് വിടര്‍ത്തി മണംപിടിക്കാന്‍ നോക്കി. പക്ഷെ  അയാള്‍ക്കും   ക്രൈം സീനില്‍ നിന്ന്  മണമൊന്നും കിട്ടിയില്ല. സുഗുണന്‍പോലീസ്  സര്‍ക്കിള്‍  ഇന്‍സ്‌പെക്ടറുടെ അടുത്ത് ചെന്നു പറഞ്ഞു.
"സര്‍  ബോണ്ടിന് എന്തോ അസുഖമാണെന്നു തോന്നുന്നു. ട്രാക്ക്  ചെയ്യാന്‍ പറ്റുന്നില്ല  ക്യാമ്പില്‍ പ്രീതിയുണ്ട്  ഞാന്‍ പോയി അവളെ കൊണ്ടുവരാം"

 പ്രീതി മിടുക്കിയായ  ട്രാക്കിംഗ് ഡോഗാണ്. സുന്ദരിയും ലാബ്രഡോര്‍ ജാതിക്കാരിയുമായ  അവള്‍  പല കേസുകള്‍ക്കും നിര്‍ണ്ണായകമായ തുമ്പുണ്ടാക്കിയിട്ടുണ്ട്.  വെറുതെ വിലപ്പെട്ട സമയം മെനക്കെടുത്തിയത്തിനു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുഗുണന്‍പോലീസിനെയും  ബോണ്ടിനെയും ഊട്പാട്  തെറിപറഞ്ഞു.
"വല്ല എലിയുടെയും  പുറകെ മണ്ടി നടക്കേണ്ട ചാവാലിപ്പട്ടികള്‍ക്കു  പോലീസ് പണി കൊടുത്താല്‍ ഇതുപോലെയിരിക്കും" 

ബോണ്ടിന്‍റെ ജാതിയെ കളിയാക്കി  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അനന്തരം പോലീസ് വയര്‍ലെസ്സിലൂടെ സന്ദേശങ്ങള്‍ പാഞ്ഞു.  പ്രീതിയെ കൂട്ടാനായി ക്യാമ്പിലേക്ക് പോയ ജീപ്പില്‍ കയറി സുഗുണന്‍പോലീസും     ബോണ്ടും ക്യാമ്പിലേക്കു  തിരിച്ചു പോയി. ക്യാമ്പില്‍ എത്തുന്നതുവരെ   ബോണ്ട്  ഒന്നും മിണ്ടിയില്ല.  അവന്‍ വെറുതെ പുറത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.  ക്യാമ്പില്‍ എത്തിയ ഉടനെ  ആരും പറയാതെതന്നെ  അവന്‍ അവന്‍റെ കൂട്ടില്‍ കയറി കിടന്നു. സുഗുണന്‍പോലീസ്  അടുത്ത് ചെന്നവനെ വിളിച്ചിട്ടും അവന്‍ തല ഉയര്‍ത്തിനോക്കുകയോ ഒന്നും പറയുകയോ ചെയ്തില്ല. 

വിവരം അറിയിച്ചതനുസരിച്ച് ഡോക്ടര്‍ വന്നു. പരിശോധനശേഷം  ഡോക്ടര്‍  പറഞ്ഞു
 "വല്ല ജലദോഷക്കോളും ആയിരിക്കും  അതാ  മണമൊന്നും കിട്ടാഞ്ഞത്.  മൂന്നാല് ദിവസത്തേക്ക്  കുളിപ്പിക്കയൊന്നും വേണ്ട.  വല്ല ലൈറ്റായ ഫുഡും കൊടുത്താല്‍ മതി  ഒരാഴ്ച്ചകൊണ്ട്  എല്ലാം ശരിയായിക്കൊള്ളും"

ഒരാഴ്ച്ച കഴിഞ്ഞിട്ടും  ബോണ്ടിന്  ഭക്ഷണത്തിനോട് വല്യ  താല്പര്യമൊന്നും തോന്നുന്നില്ല  ഇച്ചിരെ എന്തെങ്കിലും കഴിക്കും.  ശരീരം  നന്നായി  ക്ഷീണിക്കുകയും  ചെയ്തു. അന്ന് വൈകുന്നേരം  കാന്റീനില്‍ നിന്ന് സുഗുണന്‍പോലീസ് ബീഫ് ഫ്രൈ വാങ്ങി കൊണ്ടു വന്നു. ബീഫ് ഫ്രൈ ബോണ്ടിനും സുഗുണന്‍പോലീസിനും  ഒരേപോലെ  ഇഷ്ടമാണ്.  ഇടയ്‌ക്കൊക്കെ സുഗുണന്‍പോലീസ് അവനതു വാങ്ങിക്കൊടുക്കുമായിരുന്നു. ബീഫ് ഫ്രൈയുടെ പൊതിയുമായി  അടുത്തേക്ക് ചെല്ലുമ്പോഴേക്കും  ചാടി എഴുന്നേറ്റു തട്ടിപ്പറിക്കാന്‍ തുടങ്ങുന്ന അവന്‍  പക്ഷെ  കിടന്ന കിടപ്പില്‍ നിന്ന് തല ഉയര്‍ത്തിനോക്കുകപോലും ചെയ്തില്ല.

"എടാ  നല്ല  സൂപ്പര്‍ ബീഫ് ഫ്രൈയാണ്   തിന്നടാ"
സുഗുണന്‍പോലീസ് പൊതി തുറന്നു അവന്‍റെ മുന്‍പിലേക്ക് നീക്കി വെച്ചുകൊടുത്തു. കിടന്നകിടപ്പില്‍ കിടന്നുകൊണ്ടു   ഏതോ   പുതിയ വസ്തു  കാണുമ്പോലെ  അവനൊന്നു മണം പിടിച്ചു  നോക്കി  എന്നിട്ട്  സുഗുണന്‍പോലീസിന്റെ  മുഖത്തേക്ക് നോക്കി.
"തിന്നോട നല്ലതാ  നല്ല എരിവുണ്ട്" 
അവന്‍  ഒരു കഷണം  കമ്മിയെടുത്ത്  വായില്‍ ഇട്ടു ചവച്ചു. വീണ്ടും  കണ്ണുകള്‍ അടച്ചു നീട്ടിവെച്ച മുന്‍കാലുക്കള്‍ക്ക് ഇടയിലേക്ക് തല പൂഴ്ത്തി അതേ കിടപ്പ്കിടന്നു.
 ബീഫ് ഫ്രൈയും  അതിന്‍റെ രുചിയുമെല്ലാം അവന്‍റെ  തലച്ചോറില്‍ ആലേഖനംചെയ്തു വച്ചിരിക്കുന്നത് അതിന്‍റെ മണത്തിന്റെ സവിശേഷതയിലാണ്.  അതിനൊന്നും അവന്‍റെ മനസ്സില്‍ പ്രത്യേകമായ രൂപമില്ല. മനുഷ്യരെപ്പോലെ കഴിഞ്ഞ കാലങ്ങള്‍ രൂപങ്ങളായും, രുചികള്‍ ഓര്‍മ്മകളായും സൂക്ഷിക്കാനുള്ള  കഴിവ് ബോണ്ടിനില്ലായിരുന്നു.  അവന്‍ ഇപ്പോള്‍  തന്നെയും   തിരിച്ചറിയുന്നുണ്ടോയെന്നു സുഗുണന്‍പോലീസ് സംശയിച്ചു.   സുഗുണന്‍പോലീസ് എന്നത് അവനു  ഒരു വ്യക്തിയല്ല ഒരു ഗന്ധമാണ്. 'ശ്വാനന്റെ  ബോധം എന്നത് അവന്‍റെ  ഘ്രാണ ശക്തിയില്‍  കുടികൊള്ളുന്നു'വെന്നാണ് സുഗുണന്‍ പോലീസ്  പറയാറ്.
ഡോക്ടര്‍ വീണ്ടും വന്നു. വിശദമായ പരിശോധനകള്‍ക്ക്  ശേഷം   ബോണ്ടിന്റെ  ഘ്രാണ ശക്തി എന്നേയ്ക്കുമായി  നഷ്ടമായിരിക്കുന്നുവെന്ന്  വിധിയെഴുതി.  ഘ്രാണശക്തി നഷ്ടപ്പെട്ട ബോണ്ടിനെക്കൊണ്ട്    പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്  ഇനിയൊരു   ഉപയോഗവുമില്ല  എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്  എഴുതി ക്യാമ്പ് കമാന്‍ഡന്റിനു നല്‍കി ഡോക്ടര്‍ യാത്രയായി.

ഇനി ബോണ്ട്  ഡിപ്പാര്‍ട്ട്‌മെന്റിന്  ഒരു ബാധ്യതയാണ്.  ചട്ടങ്ങള്‍ പ്രകാരം   രോഗം വന്നവരും  റിട്ടയര്‍ ചെയ്തവരും മത്സരങ്ങളില്‍ തോറ്റവരുമായ എല്ലാ നായ്ക്കള്‍ക്കുമുള്ള വിധി അവനും നല്‍കാന്‍  തീരുമാനമായി.  
സുഗുണന്‍പോലീസ് കമാന്‍ഡന്റിനെ കണ്ടു പറഞ്ഞു
 " സര്‍  ദയവായി  ബോണ്ടിനെ കൊല്ലരുത്  അവനെന്തെങ്കിലും തിന്നാന്‍ കൊടുത്താല്‍ മതിയല്ലോ അവനെ  ഇവിടെ കഴിയാന്‍ അനുവദിക്കണം"
സുഗുണന്‍പോലീസിന്റെ മുഖത്തെ  സങ്കടം കണ്ടിട്ട് അയാള്‍   പറഞ്ഞു.
 
 "സുഗുണന്‍ ഒരു കാര്യം ചെയ്യ്.  അവനെ ഏറ്റെടുക്കാന്‍  ആരെങ്കിലും ഉണ്ടോന്നു നോക്കു   അവര്‍ക്ക്  കൊടുക്കാം അല്ലെങ്കില്‍ സുഗുണന്   വേണമെങ്കില്‍ അവനെ  കൊണ്ടു പോകാം ഒരു പ്രശ്‌നവുമില്ല."
രണ്ടു മുറിയുള്ള ലൈന്‍മുറിയിലാണ്  സുഗുണന്‍പോലീസും  കുടുംബവും താമസിക്കുന്നത്  അവിടെ ഒരു പൂച്ചയെ പോലും  വളര്‍ത്താന്‍ സൌകര്യമില്ല. പല പരിചയക്കാരോടും അയാള്‍  ചോദിച്ചു നോക്കി  തെരുവ് നായ്ക്കളെക്കൊണ്ട്  പൊറുതി മുട്ടിയ കാലത്ത് പോലീസില്‍ നിന്ന് പുറത്തായ  ഒരു നായയെ ആര്‍ക്കും വേണ്ട.
 
ബോണ്ടിനെ മൃഗാശുപത്രിയുടെ ചായ്പിലെ ടേബിളില്‍ കയറ്റി ഇരുത്തുമ്പോള്‍    സുഗുണന്‍പോലീസിന്റെ കണ്ണുനിറഞ്ഞുതുളുമ്പി. കൈത്തണ്ടയില്‍ വീണ കണ്ണുനീര്‍  നക്കിയെടുത്ത്  ബോണ്ട്  സുഗുണന്‍പോലീസിന്റെ  മുഖത്തേക്ക് നോക്കി.  സുഗുണന്‍പോലീസ്  കുനിഞ്ഞു അവനെ ഉമ്മവെച്ചപ്പോള്‍  കവിളിലെ  കണ്ണുനീര്‍ചാലുകള്‍  അവന്‍ സ്‌നേഹപൂര്‍വ്വം നക്കിത്തുവര്‍ത്തി.

ഡോക്ടര്‍  ഒരു ചരടുകൊണ്ടു  ബോണ്ടിന്റെ വായ  കൂട്ടികെട്ടി. കണ്ണുകളില്‍ നിറഞ്ഞ ഭയപ്പാടോടെ  അവന്‍ സുഗുണന്‍പോലീസിന്റെ നേരെനോക്കി. ഡോക്ടര്‍ പറഞ്ഞ പ്രകാരം  സുഗുണന്‍പോലീസ് അവനെ ടേബിളിലേക്ക്  ചേര്‍ത്ത്  അമര്‍ത്തിപ്പിടിച്ചു.  അവന്‍റെമേല്‍ മരണത്തിന്റെ സൂചി കുത്തിയിറക്കുന്നത്  കാണാനാവാതെ  സുഗുണന്‍പോലീസ്   കഴുത്ത് പുറകിലേക്ക്  തിരിച്ചു കണ്ണുടച്ചു  നിന്നു.  ചെറിയ ഒരു ഞെരക്കം സുഗുണന്‍പോലീസിന്റെ  ചെവികളില്‍ എത്തി. ബോണ്ടിന്‍റെ ശരീരം ഒന്ന് പിടയുന്നതായി  അനുഭവപ്പെട്ടു  പിന്നെ അത് നിശ്ചലമായി.

"സുഗുണാ  കൊണ്ടുപോയി എവിടാന്നുവെച്ചാ  കുഴിച്ചിട്ടോ"  അതും പറഞ്ഞു ഡോക്ടര്‍ നടന്നകന്നു.
 ടേബിളില്‍  ബോണ്ട്  കിടക്കുന്നുണ്ട്   കൈകാലുകള്‍  നിമിഷനേരം  കൊണ്ട്  മരച്ചതുപോലായി. അവന്‍റെ  കഴുത്ത്  സുഗുണന്‍പോലീസിന്റെ നേരെ  ചെരിച്ചു പിടിച്ച നിലയില്‍ ആയിരുന്നു.  തുറന്നിരുന്ന  അവന്റെ    കണ്ണുകളില്‍  അപ്പോഴും സുഗുണന്‍ പോലീസിന്റെ പ്രതിബിംബം തെളിഞ്ഞു നിന്നു.  വിങ്ങുന്ന നെഞ്ചുമായി ക്യാമ്പിലെ കുറ്റിക്കാട്ടില്‍  സുഗുണന്‍ പോലീസ്  ബോണ്ടിനെ  മറവു  ചെയ്യുമ്പോള്‍ ഒരു പോലീസ്  ബ്യൂഗിളും അവനായി വിലപിച്ചില്ല. റാങ്കില്‍ തന്‍റെ മേലുധ്യോഗസ്ഥനായ  ബോണ്ടിന്  സുഗുണന്‍പോലീസ് അവസാന സല്യൂട്ട്  നല്‍കി.

 വീട്ടില്‍ എത്തിയ   സുഗുണന്‍പോലീസ്  ആരോടുമൊന്നും മിണ്ടാതെ നേരെ കട്ടിലില്‍  കയറിക്കിടന്നു. തലേന്ന്  രാത്രിയില്‍ വല്ലാതെ പനിച്ചുവെന്നും നെറ്റിയില്‍  തുണി നനച്ചിട്ടുവെന്നൊക്കെ  രാവിലെ തങ്കമണി പറഞ്ഞു .

സുഗുണന്‍പോലീസിനന്നു  അവധിദിനമായിരുന്നു.  ശനിയാഴ്ച  ആയതുകൊണ്ട്  പിള്ളേര്‍ക്കും സ്കൂള്‍ ഇല്ലായിരുന്നു. തങ്കമണി  ചൂടുള്ള പുട്ടും കടലക്കറിയും ഉണ്ടാക്കി.  ഭക്ഷണം  കഴിക്കാനിരുന്നപ്പോള്‍ മൂക്കില്‍ വല്ലത്തൊരു പുകമണം അടിക്കുംപോലെ സുഗുണന്‍പോലീസിനു തോന്നി.  ഒരു കഷണം പുട്ട്  നുള്ളി വായില്‍ വച്ചു നോക്കി, ഒരു സ്പൂണ്‍ കടലക്കറി എടുത്തു മണത്തുനോക്കി എല്ലാത്തിനും ഒരേ പുകമണം.  രാത്രിയില്‍ പനിച്ചതുകൊണ്ട്   വായുടെ രുചി കെട്ടുപോയതായിരിക്കുമെന്ന്  അയാള്‍ കരുതി.
ദിവസങ്ങള്‍ കാഴിഞ്ഞിട്ടും  മാസങ്ങള്‍ കഴിഞ്ഞിട്ടും സുഗുണന്‍പോലീസിനു   ഗന്ധമോ രുചികളോ  തിരിച്ചറിയാന്‍ കഴിയുന്നില്ല എല്ലാ ഗന്ധങ്ങളും ഒരുപോലെ. ബോഡി സ്‌പ്രേ  കൈത്തണ്ടയില്‍  അടിച്ചു മണത്തു  നോക്കി  ഒരു സുഗന്ധവും കിട്ടുന്നില്ല.  പ്രിയ വിഭവമായ  ബീഫ് ഫ്രൈ വാങ്ങി  മണത്തു നോക്കി. എല്ലാ ഭക്ഷണത്തിനും  ഒരേ പുക ചുവയും മണവും   മാത്രം.

 ജലജക്കും  തങ്കമണിക്കുമെല്ലാം ഒരേ ഗന്ധം.  ഗന്ധങ്ങളുടെ വൈവിധ്യം  ഇല്ലാതായതോടെ  രുചിഭേദങ്ങള്‍ ഇല്ലാതായി. ഭക്ഷണം വെറും വിശപ്പടക്കല്‍  എന്ന പ്രാഥമിക കര്‍മ്മമായി ചുരുങ്ങി.  വിശന്നിരിക്കുമ്പോള്‍  കാന്റീനിലെ  എരിവുള്ള ബീഫ് ഫ്രൈയെക്കുറിച്ചും  തങ്കമണി ഉണ്ടാക്കുന്ന മീന്‍മുളകിട്ടതിനക്കുറിച്ചൊക്കെ ഓര്‍ക്കും. അപ്പോള്‍   സ്വാദിന്‍റെ ഓര്‍മ്മകള്‍  വായില്‍ കൊതിയുടെ വെള്ളം നിറയ്ക്കും   പക്ഷെ നാവില്‍ എത്തുമ്പോള്‍  ആ സ്വാദ് എവിടെയോ പോയൊളിക്കും. നാവിലെ രസമുകളങ്ങളില്‍ എത്താതെ സ്വാദ്  സുഗുണന്‍പോലീസിന്റെ തലച്ചോറില്‍  ഒരു ഓര്‍മ്മ മാത്രമായി ഒതുങ്ങിനിന്നു.

"ഇപ്പോള്‍ നമ്മളെയൊന്നും വേണ്ടാതായോ സുഗുണന്‍ സാറെ"  വഴിയില്‍ വച്ച് കണ്ടപ്പോള്‍   ജലജയുടെ പരിഭവിച്ചുള്ള ചോദ്യം.
  
"എന്താ ഇപ്പൊ മണം പിടിക്കല്‍ പറ്റെ നിര്‍ത്തിയോ" തങ്കമണിയുടെ ഒളിയബ് കേട്ടതായി ഭാവിക്കാതെ  സുഗുണന്‍പോലീസ് കട്ടിലില്‍ കണ്ണടച്ചു കിടന്ന് കളിപ്പാട്ടങ്ങളുടെ ഗന്ധമന്വോഷിച്ചു നടന്ന ബോണ്ടിനെ ഓര്‍മ്മയില്‍ കണ്ടു.  മനസ്സിനെ വെറുതെ കുറച്ചു  പിന്നോട്ട് പായിച്ചു വിത്യസ്തങ്ങളായ ഗന്ധത്തിന്‍റെ  ഉടമകളായിരുന്ന   ഓരോരുത്തരെയും  ഓര്‍ത്തു നോക്കി.  ക്യൂട്ടിക്യൂറ  പൌഡറിന്റെ  മണമുള്ളവര്‍,   വിലകുറഞ്ഞ  സെന്റിന്റെ  രൂക്ഷഗന്ധമുള്ളര്‍,  മടുപ്പിക്കുന്ന വിയര്‍പ്പു മണത്തിനുടമകള്‍ എന്നാല്‍ ചിലരുടെ വിയര്‍പ്പിനും  വസ്ത്രങ്ങള്‍ക്കും കൊതിപ്പിക്കുന്ന മാദകഗന്ധമായിരുന്നു.  

ഗന്ധങ്ങള്‍ ബാല്യത്തിലേക്കും സുഗുണന്‍പോലീസിനെ കൊണ്ടുപോയി. ഉഷാറാണിയുടെയും   സുഷമയുടെയുമൊക്കെ   മുഖങ്ങള്‍  ഓര്‍മ്മയില്‍ ഇപ്പോഴുമുള്ള അവരുടെ   ഗന്ധങ്ങള്‍  ചാലിച്ച്   ഓര്‍ത്തെടുക്കാന്‍ ശ്രെമിച്ചുനോക്കിയ സുഗുണന്‍പോലീസ് പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു.  തന്നെ നോക്കിക്കൊണ്ട്  ടേബിളില്‍  ചത്തുകിടന്ന  ബോണ്ടിനെ  അന്നു രാത്രി സുഗുണന്‍പോലീസ്  സ്വപനത്തില്‍ കണ്ടു.  രാത്രിയില്‍ ഉറക്കത്തിനിടെ പിച്ചും പേയും പറഞ്ഞു ഒരു പാട് കരഞ്ഞുവെന്ന്  രാവിലെ രുചിയില്ലാത്ത ചൂട്കാപ്പി ഊതിക്കുടിക്കുന്നതിനിടയില്‍    സുഗുണന്‍പോലീസിനോട്   തങ്കമണി പറഞ്ഞു.


Join WhatsApp News
Sabu 2019-09-22 19:22:28
പോലീസ് നായ്ക്കളിൽ പരിശീലനത്തിൽ മികവ് പുലർത്തത്തവരെയും അവശരായ നായ്ക്കളെയും കൊന്നൊടുക്കി ചെലവ് ചുരുക്കുന്നതിനെക്കുറിച്ചും അപ്രകാരമുള്ള വധം അതിന്റെ handlers നു ഉണ്ടാക്കുന്ന മാനസിക വിഷമത്തെയും കുറിച്ച് മുൻപൊരിക്കൽ വായിച്ചിരുന്നു. എന്തായാലും ഇത്തരം ഒരു വിഷയത്തെക്കുറിച്ചു എഴുതിയത് ഒരു പുതുമയായി. സുഗുണൻ പോലീസും ജെയിംസ് ബോണ്ട് എന്ന പോലീസ് നായയും തമ്മിലുള്ള ബന്ധം വളരെ ഹൃദ്യമായി പറഞ്ഞിരിക്കുന്നു.സുഗുണൻ പോലീസിന്റെ മുന്ജന്മവും ജീവിത രീതികളും ഒട്ടും അതിശയോക്തി തോന്നിക്കുന്നില്ല പോലീസിൽ നിന്നും പുറത്തായ നായയെ ആർക്കും വേണ്ട എന്ന പരാമർശം വളരെഏറെ മാനങ്ങൾ തോന്നിക്കുന്നുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക