കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -12: കാരൂര്‍ സോമന്‍)

Published on 23 September, 2019
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -12: കാരൂര്‍ സോമന്‍)
ആകാശങ്ങള്‍ക്കപ്പുറത്ത്

ഡാനിയേല്‍ സാര്‍ സന്തോഷത്തോടെ കടന്നുവന്നു. സിസ്റ്റര്‍ കാര്‍മേല്‍ അതേ  സന്തോഷത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹത്തോട് പ്രത്യേക ഇഷ്ടമാണ് സിസ്റ്റര്‍ക്ക്. ആര്‍ക്കും എന്തു സഹായവും ചെയ്യുന്ന സാധുവായ മനുഷ്യന്‍. നല്ല സേവനങ്ങള്‍ ചെയ്യുന്നവര്‍ സ്‌നേഹസമ്പന്നരാണ്. ആദ്യമായിട്ടാണ് ഒരു ആവശ്യം അദ്ദേഹത്തോട് പറഞ്ഞത്. അതു നന്നായി നിറവേറ്റുകയും ചെയ്തു. ഏറ്റെടുത്ത കാര്യം നിറവേറ്റിയതിന് സിസ്റ്റര്‍ അഭിനന്ദിച്ചു.


""അണ്ണാനായാലും തന്നാലായത് അങ്ങനെയല്ലേ പഴമൊഴി. ഈ നഗരത്തില്‍ ചെറിയ കാര്യങ്ങളെങ്കിലും ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്''. ""സാര്‍ ഞാന്‍ നാളെ ബഹ്‌റിനില്‍ പോകുകയാണ്. ജാക്കിയുടെ കാര്യങ്ങള്‍ക്ക് ഒരു കുറവുണ്ടാകരുത്. ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് സഹായിക്കണം. സഹായിക്കാന്‍ ആരുമില്ലാത്തവരെ സഹായിക്കുമ്പോഴാണല്ലേ മനുഷ്യനാകുന്നത് ജാക്കീ ചെന്ന് പെട്ടിയെടുത്തു വരൂ''
അവന്‍ അകത്തേക്കു നടന്നു. സിസ്റ്റര്‍ കര്‍മേലിന്റെ ഫോണ്‍ ശബ്ദിച്ചു. അവര്‍ ഫോണെടുത്ത് സംസാരിച്ചു നില്‌ക്കെ ഡാനിയേല്‍ സാറും അകത്തേക്കു പോയി. ജാക്കി പെട്ടിയുമായി തിരികെയെത്തി. സിസ്റ്റര്‍ കാര്‍മേല്‍ ഫോണില്‍ സംസാരിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. മെര്‍ളിന്‍ അവിടേക്കുവന്ന് ജാക്കിയെ സ്‌നേഹപൂര്‍വ്വം നോക്കി. അവളുടെ കണ്ണുകളിലേക്ക് നോക്കാന്‍ ജാക്കിക്ക് മടിയായിരുന്നു. അവള്‍ ശരിക്കുമൊരു സുന്ദരിയാണ്. പുഞ്ചിരിയോടെയാണ് ജാക്കി അവളോട് യാത്ര പറഞ്ഞത്. എല്ലാ നന്മകളും നേര്‍ന്ന് സിസ്റ്റര്‍ കാര്‍മേല്‍ അവരെ യാത്രയാക്കി.
മുറ്റത്ത് തത്തിക്കളിച്ചുകൊണ്ടിരുന്ന പ്രാവുകള്‍ ആകാശത്തേക്ക് പറന്നു.

അടുത്തു ദിവസംതന്നെ സിസ്റ്റര്‍ കര്‍മേലും ഫാത്തിമയും ഗള്‍ഫ് എയറില്‍ ബഹ്‌റിനിലെത്തി. ഫാത്തിമ മുമ്പ് മോഡലുകള്‍ക്കും കസ്റ്റമേഴ്‌സിനുമൊപ്പം പലതവണ ഗള്‍ഫ് രാജ്യത്ത് വന്നിട്ടുണ്ട്. ആ കഥകളെല്ലാം സിസ്റ്ററോട് പറഞ്ഞു. അതിനാല്‍ അറബി കുറച്ചറിയാം. അന്ന് പോയത് പാട്ടിലും ഡാന്‍സിലും കാമത്തിലും ആഘോഷിക്കാനായിരുന്നു. ഇന്ന് പോകുന്നത് പുതിയൊരു ജീവിത വഴിത്തിരിവിലേക്ക് അറിയാവുന്ന സുഹൃത്തുക്കളെ വഴിതിരിച്ചു വിടാനാണ്. അവര്‍ താമസിച്ച ഹോട്ടലില്‍ ധാരാളം വിദേശ വനിതകളെ കാണാനിടയായി. അവരില്‍ പലര്‍ക്കും ഇംഗ്ലീഷ് അറിയില്ല. അറിയാവുന്നവര്‍ അത് പരിഭാഷപ്പെടുത്തി. ധാരാളം രാജ്യങ്ങളിലെ സ്ത്രീകള്‍ വേശ്യാവൃത്തിക്കായി അവിടെയുണ്ട്. ദേശാടനക്കിളികളെപ്പോലെ ഇവിടേക്ക് സ്ത്രീകള്‍ പറന്നു വരുന്നു. അവരെ തേടി ഗള്‍ഫിന്റെ പലഭാഗത്തുനിന്നും സമ്പന്നരായ അറബികള്‍ എത്തുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ ആഴ്ചയുടെ അവസാനനാളുകള്‍ ചിലവിടുന്നത് ബഹ്‌റിനിലാണ്. അവരുടെ കാമം തീര്‍ക്കാന്‍ കൊഴുത്തു തടിച്ചതും മെല്ലിച്ചതുമായ സുന്ദരികള്‍ കാത്തിരിക്കുന്നു.

ഹോട്ടലുകള്‍ക്കുള്ളില്‍ ധാരാളം കലാപരിപാടികള്‍ അരങ്ങേറുന്നു. സ്വന്തം ഭാര്യമാരെ വീട്ടിലിരുത്തി അന്യസ്ത്രീകളുമായി പ്രണയവും അനുരാഗവും പങ്കിടുന്ന ഭര്‍ത്താക്കന്മാര്‍. സൗദിയില്‍ നിന്ന് ഒന്നോ ഒന്നരയോ മണിക്കൂര്‍ യാത്ര ചെയ്താല്‍ ബഹ്‌റിനിലെത്താം. സൗദിയും ബഹ്‌റിനും തമ്മില്‍ കടലിലൂടെ തീര്‍ത്തിരിക്കുന്ന പാലമാണ് ഇരുരാജ്യങ്ങളെയും കൂട്ടിയോജിപ്പിക്കുന്നത്. അവധി ദിവസങ്ങളില്‍ ഈ പാലത്തിലൂടെ അറബികളുടെ പ്രവാഹമാണ്. ഇവര്‍ കാമത്തിന്റെ പാരമ്യത്തില്‍ വിദേശസുന്ദരിമാരുടെ മുന്നില്‍ എല്ലാം മറന്ന് ഗാഢനിദ്രകൊള്ളുന്നു.  സുഗന്ധപൂരിതമായാ മുറിക്കുള്ളില്‍ ശ്വാസംമുട്ടിയും വിറച്ചും വേദനിച്ചും ലജ്ജിച്ചും ശരീരമാസകലം അടയാളങ്ങള്‍ രേഖപ്പെടുത്തുന്നു. മദ്യം നിരോധിച്ചിട്ടുളള അറബ് രാജ്യങ്ങളിലെ കുടിയന്മാര്‍ മദ്യവും മദിരാക്ഷിയുമായി ഹോട്ടലിന്റെ വരാന്തയിലേക്ക് വേച്ച് വേച്ച് നടക്കുന്നതും സിസ്റ്റര്‍ കാര്‍മേല്‍ കണ്ടു. ഒന്നിലധികം  ഭാര്യമാരും ധാരാളം കുട്ടികളും ഉള്ള ഇവര്‍ക്ക് ഇതില്‍ കുറ്റബോധം ഇല്ലേ? ഭര്‍ത്താക്കന്മാരുടെ സ്വഭാവം അറിയുന്ന ഭാര്യമാര്‍ ഭര്‍ത്താവ് ഇല്ലാത്ത രാവിലും പകലിലും വീട്ടിലെ ഡ്രൈവര്‍മാരടക്കമുള്ള വിദേശപുരുഷന്മാരെയും സുഹൃത്തുക്കളേയും വീട്ടില്‍ വിളിച്ചുവരുത്തി കിടപ്പറ പങ്കിടാറുണ്ടെന്ന് സൗദിയില്‍ നിന്ന് മനസ്സിലാക്കി. കണക്കെടുപ്പ് നടത്തിയാല്‍ പലഗള്‍ഫ് രാജ്യങ്ങളും മുന്‍നിരയില്‍ ആയിരിക്കുമെന്ന് സിസ്റ്റര്‍ കര്‍മേലിനെ ഫാത്തിമ ധരിപ്പിച്ചു.

ഗള്‍ഫിലെ സമ്പന്ന ഷേയ്ക്കന്മാരുടെ ഉല്ലാസ വീടുകളില്‍ ഫാത്തിമ പോയതും അനുഭവിച്ചതും വിവരിച്ചുകൊടുത്തു. സിസ്റ്റര്‍ കാര്‍മേലിന് അതിലൂടെ ഒരു കാര്യം മനസ്സിലായി. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉള്ളതുകൊണ്ടാണ് വിസിറ്റിംഗ് വിസപോലും ആവശ്യമില്ലാതെ ഗള്‍ഫിന്റെ നാഗരികതയില്‍ അവള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞത്. കുറ്റവാളികളെ തീവ്രമായ ശിക്ഷകള്‍ കൊടുത്ത് ജയിലില്‍ അടയ്ക്കുന്ന രാജ്യങ്ങളിലെ അന്തഃര്‍നാടകങ്ങള്‍ സിസ്റ്റര്‍ കാര്‍മേലിന് പുതിയൊരു അറിവായിരുന്നു. ആരോരുമറിയാതെ സ്വന്തം വീടുകള്‍പോലും വേശ്യകളെ സൃഷ്ടിക്കുന്നു. മനുഷ്യര്‍ ദൈവത്തിന്റെ കണ്‍മുന്നില്‍ നിന്ന് മറഞ്ഞിരിക്കുന്നതുപോലെ ഭാര്യയും ഭര്‍ത്താവും ഭൗതിക സുഖങ്ങളില്‍ മറഞ്ഞിരിക്കുന്നു. മദ്യവും മയക്കമരുന്നും കാമവും മനുഷ്യനെ അശുദ്ധിയിലേക്കും മ്ലേച്ഛതയിലേക്കും വഴി നടത്തുന്നതിന്റെ പ്രധാനകാരണം ആത്മീയാനന്ദം അനുഭവിപ്പാന്‍ മനസ്സില്ലാത്തതുകൊണ്ടാണ്. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത്
""ഞാന്‍ പാപികളെ തേടിയാണ് വന്നിരിക്കുന്നത്. ''
തളര്‍വാതരോഗികളെ സൗഖ്യപ്പെടുത്തി പറഞ്ഞത്. ""നിനക്ക് സൗഖ്യമായല്ലോ, അധികം തിന്മയായത് ഭവിക്കാതിരിപ്പാന്‍ ഇനിയും പാപം ചെയ്യരുത്''

ഇവരൊക്കെ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട കപ്പലിലെ യാത്രക്കാരാണ്. അവരെ രക്ഷപെടുത്താനാണ്  ഇവിടെ എത്തിയിരിക്കുന്നത്. ഇവിടുത്തെ ഹോട്ടലുകളിലും സമ്പന്നരായ അറബികളുടെ ഉല്ലാസസൗധങ്ങളിലും യാതൊരു ഭയവുമില്ലാതെ അവര്‍ കഴിയുന്നു. ഇവിടെ ജീവിക്കാന്‍ വിസ ഉളളവര്‍ക്ക് ഒരു പുനരധിവാസം ആവശ്യമാണ്. അതിനൊപ്പം ഈ രാജ്യത്ത് സന്ദര്‍ശനത്തിനായി വരുന്ന സ്ത്രീകളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനങ്ങളുണ്ടാകണം. അങ്ങനെ കുറച്ചുപേരെയെങ്കിലും ഈ പാപപങ്കിലമായ ജീവിതത്തില്‍ നിന്ന്  സ്വതന്ത്രമാക്കിയെടുക്കാന്‍ കഴിയും.
പല സ്ത്രീകളും ഇവിടെയെത്തിയിരിക്കുന്നത് അവരുടെ പട്ടിണിയും ദാരിദ്ര്യവും മൂലമാണ്. മറ്റ് ചിലര്‍ ജഡികസുഖത്തിനും. ഇവരൊക്കെ ഈ പാതയില്‍ നിന്ന് മാറി സഞ്ചരിക്കണം. അവരെ പുനരധിവസിപ്പിക്കാന്‍ ഭരണാധിപന്മാര്‍ തന്നെയാണ് മുന്നോട്ടു വരേണ്ടത്. എല്ലാ പാപങ്ങളും അക്രമങ്ങളും മനുഷ്യമനസ്സില്‍ മുളച്ചു പൊന്തുന്നതിന്റെ കാരണം മാനസിക ദൗര്‍ബല്യമാണ്.

ആ മനസ്സിന് ധൈര്യവും ജീവനും പകരാന്‍ കരുത്താര്‍ന്ന ഭരണസംവിധാനങ്ങളും ആത്മീയ കാഴ്ചപ്പാടുകളുമുണ്ടെങ്കില്‍ ഈ നിരാശയനുഭവിക്കുന്ന ജനവിഭാഗത്തെ നന്മയുള്ളവരാക്കാന്‍ കഴിയും.  അങ്ങനെയെങ്കില്‍ ഇവരൊക്കെ ഉയര്‍ത്തെഴുന്നേല്ക്കും.

യാത്രാക്ഷീണം കാരണം ഫാത്തിമ നേരത്തെ കിടന്നുറങ്ങിയെങ്കിലും സിസ്റ്റര്‍ കാര്‍മേല്‍ ഭരണത്തിലുള്ളവര്‍ക്ക് കൊടുക്കാനുള്ള ഉപദേശ-നിര്‍ദേശങ്ങള്‍ ലാപ്‌ടോപ്പില്‍ ടൈപ്പ് ചെയ്ത് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഉറങ്ങാന്‍ കിടന്നത്.

രാവിലെതന്നെ എഴുതി തയ്യാറാക്കിയ നിവേദനവുമായി അവര്‍ ആരോഗ്യവകുപ്പിലെ ഭരണാധിപനെ കാണാന്‍ പുറപ്പെട്ടു. അറേബ്യന്‍ സംസ്കൃതിയുമായി വസിക്കുന്ന നഗരത്തിലൂടെ അവര്‍ ടാക്‌സിക്കാറില്‍ യാത്ര ചെയ്തു. കൊടും ചൂടാണെങ്കിലും കാറില്‍ എ.സി. ഉള്ളതിനാല്‍ ചൂട് അനുഭവിക്കുന്നില്ല. നഗരറോഡുകള്‍ വികസിത രാജ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ആരോഗ്യവകുപ്പിന്റെ ഓഫീസിലെത്തിയ സിസ്റ്റര്‍ കാര്‍മേലിനെ അറബികള്‍ സൂക്ഷിച്ചുനോക്കി. കന്യാസ്ത്രീ വേഷമാണ് അവരെ ആകര്‍ഷിച്ചത്. റിസപ്ഷനില്‍ കാര്യങ്ങള്‍ വിവരിച്ചു. അവിടെ ധാരാളം സന്ദര്‍ശകരുണ്ടായിരുന്നു. സിസ്റ്റര്‍ക്ക് അറബി ഭാഷ ഒട്ടും വശമില്ല. ഫാത്തിമയുടെ ശരീരഭംഗി പല അറബികളെയും ആകര്‍ഷിക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞത് കാമാഗ്നി മാത്രമായിരുന്നു.

സിസ്റ്റര്‍ കര്‍മേല്‍ വളരെ എളിമയോടും പ്രതീക്ഷയോടും കാത്തിരുന്നു. ഓഫീസ് ബോയ് അവര്‍ക്ക് ചായ കൊണ്ടുവച്ചു. ചായ കുടിക്കാന്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. ഫാത്തിമയാണ് സിസ്റ്ററുടെ വാക്കുകള്‍ അവര്‍ക്കായി ഓഫീസറോട് പറഞ്ഞത്. അറുപത് വയസ് തോന്നിക്കുന്ന അബ്ദുള്ള സൗമ്യതയോടെ പറഞ്ഞു.
""എന്റെ രാജ്യത്ത് വേശ്യകളുടെ എണ്ണം പെരുകിയതിന് കാരണം അന്യരാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകവിസയില്‍ ഇവിടെ എത്തുന്നവര്‍ മുഖാന്തിരമാണ്. ഇത്തരം രഹസ്യവിവരങ്ങള്‍  ഞങ്ങള്‍ക്ക് അറിയാനും സാധിക്കുന്നില്ല. ഒന്നെനിക്കറിയാം സൗദി-ബഹ്‌റിന്‍ കടല്‍ പാലത്തിലൂടെ പലരും ഇവിടേക്ക് വന്ന് ലഹരി കുപ്പികള്‍ വാങ്ങി  പോകാറുണ്ട്. ഇത് ആരും എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല''.

"" അത്  രഹസ്യവിഭാഗത്തിന്റെ വീഴ്ചയല്ലേ?
ഇവിടേക്ക് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വരുന്നത് വിദേശരാജ്യങ്ങളില്‍ നിന്നാണെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങയുടെ പുണ്യഭൂമിയില്‍ ഇതനുവദിക്കരുത്'' സിസ്റ്റര്‍ വിനയത്തോടെ പറഞ്ഞു.
വളരെ ശ്രദ്ധയോടെ എല്ലാം കേട്ടുകൊണ്ടിരുന്ന അബ്ദുള്ള വികാരാവേശത്തോടെ അറിയിച്ചു.
"" ഞങ്ങളിത് അതികര്‍ശനമായി നിയന്ത്രിക്കും. ഇതില്‍ പോലീസിനും പങ്കുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ക്ക് ശിക്ഷ ഉറപ്പാണ്. എന്റെ രാജ്യം വേശ്യാലയമാക്കാന്‍ ഞാന്‍ അനുവദിക്കില്ല. കര്‍ശന നിയമം ഞാനിതിന് ഉപയോഗപ്പെടുത്തും. ഉടനടി ഇതിനുള്ള ഉത്തരവിറക്കും. ഈ പുണ്യപ്രവര്‍ത്തിയുടെ ദൗത്യം ഏറ്റെടുത്ത് ലണ്ടനില്‍നിന്നും ഇവിടെയെത്തിയ നിങ്ങളെ എന്റെ രാജ്യം വരവേല്‍ക്കുന്നു. നന്ദി സിസ്റ്റര്‍ നന്ദി. നിങ്ങള്‍ ഇന്ന് എന്റെ അതിഥിയായി വിരുന്നില്‍ പങ്ക് കൊള്ളണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു''

സിസ്റ്റര്‍ ബഹുമാനത്തോടെ അദ്ദേഹത്തെ നോക്കി.
ആ വാക്കുകള്‍ ഹൃദയസ്പര്‍ശിയായി തോന്നി. സിസ്റ്റര്‍ കര്‍മേല്‍ അബ്ദുള്ളയ്ക്ക് നന്ദി പറഞ്ഞു. സിസ്റ്റര്‍ ബാഗില്‍ നിന്ന് കെയര്‍ഹോമിന്റെ പുനരധിവാസ രീതികളുടെ ലീഫ് ലെറ്ററുകളും മറ്റും അദ്ദേഹത്തെ ഏല്പിച്ചു. ഇതുപോലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ അവരുടെ സുരക്ഷ ഗവണ്‍മെന്റ് ഏറ്റെടുക്കണം. വികസിത രാജ്യത്തെ കോപ്പി ചെയ്താണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളും മുന്നോട്ട് പോയിട്ടുള്ളത്. അവരുടെ ബുദ്ധിയും ടെക്‌നോളജിയും എല്ലാം മേഖലയിലും ഉപയോഗിക്കാമെങ്കില്‍ എന്തുകൊണ്ട് സിസ്റ്റര്‍ മുന്നോട്ടുവെച്ചകാര്യങ്ങള്‍ ചെയ്തുകൂടാ. ഇതിനൊരു പരിഹാരമുണ്ടാകുമെന്ന് ഉറപ്പുകൊടുത്തിട്ട് അബ്ദുള്ള അവരെ യാത്രയാക്കി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക