MediaAppUSA

സബര്‍മതിയുടെ തീരങ്ങളില്‍ (രമ പ്രസന്ന പിഷാരടി)

Published on 26 September, 2019
സബര്‍മതിയുടെ തീരങ്ങളില്‍ (രമ പ്രസന്ന പിഷാരടി)
(സബര്‍മതി, ദണ്ഡി, ഉപ്പ്... സ്വാതന്ത്ര്യം! ...ഒരു സ്വതന്ത്രാവിഷ്ക്കാരം)
 
കൈയിലിത്തിരി  ഉപ്പുതരിയുമായ്
കണ്‍കളില്‍  മിന്നിയോടും  സബര്‍മതി!
ദണ്ഡിയിലെ  മഹാസ്മൃതിക്കുള്ളിലായ്
കണ്ടുവോ  ഗാന്ധി വന്ന  വഴികളെ...

ചുറ്റിവീണവിലങ്ങിന്‍ കുരുക്കുകള്‍
കത്തിയാളുന്ന സ്വാതന്ത്ര്യഗര്‍ജ്ജനം
പൗര്‍ണ്ണമിയും അമാവാസിയും  പിന്നെ
വന്നു പോയോരയനകാലങ്ങളും
ആര്യദ്രാവിഢ സംസ്കൃതി, വേദങ്ങള്‍
ആവഹിച്ച പുരാണേതിഹാസങ്ങള്‍
ഹര്‍ഷമാര്‍ഷചരിത്രം തുടങ്ങുന്ന
വ്യക്തത, പടയോട്ടങ്ങള്‍ നഷ്ടങ്ങള്‍
രാജ്യയുദ്ധ പടഹധ്വനി,  പര
ദേശ ചിഹ്ന  നിയന്ത്രിത ഭൂപടം,
ദേശസ്‌നേഹം ജ്വലിക്കുന്നൊരഗ്‌നിയെ
ജീവനില്‍ ചേര്‍ത്ത ധീരപോരാളികള്‍
തീവ്രഭാവം, സ്വരാജിന്റെ മന്ത്രണം,
ലോകഗോളം തിളയ്ക്കുമാവേശവും,
ശബ്ദഘോഷങ്ങളില്ലാതെ നീങ്ങിയ
നിസ്സഹകരണം,  ലോകയുദ്ധങ്ങള്‍.
സൂര്യകാന്തികള്‍ ഏഴാം കടലിന്റെ
ഭൂമിയില്‍ കനല്‍ തൂവിയ പൂവുകള്‍.
നോവുറയുന്ന നൂറ്റാണ്ടുകള്‍ തേടി
ലോകസ്മാരകമുദ്രകളായിരം
സൂര്യനസ്തമിക്കട്ടെയീഭൂമിതന്‍
പാരതന്ത്ര്യവിലങ്ങിന്റെ ഗര്‍ജ്ജനം.
തൂക്കിലേറിയ വീരസ്വര്‍ഗങ്ങളില്‍
ഓര്‍ത്തെടുക്കുന്ന രത്‌നത്തിളക്കങ്ങള്‍.
നൂലു നൂല്‍ക്കുന്ന ചര്‍ക്കകള്‍ തീരാത്ത
നോവലിയുന്ന സിന്ധുനദീതടം!
സ്‌നേഹസന്ധ്യകളെ  പ്രണയിച്ചോരു
ഭാരതം,  മുറിവേറ്റ വിഭജനം
ആര്‍ത്തമാകും പലായനം, ഭൂമിയെ
സാക്ഷിയാക്കിയ രക്തപ്പുഴകളും
പാതി താഴ്ന്ന ധ്വജം, ഗാന്ധി ചിന്തയില്‍
വേര്‍പിരിയിലിന്‍ ഹേ രാമ! മന്ത്രമോ?
അര്‍ദ്ധരാത്രിയിലിന്നുമുറങ്ങാതെ
നിത്യമോര്‍ക്കുന്ന യുദ്ധസ്ഥലങ്ങളില്‍
നിസ്സഹായം അഹിംസയെന്നോതുന്ന
ദുര്‍ഘട രാജഘട്ടത്തിനപ്പുറം
വാനഗോപുരം മെല്ലെയടയ്ക്കുന്ന
സാഗരക്കാറ്റുമൊന്നു നടുങ്ങിയോ?
തീര്‍ഥഗര്‍ഭങ്ങളിന്നീപുരാതന
ക്ഷേത്രമാകെ തിരിവിന്റെ ശാഖകള്‍
പാലരുവികള്‍, പത്മതീര്‍ഥക്കുളം
ക്ഷീരസാഗരമൊന്നില്‍ ശയനവും,
ദൂരെയാമലയേറും കുരിശിന്റെ
സ്ഥാപകമുദ്ര തേടും പുരാണവും
കത്തിയാകെ പുകയുന്ന പുസ്തക
മുദ്രയുമായിയെത്രയോ ദിക്കുകള്‍
ദിവ്യലോകം, തിളങ്ങുന്ന താരകള്‍,
കണ്ണിനപ്പുറമോടും ഗ്രഹങ്ങളും
ഗംഗ വന്ന വഴികള്‍ ബ്രഹ്മാണ്ഡമാം
രത്‌നഗര്‍ഭമടര്‍ന്നോരിടങ്ങളും..
ഉപ്പിനെ തേടി ദണ്ഡിയുണര്‍ന്നോരു
സത്യമാകെ കടലിലലിയവെ
സ്മാരകങ്ങളനേകം, അ(ഹിംസയും),
വാളുരുമ്മുന്ന സൗഹൃദലോകവും
വിപ്ലവങ്ങള്‍ പലേതാണു പൂക്കളായ്
ചുറ്റുമങ്ങനെ പൂത്തുലഞ്ഞെങ്കിലും
തീയെരിക്കുമതെല്ലായിടം പിന്നെ
തീപ്പുകനീറ്റിവീണ്ടും തണുത്തിടും..
ദൂരെയോര്‍ക്കിഡിന്‍ താഴ്വര, ചുറ്റുന്ന
നേരതിരിലെ മഞ്ഞുനീര്‍പ്പൂവുകള്‍
സൈന്യസേനകള്‍ കാവലുണ്ടാകവെ
ഗന്ധകം പുകഞ്ഞീടുന്നു നിത്യവും
മുന്നിലാകെയഴികള്‍,  കാരാഗൃഹം
വന്നു പോകുന്നു മേഘനിഴലുകള്‍
നീരൊഴുക്കിന്റെ ഗര്‍ഭസ്ഥലങ്ങളില്‍
നീര്‍മഴ ഘനരാഗത്തിലെപ്പോഴും..

ഗാന്ധിഗ്രാമിന്റെ  കല്‍പ്പടവൊന്നിലായ്
ആര്‍ദ്രമാകുന്നു സ്വാത്രന്ത്യമുദ്രകള്‍
കൈയിലുപ്പുതരികള്‍, സബര്‍മതി,
ദണ്ഡി, സൂര്യന്റെ തീവ്രമദ്ധ്യാഹ്നവും
ഭാരതത്തിനെ സ്‌നേഹിച്ചതിരിലായ്
ആകെയസ്വസ്ഥമീക്കടല്‍ത്തീരവും,
ചുറ്റിലും പറന്നേറും ത്രിവര്‍ണ്ണവും
സത്യചക്രം, കലിംഗവും, സ്വപ്നവും!..

സബര്‍മതിയുടെ തീരങ്ങളില്‍ (രമ പ്രസന്ന പിഷാരടി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക