MediaAppUSA

ഭര്‍ത്താവ്, കവിയാണ് (ഹാസ്യകവിത: ജോസ് ചെരിപുറം, ന്യൂയോര്‍ക്ക്)

Published on 30 September, 2019
ഭര്‍ത്താവ്, കവിയാണ് (ഹാസ്യകവിത: ജോസ് ചെരിപുറം, ന്യൂയോര്‍ക്ക്)
അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെ സംഘടനയായ ലാനയുടെ ആഘോഷങ്ങള്‍ പുരോഗമിക്കുമ്പോള്‍ അമേരിക്കന്‍ മലയാളകവികള്‍ക്ക് ഈ കവിത സമര്‍പ്പിക്കുന്നു.

(ഒരു പകര്‍ച്ചവ്യാധി പോലെ അമേരിക്കയിലെ മലയാളി മധ്യവയസ്കര്‍ സാഹിത്യരംഗത്തേക്ക് പടര്‍ന്ന് കയറി. കവിതകളും  ഗദ്യകവിതകളുമാണിവര്‍ പരീക്ഷിച്ചത്. ഒരു മാത്രുക നോക്കി പകര്‍ത്തുക എന്ന വ്യായാമം. പിന്നെ ചിലര്‍ നിരൂപണത്തിലേക്ക് തിരിഞ്ഞു. വല്ലവനും എഴുതിയത് നോക്കി വാക്കുകള്‍ അവിടേയും ഇവിടേയും മാറ്റി എഴുതുക എന്ന സൂത്രം. മലയാളത്തിലെ നല്ല ക്രുതികള്‍ വായിച്ചിട്ടുപോലുമില്ലാത്ത ഇവരാണ് നല്ല എഴുത്തുകാരുടെ പേരു കളഞ്ഞത്. ശ്രീ സുധീര്‍ പണിക്കവീട്ടില്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടു. എഴുത്തുക്കാരില്‍ നിന്നും എഴുത്തുകാരെ തിരിച്ചറിയുകയെന്ന്. അന്തോണി നീയ്യും അച്ചനായോടാ എന്നു ചോദിച്ചപോലെ ചില എഴുത്തുകാരെ അവരുടെ നാട്ടുകാര്‍ കാണുമ്പോള്‍ ചോദിക്കുന്നു: "എന്നു മുതല്‍ക്കാണു എഴുത്തുകാരനായതെന്നു/കവിയായതെന്ന്.'' ഈ കാര്യം ആസ്പദമാക്കി കൊണ്ടു ഒരു ഹാസ്യകവിത. ആരെയും വേദനിപ്പിക്കാനല്ല.  മറിച്ച് ചിലരെയെങ്കിലും ഈ കാര്യം ഓര്‍മ്മിപ്പിക്കാനും ഒന്നു ചിരിപ്പിക്കാനുമാണീ ക്രുതി. ഡോളര്‍ കൊടുത്ത് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പോലും വാങ്ങാമെന്ന അഭ്യൂഹങ്ങള്‍ നടക്കുമ്പോള്‍ എഴുത്തുകാരുടെ എണ്ണം കൂടുന്നതില്‍ അല്‍ഭുതമില്ല.)

മറുഭാഷ ചൊക്ലുന്നീ മറുന്നാട്ടില്‍ വന്നപ്പോള്‍
മലയാളികളെല്ലാം കവികളായി...

മധ്യ വയസ്സ് കഴിഞ്ഞവര്‍ വാര്‍ദ്ധ്യക്യ
കെടുതിയില്‍ അല്‍പ്പം പരിഭ്രമിച്ചോര്‍
കുത്തിയിരിക്കുന്നു, കൂനിയിരിക്കുന്നു
കുത്തികുറിക്കുന്നു കവി തിലകര്‍

കുടവയര്‍ തപ്പുന്നു, പെട്ടയില്‍ തട്ടുന്നു
"കവിതേ'' വാ എന്നവര്‍ കേണീടുന്നു
പകലന്തിയോളമീ പാവങ്ങള്‍ പേനയും
കടലാസ്സുമായി കഴിഞ്ഞീടുന്നു

വൃദ്ധന്റെ രതിപോലെ ആശകള്‍ ബാക്കിയായ്
മുന്നിലെ കടലാസ്സും ശൂന്യമായി
മഷിയില്ലാ പേനകൊണ്ടെങ്ങിനെ സ്പര്‍ശിക്കും
കടലാസ്സില്‍ കന്യാ പനയോലയില്‍

ജന്മനാല്‍ കിട്ടാത്ത വാസന തേടുന്നു
കിളവന്മാര്‍ ഞെരിപ്പിരി കൊണ്ടീടുന്നു
അവസാനം കൈ വച്ചു നെഞ്ചത്തും
മറ്റുള്ളോര്‍ എഴുതി വച്ചിട്ടുള്ള ക്രുതികളിലും

മോഷ്ടിക്ലു അല്‍പ്പാപ്പം,  ആരുമറിഞ്ഞില്ല
വെള്ളം പകര്‍ന്നൊരു ക്ഷീരം പോലെ
പിന്നെ പതിവായി, കട്ടെടുത്തുള്ളൊരു
രചനകള്‍ അങ്ങനെ സ്വന്തമാക്കി

കുടിയും വലിയുമായ് അന്തി കറുപ്പിച്ച
തൈകിളവന്മാര്‍ എഴുത്തുകാരായ്
ഭാര്യമാര്‍ക്കൊക്കേയും സന്തോഷം തീരാത്ത
ആനന്ദം പിന്നെ തലക്കനവും

പഞ്ചാര ചേര്‍ക്കാത്ത കാപ്പി അനത്തുന്നു
പഞ്ചാര ചുണ്ടാല്‍ പകര്‍ന്നീടുന്നു
പുന്നാരം ചൊല്ലുന്നു, കെട്ടിപിടിക്കുന്നു
കവിയുടെ ഭാര്യയായ് ഭാവിക്കുന്നു

ഡോളര്‍ കൊടുത്താല്‍ അവാര്‍ഡ് കിട്ടും - എന്റെ
അച്ചായന്‍ കവിയായ് ഖ്യാതി നേടും
ആശ്വസിച്ചീടട്ടെ സോദരിമാര്‍ പാവം
ഡബിള്‍ ഡൂട്ടി ചെയ്ത് തളര്‍ന്ന കൂട്ടര്‍ !

*************
ജോസ് ചെരിപുറം, ന്യൂയോര്‍ക്ക്
josecheripuram@gmail.com

amerikkan mollakka 2019-09-30 15:39:36
ചെരിപുരം സാഹേബ് ഇങ്ങടെ ഭാവന 
കസറിട്ടുണ്ട്. ഡബിൾ ഡ്യൂട്ടി ചെയ്‌ത്‌ 
തളർന്ന സഹോദരിമാർക്ക്  ഭർത്താക്കന്മാർ
കവിയാകുമ്പോൾ ഉന്മേഷം ഉണ്ടാകും. 

പഞ്ചാര ചേര്‍ക്കാത്ത കാപ്പി അനത്തുന്നു
പഞ്ചാര ചുണ്ടാല്‍ പകര്‍ന്നീടുന്നു
പുന്നാരം ചൊല്ലുന്നു, കെട്ടിപിടിക്കുന്നു
കവിയുടെ ഭാര്യയായ് ഭാവിക്കുന്നു

അമേരിക്കൻ മലയാളികൾ എല്ലാം 
എയ്ത്തുകാരായി ലാനപ്പുറത്ത് കയറി 
ആ നാട്ടിൽ ഒരു പൂരവും ആഘോഷവും 
ഉണ്ടാക്കണം.  അപ്പോൾ അസ്സാലാമും 
അലൈക്കും .
Sudhir Panikkaveetil 2019-09-30 22:11:46
കുത്തികുറിച്ചുകൊണ്ടങ്ങിരുന്നാൽ 
അത്താഴമൂണിനെന്തു ചെയ്യും...

എന്ന് ചോദിച്ച പണ്ടത്തെ വീട്ടയമ്മയല്ല ഇപ്പോൾ 
അവൾ പണക്കാരിയാണ്, ജോലിയുള്ളവളാണ് 
ഭർത്താവ് എഴുതട്ടെ എന്നാശിക്കുന്നു അവൾ.
കുടിയേറ്റക്കാരുടെ നാട്ടിൽ കുടിയില്ലാതെ 
കുത്തികുറിക്കുന്നവർ ..അവരെ അഭിനന്ദിക്കുക.
വിദ്യാധരൻ 2019-09-30 23:43:44
പണം, അധികാരം, പ്രശസ്തി ഇവ ആഗ്രഹിക്കാത്ത മനുഷ്യർ ഭൂമിയിൽ ഉണ്ടോ എന്ന് സംശയമാണ്. പക്ഷെ ചിലർക്ക് ഇതൊന്നും പോരാ. അവർക്ക് ബുദ്ധിജീവികളുടെ നിരയിൽ കടന്നു കൂടണം.  അതിന് കഥ, നോവൽ എന്നിവയെക്കാൾ കവിതയാണ് ഇക്കൂട്ടർ തിരഞ്ഞെടുത്തത് .  ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല .  ഇല്ലാത്തത് ഉണ്ടെന്ന് വരുത്തി തീർക്കാൻ ഇവർ ഏതറ്റം വരേയും പോകും . ഈ 'കള്ള കമ്മട്ടങ്ങളെ' രൂക്ഷപരിഹാസത്തിലൂടെയും, കൊള്ളിവാക്കുകളിലൂടെയും നേരിട്ട കവിയാണ് കുഞ്ചൻ നമ്പ്യാർ. അദ്ദേഹത്തിന്റ പരിഹാസത്തിന് വിധേയപ്പെടാത്തവർ വളരെ ചുരുക്കം തന്നെ.  എന്നാൽ പരിഹാസ കവിതയെ രസിക്കാൻ പറ്റിയവർ ഉണ്ടോ ? 

"അക്ഷരമീവക കൂട്ടിച്ചേർത്തതി-ലക്ഷതമാകിയ രസമുളവാക്കി 
പ്രാസവുമർത്ഥവുമിടചേർത്തതിലു-ള്ളാസ്യങ്ങളുമങ്ങുളവാക്കി
തീർക്കും നല്ലൊരു കവിയുടെ കവിതകൾ -പരിക്ഷകൾ എത്ര രസിക്കും ''  (സ്യമന്തകം)

എന്ന് ഏത്  പരിക്ഷകളെ നോക്കിയാണോ കവി ചോദ്യം ഉയർത്തിയോ, ആ പരിക്ഷകൾ, അല്ലെങ്കിൽ ജോസ് ചെറിപുരം പറഞ്ഞിരിക്കുന്ന, 'ജന്മവാസനയില്ലാത്തവർ' കവിതയെന്ന പേരിൽ ആർക്കും മനസ്സിലാകാത്ത എന്തൊക്കയോ പടച്ചു വിടുന്നു . അതാണെങ്കിൽ "ചെവിയുള്ളോർക്ക് ആനന്ദം"  പകരാൻ കഴിയാതെ മഴയത്ത് ഉയർന്നു പൊന്തി മരണം വരിക്കുന്ന ഈയലുകളെപ്പോലെ മണ്മറയുകയും ചെയ്യുന്നു 

ഇന്നത്തെ കവിതകൾക്ക് കുഞ്ചന്നമ്പ്യാർ ചോദിക്കുനതുപോലെ കാപട്യത്തെ നിഷ്ഫലമാക്കാൻ കഴിയുമോ ?

"കള്ളമകന്ന കവിത്വവിശേഷം 
തള്ളിത്തള്ളി വരുന്ന ദശയാം 
ഉള്ളിൽകപടതയുള്ള ജനങ്ങടെ 
ഭള്ളും വിരുതും നിഷ്ഫലമാക്കാം "  (സത്യാസ്വയംവരം )

പരിഹാസകവിതകൾ അപൂർവ്വമായെ ഇപ്പോൾ കാണാറുള്ളു .  ഇന്നത്തെ കവികൾ  കുറെ വാക്കുകൾ എടുത്ത് ഒരേറാണ് . വായനക്കാർ കയ്യിൽ കിട്ടിയ പ്രഹേളിക എടുത്ത് കുരങ്ങൻ തേങ്ങ കയ്യിൽ എടുത്ത് നോക്കുന്നത് പോലെ എന്ത് ചെയ്യന്നറിയാതെ നട്ടം തിരിയുമ്പോൾ, എവിടെ നിന്നെങ്കിലും ഒരു തേങ്ങ പൊതിക്കുന്നവൻ (നിരൂപകൻ ) വന്ന് പൊതിച്ചു തരുന്നതും വാങ്ങി സ്ഥലം വിടും 

"മർമ്മ താളത്തിൽ കവിതകൾ കെട്ടണം 
കുംഭതാളത്തിലെന്നാകിലുമാമെടോ"  (ബാല്യദ്ഭവം )

താളാത്മകമായി ഈ ഹാസ്യ കവിത രചിച്ച ജോസ് ചെറിപുരത്തിന് അഭിനന്ദനം  
 
josecheripuram 2019-10-03 19:31:13
I have to tell you the truth,as I wrote this poem thinking that my wife will embrace me,My wife don 't care about what I write.Some how she doesn't like writers.She believe,writers are drunkards,Womanizers,atheists.Even though I pray with her every evening,go to church on Sundays.And first Friday of the month.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക