Image

മഴയില്‍ ഉയിര്‍ക്കുന്ന വെള്ളിക്കൂണുകള്‍ (പി.സി.മാത്യു)

പി.സി.മാത്യു Published on 01 October, 2019
മഴയില്‍ ഉയിര്‍ക്കുന്ന വെള്ളിക്കൂണുകള്‍ (പി.സി.മാത്യു)
ഉറക്കമെന്‍ കണ്‍കളില്‍ നുഴഞ്ഞു കയറിയോ സഹജാ
ഉറവ വറ്റിയോ എന്‍ ആശകളെല്ലാം മരു യാത്രയില്‍?
ഉറക്കമായി ഞാനീ രാവിലെങ്കിലുമെന്‍  സ്വപ്നത്തില്‍
ഊഷര ഭൂവിലൊരു നീര്‍ച്ചാലൊഴുകുന്നതു കണ്ടു ഞാന്‍

ആദ്യമായ് നിന്നെ കണ്ടപ്പോള്‍ തന്നെയെന്നില്‍ പ്രേമം
അരിച്ചിറങ്ങിയിരു കണ്ണിലും പിന്നെ ഹൃത്തടത്തിലും
കണ്ണിമയ്ക്കാതെ നോക്കിയെത്ര നേരം നിന്നെ ഞാന്‍
കണ്ണ് കഴച്ചീല പിന്നെ തേനൂറി മനസ്സിലും നാവിലുമേറെ...

ആദ്യമായി കവികള്‍ ഓമന പേര്‍ ചൊല്ലി വിളിക്കുമാ
ആദ്യാനുരാഗത്തിന്‍ പൂമ്പൊടി നുകര്‍ന്നൊരു വണ്ടായ് നീ.     
നാണിച്ചു കുനിഞ്ഞു നില്ക്കുമീ പുഷ്പത്തിന്‍ മൃദുലമാം
നുണക്കുഴികളില്‍ നീ ചുടുചുംബനങ്ങള്‍ ചൊരിഞ്ഞീലെ?

മനസ്സാകുമെന്‍ മാന്ത്രിക ചെപ്പിലൊരു മയില്‍പീലിപോല്‍
മങ്ങാതെ തിളങ്ങുമാ  പൊന്നോമന ഓര്‍മ്മകള്‍ സൂക്ഷിച്ചു
കാത്തു ഞാന്‍ നിന്നെ ധ്യാനിച്ചിരുന്നതുമെന്‍ പുസ്തകത്തില്‍
കുത്തി വരച്ചു നിന്‍ മീശ പൊടിക്കുമാ ആണ്‍ രൂപവും ...

കീറിഞാനോരോ പേപ്പര്‍ കഷണങ്ങളായി നിന്‍ ചിത്രങ്ങള്‍
കരഞ്ഞു ഞാന്‍ കണ്ണീര്‍ വറ്റിയൊരു വാടിയ പൂപോല്‍ പിന്നെ
പിഴുതെറിഞ്ഞു നിന്നെ ഞാനിനിയുമൊരു മഴയത്തുപോലും
പുതുതായി പിറക്കുവാന്‍ മനസ്സില്‍ കഴിയാത്ത തകരപോല്‍...

ഇടിവെട്ടി കൊള്ളിയാന്‍ മിന്നുമാ ധനുമാസരാവിന്‍ മഴയില്‍
ഇരുചെവി അറിയാതെ മുളക്കുന്നെന്‍ മനസതിന്‍ പറമ്പില്‍
മരിച്ചതെന്നോര്‍ത്ത ഓര്‍മ്മകളായിരം വെള്ളിക്കൂണുകളായി
മുളച്ചു വരുന്നത് കാണുന്നു ഞാനെന്‍ സ്വപ്നത്തില്‍ വീണ്ടും 


മഴയില്‍ ഉയിര്‍ക്കുന്ന വെള്ളിക്കൂണുകള്‍ (പി.സി.മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക