വാക്കുകള്‍ പൂക്കാന്‍ മടിച്ചുനില്‍ക്കെ,
മൗനം മരവിച്ചു മനം നിറയെ,
ഇനിയീ വഴികളില്‍ കവിതയില്ല
ഇളം മാരുതന്‍ പാടുന്ന പാട്ടുമില്ല.
ആരും നടക്കാത്ത വഴികളിലെന്തിനോ
കരിയിലക്കിളികള്‍ പറന്നു വീണു.
ഊഞ്ഞാല്‍ക്കയറുകള്‍ തേങ്ങിനില്‍ക്കും
മുത്തച്ഛന്‍ മാവിനോ വ്യസനപര്‍വ്വം!
സ്വപ്നങ്ങള്‍ പൂത്തൊരാ ചില്ലകളൊക്കെയും
കൂടൊഴിഞ്ഞേകമായ് കേണിടുന്നു.
ഇനിയീമുറ്റത്തു പൂക്കളം തീര്‍ക്കുവാന്‍
പുഞ്ചിരിക്കൂട്ടുകാരെത്തുകില്ല.
കലപില കൂട്ടിയ കുഞ്ഞു വസന്തങ്ങള്‍
ഓര്‍മ്മയില്‍ മാത്രമായ് മാറിനില്‍ക്കെ,
ഉള്ളില്‍ കരിന്തിരി കത്തും വിളക്കുപോല്‍
ഇപ്പഴയൊരു വീടോ ഇരുള്‍ പുണര്‍ന്നു.
സാന്ധ്യവെളിച്ചം വിടപറഞ്ഞകലുമ്പോള്‍
ഇടവഴിക്കോണുകള്‍ ഇടറിനിന്നു.
കാലം മുഖം തരാതകന്നു നില്‍ക്കെ,
വീടൊരു പ്രാചീനസ്മരണയായി.
നരിച്ചീറുകളുള്ളില്‍ ചിറകടിച്ചാര്‍ക്കുമ്പോള്‍
വീടിനു നെഞ്ചകം മുറിഞ്ഞു നൊന്തു.
ഉണരാന്‍ കൊതിക്കാത്ത ദീര്‍ഘസുഷുപ്തിയില്‍
വീടൊരു സ്വപ്നത്തിലാഴ്ന്നു നിന്നു!
മൃദുപാദ പത്മങ്ങള്‍ പൂക്കളം തീര്‍ക്കുന്നു
മുറ്റത്തു മണല്‍ത്തരി കോരിത്തരിക്കുന്നു
കുഞ്ഞിളം കൊഞ്ചലിന്‍ താളലയങ്ങളോ
നെഞ്ചില്‍ നിലാവു നിറച്ചിടുന്നു.
സ്വപ്നമാണെങ്കിലും, ഈ സ്വപ്നത്തിലെങ്കിലും
വാക്കുകള്‍ മെല്ലെ പൂത്തു തുടങ്ങുന്നു,
കാറ്റൊരു മൂളിപ്പാട്ടുമായെത്തുന്നു,
ഈ ജന്മം സഫലമായ് തീര്‍ന്നിടുന്നു!