Image

കുങ്കി (കഥ: സുഭാഷ് പേരാമ്പ്ര)

Published on 02 October, 2019
കുങ്കി (കഥ: സുഭാഷ് പേരാമ്പ്ര)
1
ഇന്ന് എന്റെ ഒരേയൊരു പെങ്ങള്‍ കുങ്കിയുടെ വിവാഹമാണ്. ഇരുപത്തെട്ട്  വര്‍ഷങ്ങള്‍ എത്ര പെട്ടന്നാണ് കടന്ന് പോയത്. അച്ഛന്റെ കൈയും പിടിച്ച് ഒരഞ്ചാം ക്ലാസ്സുകാരന്‍ കോഴിക്കോട്  ബീച്ച് ആശുപത്രിയുടെ അടുത്തുള്ള ഇളയച്ഛമ്മയുടെ ക്വാര്‍ട്ടേഴ്‌സില്‍ പോയി താമസിച്ചത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. പിറ്റേന്നു പുലര്‍ച്ചെ 

ഞാന്‍  ഉറങ്ങുമ്പോള്‍ അച്ഛനും ഇളയച്ഛമ്മയും വന്ന്,
നിനക്ക്  അനിയന്‍ വേണോ......... ? അനിയത്തി വേണോ...... ?

എന്ന് ചോദിച്ചപ്പോള്‍ അനിയന്‍ മതീന്ന് പറഞ്ഞതും. പിന്നെ കുറച്ചു കഴിഞ്ഞു അമ്മയെയും അനിയത്തിയേയും കാണാന്‍ അച്ഛന്റെ കൂടെ പോയതും. എന്റെ  അമ്മയുടെ അരികില്‍ എനിക്ക് മാത്രം അവകാശപ്പെട്ട മുല കുടിച്ച് കിടക്കുന്ന  പെങ്ങളെ കണ്ടപ്പോള്‍....
അമ്മ അവളെ ലാളിച്ച് കെട്ടിപിടിച്ചു കിടക്കുന്നതു കണ്ടപ്പോള്‍......
അല്പം നീരസവും കുശുമ്പും  തോന്നാതിരുന്നില്ല.
പത്തു വര്‍ഷമായി ഒറ്റക്ക് അനുഭവിക്കുന്ന സ്‌നേഹം പെട്ടെന്ന് പകുത്ത് നല്കപ്പെട്ടപ്പോള്‍ ദുഃഖം തോന്നിയിരുന്നു.
പിന്നെ സഹപാഠിയായ  ഒരു സുഹൃത്ത് പറഞ്ഞു തന്നിരുന്ന കള്ളകഥയുടെ  സ്വാധീനവും  മനസ്സില്‍ തെറ്റിധാരണകളുണ്ടാക്കി.
"ഒറ്റമകനായാല്‍ നമ്മള്‍ മനസ്സില്‍ വിചാരിച്ചതെല്ലാം നടക്കും"
അവന്‍  ഇപ്പോള്‍ എന്നെ പോലെ തന്നെ  ദുബായിലാണ് ജോലി ചെയ്യുന്നത്.

2
അവള്‍ എന്നെ പോലെ അല്ലായിരുന്നു. അവള്‍ നല്ല വെളുത്ത്, വിടര്‍ന്ന കണ്ണുകളും, തുടുത്ത കവിളുകളുമൊക്കെയായി ഒരു  സുന്ദരി തന്നെ ആയിയിരുന്നു. അന്നൊക്കെ അവളെ കളിപ്പിക്കാനും എടുക്കാനും അടുത്ത വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ വലിയ താല്പര്യമായിരുന്നു. ഞാന്‍ പെണ്ണായിരുന്നെങ്കില്‍  അച്ഛന്‍  എനിക്കിടാന്‍ കരുതിവെച്ച പേരായിരുന്നു സ്‌നേഹലത
 
പക്ഷെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അവള്‍ അവരുടെ സ്വന്തം "കുങ്കി" ആണ്.

തച്ചോളി ഒതേനന്റെ ഭാര്യ കൊടുമാല കുങ്കിയുടെ പേരാണ് അച്ഛന്‍ ഓമന പേരായി അവളെ വിളിച്ചത്.

ഞാന്‍ വൈകുന്നേരം സ്കൂള്‍ വിട്ട് വന്നാല്‍ പിന്നെ അവളെ നോക്കുകയെന്നത് എന്റെ പ്രധാന ജോലിയാണ്. അമ്മ പഞ്ചായത്തില്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ നേരം ഇരുട്ടും. അവളെ എന്നും വൈകുന്നേരങ്ങളില്‍  ഉറക്കാനുള്ള എന്റെ ശ്രമങ്ങള്‍ പലപ്പോഴും  പരാജയപ്പെടാറാണ്. അവള്‍ ഉറങ്ങിയാല്‍ എനിക്ക് കൂട്ടുകാരോടൊപ്പം പന്ത് കളിക്കാന്‍ പോവാം..........
പക്ഷെ എന്റെ കളിമോഹങ്ങള്‍ എത്രയോ  ദിവസങ്ങള്‍ കൊച്ചനുജത്തിയുടെ ഉറക്കമില്ലായിമയില്‍ പൊലിഞ്ഞു പോയിട്ടുണ്ട്.

അങ്ങനെ
എന്റെ ഒക്കലില്‍.....
എന്റെ ചുമലില്‍......
എന്റെ നെഞ്ചില്‍....
കിടന്നു വളര്‍ന്നതാണവള്‍.

3

വളരെ കുട്ടിയായപ്പോള്‍ മനസ്സില്‍ തോന്നിയ ആശങ്കകള്‍ ഒക്കെ ക്രമേണ മാറി.
ഒരേ രക്തം....
ഒരേ വയറ്റില്‍....
ഒരേ മുല കുടിച്ചു വളര്‍ന്നവര്‍.....
കൂടെപിറപ്പ്.....
അവള്‍ വലുതാവും തോറും വൈകാരികത കൂടി  കൂടി വരികയാണ്. പിന്നെ ഒരേട്ടന്റെ ആകുലതകളും ഭയപ്പാടുകളും.......
അമ്മയും അച്ഛനുമൊക്കെയായി  ഒരു വര്‍ഷം ഗള്‍ഫില്‍ നിന്നപ്പോള്‍ അവിടെ പഠിച്ചത്  ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നെ ഞാന്‍ പഠിച്ച അതേ സ്കൂളായ  അജയിലും പേരാമ്പ്ര ഹൈസ്കൂളിലുമാണ് അവള്‍ പഠിച്ചത്.

ജീവിതത്തില്‍ എനിക്ക് ഒരുപാട് പ്രണയ ദുരന്തകള്‍ ഉണ്ടായതുകൊണ്ടും.........
പക്വതയില്ലാത്ത കാലത്ത് പ്രണയങ്ങളില്‍ കുടുങ്ങി വഴിതെറ്റി പോയവരെ കുറിച്ച് വ്യക്തമായി അറിയാവുന്നത് കൊണ്ടും ഞാന്‍ എന്നും അവളെ ഉപദേശിക്കാറുണ്ടായിരുന്നു. എപ്പോഴും എല്ലാം അവള്‍  കേട്ട്
വിനയത്തോടെ തലയാട്ടും.

4
അവള്‍ മെഡിസിന്‍ പഠനം കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ ഞാനാണ് അവളെ നാട്ടില്‍ തന്നെ നില്ക്കാന്‍ നിര്‍ബന്ധിച്ചത്. എനിക്കും അവള്‍ക്കും വീട്ടുകാര്‍ക്കും അതൊരു ആഘോഷമായിരുന്നു. വീട്ടില്‍ ഉമ്മറ കോലായില്‍ ഒരു പരിശോധനാ മുറി ഒരുക്കി... റോഡ് സൈഡില്‍  ഞങ്ങളുടെ തന്നെ ഒരു സ്ഥലത്തു വൃത്തിയില്‍  വലിയ ഒരു  ബോര്‍ഡ് വെച്ചു.പിന്നീട് ബൈപാസ് റോഡില്‍ അതൊരു ലാന്‍ഡ്മാര്‍ക്കായി മാറി  ഓട്ടോകരോക്കെ ചോദിക്കും ആ ഡോക്ടറുടെ ബോര്‍ഡിന്റെ അപ്പുറമാണോ? ഇപ്പുറമാണോ? ഇറങ്ങേണ്ടതെന്നു............

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ താത്കാലിക ജോലികിട്ടിയപ്പോള്‍ പിന്നീട് രോഗികള്‍ അത്യാവശ്യം വീട്ടില്‍ തേടിയെത്തി. ഞങ്ങളുടെ നാട്ടില്‍ ഒരു സാധാരണക്കാരനില്‍  സാധാരണക്കാരനായ ഒരാളുടെ  മകള്‍ ഡോക്ടറാവുന്നത് ആദ്യമായായിരിക്കും. കുടുംബത്തിലും ആദ്യം തന്നെ......

ചെറിയ ക്ലാസ്സ്മുതലേ പേരിനൊപ്പം പുസ്തകങ്ങളില്‍ ഡോക്ടര്‍ ചേര്‍ത്തു എഴുതാറുള്ളപ്പോള്‍ ഞങ്ങള്‍ അത് തമാശയായേ കരുതാറുളളു..... പക്ഷെ ഇപ്പോള്‍ എനിക്ക് പൗലോ കൊയ്‌ലോ യുടെ വാക്കുകളെ ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല. "സ്വന്തം വിധിയാണ് നമ്മുടെ മനസ്സില്‍ ആ മോഹത്തിന്റെ വിത്തുകള്‍ പാകുന്നത്"

5
ഞങ്ങള്‍ ഇപ്പോള്‍ രണ്ട് വര്‍ഷത്തില്‍ ഏറെയായി പരസ്പരം  പിണങ്ങി നില്‍ക്കുന്നത്.
ഒരു പ്ലസ് ടു സൗഹൃദം എപ്പോഴാണ് അവളില്‍  പ്രണയമായി മാറിയതെന്ന് എനിക്കറിയില്ല. പ്രണയത്തിന് ഞാന്‍ ഒരിക്കലും  എതിരല്ലെങ്കിലും പക്വതയില്ലാത്ത പ്രായത്തിലെ പ്രണയത്തോട് എനിക്ക് പൂര്‍ണമായും യോജി ക്കാന്‍ കഴിഞ്ഞില്ല.
പിന്നെ സ്വന്തം പെങ്ങളുടെ പ്രണയം എനിക്ക് മറ്റുള്ള പ്രണയം പോലെ കാണാന്‍ കഴിഞ്ഞില്ല.അല്ലെങ്കില്‍ അത്രമാത്രം വിശാലമല്ലായിരുന്നു എന്റെ മനസ്സ്.

ഒരു ഗള്‍ഫ് യാത്രയുടെ രണ്ട് ദിവസം മുമ്പ് അടിവയറ്റില്‍ ഒരു വേദന വന്നിട്ട് വീട്ടില്‍ നിന്നും അവളെ കാണിക്കാതെ പേരാമ്പ്ര താലൂക്ക്  ആശുപത്രിയില്‍ പോയി
അവളെ തേടിപ്പിടിച്ചു അവളുടെ മുറിക്ക് മുമ്പില്‍ ക്യുവില്‍ നില്‍കുമ്പോള്‍ വല്ലാത്തൊരു അഭിമാനമായിരുന്നു.എനിക്ക് മുമ്പിലും പുറകിലും നില്‍ക്കുന്നവരോട് ഞാന്‍ ഗമയില്‍  പറയാതെ പറഞ്ഞു   ആ ഡോക്ടര്‍ എന്റെ പെങ്ങളാണ്.
നിങ്ങള്‍ കാത്തിരിക്കുന്നത് എന്റെ കുഞ്ഞു അനിയത്തിയെ കാണിക്കാനാണ്.ഒടുവില്‍ എന്റെ ഊഴം വന്നപ്പോള്‍
അപ്രതീക്ഷിതമായി അവള്‍ എന്നെ മുമ്പില്‍ കണ്ടപ്പോള്‍ ഒന്ന് പതറിയിരുന്നു.ഒരന്യനെ  പോലെ ഞാന്‍ അവളോട് വേദനയോടെ പറഞ്ഞ
കാര്യങ്ങള്‍ ഓര്‍ക്കുന്നു.
ഡോക്ടര്‍,
എന്റെ പേര് സുഭാഷ്...
വീട് പേരാമ്പ്ര ബൈപാസ് റോഡില്‍.....
രണ്ട് ദിവസം കഴിഞ്ഞാല്‍ ഞാന്‍ ഗള്‍ഫില്‍ പോകും അത് കൊണ്ടാണ് ഇപ്പോള്‍ കാണിക്കാന്‍  വന്നത് ..... ഈ വയറിന്റെ  ഭാഗത്തുന്നു ഒരു വേദന.....
ഈ അടുത്തിടെ അമ്പിരിക്കല്‍ ഹെര്‍ണിയയുടെ ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു........
ഞാന്‍ രോഗിയായിരുന്നു അവളുടെ മുമ്പില്‍ എല്ലാ അര്‍ത്ഥത്തിലും............

എന്റെ ഒക്കലില്‍..
എന്റെ തോളില്‍....
എന്റെ നെഞ്ചില്‍ കിടന്നു വളര്‍ന്ന...
എന്റെ കുഞ്ഞുപെങ്ങള്‍
വലിയ ഡോക്ടറൊക്കെ ആയിരിക്കുമ്പോള്‍
അവളെ അല്ലാതെ മറ്റാരെയും
കാണിക്കാന്‍   എന്റെ
മനസ്സ് അനുവദിച്ചില്ല.
അവള്‍ക്ക് എന്നെ ഏട്ടനായി കാണാന്‍ കഴിഞ്ഞില്ലെങ്കിലും
എന്റെ കൈകളിലൂടെ...
എന്റെ ഓര്‍മ്മകളിലൂടെ..
വളര്‍ന്നു വലുതായ എന്റെ
കുഞ്ഞു പെങ്ങളാണവള്‍.

6
അവള്‍ ഡോക്ടറാവാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ഞാനാണ്. ഒരര്‍ത്ഥത്തില്‍  അതിനു കാരണക്കാരനും  ഞാനാണ്.രണ്ട് പ്രാവിശ്യം എന്‍ട്രന്‍സ് എക്‌സാമില്‍  പരാജയപ്പെട്ടപ്പോള്‍ നാട്ടില്‍ നിന്നും അമ്മ വിളിച്ചു അവളുടെ കാര്യത്തില്‍ വലിയ വിഷമം പറഞ്ഞു . എങ്ങനെ യെങ്കിലും നീ ഒരു ബി. ഡി.എസ്. സീറ്റെങ്കിലും ശരിയാക്കാന്‍ നോക്ക് മോനെ അവള്‍ ആകെ  വിഷമത്തിലാണ്.അപ്പോഴാണ് എന്റെ  ഒരു  സുഹൃത്തു പറഞ്ഞത്തിന്റെ അടിസ്ഥാനത്തില്‍  എന്നില്‍ എം.ബി. ബി. എസ്. തന്നെ വേണം  എന്ന മോഹം  മൊട്ടിടുന്നത്.
ഒടുവില്‍  സീറ്റ് റെഡിയായപ്പോള്‍ അച്ഛന്‍ അച്ഛന്റെ ഭാഗത്ത് തെറ്റ് വരാതിരിക്കാന്‍ അല്ലെങ്കില്‍ ഭാവിയില്‍ എന്റെ ഭാഗത്ത് നിന്നും ഒരു ചോദ്യമുയരാതിരിക്കാന്‍  എന്നെ വിളിച്ച് പറഞ്ഞു;ഒരുപാട് പൈസ  ചിലവാകും  നീ ശരിക്കും ആലോചിച്ചിട്ട് തീരുമാനമെടുത്താല്‍ മതി. ഒരു കാര്യം നീ ഓര്‍ത്തോ ഇത് നിനക്കും കൂടി കിട്ടേണ്ട പൈസയാണ് ഞാന്‍ ഈ ചിലവഴിക്കാന്‍ പോവുന്നത്.അച്ഛന്റെ സ്വത്ത് മുഴുവനും വിറ്റിട്ടാ ണെങ്കിലും അവളെ പഠിപ്പിച്ചു ഡോക്ടറാക്കണമെന്നേ എനിക്കുള്ളൂ. അച്ഛന്‍  ഇങ്ങനെ എന്നെ
ചെറുതാക്കി കളഞ്ഞതില്‍ മാത്രമേ എനിക്ക്  വിഷമമുള്ളൂ.......

7
എത്രയോ തവണ ഞാന്‍ ഗള്‍ഫിലേക്ക് വരാന്‍ ഇറങ്ങുമ്പോള്‍
പുറകില്‍ നിന്നും അവളുടെ ഒരു വിളിക്ക് പ്രതീക്ഷയോട് കാതോര്‍ത്തിരുന്നു.
അവളുടെ ഒരു  "സുഭാഷ് കുട്ട്യാട്ടന്‍"? എന്ന വിളിയില്‍,സ്‌നേഹം
നിറഞ്ഞ രണ്ട് വാക്കുകളില്‍.അലിഞ്ഞു ഇല്ലാതാവുന്ന ഒരു മനസ്സ്  മാത്രമേ എനിക്കുള്ളൂ.......
അവളോട് മിണ്ടാതിരിക്കുമ്പോഴും അവളുടെ നന്മ മാത്രം  ആഗ്രഹിച്ചു.. അവളുടെ വിശേഷങ്ങള്‍ എപ്പോഴും ഭാര്യയെ വിളിക്കുമ്പോള്‍ അന്വേഷിക്കും അവള്‍ക്ക് കൈവരുന്ന നേട്ടങ്ങളില്‍ എപ്പോഴും  മനസ്സ് സന്തോഷിച്ചി കൊണ്ടിരിന്നു.അവള്‍ക്ക് ഈ അടുത്തിടെ ട്രെയിനില്‍ വെച്ചുണ്ടായ ദുരനുഭവം  കണ്ടപ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു.
അടുത്ത സുഹൃത്തുക്കളെ കൊണ്ട് അവളെ വിളിച്ച് ആശ്വസിപ്പിച്ചു...പിന്നെ അവരെ ഓരോരുത്തരോടും വിളിച്ച് കാര്യങ്ങള്‍ തിരക്കി.
പ്രശ്‌നമൊന്നുംഇല്ലെന്നു അറിഞ്ഞപ്പോഴാണ്  സമാധാനമായത്.

8
വര്‍ഷങ്ങളായി ഞാന്‍ മനസ്സില്‍ താലോലിച്ചു നടന്ന ആ ദിവസമാണ് ഇന്ന്. വിവാഹ ധൂര്‍ത്തിനെ പറ്റിയും ചിലവ് ചുരുക്കലിനെ  പറ്റിയും ചാനലുകളും സമൂഹവും വാദിക്കുമ്പോഴും പെങ്ങളുടെ വിവാഹം സ്വല്പം ആര്‍ഭാടത്തോടെ തന്നെ വേണം എന്ന് സ്വപ്നം കണ്ട് നടന്നു.
മുറ്റത്തും പറമ്പിലും നിറയെ പന്തല്‍. അതില്‍ അലങ്കാര ബള്‍ബുകള്‍, തോരണങ്ങള്‍. തലേന്ന് സ്‌റ്റേജില്‍  ഓക്കസ്ട്രയും പാട്ടുകാരും നിറഞ്ഞു നില്‍കുമ്പോള്‍ അതിന് മുമ്പില്‍ തീന്‍ മേശകളില്‍ ഇരുന്നു  സംഗീതമാസ്വദിച്ചുകൊണ്ട് അത്താഴം കഴിക്കുന്ന   അതിഥികള്‍. പല തരത്തിലുള്ള വിഭവങ്ങള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന ബഫറ്റ് കൗണ്ടറുകള്‍.

ഉമ്മറത്തെ പന്തലില്‍ ആഭരണങ്ങളൊക്കെ ഇട്ട്  അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പെങ്ങള്‍....
എന്റെ ഒക്കലില്‍..
എന്റെ തോളില്‍....
എന്റെ നെഞ്ചില്‍ കിടന്നു വളര്‍ന്ന കൊച്ചു കുട്ടിയല്ല ഇന്നവള്‍....
അവള്‍ ഒരു വലിയ പെണ്ണാണ്.......

ഞാന്‍ പങ്കെടുക്കാത്ത എന്റെ വീട്ടിലെ ആദ്യ വിവാഹം അവളുടേതായിരുന്നു.
അവള്‍ എന്നെ  ഫോണിലൂടെ
ഒന്ന് വിളിച്ച് "സുഭാഷ് കുട്ട്യാട്ടന്‍"എന്റെ കല്യാണത്തിന് എന്തായാലും വരണമെന്ന് പറയുമെന്ന്  ഞാന്‍ കരുതി..വിവാഹനിശ്ചയത്തിന് ശേഷമുണ്ടായിരുന്ന  മൂന്ന് മാസവും എനിക്ക് വരു ന്ന  ഓരോ ഫോണ്‍ കോളുകളും അവളുടേതായിരിക്കണമെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു.
കമ്പനിയില്‍ ഞാന്‍ ലീവ് റെഡിയാക്കി വെച്ചു.
നാട്ടിലേക്കുള്ള അത്യാവശ്യം സാധനങ്ങള്‍ വാങ്ങുന്നതിന്റെ കൂട്ടത്തില്‍ അവള്‍ക്കും വിഷ്ണുവിനും  വേണ്ടി പ്രത്യേകം സമ്മാനങ്ങള്‍ വാങ്ങിവെച്ചു. വിഷ്ണു നല്ല കുട്ടിയാണ് എനിക്ക് നാനായിട്ടറിയാം.നല്ല തറവാട്ടില്‍, നല്ല അച്ഛന്റെയും അമ്മയുടെയും ഒരുപാട്  പരിചരണത്തില്‍ വളര്‍ന്നവന്‍.യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും എഞ്ചിനീയറിംഗ് കഴിഞ്ഞവന്‍ . ഞാന്‍ അവനെ മുമ്പ് കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്.

9
പക്ഷെ ഇന്നു വിവാഹദിവസമായിട്ട്  ഇതുവരെ എന്നെ അവള്‍ വിളിച്ചിട്ടില്ല. ഞാന്‍ ജോലിക്ക് പോവാതെ റൂമില്‍ തന്നെ ഇരുന്നു.എനിക്ക് ഞാന്‍ തനിച്ചായതു പോലെ തോന്നി..
ജീവിതം എനിക്ക് കൈവിട്ടു പോവുന്നതു പോലെ തോന്നി..
നാട്ടില്‍ എല്ലരും എന്റെ കുഞ്ഞു പെങ്ങളുടെ വിവാഹമാഘോഷിക്കുമ്പോള്‍ ഞാന്‍ മാത്രം ഇല്ലതെ..
ഈ ദിവസം മുഴുവനും  എനിക്ക് ഒറ്റക്കിരുന്നു ഓര്‍മ്മകളില്‍ വേദനിച്ചു കഴിയണം. ഓര്‍ക്കാന്‍ എനിക്ക് ഒന്നും രണ്ടുമല്ല കഴിഞ്ഞ ഇരുപത്തെട്ട് വര്‍ഷത്തെ ഓര്‍മ്മകളും... അത്രയും തന്നെ വര്‍ഷത്തെ സ്വപ്നങ്ങളുമുണ്ട്.....

ഞാന്‍ അവള്‍ക്ക് ഏട്ടന്‍  മാത്രമല്ലായിരുന്നു ഇടക്കൊക്കെ അച്ഛനുമായിരുന്നു.........
അതേ ചേട്ടച്ഛനെ പോലെ. 
എന്റെ ഒരുപാട് വര്‍ഷത്തെ സ്വപ്നങ്ങളായിരുന്നു ഈ ഒരു ഒറ്റ ദിവസത്തില്‍ പൊലിഞ്ഞു പോവുന്നത്....
അവള്‍ക്ക്  ഈ ഏട്ടന്റെ  മനസ്സ് കാണാന്‍ കഴിയാതെ പോയല്ലോ...
ഞാന്‍ വിവാഹത്തിന്  പങ്കെടുത്തില്ലെങ്കിലും..
അവള്‍ക്ക്  നന്മകള്‍ മാത്രമേ  വരും....

അവള്‍
ദീഘസുമംഗലിയായിരിക്കട്ടെ!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക