'ഫാഷന്‍ മാത്രമാണ് നിയമം , ആനന്ദം മാത്രമാണ് നിഷ്ഠ ....fashion was the only law ,pleasure the only pursuit, ' എന്ന എഡ്വേഡ് ഗിബ്സണ് മൊഴി ജീവിതമാക്കിയ 'മറിയ റെഡ് മൗണ്ട് ' ,അമേരിക്കയിലെ ഞങ്ങളുടെ തറവാട്ടിലെ 'നല്ലവളായ ' അയല്‍ക്കാരി .
('നല്ലവളായ ' അയല്‍ക്കാരി എന്ന എന്റെ അഭിപ്രായം ഞാന്‍ പുറത്തു വിടാത്ത തു കൊണ്ടും , അയല്‍ക്കാരികളെ ഒഴിവാക്കി എന്റെ യല്ക്കാരന്മാരെ മാത്രം എന്നെ പോലെ സ്നേഹിക്കുന്നത് കൊണ്ടും ഇപ്പോഴും ഹാപ്പിലി എവര്‍ ആഫ്റ്റര്‍ ആയി ജീവിക്കുന്നു )
എന്റെ രമ യുടെ അഭിപ്രായത്തില്‍ അവള് റെഡ് മൗണ്ട് അല്ല , 'ചോരച്ചുണ്ടി ' ആണ് .ചുവന്ന ബിക്കിനി ധരിച്ച് വീട്ടുമുറ്റത്തെ സ്വിമ്മിങ് പൂളില്‍ പരിലസിക്കുന്ന അവളെക്കുറിച്ച് ഡെല്ഹിക്കാരനായ എന്റെ മറ്റൊരയല്‍വാസി പറയുന്നത് ' നാം തോ സഹി ഹെ , റെഡ് പഹാഡ് ഹി ഹെ 'എന്നാണ്
ചൂട് കാലമായാല്‍ പിന്നെ വാരാന്ത്യങ്ങളില്‍ മുഴുവന്‍ ഇങ്ങനെ വെള്ളമടിച്ചു വെള്ളത്തില്‍ കിടക്കുന്ന ഒരു അയല്‍ 'വാസിനി' ഉള്ളതിന്റെ ഒരഹങ്കാരവും എനിക്കില്ല എന്ന് എന്റെ മലയാളി സുഹൃത്തുക്കള്‍ പാട്ടും പാടി സമ്മതിക്കും ഏങ്കിലും , ആ പാട്ടുപാടാന്‍ അവര്‍ എന്റെ വീടിന്റെ പടിഞ്ഞാറേ കോണിലെ ബാല്‍ക്കണി തന്നെ തിരഞ്ഞെടുക്കുന്നതിന്റെ രഹസ്യം രെമയുടെയും അവരുടെ സ്വന്തം ഭാര്യമാരുടെയും മുന്നില്‍ പരസ്യമാകുന്നത് വരെ കലാപരിപാടി തുടരും.
മറിയപെണ്ണ് വിവാഹബന്ധം വേര്പെടുത്തിയവള് ആണെന്നറിഞ്ഞതോടെ എന്റെ നല്ലവരായ മലയാളി സുഹൃത്തുക്കള്‍ക്ക് ചില പരവേശങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങി.ചോദിക്കുന്ന വില തരാം നിന്റെ വീട് വില്ക്കുന്നോ എന്നായി ഒരുത്തന്. ചോദിക്കുന്നതിനേക്കാള്‍ ഇത്തിരി കൂട്ടി തരാം എന്നായി ഐടി ബിസിന്സ് കാന്തമായ മറ്റൊരുത്തന് ...എന്തായാലും എന്റെ വീടിന്റെ മാര്‍ക്കറ്റ് വാല്യൂ മാറിയപ്പെണ്ണിന്റെ കൈകളില്‍ (മാത്രമല്ല തൊണ്ട , ചെവി ,മൂക്ക് ,ത്വക്ക് എന്നിങ്ങനെ നാനഭാഗങ്ങളിലായി) ഭദ്രം. എന്തായാലും മാറിയപ്പെണ്ണു കാണാമറയത്തേയ്ക്കെങ്ങും വീടും വിറ്റു പൊയ്ക്കളയല്ലേ തേവരേ എന്ന് ഞാന്‍ ഒരു രഹസ്യ നിവേദനം അങ്ങത്തയ്ക്ക് സമര്‍പ്പിച്ചു .
സ്വന്തം ഭൂസ്വത്തിനെക്കുറിച്ച് ആകുലതയുള്ള ഒരു ഭൂവുടമ എന്ന നിലയ്ക്ക് എന്റെ വസ്തുവിന്റെ മൂല്യം കാത്ത് സൂക്ഷിക്കേണ്ടത് എന്റെ ചുമതലയല്ലേ,അതെ ഞാനും ചെയ്തുള്ളു. എന്റെ ഈ മഹത് ചിന്ത മനസിലാക്കിയിരുന്നെങ്കി ല്‍ ' ആശാന് വീണാല്‍ അതുമൊരടവ്' എന്ന് കൂട്ടിചേര്ത്തേനെ രമക്കുട്ടി.
വിശദമായി പറഞ്ഞാല്‍ മറിയ ചരിതം ഇനി പറയും വിധം ആകുന്നു .
പൂത്ത പണക്കാരനായ കണവന് ഇത്തിരിപ്പോന്ന ഒരു കിളിന്തു ഭാര്യയെ കണ്ടു പിടിച്ച് 'ട്രൊഫീ ' ആക്കിയപ്പോള്‍ മറിയ മതാമ്മ 'എക്സ് ' കണവന്റെ കയ്യില്‍ നിന്ന് കോമ്പന്‍സേഷന്‍ ആയി പിഴുതെടുത്തത് 'മില്ലിയന്‍സ് ' ഓഫ് ഡോളര്‍സ് .
പിന്നീട് 'താനേ തിരിഞ്ഞും മറിഞ്ഞും തന് ഡോളര്‍ മേത്ത യിലുരുണ്ടും മയക്കം വരാതെ '
സ്കൂള്‍ ബോര്‍ഡ് ചെയര്‍ പേഴ്സണ്‍, സബ്ഡിവിഷന് സെക്രറ്ററി , ലൈബ്രറി പ്രസ്ഡണ്ട് എന്നിങ്ങനെ പൂത്ത കാശും ഇഷ്ട്ടം പോലെ സമയവും ഉള്ള മഹാമനസ്കര്‍ ഉദാരമായി നടത്തി പ്പോരുന്ന മഹത്തായ ജനസേവന പരിപാടികളിലേര്പ്പെട്ട് ലളിത ജീവിതം നയിച്ചു പോരുന്നു മറിയക്കുട്ടി മാതാമ്മ.
'ഡോളറാധിക്യം' ബാധിച്ച് പാവം എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുന്ന ഒരു സന്ധ്യയില്‍ വീട് മിഴുവന്‍ 'ടെക്നോവല്ക്കരിക്കാന്' തീരുമാനമെടുത്തു .ആയിടെ കിട്ടിയ 'ബ്രാന്‍ഡ് ന്യൂ ' ബോയ് ഫ്രണ്ടിന്റെ സഹായം ഇതിലേക്കായി ഉപകരിക്കുകയും ചെയ്തു . ദൂരെയിരുന്നു സ്മാര്‍ട്ഫോണില്‍ തുറക്കാവുന്ന മണിച്ചിത്ര താഴുകള്‍ വീടിനും മുറികള്‍ക്കും , ദൂരെയിരുന്നു തന്നെ നിയത്രിക്കാവുന്ന ക്യാമെറകള്‍ , സെക്യൂരിറ്റി സിസ്റ്റം ,സംഗീത സംവിധാനം,ഹീറ്ററിങ് സിസ്റ്റം , തുണി യലക്കല് യന്ത്രം എന്നിങ്ങനെ പോകുന്നു പുതിയ സംവിധാനത്തിന്റെ സൗകര്യങ്ങള്‍.
പുതിയ ബോയ് ഫ്രണ്ട് വിട പറഞ്ഞപ്പോള്‍ 'വിടവാങ്ങല്‍ സമ്മാനമായി ' നല്‍കിയത് പുതിയ സംവിധാനത്തെ 'ഹാക്ക്' ചെയ്തു മറിയപ്പെണ്ണിനെ വെറി പിടിപ്പിക്കുക എന്നതായിരുന്നു.
സ്വസ്ഥമായി ഉറങ്ങാനോ , ഉണ്ണാനോ എന്തിനു കുളിപ്പുര പൂകാനോ കഴിയാതെ വാവിട്ടു കരയുന്ന മാറിയപ്പെണ്ണിനെയാണ് ആ ത്രിസന്ധ്യ്നേരത്തു പൂള് കരയില്‍ ഞാന്‍ ദര്‍ശിച്ചതു.. പോതുവേ സഹായ മനസ്കരും , പെണ്ണുങ്ങളോട് കരുണ യുള്ളവരുമായ ഏതൊരു മലയാളി പുരുഷനേയും പോലെ എന്നിലെ സഹായ ഹസ്തവും അവള്‍ക്കു നേരേ നീണ്ടു. അബലയായ മാറിയക്കൊച്ചിനെ സഹായിക്കാന്‍ എന്റെ ശക്തമായ ടെക്നോളജി കരങ്ങള്‍ . നിമിഷ നേരങ്ങള്‍ കൊണ്ട് എല്ലാം കഴിഞ്ഞു , 'ഹാക്കനെ ' ചുരുട്ടി പുറത്തു കളഞ്ഞു , മാറിയപ്പെണ്ണിന്റെ വീട് വീണ്ടും സ്വസ്ഥവും സുരക്ഷിത വുമായ പൂര്‍വ സ്ഥിതിയില്‍ എത്തിച്ചതോടെ മാറിയ പെണ്ണിന്റെ കോണ്ടക്ട് ലിസ്റ്റിലുള്ള മുന്തിയ ഇനം വിഷപ്പാമ്പുകളുടെ ഇടയില്‍ മറിയാമ്മ പറഞ്ഞു പരത്തി 'ലവന് പുലിയാണ് കേട്ടാ ...'
ദേശത്താകെ എനിക്കൊരു താരപരിവേഷം ,അയല്‍വാസികളുടെ സംസ്ഥാന സമ്മേളനമായ 'നെയ്ബര്‍ ഹുഡ് പാര്‍ട്ടിയില്‍ ' വെച്ച് സ്ഥലത്തെ പ്രധാന പയ്യന്‍സ് , ഇന്ത്യന്‍ ഡോക്ടര്‍മാരെ തട്ടിയിട്ട് നടക്കാന്‍ വയ്യെങ്കിലും ഒരു 'ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ' ആയ ഇന്ത്യക്കാരനെ ആദ്യമായാണ് കാണുന്നതെന്നും , ഈ തലവന്മാര്‍ക്കൊക്കെ പണികൊടുക്കാനല്ലതെ , പണിയെടുക്കാനും അറിയാം എന്നത് തനിക്കൊരു പുതിയ അറിവാണെന്നും ഒക്കെ പറഞ്ഞു ജനം പ്രകീര്‍ത്തിച്ചപ്പോള്‍, മദാമ്മയെ സഹായിച്ചതില്‍ ചെറുതായി കലിച്ചു നിന്ന എന്റെ രെമക്കുട്ടിയുടെ പരിഭവം മാറി അവളുടെ നേത്രങ്ങള്‍ വിജ്റാംഭിത കുസുമങ്ങളായി .
ഇതിന്റെ ഒക്കെ ഫലമായി തിരികെ പോകും വഴി 'നമുക്കിനി ബെന്‍സും ബി.എം .ഡബ്ലിയു വും ഒന്നും പോരാ ഒരു ബെന്‍ലിയോ ഫെരാരിയോ വാങ്ങി മുറ്റത്തിടണം ' എന്ന അഭിപ്രായം അവളുടെ ഭാഗത്ത് നിന്നും ഉടലെടുക്കുകയും ചെയ്തു.
(' സോറീഡാ ഐ അണ്ടര്‍ എസ്റിമേറ്റഡ് യു , നീ ശെരിക്കും പുലിയാണെന്നു മദാമ്മ പറഞ്ഞപ്പോഴല്ലേ ഞാനറിയുന്നത് എന്ന് പറയാതെ പറയും പോലെ ' )
'താത കണ്വന് ഫെരാരി വാങ്ങാന്‍ ഉള്ള മണീസ് കായായാണോ ഫല മയാണോ സ്വര്‍ണ കട്ടികളായാണോ ഭവതീ അയച്ചിരിക്കുന്നത്' എന്ന എന്റെ ചോദ്യത്തിനു , 'ഞാന്‍ ഒരു ആണിനെ കല്യാണം കഴിച്ചു എന്ന് കണ്വന് തെറ്റിദ്ധരിച്ചിരിക്കുന്നു ' എന്ന് പൊട്ടിച്ചിരിക്കുന്ന മണിരമ .
അടുത്ത വരാ ന്ത്യ ത്തില്‍ വീടിനു പിന്നിലെ കുഞ്ഞു തോട്ട ത്തില്‍ മുന്തിരിവള്ളികള്‍ പുത്തോ എന്ന് തിരയുന്ന എന്റെ പിന്നില്‍ നിന്ന് മാറാതെ സഹായം ചൊരിഞ്ഞു കൊണ്ട് രമ .സ്നേഹാധിക്യത്തിന്റെ കാരണം തിരയാതെ തന്നെ കണ്ണിലുടക്കി .'ഹരാ പഹാഡിയായി' വെള്ളത്തില്‍ കിടന്ന് 'കോക് ടെയില്‍' നുണയുന്ന കുഞ്ഞു മറിയ .
ഞാനെന്ന നിധി കത്ത് സൂക്ഷിക്കുന്ന രമ ഭൂതം, മുന്തിരി വള്ളികള്‍ തഴുകി തഴുകി ആനന്ദക്കുട്ടനായി ഞാന്‍.