Image

മഴ പെയ്യുമ്പോള്‍ (കവിത: സീന ജോസഫ്)

Published on 04 October, 2019
മഴ പെയ്യുമ്പോള്‍ (കവിത: സീന ജോസഫ്)
മഴ തിമിര്‍ത്തു പെയ്യുമ്പോഴൊക്കെയും അവളെ
ഓര്‍മ്മ വരുമെന്നു പറഞ്ഞ ഒരുവനുണ്ടായിരുന്നു.
മഴമേഘങ്ങള്‍ കുട നിവര്‍ത്തുന്നതു കാണുമ്പോള്‍
തന്റെ മനസ്സും മയില്‍നൃത്തമാടും എന്നുപറഞ്ഞവന്‍.
നീണ്ടിടതൂര്‍ന്ന മുടിയിഴകളിലും കരിവളകളിലും
മഴതുളുമ്പുന്നതു കാണാന്‍ എന്തുചന്തമെന്നു പറഞ്ഞവന്‍.

അവളുടെ കണ്‍കോണുകളില്‍നിന്നും മിന്നല്‍ക്കൊടികള്‍
ചെന്നവന്റെ നെഞ്ചില്‍ തൊടാറുണ്ടായിരുന്നുവത്രേ!
അവനെ കാണുന്നമാത്രയില്‍ പെയ്തുതീര്‍ന്ന മാനത്തെ
മഴവില്‍ച്ചേലുകള്‍ അവളില്‍ മിന്നിമായാറുണ്ടായിരുന്നുവത്രേ!
മൗനത്തിന്റെ കരംപിടിച്ചവര്‍ നടന്നു നീങ്ങവേ, പാതകളില്‍
മഴലില്ലിപ്പൂവുകള്‍ മിഴിചിമ്മി നോക്കുമായിരുന്നുവത്രേ!

എപ്പോഴാണെന്നറിയില്ല, അവനെ കാണാതെപോയത്
മഴനൂലുകള്‍ നേര്‍ത്തുനേര്‍ത്തില്ലാതെയായത്
മഴപ്പാട്ടുകള്‍ അവളെത്തേടി വരാതെയായത്
അവള്‍ മഴയില്ലാലോകത്തേക്ക് ചേക്കേറിയത്
ഓര്‍മ്മകളില്‍ മഴപോലെ പെയ്തുതുടങ്ങിയത്!

Join WhatsApp News
എവിടെ പോകാനാ കുട്ടി 2019-10-04 23:05:52
മഴ ! പെയ്യുമ്പോളൊക്കെ എനിക്ക് പലരെയും ഓർമ്മ വരും
പക്ഷെ എന്ത് പ്രയോചനം? കുടുങ്ങി പോയില്ലേ ഒടുവിൽ 
പലനാൾ കള്ളൻ ഒരു നാൾ പിടിക്കപെടുമെന്ന് 
പലരും പറഞ്ഞെങ്കിലും മഴ തിമിർത്തു പെയ്യുമ്പോൾ 
അത് മറന്ന്,   ഞാൻ 'ചങ്കരൻ ' വീണ്ടും തെങ്ങേൽ കേറും 
കേറി കേറി ഇന്ന് എത്ര പെയ്താലും ഇറങ്ങാൻ വയ്യാതെ 
ഈ തെങ്ങേൽ ഇരിപ്പാണ്, മുകളിൽ വെള്ളി മേഘങ്ങൾ മാത്രം
താഴെ അവളുടെ കണ്ണുകളിൽ തീപ്പൊരി പറക്കുന്നു 
ഞാൻ എവിടെ പോകാനാ കുട്ടി ഇവിടെ തെങ്ങിൽ ഇരിപ്പുണ്ട് 
കൊഴിഞ്ഞുപോയ നല്ലകാലത്തിന്റെ ഓർമ്മകളെ തഴുകി   
amerikkan mollakka 2019-10-05 18:45:21
ഓൻ ഏതെങ്കിലും നേഴ്‌സിനെ കെട്ടി 
അമേരിക്കയിലേക്കു കടന്നു കാണും.
സീന സാഹിബ ഇങ്ങക്ക് നല്ല ബാക്കുകൾ 
കൂട്ടിച്ചേർത്തു ഇമ്മിണി ബലിയ 
അർത്ഥങ്ങൾ  ഉണ്ടാക്കാൻ അറിയാം.
ബയനക്കാരനു മനസ്സിൽ ആകും.
നല്ല നല്ല കബിതകൾ എയ്തി അമേരിക്കൻ 
മലയാളികളെ കബിത പ്രേമികൾ ആക്കുക.
മുബാറക്ക്. അസ്സലാമു അലൈക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക