ഡാളസ്: അമേരിക്കന്‍ മലയാളിയും സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീ. പി. സി. മാത്യുവിന്റെ ഇരുപത്തി നാലു കവിതകള്‍ അടങ്ങുന്ന കവിത സമാഹാരം പ്രശസ്ത കവിയും വിക്ടേഴ്‌സ് ചാനല്‍ ഡയറക്ടറുമായ ശ്രീ. മുരുഗന്‍ കാട്ടാക്കട തിരുവനന്തപുരത്തു പ്രകാശനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയറും കവയത്രിയുമായ ശ്രീമതി ത്രേസ്യാമ്മ നാടാവള്ളിക്കു ആദ്യ പ്രതി തുറന്നുകൊടുത്തുകൊണ്ടാണ് ശ്രീ. മുരുഗന്‍ പുസ്തക പ്രകാശനം നടത്തിയത്.
മഴത്തുള്ളികള്‍ പോലെ മനം പെയ്തിറങ്ങിയ കവിതകളാണ് മനത്തുള്ളികള്‍ എന്ന് മുരുഗന്‍ കാട്ടാക്കട തന്റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. 'ഇതില്‍ മാതൃ സ്‌നേഹമുണ്ട്, പാതിരാവിലും വീടണയാത്ത മക്കളെ കാത്തിരിക്കുന്ന അച്ഛന്റെ വ്യാകുലതയുണ്ട്, വാത്സല്യ തുടിപ്പുകള്‍ ഉണ്ട്, അഭിനന്ദന്‍ വര്‍ദ്ധമാനെന്റെ രാജ്യ സ്‌നേഹത്തിന്റെ സ്രേഷ്ഠ മാതൃകയുണ്ട്, സ്‌നേഹസഹനങ്ങളുടെ സ്ഫുലിംഗമായി യേശുദേവന്റെ ചിന്തയുണ്ട്, ജീവിതവും പ്രഭാതത്തിന്റെ പ്രത്യാശയുണ്ട്, ഗരിമയുണ്ട്, പ്രകൃതിയുണ്ട്, വിരഹത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും വേദനയുണ്ട്' ശ്രീ. മുരുഗന്‍ കാട്ടാക്കടയും സ്വാഗതമാശംസിച്ച നോവലിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രൊഫ: കെ. പി. മാത്യു, ത്രേസ്യാമ്മ നാടാവള്ളി, വിക്ടേഴ്‌സ് ചാനല്‍ ഫിലിം ഡയറക്ടര്‍ ബി. എസ്. രതീഷ് എന്നിവര്‍ തങ്ങളുടെ പ്രസംഗത്തില്‍ പ്രതിപാദിച്ചു. അമേരിക്കന്‍ പ്രവാസ ജീവിതത്തിലും സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ശ്രീ പി. സി. എന്ന് ത്രേസ്യാമ്മ പറഞ്ഞു. ഡാലസില്‍ വച്ചും ന്യൂ ജേഴ്‌സിയില്‍ വെച്ചും വേള്‍ഡ് മലയാളി കൗണ്‌സിലിനുവേണ്ടി താന്‍ നടത്തിയ സാഹിത്യ സമ്മേളങ്ങള്‍ക്കു ഊര്‍ജം പകര്‍ന്നത് ശ്രീ പി. സി. ആണെന്ന് നന്ദിയോടെ സ്മരിക്കുന്നതായി ത്രേസ്യാമ്മ എടുത്തു പറഞ്ഞു.
തുരുത്തിക്കാട് ബി. എ. എം. കോളേജില്‍ കൗണ്‌സിലറായും, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ പ്രതി നിധീകരിച്ചു സെനറ്റ് അംഗമായും, ബഹ്‌റൈനില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു ഡാളസില്‍ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ശ്രീ പി. സി. മാത്യു വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ ചെയര്‍മാനായും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.
വെള്ളത്തില്‍ വരച്ച വരപോലെ എഴുതുന്ന വരികള്‍ മാഞ്ഞു പോകാതിരിക്കുവാന്‍ പുസ്തകമാക്കുവാന്‍ കഴിഞ്ഞതില്‍ ഈശ്വരനോട് നന്ദി നിറഞ്ഞ ഹൃദയമുള്ളവനായിരിക്കുന്നു താനെന്ന് ശ്രീ പി. സി. മാത്യു പ്രതികരിച്ചു. തുടര്‍ന്നും എഴുതണം എന്നാണ് തന്റെ ആഗ്രഹം. കവിത മാത്രമല്ല, കഥകളും ലേഖനങ്ങളും സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കുമൊക്കെ എതിരെ എഴുതണമെന്ന് ആഗ്രഹമുണ്ട്. ആദ്യം പ്രകാശനം ചെയ്ത പുസ്തകം ആദ്യത്തെ കുഞ്ഞിനെപ്പോലെയാണെന്നും പുസ്തക പ്രകാശനത്തിന് സഹായിച്ച ഏവരോടും നന്ദി അറിയിക്കുന്നതായും ശ്രീ. പി. സി. മാത്യു പറഞ്ഞു.
ഫോട്ടോയില്‍: വലത്തു നിന്നും: ബീന (വിക്ടേഴ്‌സ് ചാനല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), ചാനല്‍ ഫിലിം ഡയറക്ടര്‍, കവി മുരുഗന്‍ കാട്ടാക്കട, പി. സി. മാത്യു, ത്രേസ്യാമ്മ നാടാവള്ളില്‍, നോവലിസ്റ്റ് പ്രൊഫ്. കെ. പി. മാത്യു, )