MediaAppUSA

ക്രിസ്റ്റല്‍ ബോളുകളും റബ്ബര്‍ പന്തുകളും (ലാന്‍ഡ് ഓഫ് ദി ഫ്രീ കഥകള്‍: ബിന്ദു ബൈജു പണിക്കര്‍)

Published on 15 October, 2019
ക്രിസ്റ്റല്‍ ബോളുകളും റബ്ബര്‍ പന്തുകളും (ലാന്‍ഡ് ഓഫ് ദി ഫ്രീ കഥകള്‍: ബിന്ദു ബൈജു പണിക്കര്‍)
ആറടി ഉയരമുള്ള ഞാന്‍ അഞ്ചടി ഒമ്പതിഞ്ചു മാത്രം ഉയരമുള്ള ഈ ചുള്ളനായ കുള്ളനൊപ്പം എത്താന്‍ കിണഞ്ഞു നടക്കേണ്ടിയിരിക്കുന്നു .'പൊക്കമില്ലായ്മ ഒരു പൊക്കം തന്നെയാണേയ് ' മനസ്സില്‍ ഒരു കുഞ്ഞുണ്ണി പൊട്ടി വിടര്‍ന്നു. 'പയ്യെ തിന്നാല്‍ പന തിന്നാം' , പക്ഷെ പയ്യെ നടന്നിട്ടു പ്രത്യേകിച്ചു പ്രയോജനം ഒന്നുമില്ല,ആഞ്ഞു നടക്കുക തന്നെ. കമ്പനി സി . ഇ. ഓ ആയ എഡ് ഓള്‍സണ്‍ ഒപ്പം കമ്പനി സി . ഐ . ഓ ആയ ഞാന്‍ ആ പ്രഭാതത്തില്‍ നീണ്ടു നിവര്‍ന്ന വിലസുന്ന  ഓഫീസ് ഇടനാഴിയിലൂടെ വലിഞ്ഞു നിവര്‍ന്നു നടന്നു നീങ്ങി

തന്‍റെ ഗതിവേഗത്തിനൊപ്പം ഒരു കമ്പനിയുടെ ആകമാനം ഗതിയെയും അതുവഴി ബന്ധപ്പെട്ട എല്ലാവരുടെയും ഗതികേടിനെയും നിയന്ത്രിക്കുന്ന മൂപ്പരില്‍ മൂപ്പനായ മൂത്ത തലവന്‍ , ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന സി . ഇ .ഓ.. മിസ്റ്റര്‍ ഓള്‍സണ്‍ .
അങ്ങനെയുള്ള ഒരു ദേഹം കതകില്‍ ഒരു മുട്ടിന്റെ നോട്ടീസ് പീരിയഡ് മാത്രം നല്‍കിക്കൊണ്ട് , കമ്പനി സി . ഐ . ഓ  അഥവ ചീഫ് ഇന്‍ഫര്‍മേഷന്‍  ഓഫീസറുടെ മുറിയില്‍ ഇടിച്ചു കയറണം എങ്കില്‍ എന്തോ തക്കതായ കാരണം തന്നെ ഉണ്ടാവണം . ഇങ്ങനെ ഒന്ന് ഇതിനു മുന്‍പ് നടന്നതായി 'കമ്പനി ചരിത മാനസ സല്ലാപം 'എന്ന കാവ്യ നാടക ഗ്രന്ധത്തിലെങ്ങും കണ്ടതായി ഓര്‍മയില്ല . സധാരണ ഗതിയില്‍ ചിട്ടപ്രകാരം നിശ്ചയിച്ച വണ്‍ ഓണ്‍ വണ്‍ മീറ്റിങ്ങ് ,അല്ലെങ്കില്‍ അത്യാവശ്യമായി തന്നെ വന്നു കാണൂ എന്ന സന്ദേശം ഇങ്ങനെ എന്തെങ്കിലും ആണ് അടിയന്തിരമായ അവസരങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി തീരുമാനം എടുക്കുന്നതിനായി സി . ഇ.ഓ. ദേഹം സി .ഐ. ഓ യെ കാണാന്‍ അവലംബിച്ചു പോരുന്ന ഒരു സമീപനം.

താനെന്ന ചീഫ് ഇന്‍ഫര്‍മേഷന്‍  ഓഫീസര്‍ ഉള്‍പ്പെടെ മൂപ്പന്മാരായ എക്‌സിക്യൂട്ടീവ് വൈസ് പ്രെസിഡണ്ടുമാര്‍ , ചീഫ് ഫൈനാന്‍ഷ്യല്‍   ഓഫീസര്‍ അഥവാ സി . എഫ് . ഓ , പിന്നെ സി .എസ് . ഓ എന്ന  ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എന്നിങ്ങനെ പല 'മൂത്ത മൂത്ത'  മൂപ്പന്മാര്‍ക്കും മൂപ്പനായ സി . ഇ .ഓ മൂപ്പിലാന്‍ വിളിച്ചാല്‍,  തിരുവായിക്കെതിര്‍വായ ഉണ്ടാവാന്‍ പാടില്ല എന്നിരിക്കെ , കതകില്‍ മുട്ടിയ ശേഷം " ഡു യൂ ഹാവ് എ മിനിറ്റ് ?" എന്ന ചോദ്യം കേട്ടാല്‍ "ഇല്ല പോയിട്ട് പിന്നെയനെങ്ങാനും വാടോ മാഷെ " എന്നു പറയാന്‍ തനിക്ക് സ്വാതന്ത്‌റിയം ഉണ്ട് എന്ന് തോന്നിപ്പോകും എന്ന ചിന്ത തലയിലുദിച്ചപ്പോള്‍ മൂപ്പനൊപ്പമുള്ള നടപ്പിനിടയിലും ചിരി പൊട്ടി .ശീഘ്ര ഗതിയിലുള്ള നടപ്പിനിടയില്‍ അദ്ദേഹം തല ഏതാണ്ട് തൊണ്ണൂറു ഡിഗ്രി തിരിച്ച് കണ്ണുകള്‍ മാത്രം ഉയര്‍ത്തി എന്നെ നോക്കി "പയ്യനു വട്ടായോ ?" എന്നാവും ചിന്ത .ഏതവസരത്തിലും ചിരിയെ ചുമയാക്കാനുള്ള എന്റെ കഴിവിനെ ഞാന്‍ നിശ്ശ്ബ്ദം പ്രകീര്‍ത്തിച്ചു .കൊല്ലാനോ വളര്‍ത്താനോ കൊണ്ടു പോകുന്നത് എന്നറിയാതിരുന്നിട്ടും എന്‍റെ അക്ഷോഭ്യത എനിക്ക് തന്നെ ആശ്ചര്യകരമായി തോന്നി .

വൃത്തിയായി സജ്ജീകരിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള എന്‍ന്റെ ഓഫീസ് മുറിയ്ക്ക് മുന്നിലായി ദ്വാര പാലകരെ പോലെ എന്റെ രണ്ട് അഡ്മിനിസ്‌ട്രെറ്റിവ് അസ്സിസ്റ്റന്‍സ്. (ദ്വാര പാലകരില്‍ നിന്ന് ഒരു വ്യത്യാസം എന്ന് പറയുന്നത് ദമഷ്ട്രയില്ല , പിന്നെ പൂര്‍ണമായും വസ്ത്രം ധരിച്ചിട്ടുണ്ട് എന്നത് പ്രത്യേകം പറഞ്ഞു കൊള്ളട്ടെ). ആളും , കോളും എന്റെ മുറിയില്‍ പ്രവേശിക്കണം എങ്കില്‍ ഇവരുടെ മുന്‍കൂര്‍ അനുവാദം നിര്‍ബന്ധം .( ഒരേ ഒരു അപവാദം എന്റെ ഭാര്യ രമാ മണി ദേവിയുടെ ഫോണ്‍ കോള്‍ മാത്രമാണ് , തത്ര ഭവതിയുടെ നമ്പര്‍ കോളര്‍ ഐഡി യില്‍  തെളിഞ്ഞാല്‍ കാര്യ കാരണങ്ങള്‍ തിരിക്കാതെ പാലിക സുന്ദരിമാര്‍ എന്നെ കണക്ട് ചെയ്യുന്നതാണ് , ഓഫീസ് ടൈമില്‍ അത്യാത്യവശ്യമുണ്ടെങ്കില്‍ മാത്രം ഫോണ്‍ വിളിക്കും ബാക്കി കൊഞ്ചലുകളും തേങ്ങലുകളും  ടെക്‌സ്ട്ടിംഗില്‍  ഒതുക്കുന്ന  കാര്യത്തില്‍ രമാ  ദേവിയും നിഷ്ട പുലര്‍ത്തിയിരുന്നു  എന്നത് വിസ്മരിച്ചു കുടാത്തതാണ് ) എന്തായാലും അങ്ങിനെയൊന്നും കാണാന്‍ പോലും തരപ്പെടാത്ത വെല്യമൂപ്പിലാന്‍ ഇന്ന് എന്റെ ഓഫീസ് മുറിയില്‍ പൊട്ടിവീണത്  പോലെ എത്തി ഇടിച്ചു കയറിയപ്പോള്‍ അന്തം വിട്ടു അങ്ക പ്പിലായി പോയി പാവം പാലികമാര്‍. നന്നായിട്ടു കതകു ചേര്‍ത്തടച്ചു കഴി ഞ്ഞാ ല്‍ അകത്തിരുന്ന് "അയ്യോ അമ്മെ " എന്ന് കൂവിയാല്‍ പുറത്തിരിക്കുന്ന പാലികമാര്‍ പോലും കേള്‍ക്കില്ല എന്നിരിക്കെ , വട്ടമേശ സമ്മേളനം അവിടെ നടത്താതെ അദൃശ്യ കരങ്ങളാല്‍ എന്നെ തൂക്കിയെടുത്ത് ഈ ചീഫ് മാര്‍ഷല്‍ അദ്ദേഹം എങ്ങോട്ടാണോ കൊണ്ടു പോകുന്നത് ? നടപ്പു തുടരുക തന്നെ.

പതിവില്ലാത്ത നേരത്തു രണ്ടു തലവന്മാരുടെ തല ഓഫീസ് മന്ദിരത്തിന്‍റെ ഇടനാഴിയില്‍ ഒരു കാലൊച്ചയും ഇല്ലാതെ കണ്ടിട്ടാവാം "എംപ്ലോയീസ് " എന്ന മഹാന്മാരില്‍ ചിലര്‍ സ്തംഭനാവസ്ഥയിലും വേറെ ചിലര്‍ ശീഘ്ര ഗതിയില്‍ പാലായനം ചെയ്യുന്നതുമായ അവസ്ഥ ദര്‍ശിച്ചപ്പോള്‍ എനിക്ക് ചിരി ചുമയാക്കുന്ന വിദ്യ വീണ്ടും പുറത്തെടുക്കേണ്ടി വന്നു.കോര്‍പ്പറേറ്റ് ഏണിയുടെ താഴെ ഭാഗങ്ങ ളിലായി  കുടികൊള്ളുന്ന എഞ്ചിനീയര്‍ ,അനലിസ്റ്റ് തുടങ്ങി മധ്യമ നിലയിലുള്ള മാനേജ്മന്റ് അഥവാ മിഡ്ഡില്‍ ലെവല്‍ മാനേജര്‍ മാര്‍ വരെയുള്ള ചില ഭാഗ്യവാന്മാര്‍ക് പത്തുമണിച്ചായ എന്നൊരു ശീലം പതിവുണ്ട് .എക്‌സിക്യൂട്ടീവ്‌സ് എന്ന വര്‍ണതൊപ്പിയണിഞ്ഞ ഹതഭാഗ്യരാവട്ടെ മുന്നില്‍ കിട്ടിയ ചായ പോലും നുണയാന്‍ മറന്ന് സംഖ്യകളുടെയും നയ കുശലതകളുടെയും ലോകത്ത് പോരാട്ടം നടത്തുകയാവും .ദിവസം എട്ടൊന്പതു മണിക്കൂര്‍ , പത്തു പന്ത്രണ്ടു വര്‍ഷം പണിയെടുത്താല്‍ ആരുടെയെങ്കിലും ഒക്കെ ബോസാവാം , ബോസായാല്‍ പിന്നെ ദിവസം പത്തു പതിനഞ്ചു മണിക്കൂര്‍ പണിയെടുക്കാം എന്ന് കേട്ടിട്ടുണ്ട് . അതുക്കും മേലെയായാല്‍ ജീവിതം തന്നെ ഒരു പണി

വളവുകള്‍ക്കും തിരിവുകള്ക്കും പുറമെ, ആരോഹണ യന്ത്രത്തില്‍ നാലഞ്ചു നിലകള്‍ മുകളിലേക്കുള്ള സഞ്ചാരത്തിനുമൊടുവില്‍ പ്രയാണം അവസാനിച്ചത് 'എക്‌സിക്യൂട്ടീവ് സിഗാര്‍ ലോഞ്ചു' എന്നെഴുതി ആഡംബരമായി അലങ്കരിച്ച പുകമുറിയ്ക്കുള്ളില്‍ . പുകയന്‍മാരൊന്നും ഇത്ര കാലത്തേ പുകയ്ക്കാത്തവരായതു കൊണ്ടോ , തത്ര ഭവാന്‍ മാര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാത്തത്ര പണിത്തിരക്കുകള്‍ ഉള്ളതു കൊണ്ടോ എന്നറിയില്ല പ്രദേശം വിജനം
ഈ ആവസരത്തില്‍ കയ്യിലുണ്ടായിരുന്ന കമനീയമായ ഡപ്പി തുറന്നു രണ്ടു സിഗാറുകള്‍ പുറത്തെടുത്ത് , ഒന്ന് തനിക്കായി നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു
"പുകവലി നിര്‍ത്താന്‍ എത്രയെളുപ്പം, ഈ ഞാന്‍ തന്നെ എത്ര തവണ നിര്‍ത്തിയിരിക്കുന്നു ",
 കുലുങ്ങി ചിരിച്ചു കൈ മുകളിയ്ക്കു ഉയര്‍ത്തിക്കൊണ്ട് മാര്‍ക്ക് ട്വൈന്‍ എന്ന് കൂട്ടിച്ചേത്തു .
"ബുദ്ധിമാന്മാര്‍ എപ്പോഴും മൂകത പാലിക്കാറില്ല , പക്ഷെ എപ്പോള്‍ പാലിക്കണം എന്നതവര്‍ക്കു നന്നായി അറിയാം " എന്ന് കൈ ഉയര്‍ത്തി കാട്ടി, കുലുങ്ങി ചിരിച്ചു കൊണ്ട് വിനയ പൂര്‍വം സിഗാര്‍ ഞാന്‍ മടക്കി നള്‍കി .
"ഇങ്ങനെയുള്ള വിലകൂടിയ ഉപഹാരങ്ങള്‍ നിരസിക്കുന്നതു ചില  സംസ്കാരങ്ങളില്‍ മര്യാദ കേടായി കരുതുന്നു"  എന്നായി മൂപ്പനാര്‍.
"എന്നാല്‍ ഇനി ഞാന്‍ പറയാന്‍ പോകുന്ന കരാറുകളില്‍ ഉപാധികളില്ലാതെ ഒപ്പു വെച്ചാല്‍ തന്നെ ഞാന്‍ വെറുതെ വിട്ടേക്കാം " എന്ന് കൂടി പറഞ്ഞിട്ട് അദ്ദേഹം വീണ്ടും പൊട്ടിചിരിച്ചു .

വാക്കിലും , നോക്കിലും , എടുപ്പിലും, നടപ്പിലും,  ഒരോ ചലനത്തിലും ഉള്ള ആജ്ഞാ ശക്തി , 'ഇയാള്‍ സി. ഇ. ഓ. ആയിട്ടോ ജനിച്ചു വീണത് ?' ജീവിതത്തിലാദ്യമായി എനിക്കിത്തിരി പൊക്കം കുറഞ്ഞിരുന്നു എങ്കില്‍ എന്ന് തോന്നിപ്പോയി.
എഡ്വേര്‍ഡ് ഓള്‍സണ്‍ , വിളിപ്പേര് എഡ് , എഡ്ഡി  എന്നു വിളിക്കാനുള്ള അവകാശം അമ്മയ്ക്കും ഭാര്യയ്ക്കും മാത്രമേ നല്‍കിയിട്ടുള്ളൂ എന്ന് എഡ്. എഡേമാന് എന്താണ് പറയാനുള്ളത് എന്ന് കൂര്‍പ്പിച്ച കാതുമായി ഇരിക്കുന്ന എന്നോട് "വലി വേണ്ടെങ്കില്‍ നമുക്കൊരോ കോഫിയാവാം" എന്നായി മൂപ്പനാര്‍ .
" എ ലോട് ക്യാന്‍ ഹാപ്പെന്‍ ഓവര്‍ എ കപ്പ് ഓഫ് കോഫി " എന്ന് ചിരിച്ച എന്നോട് ,
"സുഹൃത്തെ , എനിക്ക് ഒരു നല്ല ഭാര്യയുണ്ട് , മാത്രമല്ല അവള്‍ എന്നെ ഉപേക്ഷിക്കുന്നതും കാത്ത് പല നിറത്തിലുള്ള സുന്ദരിമാര്‍ കാത്തിരിപ്പുണ്ട് , അത് കൊണ്ട് കോഫിയുടെ പുറത്തോ വിസ്കിയുടെ പുറത്തോ  ഒന്നും തന്നെ സംഭവിക്കുകയില്ല " എന്ന് വീണ്ടും മുഴങ്ങുന്ന പൊട്ടിച്ചിരി .
"കോഫിയും സ്‌നേഹവും ചൂടാറാതെ സൂക്ഷിച്ചാലേ ആസ്വദിക്കാനാവൂ " എന്നതാണ് എന്‍റെ പുതിയ പ്രസ്താവന എന്നായി ഞാന്‍.
കോഫിയും ചിരിയും പങ്കിട്ട് ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു .
കണ്ഠ ശുദ്ധി വരുത്തി അദ്ദേഹം ഇങ്ങനെ പറഞ്ഞു തുടങ്ങി .
"നമ്മുടെ ഈ സംഭാഷാണത്തിനൊടുവില്‍ ഒന്നുകില്‍ നീ ആത്യധികം ആവേശഭരിതനാവും അല്ലെങ്കില്‍ അങേയറ്റം  ഹതാശനാകും ."എന്‍റെ ഉദ്വേഗത്തിന്റെ തീയില്‍ കുറച്ചെണ്ണ കൂടി പകര്‍ന്ന് ,ഒറ്റക്കണ്ണ് ചിമ്മി ഒരു ചിരി കൂടി സമ്മാനിച്ചിട്ട് മൂപ്പന്‍ അവതരിപ്പിച്ച കരാറിന്‍റെ ചുരുക്കം ഇങ്ങനെ ...

മൂപ്പനായ ഈ മുഖ്യന്‍റെ വെട്ടിപ്പൊന്നുമില്ലാത്ത ഭാര്യയുടെ നടുവ്  വെട്ടിപ്പോയിരിക്കുന്നു.അടുത്ത ഞായറായഴ്ച നടക്കാനിരിക്കുന്ന ചരിത്ര പ്രസിദ്ധമാകാനിടയുള്ള ഒരു ഒന്നാം പിറന്നാള്‍ ആഘോഷത്തിന്‍റെ ചുക്കാന്‍ കയ്യില്‍ മുറുകെ പിടിക്കുന്നതിനിടയിലാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത് .മുഖ്യ മൂപ്പന്‍  എഡ്യാരുടെ മകള്‍ 'കിം' (പേര് കേള്‍ക്കുമ്പോള്‍ 'അധ കിം ' എന്ന് ചോദിക്കണം എന്ന് തോന്നിയാല്‍ നമ്മള്‍ സംയമനം പാലിച്ചേക്കണം ), പറഞ്ഞു വന്നത്  'കിം ' എന്ന കിംബെര്‍ലി യുടെ ആദ്യത്തെ കുട്ടിയുടെ , അതായത് ഓള്‍സണ്‍ കുടുംബത്തിലെ  ആദ്യത്തെ പേരക്കുട്ടിയുടെ , ഒന്നാം പിറന്നാള്‍ ആഘോഷം. കടലിളക്കി ക്ഷണക്കത്തു പോയിരിക്കുന്നു . സെനറ്റര്‍ മാരും, ഗവര്‍ണര്‍ മാരുമായി പെരുമീന്‍, സ്രാവ് ,തിമിംഗലം ,കടലാമ എന്നിങ്ങനെ മുന്തിയ ഇനങ്ങള്‍ വലയില്‍ കുടുങ്ങിയിരിക്കുന്നു .ഒരുക്കങ്ങള്‍ക്കൊന്നും കുറവേതും ഭവിച്ചു  കൂട .

വേണ്ടുന്ന സംഗതികള്‍ ക്രമീകരിക്കുന്നതിലേക്കായി ആഘോഷം നടക്കാനിരിക്കുന്ന ദ്വീപിലേയ്ക്ക് പറക്കുന്നതിനായി െ്രെപവറ്റ് ജെറ്റ് റെഡിയാക്കി എണ്ണയും തിരിയും നിറച്ചു സ്റ്റാര്‍ട്ട് ആക്കി നിര്‍ത്തിക്കഴിഞ്ഞപ്പോഴാണത്രെ കിം എന്ന കിംബെര്‍ളിയുടെ മാതാവായവളും , പിറന്നാള് കാരിയുടെ മാതാമഹിയായവളും , എഡ്യാര് മൂപ്പന്‍റെ കളത്രവുമായ കേന്ദ്ര സ്ഥാനത്തിന് ഇളക്കം തട്ടി , നടുവ് വെട്ടി , വെട്ടിലായിപ്പോയിരിക്കുന്നത് . 'അധ കിം ' അവളുടെ ഭര്‍ത്താവോടു ചേര്‍ന്ന് പിറന്നാള്‍ കുട്ടിയുമായി സംഗതിയുടെ തലേന്നാള്‍ മാത്രമേ ജപ്പാനില്‍ നിന്നും എത്തുകയുള്ളു . എന്തിനേറെ പറയുന്നു , ആഘോഷങ്ങളുടെ തയ്യാറെടുപ്പിന്‍റെ ചുക്കാന്‍ എഡ്യാരദ്യേത്തിന്‍റെ ചുമലില്‍ വീണു ഭവിച്ചിരിക്കുന്നു.( എന്നു പറക എന്‍റെമീനക്ഷ്യേയ്..)

എഡ്യാരദ്ദേഹമാവട്ടെ നാളെ നടക്കാനിരിക്കുന്ന പരമ പ്രാധനമായ ഒരു ബിസിനസ് കോണ്‍ഫെറെന്‍സില്‍ പങ്കെടുക്കാന്‍ , ഇന്ന് സാന്‍ഫ്രാന്‍സിസ്‌കോ യിലേക്ക് പറക്കാനിരിക്കവെയാണ് കാര്യങ്ങള്‍ കരണം മറിഞ്ഞത് . നമ്മുടെ കമ്പനിയെ വളര്‍ത്തണോ തളര്‍ത്തണോ എന്ന തീരുമാനം ഈ കോണ്‍ഫെറെന്‍സിന്റെ പരിണത ഫലമായിരിക്കും. കമ്പനിയുടെ നില നില്പിനെ തന്നെ ബാധിച്ചേക്കവുന്നതും , നമ്മുടെ നിക്ഷേപകര്‍ ഉറ്റു നോക്കുന്നതുമായ ഈ കോണ്‍ഫെറെന്‍സില്‍ തന്‍റെ പ്രതി പുരുരുഷനായി നീ പോകണം . നിന്നിലെനിക്കുള്ള വിശ്വാസം അത്ര ബൃഹത്തായതാണ് . .ഇത്രയും പറഞ്ഞ് അദ്ദേഹം എന്‍റെ മുഖത്തേയ്ക്കു അര  നിമിഷം സൂക്ഷിച്ചു നോക്കി.എന്നിട്ട് കൂട്ടിച്ചെര്‍ത്തു , യാത്രയ്ക്ക് തയ്യാറെടുക്കുവാന്‍ രണ്ടു മൂന്നു മണിക്കൂറുകള്‍ മാത്രമേ ഉള്ളു എന്ന വസ്തുത ശ്രദ്ധിച്ചു കാണുമല്ലോ.കൂടാതെ നീ നാളെ എന്തോ മുഖ്യമായ വേലയ്ക്കായി സ്വയം പ്രഖ്യാപിത അവധിയായ 'പേഴ്‌സ്ണല്‍ ഡേ ഓഫ് ' എടുത്തിരിക്കുന്നതായി എന്റെ അസ്സിസ്റ്റ ന്റ്  എന്നെ ബോധ്യപ്പെടുത്തുകയുണ്ടായി. ആ അവധി നീ ഉടനടി റദ്ദു ചെയ്യേണ്ടതാകുന്നു. അതു കൊണ്ടു ഉണ്ടായേക്കാവുന്നതായ ഏതു നഷ്ടവും പരിഹരിക്കാന്‍ കമ്പനി ബാധ്യസ്ഥമായിരിക്കും എന്ന് ഇതിനാല്‍ പ്രതിജ്ഞ ചെയ്തു കൊള്ളുന്നു . സി.ഇ.ഓ. മൂപ്പന്‍ പറഞ്ഞു നിര്‍ത്തി

നാളെ എന്‍റെ മൊളുടെ പിറന്നാള്‍ ആണെന്നും, അവള്‍ ആശിച്ച വണ്ണം ചില കാര്യങ്ങള്‍ ആസൂത്രണം  ചെയ്തു പോയി എന്നും ,തിമിംഗലങ്ങള്‍ ഒന്നും അല്ല എങ്കിലും 'അയല മത്തി ചൂര ചാള' എന്നിങ്ങനെയുള്ള ചില ഇന്‍ഡ്യന്‍  മീനുകളെയും സാല്‍മണ്‍ , ലോബ്സ്റ്റര്‍ അഥവാ വലിയ കൊഞ്ചിനത്തില്‍ പെട്ട ഒന്ന് രണ്ട് അമേരിക്കന്‍ മീനുകളെയും , മോള്‍ടെ സന്തോഷാര്‍ത്ഥ്അം നാളെ വൈകിട്ടത്തേയ്ക്കു വലയില്‍ പെടുത്തി വച്ചിട്ടുണ്ടെന്നും, ഇത്തിരി വൈകി വന്ന വസന്തമായ പൊന്നു മോള്‍ടെ പിറന്നാളിന് അച്ഛനായ  ഞാന്‍ ഇന്നു വരെ കൂടാതെ ഇരുന്നിട്ടെല്ലന്നും ഒക്കെ ഘോര ഘോരം പ്രസംഗിക്കണം എന്നാഗ്രഹിച്ചു. എങ്കിലും അതിനൊന്നും അവസരം തരാതെ 'ഇതൊരു കല്പനയാണ് , ദിസ് ഈസ് ആനാര്‍ഡര്‍ ' എന്ന് രായമാണിക്യേട്ടന്‍  പറയും പോലെ , എന്നാല്‍ പറയാതെ പറഞ്ഞും കൊണ്ട് അദ്ദേഹം അടുത്ത സംഭാഷണ വിഷയത്തിലേക്ക് എടുത്തു ചാടിക്കളഞ്ഞു .
സന്ദര്‍ഭ വശാല്‍ നിനക്ക് കിട്ടിയ ഈ അവസരം ദൈവനിയോഗമാണെന്നും ഇതിനാല്‍ നിന്റെ കീര്‍ത്തി ഈരേഴു പതിന്നാലു ലോകങ്ങളിലും പ്രചരിക്കാന്‍ പോലും സാധ്യതയുണ്ടെന്നും , ഈ അവസരം കമ്പനിയുടെ മേല്‍ഗതിയ്ക്കായി നീ വേണ്ട വണ്ണം വിനിയോഗിക്കും എന്ന് തനിക്ക് ഉറച്ച വിശ്വാസം ഉണ്ടെന്നും പറഞ്ഞ് തോളില്‍ തട്ടി അതിദൃഡമായ ഒരു ഹസ്തദാനത്തിനു ശേഷം വാതില്‍ തുറന്ന് വന്നതിലധികം വേഗതയോടെ നടന്നകലുന്ന എഡ്യാനെ ചില്ലു വതിലിലൂടെ നോക്കി സ്തബ്ധനായി ഞാന്‍ നിന്നു.

യാത്രയ്ക്കുള്ള സജ്ജീകരണങ്ങള്‍ , ഇന്നെത്തേതുള്‍പ്പെടെ ഈ ആഴ്ച്ചയിലേക്ക് വേണ്ടുന്ന കാര്യ പരിപാടിയിലെ പുനഃ ക്രമീകരണങ്ങള്‍ , എന്നിവയ്ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ അസിസ്റ്റന്‍സിനു നല്‍കുക എന്നത് അടുത്ത ചുവടു വെയ്പ്പായിരിക്കെ, ഇനിയും ചൂട് മാറാത്ത കോഫി കപ്പില്‍ തിരുമ്മി പിടിച്ച് , തല കുമ്പിട്ടിരിക്കുമ്പോള്‍ മനസ്സിലായി ,അപ്രതീക്ഷിതമായി ഒരു ബൃഹത്തായ അവസരം കിട്ടിയതിലുള്ള ആനന്ദത്തിനു പകരം , ഹേതു രഹിതമായ ഒരു മ്ലാനതയാണ് മനസ്സിനെ ബാധിച്ചിരിക്കുന്നത് എന്ന്.

എഡ്യാന്‍ തന്നെ പണ്ട് പറഞ്ഞ ഒരു പ്രമാണം  തലയില്‍ മിന്നി. താന്‍ കമ്പനി സി.ഐ.ഓ. ആയി ചാര്‍ജെടുത്ത കാലത്ത് ഉപദേശ രുപേണ അദ്ദേഹം പറഞ്ഞു
"ഈ കമ്പനിയുടെ ദൈനം ദിന നടത്തിപ്പിനെയും , പുരോഗതിയെയും മുഴുവന്‍ നിയന്ത്രിക്കുന്ന ഐ.ടി. എന്ന വിഭാഗത്തിന്‍റെ  പരമാധികാരിയായ നിനക്ക് ഉമിനീരിറക്കാന്‍ പോലും അവസരം കിട്ടാത്തത്ര തിരക്കുകള്‍ ഉണ്ടായിരിക്കും , ഓര്‍ക്കുക നിന്റെ ശ്രദ്ധ എപ്പോഴും ക്രിസ്റ്റല്‍ ബോളുകളിലായിരിക്കട്ടെ , റബ്ബര്‍ ബോളുകള്‍ തെന്നിത്തെറിച്ചു വീണ്ടും നിന്‍റെ കയ്യിലെത്തിപ്പെട്ടേക്കാം , ക്രിസ്റ്റല്‍ ബോളുകളാവട്ടെ ഒരിക്കല്‍ കൈ വിട്ടാല്‍ അഥവാ ഒരു ചെറിയ നോട്ടക്കുറവ് പിണഞ്ഞാല്‍ വീണുടഞ്ഞു തീര്‍ന്നു പോകും" എന്നത്രെ പ്രമാണം .

"അപ്പീ എന്തരടേ ഈ ക്രിസ്റ്റല്‍ ബാളുകള് ?  എഡ്യരു മുതലാളീടെ പേരക്കുട്ടീടെ ഒന്നാം പിറന്നാള്‍ അയാള്‍ക്ക് ക്രിസ്റ്റല്‍ ബോള് , അപ്പൊ എന്‍റെ കുട്ടി മാളൂന്റെ പിറന്നാള്‍ എന്തര്? ഓലപ്പന്തുകള് തന്നെ?"

ഛെ , കുരുട്ടു ബുദ്ധി വരുമ്പോഴൊക്കെ എന്തരോ ഭാഷകള് തലയില് വന്നു കേറും.ഒരടി തലയ്ക്കു കൊടുത്ത് തിരിയാന്‍ തുടങ്ങിയ തല നേരെയാക്കി.

"കരുതലില്ലാത്ത ചിന്തകള്‍ ശത്രുവിനേക്കാള്‍ കൂടുതല്‍ ആപത്ത് " എന്ന് ബുദ്ധ ഭഗവാന്‍ പറഞ്ഞിട്ടുണ്ട് .
ചിന്തകള്‍ വിത്തുകള്‍ക്ക് സമം . വിഷ വിത്തുകള്‍ വിഷച്ചെടികള്‍ മുളപ്പിയ്ക്കും.

"വിട്ടേ വിട്ടേ , സ്ഥലം വിട്ടേ " എന്ന് ഞാന്‍ ചിന്തകളോടാജ്ഞാപിച്ചു .

ഇനി രമാദേവീവിലാസം നാടസമിതിയില്‍ അവതരിപ്പിക്കുവാനുള്ള നാടകത്തിന്റെ രചനയും സംവിധാനവും ഒക്കെ വീട്ടിലേയ്ക്കു ഉള്ള കാര്‍ യാത്രയില്‍ നടത്തണം .സെന്റിമെന്‍റ്‌സും കണ്ണീര്‍ പുഴയും ഒക്കെയുണ്ടാവും .ഇന്നെങ്കിലും സ്റ്റണ്ട് മാസ്റ്ററാവാന്‍ എന്നെ വിധിക്കരുതേ ഭഗവാനെ.
'ഓണം വരാനൊരു മൂലം വേണം ' , ഇന്നിതാണെന്നു സമാധാനിക്കാം .
"പിറന്നാള്‍  ആഘോഷം എന്ന് പറഞ്ഞു മകളെ ഇളക്കിയിട്ടു സ്ഥലം വിടുന്ന ഒരു അച്ഛന്‍"  എന്ന സംഭാഷണ ശകലം അവള്‍ പറയണം എങ്കില്‍ എന്റെ പ്രാരംഭ പ്രസ്താവന എന്തായിരിക്കണം.?  എന്ന ആലോചനയ്ക്കിടയില്‍ ഫോണടിയ്ക്കുന്നു .ഫ്‌ലൈറ്റ് ടിക്കറ്റിന്‍റെയും മറ്റു യാത്ര സജ്ജീകരണങ്ങളുടെയും തീര്‍ച്ചപ്പെടുത്തല്‍ . ഫോണ്‍ വെച്ചു കഴിഞ്ഞപ്പോള്‍ ക്രിസ്റ്റല്‍ ബോളിന്റെ വിഷപ്പൂവിനു വിരിയാന്‍ വീണ്ടുമൊരു വെമ്പല്‍ , എഡ്യാന്‍ കാണിച്ചത് പഴയ വെള്ളകാരന്റെ ധാര്‍ഷ്ട്യം തന്നെയല്ലേ ? വിഷവിത്തു ചെറുതായി മുള പൊട്ടുന്നോ ?
െ്രെഡ ക്‌ളീനിഗ് ചെയ്തു നാനാവിധമാക്കിയ തുണിത്തരങ്ങളും താങ്ങി 'കഭി കഭി മേരെ ദില്‍ മേ ' എന്ന മുകേഷ് ഗാനം മൂളിപ്പാട്ട് രൂപത്തില്‍ കുറെയൊക്കെ സ്വയം ചിട്ടപ്പെടുത്തിയ ട്യൂണില്‍ ആലപിച്  തുള്ളിച്ചാടി കയറി വന്ന രമാ മാഡം മുറിയ്ക്കുള്ളില്‍ യാത്രപ്പെട്ടി തയ്യാറാക്കുന്ന എന്നെ കണ്ട് ഒന്ന് ഞെട്ടി. കാലത്തേ ചോറ്റ്വാത്രോം എടുത്ത് പണിക്കു പോയ കണവന്‍ ഉച്ചയ്ക്ക്  മുമ്പേ വീട്ടില്‍ !!!

എന്നിലെ മഫിയ ശശിയെ ഉണര്‍ത്തരുതേ എന്ന പ്രാര്‍ത്ഥനയുമായി , കാലത്തേ നടന്ന സംഭവവികാസങ്ങള്‍ വള്ളി പുള്ളി വിടാതെ ഞാന്‍ കുടുംബിനിയെ ധരിപ്പിച്ചു .എഫ് . എ. ക്യയൂ  അഥവാ ഫ്രീക്വന്റ്‌ലി അസ്കഡ് ക്വസ്ട്യന്‍സ് എന്ന വിഭാഗത്തില്‍ ചേര്‍ക്കാന്‍ പോരുന്ന കൃത്യതയോടെ എല്ലാ ചോദ്യങ്ങള്‍ ക്കും മണി മണി യായി ഉത്തരം പറഞ്ഞു  ഞാന്‍ ഒരു മണിക്കുട്ടനായി . എന്തും നടക്കാം എന്ന സാധ്യതയോടെ ഒന്നു രണ്ടു നിമിഷങ്ങള്‍ മൂകമായി കടന്നു പോയി.
വിധി നിര്‍ണായകമായ ആ വേളയില്‍ എന്തും വരട്ടെ എന്ന ധൈര്യത്തോടെ തലയുയര്‍ത്തി അവളെ വീക്ഷിച്ച എന്നെ നോക്കി അവള്‍ ഇങ്ങനെ വിധിച്ചു ..

"എന്തായാലും ഒരു മണിക്കൂര്‍ ഉണ്ടല്ലോ , ഉണ് കഴിച്ചിട്ടിറങ്ങിയാല്‍ മതി "
ഈ പ്രസ്താവന കേട്ട് ഇപ്പോള്‍ വിസ്തരിച്ചു  ഞെട്ടിയത് ഞാന്‍.
"സ്ത്രീ ചിത്തം ആരു കണ്ടു , ഭയങ്കരം ,ഭയങ്കരം. കൊലക്കയറോ ജീവപര്യന്തമോ ഒക്കെ പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് പൂമാല, വെറും പൂവല്ല, നല്ല പുഷ്പത്തിന്റെ മാല .
പാക്കിങ് പൂര്‍ത്തിയാക്കി , വെറുതെ ഭാര്യയെ ഭയന്നതോര്‍ത്തു ചിരി പൂണ്ട് ഊണ് മേശയിലെത്തിയ എനിക്ക് വീണ്ടും ഞെട്ടലുണ്ടായി.
ഊണ് എന്ന് പറഞ്ഞെങ്കിലും പതിവിന് പടി ബേക്ട് സാല്‍മണും സാലഡും പ്രതീക്ഷിചെത്തിയ എന്‍റെ അന്തഃകരണം പുളിയിട്ടു വെച്ച മീന്‍കറിയും , വേണ്ടക്ക മെഴുക്കു പുരട്ടിയും, കാച്ചിയ പപ്പടവും  കൂട്ടിയുള്ള ഊണിന്റെ താക്കോലിട്ടു നാരി തുറപ്പിച്ചു കളഞ്ഞ ആ വേളയില്‍ , ആഗാധതയില്‍ആഴ്ന്നു കിടന്ന അന്തരാത്മാവിന്റെ വേദന നിഗൂഢത മറ മാറ്റി പുറത്തയ്ക്ക് എടുത്തു ചാടി.
അനന്തരം രമാപാണി എന്റെ ഇടം കയ്യിലൊതുക്കി ഞാന്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി.
"അവസാന നിമിഷ തീരുമാനമായിരുന്നിട്ടും ഒരു ക്ഷമാപണത്തിന്‍റെ ലാഞ്ഞ്ഛന പോലും ഇല്ലാതെ എഡ്യാന്‍ വിഷയം അവതരിപ്പിച്ചത് തന്നെ അലട്ടുന്ന ഒരു വസ്തുതയാണ്, ഓള്‍സണ്‍ കുടുംബത്തിലെ കൊച്ചു മകളുടെ പിറന്നാള്‍ കാര്യവും തന്‍റെ മോളൂട്ടി യുടെ പിറന്നാള്‍ കാര്യക്കേടും ആവുന്നതില്‍ ഒരു വിവേചനം അനുഭവപ്പെടുന്നു, ആയതിനാല്‍ താന്‍ സന്തോ ഷ ചിത്തനായല്ല ഈ യാത്രയ്ക്കു തയ്യാറായിരിക്കുന്നത് "
എന്ന് പറഞ്ഞു ഒരു കവിള്‍ വെള്ളവും കൂടി അകത്താക്കി ഊണും പ്രസംഗവും ഉപസംഹരിച്ചു .

കണ്ണാടിയില്‍ ഒരുവട്ടം കൂടി നോക്കി അധികം ഉള്ള ഹെയര്‍ ജെല്‍ തുടച്ചുമാറ്റിടൈ യ്യുടെ കുടുക്കിന്‍റെ മിനുക്കു പണികള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനിടെ തനിക്കിഷ്ടപ്പെട്ട കറുമ്പന്‍ കോഫി , മധുരം കുറച് , കോപ്പര്‍ കപ്പില്‍ ഹൃദ്യമായി പകര്‍ന്ന് മുറിക്കുള്ളില്‍ എത്തിയ ഗൃഹണിയായ എന്‍റെ ഹണി കാപ്പിക്കപ്പ് കയ്യില്‍ തന്നിട്ട് ഒരു നിമിഷം ഇരിക്കുവാന്‍ ആവശ്യപ്പെട്ടു .എന്തിനുള്ള പുറപ്പാടാണ് എന്ന ആശങ്കയുമായി നല്ല കാപ്പി നന്നായ് നുണഞ്ഞു വാച്ചിലൊന്നു കണ്ണ് പായിച്ച് കിടപ്പു മുറിയിലെ വായന കസേരയില്‍ കുത്തിയിരുന്ന എന്നോട് ഭവതി ഇപ്രകാരം ഉര ചെയ്തു തുടങ്ങി.
"ക്രിസ്റ്റല്‍ബാള്‍ റബ്ബര്‍ബാള്‍  സിദ്ധാന്തത്തോട് ഞാനും പൂര്‍ണമായി യോജിക്കുന്നു ,ഏന്നിരിക്കിലും എന്താണ് ക്രിസ്റ്റല്‍ ബോള്‍ , എന്താണ് റബ്ബര്‍ ബോള്‍ എന്നത് സമചിത്തതയോടെ തീര്‍ച്ച പ്പെടുത്തുമെങ്കില്‍ മാത്രമേ ആ സിദ്ധാന്തം ഫലപ്രാപ്തിയിലെത്തുകയുള്ളൂ .ഇവിടുത്തെ കാര്യം തന്നെ എടുക്കുക, എഡ്യാന്‍ മാഷിന്‍റെ കിംമോളും ഭര്‍ത്താവും കുഞ്ഞോടൊപ്പം ജപ്പാന്‍ദേശത്ത് നിന്നും പിറന്നാളാഘോഷത്തിനായി പറന്നെത്തുന്നു ,രാജ്യതന്ത്ര പ്രതിനിധികളും സ്ഥാനപതികളും തുഴഞ്ഞും , പറന്നും, ഇരുന്നു നിരങ്ങിയും പിറന്നാളോഘോഷത്തിനായി ദ്വീപിലെത്താന്‍ ദൃഡ്ഡപ്രതിജ്ഞ ചെയ്തിരിക്കുന്നു ,ഈ അവസരത്തില്‍ ഒരുക്കങ്ങള്‍ നടത്താന്‍ അരയും തലയും മുറുക്കി ഇറങ്ങിയ എഡ്യാരമ്മ അര പോയി തല മാത്രമായ് വീണു പോയിരിക്കുന്നു.തദവസരത്തില്‍ കാര്യങ്ങള്‍ ക്രമത്തിലാക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നത് എഡ്യാരദ്യേത്തിന് ക്രിസ്റ്റല്‍ബാള്‍ തന്നെയാണ് . വീണു ടഞ്ഞാല്‍ ധൂളി പടലങ്ങ ളായി തീര്‍ന്നേക്കാവുന്നതും കുറവുകളേതെങ്കിലും പിണ ഞ്ഞാല്‍ കമ്പനി തന്നെ വെള്ളത്തിലാക്കാന്‍ കെല്‍പ്പുള്ള വമ്പന്‍ സ്രാവുകളെ മെരുക്കിയെടുക്കുവാനുള്ള സുവര്‍ണാവസരവുമായ ക്രിസ്ടല്‍ ബാള്‍ .അതായത് കിംകുട്ടിയുടെ പിറന്നാള്‍ പൂരത്തില്‍ കമ്പനിയുടെ ഭാവി എഡ്ഡി മാഷ് ഒളിപ്പിച്ചു വച്ചിരിക്കുന്നു.
 എന്നാല്‍ നമ്മുടെ കാര്യമോ , വാര ഫലം നോക്കാതെ , വരത്തിന്‍റെ മധ്യത്തില്‍ തടുത്തുകൂട്ടിയ ഈ വിരുന്ന് തള്ളി വാരാന്ത്യത്തിലേയ്ക്കാക്കിയാല്‍ നമ്മുടെ സുഹൃത്തുക്കള്‍ നമ്മെ വാനോളം പുകഴ്ത്തുകയെ ഉള്ളു.പിറന്നാള്‍ ദിവസം അച്ഛനടുത്തില്ല എന്ന് നമ്മുടെ 'ബേബി ശാലിനി ' ചിണുങ്ങിയാല്‍ മിഠായി , പപ്പടം , വാനില്ലാ  ഐസ്ക്രീം , കാറില്ലാ ഐസ്ക്രീം , എന്നിങ്ങനെയുള്ള സുന്ദര വസ്തുക്കളാല്‍ അവളെ കരുതലോടെ കുടുക്കിയിടാന്‍ അവളുടെ അമ്മയായ ഞാന്‍ വെട്ടാത്ത നടുവുമായി വിളങ്ങി വിലസുന്ന കാര്യം അങ്ങു മറന്നു പോയതെന്തേ. മാത്രമല്ല പിറന്നാള്‍ ആഘോഷം രണ്ടു പ്രാവിശ്യം എന്നത് ബേബി ശാലിനിയെ കൂടുതല്‍ സന്തോഷ വതിയാക്കുകയേ ഉള്ളൂ .ഈ കുട്ടിപ്പിറന്നാള്‍  അങ്ങു എങ്ങിനെയാണ് ക്രിസ്റ്റല്‍ ബോളായി കണക്കാക്കിയത്" എന്ന ചോദ്യ ശരം എന്‍റെ നേരെ എയ്തും വെച് അവള്‍ അടുത്ത 'ലാ പോയിന്ടിലേയ്ക്കു' കടന്നു .
മറ്റൊരു പ്രധാന വസ്തുത ഇങ്ങനെയുള്ള ചില ചെറിയ സ്ഫടിക ബോളുകള്‍ എറിഞ്ഞുടച്ച് ആ മുറിവിന്‍റെ വേദന അരക്കാക്കിയാവില്ലേ എഡ്യാന്‍ ചീഫ്എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന തിലകം അണിയാനുള്ള യോഗ്യത നേടിയത്  എന്നവള്‍ എന്‍റ്റെ മുഖത്ത് നോക്കി ആരാഞ്ഞപ്പോള്‍ 'യാരമ്മ തായേ നീ ? ഉന്‍പേരോ അവ്വയാര്‍ ?' എന്നു ചോദിക്കും പോലെ വന്തിരിച്ച് , ആനാ ചോദിക്കവില്ലയ് , കാരണം  അതുക്കുമുന്നാടി അവള്‍ അടുത്ത പോയിന്റ് കുടഞ്ഞിട്ടു.

"എഡ്യാന്‍ മുഖ്യന്‍റെ കീഴിലായി നീലത്തിമിംഗലങ്ങളും കൊമ്പന്‍ സ്രാവുകളും വേറെയുണ്ട് എന്ന് താങ്കള്‍ തന്നെ നേരത്തെ പ്രഖ്യാ പിച്ചിട്ടുള്ളതാകുന്നു,  .അവരുടെ ഒക്കെ കണ്ണുവെട്ടിച്ചുംവെച്ച് ആ മൂപ്പന്‍ , മഹാത്മാവേ അങ്ങയേതന്നെ ഈ ഉദ്യമത്തിനായിതിരഞ്ഞെടുത്തത് ' ആങ്ങള ചത്താലും നാ ത്തൂന്‍റെ കണ്ണീരു കാണാമല്ലോ ' എന്ന മഹദ് വചനം കേട്ടിട്ടാവില്ല , മറിച്ച് തന്നെ പ്രതിനിധാനം ചെ യ്ത്‌പോയി കമ്പനിയ്ക്ക് മേല്‍ഗതിക്കായുള്ള അങ്കം ജയിച്ച് വരാന്‍ വങ്കനല്ലാത്ത ഈ തങ്കനേ കഴിയൂ എന്ന ഉറച്ച വിശ്വാസം കൊണ്ട് തന്നെ യാവും , അല്ലെ?"
പോയിന്റുകള്‍ താങ്ങാന്‍ കെല്പില്ലാതെ കട്ടന്‍കാപ്പികപ്പില്‍ തിരുമ്മിപ്പിടിച്ച്ചു തലയൂന്നി ഇരിക്കുന്ന എന്റെ മേല്‍ അവള്‍ ഒരു പോയിന്‍റ് വര്‍ഷം തന്നെ നടത്തി .

"പടിഞ്ഞാറന്‍ ദേശക്കാര്‍ എന്നാല്‍ കുടുംബ സ്‌നേഹമില്ലാത്ത മൃഗസമാനര്‍ എന്ന് ചില മഞ്ഞപ്പത്രങ്ങള്‍ ഉദ്‌ഘോഷിക്കുന്നു . കുടുംബ സ്‌നേഹമുള്ളവര്‍ വടക്കും , കിഴക്കും, തെക്കും പോരാതെ പടിഞ്ഞാറും ഉണ്ട് എന്ന് എഡ്യാന്‍  നമ്മെ ഓര്‍മിപ്പിക്കുന്നില്ലേ ? രണ്ടു മാസങ്ങള്‍ക്കുമുന്‍പ് 'അമ്മയുടെ ഉപ്പു മാങ്ങാ ചമ്മന്തിയും അച്ഛന്റെ വാത്സല്യവും' എന്ന തലക്കെട്ടോടെ അവധിയ്ക്കപേക്ഷിച്ചപ്പോള്‍ സ്വന്തം പദ്ധതികളൊക്കെ കാറ്റില്‍ പറത്തി 'മകനെ നീ വയറുനിറയെ  ഉപ്പുമാങ്ങ സേവിച്ചുഷാറായി വരിക എന്നനുഗ്രഹിച്ച് നാട്ടിലേയ്ക്കച്ചതും , വ്യാപാര തലവന്‍മാരോ വെണ്ടര്‍വീരന്മാരോ തദവസരത്തില്‍ ഫോണയോ , ഇമെയില്‍ ആയോ , കാറ്റായോ, കടലായോ നിനക്കു ശല്യമാകാതെ  ഒരു കാവല്‍മാലാഖ യായി ഞാനിരിക്കാം എന്ന് കഥിച്ചതും ഈ എഡ്യാരു മൂപ്പന്‍ തന്നെയല്ലേ?"

"പണ്ടെന്നോ സായിപ്പ് ഭാരതദേശം വാണരുളിയതിന്‍റെ പക താങ്കളിപ്പോഴും വെള്ളാനകളോട് സൂക്ഷിക്കുന്നതായി എനിക്ക് സംശയിക്കേണ്ടിയിരിക്കുന്നു.  കാരണം ഉടയോര്‍ക്കുടയോനായ പൊന്നു തമ്പുരാന്‍റെ ഉടവാളണിഞ്ഞുപോകാന്‍ അത്യുല്കൃഷ്ടമായ അവസരം കൈവരിക ,തദവസരത്തില്‍ അ ങ്ങയുടെ ഭാര്യ നട്ടെല്ലോടെ നടുവുള്ളവളായി നിവര്‍ന്നു നില്‍ക്കുക എന്നിങ്ങനെ സര്‍വ്വ നക്ഷത്രങ്ങളും ഉച്ചരാശിയില്‍ നില്‍ക്കുന്ന അവസരം ക്രിസ്റ്റല്‍ ബോളായി കാണ്മ്മതില്ലയോ പ്രാണനാഥാ"
 എന്നെന്റെ പ്രേയസി പറഞ്ഞു നിര്‍ത്തിയപ്പോള്‍ , കയ്യടിക്കണോ , വിസിലടിക്കാനോ , കൂവിത്തിമിര്‍ക്കണോ എന്നറിയാതെ ഞാന്‍ ശങ്കിച്ചു .
"പെണ്ണെ നീ തരക്കേടില്ലല്ലോടീ ചക്കീ " എന്ന് തികട്ടി വന്ന അഭിപ്രായം ചൂടാറിയ കാപ്പിയ്‌ക്കൊപ്പം സമര്‍ത്ഥ്മായി  വിഴുങ്ങിക്കളഞ്ഞു .
അതേ , 'വിജയിക്കുന്ന ഓരോ വിജയന് പിന്നിലും ഒരു വിജയമ്മ ഉണ്ടായേ തീരൂ '

"ആത്മ ചൈതന്യം പകര്‍ന്നെനിക്കിന്നു നീ
വാക്കിന് വെളിച്ചമായ് നീയെനിക്കോമലേ
എന്‍ ചിത്തമിന്നുനീ ശുദ്ധമാക്കീലയോ
ഉണ്ടാകുകെന്നുമെന്‍ നല്ല നേര്‍ പാതിയായ് "

എന്ന് ആസ്ഥാനകവി ബിന്ദു പണിക്കര്‍ പാടിയത് ഞാനോര്‍ത്തു .

""അതാവണമെഡാ പെണ്ണ്!!!!!!!"

വിഷ പ്പുകയും വിഷപൂക്കളും ഒഴിഞ്ഞ ഹൃദയവുമായി ഞാന്‍ യാത്ര പുറപ്പെട്ടു. .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക