അഡ് ലെയ്ഡില്‍ സീറോ മലബാര്‍ ദേവാലയ കൂദാശ ഒക്ടോബര്‍ 20 ന്

Published on 20 October, 2019
അഡ് ലെയ്ഡില്‍ സീറോ മലബാര്‍ ദേവാലയ കൂദാശ ഒക്ടോബര്‍ 20 ന്
അഡ് ലെയ്ഡ്: വിശുദ്ധ എവുപ്രാസ്യമ്മയുടെ നാമധേയത്തില്‍ ഓസ്‌ട്രേലിയയില്‍ സ്ഥാപിതമാകുന്ന ദേവാലയത്തിന്റെ കൂദാശ ഒക്ടോബര്‍ 20ന് (ഞായര്‍) നടക്കും.

ഏകദേശം 700 ല്‍ പരം പേര്‍ക്ക് ആരാധന നടത്തുവാന്‍ സാധിക്കുന്ന ദേവാലയത്തിന്റെ നിര്‍മാണം പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിന് അനുസൃതമായി സീറോ മലബാര്‍ സിനഡ് നിര്‍ദ്ദേശിക്കുന്ന രീതിയിലാണ് പൂര്‍ത്തിയാക്കുന്നത്. ദൈവശാസ്ത്രപരമായ ദേവാലയ ഘടന പരമാവധി നിലനിര്‍ത്തുവാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ദേവാലയനിര്‍മാണ കമ്മിറ്റി അറിയിച്ചു. പൈതൃകവും ദേവാലയ കലയും നിലനിര്‍ത്തിക്കൊണ്ടുള്ള ഈ ദേവാലയം സീറോ മലബാര്‍ സഭക്ക് മുതല്‍ക്കൂട്ട് ആകുമെന്ന് പ്രതീക്ഷിക്കുന്നു.

പരസ്യ വണക്കത്തിനായി മൂന്നു വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഓസ്‌ട്രേലിയയിലെ ഏക ദേവാലയമാണ് അഡ്‌ലൈഡ് നോര്‍ത്തിലെ ഈ ദേവാലയം. ഇറ്റലിയിലെ പാദുവായില്‍ നിന്ന് മാര്‍ ബോസ്‌കോ പുത്തൂര്‍ നേരിട്ടു കൊണ്ടുവന്ന വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പിനൊപ്പം സീറോ മലബാര്‍ സഭയിലെ ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെയും, ഇടവക മധ്യസ്ഥയായ വിശുദ്ധ എവുപ്രാസ്യമ്മയുടെയും തിരുശേഷിപ്പുകള്‍ ഈ ദേവാലയത്തില്‍ സൂക്ഷിക്കുന്നുണ്ട്. തിരുശേഷിപ്പുകള്‍ ലഭ്യമായത് മാര്‍ ബോസ്‌കോ പുത്തൂരിന്റെ താല്പര്യപൂര്‍വമായ ഇടപെടല്‍ മൂലമാണെന്ന് വികാരി ഫാ.ഫ്രാന്‍സിസ് പുല്ലുകാട്ട് അറിയിച്ചു.

ദേവാലയ കൂദാശയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് പള്ളി കൈക്കാരന്മാരായ മാര്‍ട്ടിന്‍, ജോയി, ബിബിന്‍ എന്നിവര്‍ അറിയിച്ചു.

ഉച്ചക്ക് 1.30 ന് വിശിഷ്ടാധിതികള്‍ക്കുള്ള സ്വീകരണവും തുടര്‍ന്ന് ആരാധന ക്രമാധിഷ്തിതമായ സ്വാഗതം, തുടര്‍ന്ന് ദേവാലയ വാതില്‍ ദൈവജനത്തിനായി തുറന്നു കൊടുക്കുന്ന കര്‍മം അഡ്‌ലെയ്ഡ് രൂപതയുടെ വികാരി ജനറാള്‍ ഫിലിപ് മാര്‍ഷല്‍ നിര്‍വഹിക്കും. ഗായകസംഗത്തിന്റെ സ്വാഗത ഗാനത്തോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്നു ബോസ്‌കോ പിതാവിന്റെ കാര്‍മികത്വത്തില്‍ അഡ്‌ലെയ്ഡിലെ വിവിധ ഇടവകയിലെ വൈദികര്‍ ഒന്നുചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തിന് മാര്‍ ബോസ്‌കോ പുത്തൂര്‍ അധ്യക്ഷത വഹിക്കും. വിവിധ കമ്മിറ്റികളില്‍ ശുശ്രൂഷ ചെയ്തവരെ ചടങ്ങില്‍ ആദരിക്കുമെന്ന് ദേവാലയനിര്‍മാണ കമ്മിറ്റി അറിയിച്ചു.
വൈകുന്നേരം 7 നു നടക്കുന്ന സ്‌നേഹവിരുന്നിനുള്ള തയാറെടുപ്പുകള്‍ വിവിധ ഇടവകകളില്‍ നിന്നുള്ള പാചകവിദഗ്ധരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

റിപ്പോര്‍ട്ട്:ടോം ജോസഫ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക