StateFarm

മരണം (കവിത: സീന ജോസഫ്)

Published on 24 October, 2019
മരണം (കവിത: സീന ജോസഫ്)
മരണം വരുവതെപ്പോഴെന്നറിയണം
ആ പദനിസ്വനം തെളിഞ്ഞു കേള്‍ക്കണം

ശാന്തമാമുഖത്തു നോക്കുവാന്‍ കഴിയണം
ഭയമേതുമില്ലാതിരിക്കുവാനാകണം

ജീവിതത്താളുകള്‍ കണ്മുന്നില്‍ തെളിയണം
നന്ദിയോടൊക്കെയുമോര്‍ക്കുവാന്‍ കഴിയണം

വരുംജന്മത്തില്‍ തിരികെ വാങ്ങിക്കുവാന്‍
തീരാത്തസ്വപ്നങ്ങള്‍ പറഞ്ഞേല്‍പ്പിക്കണം

കണ്‍കളില്‍ ശാന്തത കവിഞ്ഞു നില്‍ക്കണം
നെഞ്ചില്‍ സംതൃപ്തി നിറഞ്ഞുതൂവണം

ചുണ്ടിലൊരു പുഞ്ചിരി ബാക്കിനില്‍ക്കണം
മനവും തനുവും സുഖനിദ്രയിലാഴണം

ഒടുവില്‍ ഭൂമിതന്‍ ഗര്‍ഭത്തില്‍ തനിച്ചായിരിക്കണം
അണുക്കളോരോന്നും മണ്ണിലലിഞ്ഞു ചേരണം

തീരാക്കിനാവുകള്‍ പൂക്കളായ് വിരിയണം
പുഞ്ചിരിച്ചവയെന്റെ മീതെ പുലരണം

മരണം വരുമ്പോള്‍ അറിയുവാന്‍ കഴിയണം
മനസ്സറിഞ്ഞെതിരേല്‍ക്കുവാനാകണം.

വിദ്യാധരൻ 2019-10-25 00:32:47
മരണം വരുന്നെതെപ്പൊഴെ
ന്നറിഞ്ഞിരുന്നെങ്കിൽ
വിളികേട്ടിടാത്തൊരിട-
ത്തൊളിക്കുമായിരുന്നുടൻ .
വരുന്നതോ കള്ളനെപോൽ 
ഇരവിലിടയ്ക്  നിശബ്ദമായി,
ഒരു  ഹൃദയസ്‌തംഭനമായി.
വരും അത്യാഹിതമായത് 
വരും ഇടിമിന്നലായി 
വരും വെടിയുണ്ടായി 
വരും അർബുദ്ധമായി 
വരും പലരൂപഭാവങ്ങളിൽ 
ഒരുത്തനും രക്ഷയില്ല നിശ്ചയം.
കേട്ടിരിക്കുന്നെന്നാൽ മൃത്യുവെ 
പാട്ടിലാക്കിയോരെ കുറിച്ച് ഞാൻ 
തരുന്നു ഞാൻ എന്റെ ജീവനെ -
ന്നുരചെയ്ത യേശുവെന്നാചാര്യനും, 
റാം റാം എന്ന് ചോന്നെതിരേറ്റ ഗാന്ധിയും. 
വരിക മരണമേ എന്നുറക്കെ 
കരഞ്ഞു കേഴുന്നു ചിലർ പീഡയാൽ    
മരണമതിനെ മാറ്റുവാൻ 
അരുത് അതിനെ ആർക്കുമേ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക