Image

ഒരു സോഷ്യലിസ്റ്റ് സെക്കുലര്‍ പുണ്യാളന്‍ (കഥ: ജോസഫ് എബ്രഹാം )

Published on 27 October, 2019
ഒരു സോഷ്യലിസ്റ്റ് സെക്കുലര്‍ പുണ്യാളന്‍ (കഥ: ജോസഫ് എബ്രഹാം )
കഴിഞ്ഞ നോയമ്പ് കാലത്ത് ഒരു വൈകുന്നേരംവെറുതെ അങ്ങിനെ ഇരുന്നപ്പോള്‍, ദാണ്ടേ  സ്വര്‍ണവെയിലില്‍ വെട്ടിത്തിളങ്ങുന്ന റോമന്‍ പടത്തൊപ്പിയും വെച്ച് വെള്ളകുതിരയോടിച്ചു വന്നിരിക്കുന്നു, എനിക്കെന്നല്ല ഞങ്ങളുടെ നാട്ടുകാര്‍ക്കെല്ലാം ജാതി മത ഭേദമന്യേ ഏറ്റവും പ്രിയപ്പെട്ട പുണ്യവാളനായ സാക്ഷാല്‍ ഗീ. വര്‍ഗീസ് പുണ്യാളന്‍.

ഇളം കാറ്റില്‍ പടത്തൊപ്പിയിലെ തൂവലുകള്‍ ഇളകിയാടുന്നുണ്ട്.പടച്ചട്ടക്ക് പുറമേ കഴുത്തില്‍ ധരിച്ചിരിക്കുന്ന ചുവന്ന മേലങ്കി ചെറിയ തടാകത്തിലെ  കുഞ്ഞോളങ്ങള്‍ പോലെ അലകള്‍ ഞൊറിയുന്നു. അരയിലെ തുകലുറയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന നീണ്ട പടവാള്‍. കുതിരപ്പുറത്ത് കെട്ടി ഉറപ്പിച്ചിരിക്കുന്ന പ്രത്യേക തുകല്‍ ഉറയില്‍ നിന്നും പകുതിയോളം പുറത്തേക്ക് നീണ്ടു നില്‍കുന്ന വലിയ കുന്തം.

ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട് ഒരു പുണ്യാളന്‍ എന്നൊക്കെ പറഞ്ഞാല്‍ അത് ഗീ വര്‍ഗീസ് പുണ്യാളന്‍ തന്നെയാണ്. എന്താ ഒരു ഗമ! കുതിരപ്പുറത്തിരുന്നുകൊണ്ട് ഘോരവ്യാഘ്രത്തെ കുന്തം കൊണ്ട് എതിരിടുന്ന ആ രൂപം കണ്ടാല്‍ തന്നെ എന്തൊരു പത്രാസാണ്. ആളെ കണ്ടാലോ എന്താ ഒരു സൌന്ദര്യം! പുരുഷ സൌന്ദര്യം എന്നൊക്കെ പറഞ്ഞാല്‍ അതു  ഗീ വര്‍ഗീസ് പുണ്യാളനു തന്നെ നൂറില്‍ നൂറും.

 മാത്രവുമല്ല വലിയ മല്ലന്മാരും പോരാളികളും, ബഹു ആയുധപാണികളായും  നില്കുന്ന ഹിന്ദു ദൈവങ്ങള്‍ക്ക് ഒപ്പം നില്ക്കാന്‍ ഞങ്ങള്‍ നസ്രാണികള്‍ക്ക് കിട്ടിയിരിക്കുന്ന ഈ വീര പുരുഷന്‍ കത്തോലിക്കര്‍ക്ക് മാത്രമല്ല മറ്റു സഭക്കാര്‍ക്കും പ്രത്യേകിച്ച്  യാക്കോബായ വിഭാഗങ്ങള്‍ക്കും വളരെ പ്രിയങ്കരന്‍ ആണ്. ഒരു പക്ഷെ കത്തോലിക്കരേക്കാള്‍ ഈ പുണ്യാളനെ ബഹുമാനിക്കുന്നത് യാക്കോബായ വിഭാഗങ്ങള്‍ ആണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരു വര്‍ഗീസോ അല്ലെങ്കില്‍ അതിന്റെ പരിഷ്കൃത രൂപമായ ജോര്‍ജോ ഇല്ലാത്ത യാക്കോബായ കുടുംബങ്ങള്‍ അപൂര്‍വ്വം.

ഞങ്ങള്‍ താമസിച്ചിരുന്ന നാട്ടില്‍  അടുത്തടുതതായി  ഗീ വര്‍ഗീസ് പുണ്യാളന്റെ പേരില്‍ വളരെയധികം കുരിശ്ശുപള്ളികള്‍ ഉണ്ട്. ഞങ്ങളുടെ ഗ്രാമത്തിലുള്ള എല്ലാ മതക്കാര്‍ക്കും വളരെയധികം വിശ്വാസമുള്ള പുണ്യാളനാണ്മേപ്പടിയാന്‍.എല്ലാവരും രാവിലെ പണിക്കുപോകുമ്പോഴും തിരിച്ചു വരുംബോഴുമെല്ലാം കുരിശുപള്ളിയില്‍ കാണിക്കയിടുമായിരുന്നു. രാവിലെ പണിക്കുപോകുമ്പോള്‍ ഒരു നല്ല ദിവസത്തിനു വേണ്ടിയും വൈകുന്നേരം തിരിച്ചു വരുമ്പോള്‍ നന്ദി സൂചകമായും. കൂടാതെ സന്ധ്യാ സമയത്തു ഇടവഴിയിലൂടെയും റബര്‍ തോട്ടത്തിലൂടെയും നടന്നു വീട്ടില്‍ എത്തുന്നതു വരെ ഇഴജന്തുക്കളുടെ ഉപദ്രവം കൂടാതെ കഴിക്കുന്നതിനും വേണ്ടിയുമുള്ള ഒരു ഉപഹാരമായും കാണിക്കയിടും. കാര്യം എന്നായാലും ധാരാളം പാമ്പുകള്‍ ആ പ്രദേശത്ത് ഉണ്ടായിരുന്നെങ്കിലും ആരെയും പാമ്പ് കടിച്ചതായി അക്കാലത്ത്  കേട്ടിരുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

നേര്‍ച്ചകള്‍ പണമായിട്ടു വാങ്ങുന്നതിലും ഇഷ്ടം കോഴിയായി കിട്ടുന്നതാണ്  പുണ്യാളനിഷ്ടം. കോഴി എന്നു പറഞ്ഞാല്‍ നല്ല ഉശിരന്‍ നാടന്‍ പൂവന്‍ അല്ലെങ്കില്‍ കന്നിപ്പെട തന്നെ വേണം പുണ്യാളനു കൊടുക്കാന്‍.

അക്കാലത്തൊക്കെ മണ്ണ് ചൂട് പിടിച്ചു തുടങ്ങിയാല്‍ വീടിന്റെ പരിസരത്തോ, കോഴിക്കൂടിന്റെ അടുത്തോ, ചില അവസരങ്ങളില്‍ കട്ടിലിന്റെ അടിയിലോ അല്ലെങ്കില്‍ വീടിന്റെ ഉത്തരത്തിലോ ഒക്കെ പാമ്പുകളെ കാണാറുണ്ട്.അങ്ങിനെയൊരു നാഗദര്‍ശനം നടന്നാല്‍  ഉടനെ നെഞ്ചുപൊട്ടി ഒരു വിളി ഉയരുകയായി ‘ഹെന്റെപുണ്യാളപെരുന്നാളിന് ഒരുകോഴിയെ കൊടുത്തേക്കാം’ അല്ലെങ്കില്‍ ഒരു കോഴിയുടെ പണം കൊടുത്തേക്കാമെന്ന്. ചിലര്‍ പെരുന്നാളിന് കള്ളപ്പം ചുട്ടുകൊണ്ടുചെന്നേക്കാമെന്ന് നേര്‍ച്ച നേരും.

നേര്‍ച്ച നേര്‍ന്നു കഴിഞ്ഞാല്‍ സംഗതി അച്ചട്ടാണ്. പിന്നെ ഒരു പാമ്പിന്റെ പൊടിപോലും അവിടെ കാണില്ല. നേര്‍ന്ന നേര്‍ച്ച കൊടുക്കാന്‍ ആരെങ്കിലും മറന്നു പോയാലും കുഴപ്പമില്ല ആളെ ഓര്‍മിപ്പിക്കാന്‍ ചില സൂത്രങ്ങള്‍  ഒക്കെ ഉണ്ട്. എവിടുന്നെങ്കിലും ഒരു പാമ്പ് മിന്നായം പോലെ അവരുടെ മുന്നിലൂടെ കടന്നു പോകും, എന്നിട്ടും ഓര്‍മ്മ വരുന്നിലെങ്കില്‍ അവന്‍അവരെനോക്കി പത്തിവിടര്‍ത്തി ഒന്നിളകിയാടും  അതോടെ നേര്‍ച്ചനേര്‍ന്ന കാര്യം ആളിന്‍റെ മസ്തിഷ്കത്തില്‍ തിളച്ച് തൂവും. ഉടനെ ഉയരും ചങ്ക് പൊട്ടിയ ഒരു വിളി‘എന്റെ പുണ്യാള മറന്നു പോയതാണേ ഉടനെ കഴിച്ചേക്കാമേ’അതോടെവന്നയാള്‍പത്തിതാഴ്ത്തിപതിയെഇഴഞ്ഞ് പോകും. വീട്ടുകാരന്‍ അല്ലെങ്കില്‍ വീട്ടുകാരി ആശ്വാസത്തോടെ പുരയ്ക്കകത്തേക്കു നടന്നും പോകും.

ഗീ വര്‍ഗീസ് പുണ്യാളന്‍ തനി മതേതരന്‍ മാത്രമല്ല  തികഞ്ഞ സോഷ്യലിസ്റ്റുമാണ്. നേര്‍ച്ചയായി കിട്ടുന്ന കോഴികളെ മുഴുവനും അങ്ങിനെ വിറ്റു കാശാക്കി പള്ളി ഭണ്ടാരത്തില്‍ സ്വരുക്കൂട്ടാനൊന്നും പറ്റുകേല. പെരുന്നാളിന് അവിടെ എത്തിച്ചേരുന്ന മുഴുവന്‍ ജനങ്ങള്‍ക്കും കോഴിയിറച്ചി കൂട്ടി ചോറ് വിളമ്പണം, കൂട്ടത്തില്‍ കള്ളപ്പവും വേണം. നേര്‍ച്ച ഭക്ഷണം കഴിക്കാന്‍ അല്‍പ്പം ദൂരെ നിന്ന് പോലും എല്ലാ സമുദായക്കാരും ഒത്ത് ചേരാറുണ്ട് അന്നൊക്കെ  നല്ല ആള്‍ക്കൂട്ടം ഉണ്ടാകും.
കുട്ടികള്‍ക്കെല്ലാം അത് വലിയ സന്തോഷത്തിന്റെ ദിനങ്ങള്‍ ആണ്. എല്ലാവരും നല്ല വട്ടയിലകള്‍ നോക്കി പൊട്ടിച്ചു അരയില്‍ തിരുകി പോകും. സാധാരണ പള്ളി പെരുന്നാളുകള്‍ പോലെ വലിയ ആഘോഷമോ കച്ചവടക്കാരോ ഒന്നും വരാറില്ലെങ്കിലും സൈക്കിളില്‍ ഐസ് വില്‍ക്കുന്ന ആള്‍ക്കാരും ചെണ്ടക്കാരുമൊക്കെയുണ്ടാകും. റെക്കോര്‍ഡ് പാട്ട് ഉച്ചത്തില്‍ കേള്‍ക്കാം. നേര്‍ച്ചയായി കിട്ടുന്ന കോഴികളുടെയും മറ്റു വസ്തുക്കളുടേയും വാശിയേറിയലേലം വിളിയാണ് മറ്റൊരു രസകരമായ സംഗതി.

 ഭക്ഷണം വിളബാന്‍ നേരം എല്ലാവരും നിലത്തു ഇലയും വെച്ച് വരിവരിയായിരിക്കും. ഓരോ ഇലയിലും വിളമ്പി വിളമ്പുകാര്‍ വേഗം നടന്ന് നീങ്ങും. ഞങ്ങള്‍ മിക്കവരും ഞങ്ങളുടെ മുന്‍പില്‍ രണ്ടു ഇലകള്‍ വീതം വെച്ചേക്കും രണ്ടിലയിലും വിളമ്പി വിളമ്പുകാര്‍ കടന്നു  പോകും. ചില പൌശൂന്യക്കാരായ വിളമ്പുകാര്‍ ചിലപ്പോള്‍ ഞങ്ങളുടെ സൂത്രം കണ്ടുപിടിച്ചു ഒരിലയില്‍ മാത്രം വിളമ്പി പോകും.സമീപത്ത് തന്നെയുള്ള വേറെയും ചില കുരിശുപള്ളികളിലും സമാനമായ നേര്‍ച്ചകള്‍ നടക്കാറുണ്ട്  അവിടെയുമൊക്കെ ഞങ്ങള്‍ പോകാറുണ്ടായിരുന്നു
  കേരളത്തില്‍ സഭാവഴക്ക്  തുടങ്ങിയതോടെ നാട്ടുകാരായ ഞങ്ങള്‍ക്കും ഗീ വര്‍ഗീസ് പുണ്യാളനുംനല്ല കാലമായിരുന്നു എന്നു വേണം വിലയിരുത്താന്‍. ഓരോ വിഭാഗവും വെവ്വേറെ പെരുന്നാള്‍ നടത്താന്‍ തുടങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ ഒരേ കുരിശു പള്ളിയില്‍ തന്നെ അല്ലെങ്കില്‍ അതിനടുത്ത് മറുവിഭാഗം തുടങ്ങിയ പുതിയ കുരിശുപള്ളിയില്‍  അവരുടെ വക പെരുന്നാള്‍ നടത്താന്‍ തുടങ്ങി. ഗീ വര്‍ഗീസ് പുണ്യാളന് ഒരു സ്ഥലത്ത് തന്നെ രണ്ടു പെരുന്നാളും, നാട്ടുകാര്‍ക്ക് രണ്ടു ദിവസം നേര്‍ച്ചഭക്ഷണവും കിട്ടുവാന്‍ തുടങ്ങി. സംഗതി നാണക്കേടായ സഭാ വഴക്കായിരുന്നെങ്കിലും പുണ്യാളനും ഞങ്ങളും ഹാപ്പി ആയിരുന്നു. എന്തുകൊണ്ടും ഞങ്ങള്‍ക്ക് ഇരട്ടി ആഘോഷം.

 പക്ഷെ ഈ ഇടയായി ഗീ വര്‍ഗീസ് പുണ്യാളന് കത്തോലിക്കാ സഭയില്‍ വേണ്ട പരിഗണന കിട്ടുന്നില്ലെന്നാണ് എന്‍റെ  തോന്നല്‍. പുതിയ  പുണ്യാളന്മാരെ വാഴിക്കുകായും അവര്‍ക്കായി കപ്പേളകള്‍ പണിയുംബോഴും പണ്ടേയുള്ള നമ്മുടെ സ്വന്തം പുണ്യാളനായ ഗീ വര്‍ഗീസ് പുണ്യാളനെ വേണ്ടത്ര ബഹുമാനിക്കുന്നില്ലേ എന്നൊരാശങ്ക?. റോമാക്കാരന്‍ ആണെങ്കിലും മലയാളികള്‍ക്ക് ഇത്രയും അടുപ്പമുള്ള വേറെ ഏതൊരു പുണ്യാളനാണ് ഭൂമിമലയാളത്തിലുള്ളത്. ഗീ വര്‍ഗീസ് എന്ന പേരു തന്നെ മലയാളി പേരല്ലേ ?

ഞാനിതൊക്കെ പറഞ്ഞെങ്കിലും പുണ്യാളന്റെ മുഖത്ത് യാതൊരുഭാവ മാറ്റവുമില്ല. അദ്ദേഹം വെറുമൊരു പുഞ്ചിരിയോടെ എന്റെ വര്‍ത്തമാനം കേട്ടിരിക്കുന്നു. അവസാനം അദ്ദേഹം പറഞ്ഞു

“ഞങ്ങള്‍ പുണ്യാളന്മാര്‍എന്നു പറയുന്നവര്‍ നിങ്ങളെപ്പോലെ മനുഷ്യരായി ജീവിച്ചവരാണ്. സ്വര്‍ഗത്തില്‍ ആയിരിക്കുന്നതിനെക്കാള്‍ വലിയതായ യാതൊരു സന്തോഷവും ഞങ്ങള്‍ക്കില്ല. ഈ നേര്‍ച്ചകള്‍ ഒന്നുമില്ലെങ്കിലും നിങ്ങളെ സദാ സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ”.

അദ്ധേഹത്തിനു അതൊക്കെ പറയാം കാരണം അദ്ദേഹം ദിവസവും ദൈവത്തെ മുഖാമുഖം കാണുന്ന പുണ്യാളന്‍ ആണല്ലോ?  പക്ഷെ ഞങ്ങള്‍ നാട്ടുകാര്‍ക്ക് അതൊന്നും അങ്ങിനെ വിട്ടുകളയാന്‍ പറ്റില്ല. ദിവസവും ചക്കക്കുരുവും മാങ്ങയും അല്ലെങ്കില്‍ മാങ്ങയും ചക്കക്കുരുവും കൂട്ടി റേഷന്‍ കടയില്‍ നിന്നു കിട്ടിയിരുന്ന മണമുള്ള ഇരുമ്പന്‍ അരിയുടെ ചോറുതിന്നു മടുത്തിരുന്ന കാലത്ത് നല്ല കുത്തരി ചോറിന്‍റെയും കള്ളപ്പത്തിന്‍റെയുംമൂത്തതേങ്ങാ കൊത്തിയിട്ട എരിവുള്ള നാടന്‍കോഴി വരട്ടിയ  നേര്‍ച്ചഭക്ഷണത്തിന്‍റെയും  രൂപത്തില്‍ അവതരിച്ചിരുന്നഗീ വര്‍ഗീസ് പുണ്യാളനെഅങ്ങിനെ പെട്ടന്നു  മറക്കാന്‍ കഴിയുമോ ?


Join WhatsApp News
Sabu mathew 2019-10-29 18:04:10
വിശക്കുന്നവന്റെ മുൻപിൽ കള്ളപ്പമായി അവതരിക്കുന്ന പുണ്യാളനെ ഏറെ ഇഷ്ട്ടം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക