കേരളം ഇന്ന് ഉറക്കം നഷ്ടപ്പെട്ട രാത്രികളെ സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്. പുലരുമ്പോള്‍ കേള്‍ക്കുന്ന ഓരോ വാര്‍ത്തയും ഓരോ ഇരുമ്പാണി നെഞ്ചിലേക്കു കുത്തിയിറക്കുംപോലെയായിരിക്കുന്നു. പീഡനങ്ങള്‍, കൊലപാതകങ്ങള്‍, വസ്തുതട്ടിപ്പുകള്‍, ആള്‍ദൈവങ്ങള്‍, രാഷ്ട്രീയമേല്‍ക്കോയ്മകള്‍. പറഞ്ഞാല്‍ തീരാതവണ്ണം കേരളം മേല്‍ക്കുമേല്‍ കുപ്രസിദ്ധമായിക്കൊണ്ടിരിക്കുന്നു.
കേരളം ലോകജനശ്രദ്ധയാകര്‍ഷിച്ച ഒരു സംസ്ഥാനമായിരുന്നു. 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്നു പറയത്തക്കവണ്ണം സത്ക്കര്‍മ്മങ്ങളിലും പരസ്പര വിശ്വാസത്തിലും അടിയുറച്ചൊരു സംസ്ക്കാരം നമുക്കുണ്ടായിരുന്നു. ഇന്ന് അതെല്ലാം കൈമോശം വന്നിരിക്കുന്നു. സത്യത്തില്‍ ഇന്ന് കേരളത്തെയോര്‍ത്ത് ലജ്ജയാണു തോന്നുന്നത്.
കുറ്റകൃത്യങ്ങള്‍
ബാല്യത്തിന്റെ എല്ലാ നിഷ്ക്കളങ്കതയോടും ചുറുചുറുക്കോടും ജീവിതത്തിലേക്കു കടന്നുവരേണ്ട നമ്മുടെ പിഞ്ചോമനകളെയാണ് കാമവെറി പൂണ്ട കാപാലികന്മാര്‍ ഭോഗിച്ചു കൊല്ലുന്നത്. പതിനൊന്നുമാസമായ കുരുന്നു മുതല്‍ ആരംഭിക്കുന്ന ഈ നരവേട്ട അവസാനിക്കാത്തിടത്തോളം കാലം കേരളത്തിന് ഒന്നിനുമേല്‍ ഒന്നായി ശാപം വന്നുകൊണ്ടിരിക്കും. ലൈംഗികതയുടെ അര്‍ത്ഥം നഷ്ടപ്പെട്ടിരിക്കുന്നു. അതിന് സമയം, കാലം, പ്രായം, ബന്ധങ്ങള്‍ ഒന്നുമില്ലാതായിക്കൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയയും, കളളും, കഞ്ചാവും എല്ലാം കൂടിച്ചേര്‍ന്ന് മനുഷ്യത്വത്തിന് കോടാലിയായിരിക്കുന്നു. സീരിയലുകളിലും, റിയാലിറ്റി ഷോകളിലും വരുന്ന ലൈംഗികാതിപ്രസരസംഭാഷണങ്ങള്‍, അല്പവസ്ത്രധാരികളായി ഡാന്‍സ് എന്ന ലേബലില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍, ഇതൊന്നും നമ്മുടെ സംസ്ക്കാരത്തിനു ചേര്‍ന്നതാണോ എന്ന് ഇതിന്റെയൊക്കെ സംവിധായകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. റേറ്റിംഗിനു വേണ്ടി എന്തുമാകാം എന്ന ചിന്തയ്ക്കാണ് കടിഞ്ഞാണിടേണ്ടത്.
ബലാല്‍സംഗങ്ങളും മരണങ്ങളും ധാരാളമായി നടക്കുന്നുണ്ടെങ്കിലും വെളിച്ചെത്തു വരുന്നത് വളരെക്കുറച്ചു മാത്രം. അറിയപ്പെടുന്ന കുറ്റകൃത്യങ്ങളോ, രാഷ്ട്രീയക്കോമരങ്ങളും നമ്മുടെ നിയമസംവിധാനങ്ങളും കൂടി തേച്ചുമാച്ചു കളയുകയും ചെയ്യുന്നു. 'എന്തു കുറ്റകൃത്യവും ചെയ്യാം തെളിവില്ലാതിരുന്നാല്‍ മതി' എന്നത് വിശ്വാസ പ്രമാണമായി മാറിയിരിക്കുന്നു.
സംരക്ഷണ സമിതികള്‍
മനുഷ്യാവകാശ, ബാലാവകാശ സമിതികളൊക്കെ എവിടെ? സമിതികളുടെയൊക്കെ ഭാരവാഹികളായി ചമഞ്ഞു നടന്നാല്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമോ? സ്ത്രീ ശാക്തീകരണവും സ്ത്രീ വിമോചനവും പറഞ്ഞുനടക്കുന്ന നേതാക്കള്‍ കണ്ണടച്ചിരുട്ടാക്കി കേരളത്തെ കബളിപ്പിക്കുകയല്ലേ? എത്ര പെണ്‍കുട്ടികള്‍ക്ക്, എത്ര സ്ത്രീകള്‍ക്ക് ഭയം കൂടാതെ കേരളത്തില്‍ ജീവിക്കാനാവും. രാത്രിയില്‍ ഒറ്റപ്പെട്ടു പോയാല്‍ ഒരു സ്ത്രീ പുരുഷന്റെ കണ്ണില്‍ വെറും പീഡനവസ്തു! ഈ സ്ഥിതി എന്നാണു മാറുക. ഇന്ത്യയില്‍ കുറ്റകൃത്യത്തില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത് എന്നു പറയുമ്പോള്‍ അത് എത്രമാത്രം ഭീകരമാണെന്ന് ഇവിടെയുളള ഓരോ ജനവും മനസ്സിലാക്കണം.
ലോകത്തില്‍ പലയിടത്തും കേരളക്കാര്‍ കുറ്റകൃത്യത്തില്‍ മുന്‍പിലാണ്. ഓസ്‌ട്രേലിയയില്‍ ഭര്‍ത്താവിനെ കൊന്ന കേസില്‍ 23 വര്‍ഷം ഒരു സ്ത്രീ അഴികള്‍ എണ്ണുന്നു. മിത്രത്തിനെ വിശ്വസിച്ചേല്‍പ്പിച്ച ബാല്യങ്ങളെ പീഡിപ്പിച്ചവനും ജയിലഴിക്കുളളില്‍, ദത്തെടുത്ത കുഞ്ഞിനെ കൊന്ന കേസില്‍ അമേരിക്കയില്‍ ജയിലില്‍ കഴിയുന്നവര്‍, എവിടെയും ഇത്തരത്തില്‍ മലയാളി സാന്നിദ്ധ്യം അറിയപ്പെടുന്നതില്‍ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു.
മാതാപിതാക്കളെ
നിങ്ങള്‍ കുഞ്ഞുങ്ങളെ കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ ജാഗ്രതയായിരിക്കുക. ആര്‍ക്കും നിങ്ങളെ രക്ഷിക്കാനാവില്ല. വീട്ടില്‍ വരുന്ന ബന്ധുക്കളെയും മിത്രങ്ങളെയും പരിധി വിട്ട് വിശ്വസിക്കാതിരിക്കുക, അനാവശ്യമായ ഒരു സ്പര്‍ശനം ഉണ്ടായാല്‍പ്പോലും നിങ്ങളുമായി പങ്കുവയ്ക്കത്തക്ക വണ്ണം അവരോട് സ്‌നേഹത്തോടെ വര്‍ത്തിക്കുക. ഭൗതിക കാര്യങ്ങളേക്കാള്‍ മാനസിക ആവശ്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുക. നിങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തോട് ഒന്നിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുളള മനസ്സുണ്ടാവുക. സീരിയലുകള്‍ തുടങ്ങിയ അനാവശ്യ ചാനലുകള്‍ വീട്ടില്‍ ഉപയോഗിക്കാതിരിക്കുക. നിങ്ങള്‍ കുട്ടികളെ ശരിയായ വിധത്തില്‍ വീട്ടില്‍ വളര്‍ത്തിയാല്‍ സമൂഹത്തിന് അവര്‍ മുതല്‍ക്കൂട്ടായിരിക്കും. കുടുംബം തന്നെയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.
അധ്യാപകരെ
നിങ്ങള്‍ക്കു കിട്ടിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണ്. അവരെ വിശിഷ്ട മൂല്യങ്ങളും സംസ്ക്കാരവും പഠിപ്പിക്കാന്‍ വിഷയദാനത്തോടൊപ്പം ശ്രമിക്കുക. ജ്ഞാനവും വിജ്ഞാനവും ലഭിക്കേണ്ടത് ഗുരുക്കന്മാരില്‍ നിന്നു തന്നെയാണ്. അധ്യാപകരുടെയിടയിലെ ഗോസിപ്പുകളും പരദൂഷണവും മാറ്റിവച്ച് തങ്ങളുടെ കടമകളില്‍ ജാഗരൂകരാവുക. വിദ്യാര്‍ത്ഥികളുടെ മനസ്സ് അറിയുക. അവരെ കേള്‍ക്കാന്‍ സമയം കണ്ടെത്തുക.
കുട്ടികള്‍ പഠനത്തില്‍ അശ്രദ്ധരാവുക, ഭക്ഷണം കഴിക്കാതിരിക്കുക, ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുക, പതിവില്ലാതെ എല്ലാവരോടും അകല്‍ച്ച കാണിക്കുക. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലുമൊക്കെ കാണിച്ചാല്‍ അവരോടു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുക. എല്ലാം ഒന്നിച്ചായാല്‍ ഒരു കൗണ്‍സിലിംഗിനു സമയമായി എന്നും തിരിച്ചറിയുക. അങ്ങനെയായാല്‍ വരാനിരിക്കുന്ന ആപത്തുകളില്‍ നിന്നും അവരെ രക്ഷിക്കാന്‍ കഴിയും.
പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും പീഡനമേല്‍ക്കുന്നവരായിട്ടുണ്ട്. ആണ്‍കുട്ടികളായതുകൊണ്ട് പലരും അതിനെ ഗൗരവമായെടുക്കുന്നില്ലെന്നു തോന്നുന്നു. പക്ഷെ അവര്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നം വളരെ ഗുരുതരമാണ്. അതിനും മേല്‍പ്പറഞ്ഞ സമിതികള്‍ ശ്രദ്ധ വയ്‌ക്കേണ്ടതാണ്.
പണത്തോടുളള ആര്‍ത്തി
ഇന്നത്തെ തലമുറയ്ക്ക് എത്ര പണം കിട്ടിയാലും മതിയാകാത്ത അവസ്ഥയാണ്. മദ്യവും മയക്കുമരുന്നും പ്രണയവും എല്ലാം കൂടി പണത്തോടുളള ആര്‍ത്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയക്കാരും ആള്‍ദൈവങ്ങളും വിവിധ മാഫിയാകളും പണക്കൊഴുപ്പില്‍ അര്‍മാദിക്കുമ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത, അടച്ചുറപ്പുളെളാരു വീടില്ലാത്ത, ഒരു ശുചിമുറി പോലും ഇല്ലാത്ത, എത്ര കുടുംബങ്ങളാണ് കഷ്ടതയുടെ പടുകുഴിയിലെന്നത് എന്തുകൊണ്ട് മറന്നുപോകുന്നു?
മാതൃകകള്‍
ഇന്നു നമുക്ക് ചൂണ്ടിക്കാണിക്കാന്‍ മാതൃകകളില്ല. ലാളിത്യത്തിന്റെ, സത്യത്തിന്റെ, പരസ്പര സ്‌നേഹത്തിന്റെ, നിസ്വാര്‍ത്ഥതയുടെ അഹിംസയുടെ മാതൃകകളായി നമുക്ക് ചൂണ്ടിക്കാണിക്കാന്‍ ആരുണ്ട്?
നമ്മുടെ ബാല്യകാലം
അറുപതു കഴിഞ്ഞവരുടെ ബാല്യത്തിലേക്കൊന്നു തിരിഞ്ഞു നോക്കിയാല്‍ അത് എത്ര മനോഹരമായ കാലമായിരുന്നുവെന്നു മനസ്സിലാകും. വഴിയില്‍ കന്നുകാലികളെ കടന്നു പോകേണ്ടി വന്നാല്‍ ആരെങ്കിലും ഒരു ചേട്ടനോ ചേച്ചിയോ, അച്ഛനോ വന്നു കൈപിടിച്ചു വഴി കടത്തി വിടും. കവിഞ്ഞൊഴുകുന്ന തോട്ടിലെ ഒറ്റത്തടിപ്പാലത്തില്‍ കൈപിടിച്ചു നടത്താന്‍ അല്ലെങ്കില്‍ തോളിലേറ്റു അപ്പുറത്തു കടത്താന്‍ ആരെങ്കിലും ഉണ്ടാകും. അവരൊക്കെ നമ്മുടെ സ്വന്തം മക്കളോടോ അനുജത്തിയോടോ അനുജനോടോ എന്ന വിധത്തിലാണ് പെരുമാറിയിരുന്നത്. ഇത് ഇന്നാരുടെ മകളാണ്/മകനാണ് എന്ന ഓര്‍മ്മപ്പെടുത്തലും ഉണ്ടാവും. എത്ര നിഷ്കളങ്കമായ സ്‌നേഹപൂരിതമായ ഒരു ബാല്യവും കൗമാരവുമായിരുന്നു അത്! ജീവിതാഘോഷത്തിന്റെ കാലമായിരുന്നു അത്. അച്ഛനും അമ്മയും കസിന്‍സും മിത്രങ്ങളും, ബന്ധുക്കളും എല്ലാം അവരവരുടെ തലങ്ങളില്‍ എത്ര ശ്രേഷ്ഠരായിരുന്നു! ആ കാലം ഇനി തിരിച്ചു വരുമോ?
നിയമങ്ങള്‍ എങ്ങനെയാവണം
എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ, ഒരിക്കലും അവന്‍ ആ പ്രവൃത്തി ചെയ്യാതവണ്ണമുളള ശിക്ഷ ഉറപ്പാക്കണം. അതായത് പോക്‌സോ നിയമം ശക്തമാക്കണം. ഗള്‍ഫിലെ പോലെ നിയമം ശക്തമാണെങ്കില്‍ കുറ്റവാളിക്കു ഭയം ഉണ്ടാകും. അപ്പോള്‍ തെറ്റില്‍ നിന്നു പിന്‍തിരിയാന്‍ പ്രേരണയുണ്ടാകും. കണ്ണുകൊണ്ടു കണ്ടതും വാക്കാല്‍ പറഞ്ഞതും ഒന്നും തെളിവില്ലാ എന്നു പറയുന്ന ഈ നിയമ വ്യവസ്ഥിതിക്കുനേരെ ജനം തിരിയണം.
നേതാക്കന്മാര്‍
വോട്ടു പിടിക്കാനും, കാലുമാറാനും, പുതിയ പാര്‍ട്ടിയുണ്ടാക്കാനും കോഴപിരിക്കാനും, ആള്‍ദൈവങ്ങളുടെ കീശയിലിരിക്കാനും നോക്കാതെ പുതിയ തലമുറയോടുളള കടമകള്‍ നിര്‍വ്വഹിക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കട്ടെ. നിയമസംവിധാനങ്ങള്‍ കുറ്റവാളിയെ സംരക്ഷിക്കാനാകാതിരിക്കട്ടെ. രോഗഗ്രസ്തമായ കേരളസമൂഹത്തെ നേര്‍വഴിക്കു നയിക്കാന്‍ തക്ക നേതാക്കളുണ്ടാകട്ടെ.