കടലിലേയ്ക്ക് തിരകളിലൂടെ നടന്നു പോയി മരിക്കാനാണ് അവന്തിക ആദ്യം തീരുമാനിച്ചത്. കോസ്റ്റ്ഗാര്‍ഡോ, മല്‍സ്യബന്ധനതൊഴിലാളികളോ രക്ഷിച്ചാലോ എന്നൊരു രണ്ടാം സംശയം ഉണ്ടായതിനാലാണ് കൊടെക്കനാലിലെ ആത്മഹത്യാമുനമ്പിനെ അവസാനയാത്രയുടെ സുരക്ഷിതമായ ഇടമായി അവന്തിക മനസ്സിലേറ്റിയത്.
സ്യൂയിസൈഡം എന്നൊരു ലാറ്റിന്‍ വാക്കുണ്ടെന്നും അതില്‍ നിന്നാണ് സൂയിസൈഡ് എന്ന് വാക്കുണ്ടായെതെന്നും അവന്തികയ്ക്കന്നറിയില്ലായിരുന്നു. പതിനെട്ട് ശിശിരകാലങ്ങളുടെ പക്വതയില്‍ മൈക്കിള്‍ കണ്ണിംഗ്ഹാമിന്റെ ദി അവേഴ്‌സ് എന്ന നോവലോ ഗോഥേയുടെ ആത്മഹത്യാ പുസ്തകമോ അവന്തിക വായിച്ചിരുന്നില്ല.
പിണങ്ങിപ്പിരിയാനൊരുങ്ങിയ അച്ഛനമ്മമാരെയോര്‍ത്ത് രാത്രിയില്‍ തലയിണയില്‍ കണ്ണീര്‍മഴക്കാലമുണ്ടാക്കിയപ്പോള്‍ സുഹൃത്ത് കൊടുത്ത ഡേല്‍ കാര്‍ണഗിയുടെ 'ഹൗ റ്റു സ്റ്റോപ് വറിയിംഗ്& ആന്‍ഡ് സ്റ്റാര്‍ട്ട് ലിവിംഗ് പോലും കടുത്ത നിരാശയാല്‍ മുഴുവന്‍ വായിക്കാന്‍ അവന്തികക്കായില്ല.
പ്രഭാതത്തില്‍ മേഘങ്ങള്‍ മെല്ലെ മുഖം തലോടിയ കോക്കേഴ്‌സ് വോക്കിലൂടെ നടന്ന്, ബേര്‍ഷോളാ വെള്ളച്ചാട്ടവും, സൂര്യനിരീക്ഷണനിലയവും, തണുപ്പുപാടങ്ങളില്‍ വിരിഞ്ഞ പൂക്കാലവും കണ്ട് തിരികെവന്ന് അവസാനത്തെ ടോസ്റ്റ് കഴിച്ച് നക്ഷത്രാകൃതിയുള്ള തടാകത്തിനരികിലൂടെ നടന്ന് ചിന്തകളുടെ ആകാശമിരുളുന്നതും, സൂര്യന്‍ മറയുന്നതും കണ്ട് ചിറക്‌നീര്‍ത്തിപ്പറക്കാനുള്ള സായാഹ്നത്തിനായി കാത്തിരിക്കുമ്പോഴാണ് വെറ്റിലക്കറയോ ബീഡിക്കറയോ പുരണ്ട വരണ്ടുണങ്ങിയ മുഖഭാവത്തില്‍ 'ഗൈഡിനെ വേണമോ' എന്ന് ചോദിച്ചയാള്‍ എത്തിയത്..
ഹരിത താഴ്വരയിലേയ്ക്ക് പറക്കുവാന്‍ ഗൈഡെന്തിന് എന്ന് ഉള്ളില്‍ ചിരി പടര്‍ത്തിയ ഒരു ചോദ്യം അയാള്‍ കേള്‍ക്കാതെ ഹൃദയത്തോട് പറയുമ്പോള്‍ ആകൃതി നഷ്ടമായ ഒരുമേഘം മഴയായി പെയ്തു തുടങ്ങിയിരുന്നു.
മഴമേഘങ്ങളുടെ മുഖമായിരുന്നു അയാള്‍ക്ക്
രൂപത്തിന്റെ വന്യതയെക്കാള്‍ ശൂന്യവും നിസ്സംഗവുമായ ആകാശം പോലെയായിരുന്നു അയാളുടെ മുഖം.
ബസ് ഇറങ്ങിയപ്പോള്‍ മുതല്‍ അയാള്‍ പിന്തുടരുന്നത് അവന്തികയറിഞ്ഞു ഉള്ളിലുണര്‍ന്ന അമ്പരപ്പ് പുറമേ കാട്ടാതെ അവന്തിക നടന്നു
പതിനഞ്ചു വര്‍ഷങ്ങള്‍ക് മുന്‍പായിരുന്നു അത്. കൊടൈക്കനാലിലെ ഹരിതതാഴ്വരയിലേക്ക് വിസ്മൃതിയുടെ ഭൂപടം തേടി അവന്തിക പോയത്.
കോടമഞ്ഞു മൂടിയ ശൈലനിരകള്‍ പകുക്കുന്ന താഴ്വാരത്തിനും റോഡിനുമിടയിലൂടെ ജീവിതത്തിന്റെ, ലോകത്തിന്റെ മറ്റൊരു ഭൂമിയെ ത്തേടിയ പതിനെട്ടുകാരി പെണ്‍കുട്ടി പ്രായക്കാരിയായിരുന്നു
അന്ന് അവന്തിക. നിരാശയുടെ അതിതീക്ഷ്ണമായ ഹൃദയവേദനയുമായി ആത്മഹത്യാ മുനമ്പിലേക്ക് പറന്നിറങ്ങി സ്വയമില്ലാതെയാവാന്‍ വാശിയും സങ്കടവും ദേഷ്യവും നിറഞ്ഞ മനസ്സുമായ് പതിനഞ്ചുവര്‍ഷങ്ങള്‍ക്ക മുന്‍പൊരു ഇലപൊഴിയും ഋതുവില്‍ കൊടൈക്കനാലിനെ തേടിയെത്തിയ പെണ്‍കുട്ടി.
ഗൈഡിനെ ആവശ്യമുണ്ടോ? എന്നായിരുന്നു ആദ്യം അയാള്‍ ചോദിച്ചത്
വേണ്ട എന്ന്പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു
കുട്ടി തനിച്ചാണോ വന്നിരിക്കുന്നത്?
അവന്തിക ഒന്നും തിരികെ പറഞ്ഞില്ല. .
കുട്ടിതനിച്ചാണെങ്കില്‍ സേഫായ ഹോട്ടല്‍ ബുക്ക് ചെയ്തുതരാം
ലോകത്തിലെ ഏറ്റവും സേഫായ ഇടത്തിലേക്കാണെന്റ് യാത്ര എന്ന പറയണമെന്നാഗ്രഹിച്ചിരിന്നെങ്കിലും
ഞാന്‍ പത്രത്തിലാണ് ഇതേപോലെയുള്ള യാത്രകള്‍
പതിവാണ് എന്ന് പറയാനെ അപ്പോള്‍ അവന്തികയ്ക്ക് കഴിഞ്ഞുള്ളൂ.
രക്ഷപെടാനുള്ള ചിലകള്ളങ്ങള്‍ അവന്തിക യാത്രയ്ക്ക്മുമ്പേ
മനഃപാഠമാക്കിയിരുന്നു.
ഓറഞ്ച് നിറമുള്ള സൂര്യന്‍ മഞ്ഞില്‍ മാഞ്ഞു തുടങ്ങിയ അപരാഹ്നത്തിലും
അയാള്‍ പിന്തുടരുന്നതെന്തിനാണെന്നു മനസ്സിലാക്കാന്‍ അവന്തിയ്ക്കായില്ല
കുട്ടി വരൂ. .മഴ ശക്തി പ്രാപിച്ചേയ്ക്കും
ദാ അവിടെ നീലഗിരിയില്‍ നിന്നെത്തുന്ന സ്വാദിഷ്ടമായ കേക്കുകളും, ചോക്‌ളേറ്റുകളും, കാപ്പിയും ലഭിയ്ക്കും..
മഴപെയ്യുകയും തോരുകയും ചെയ്യും അധികസമയം ഉണ്ടാവുകയില്ല..
അയാളെന്തിനാണ് ഇത്രകരുതല്‍ കാണിക്കുന്നതെന്ന് അവന്തികയിലെ പെണ്‍കുട്ടിയ്ക്ക് മനസ്സിലായില്ല. പൈസയ്ക്ക് വേണ്ടിയാകുമോ
ശല്യമൊഴിയാനെന്ന പോല്‍ ഒരുനൂറുരൂപയെടുത്ത് അയാള്‍ക്ക് കൊടുത്തു…
അയാളുടെ മുഖത്ത് ബീഡിക്കറ വിരൂപമാക്കിയ നിസ്സംഗമായ ഒരുചിരി പടര്‍ന്നു.
കുട്ടി ഏത് പത്രത്തിലാണ് ജോലിചെയ്യുന്നത്.
ട്രെയിനിയാണ്.ഇന്ത്യയിലെ ഹില്‍സ്റ്റേഷനുകള്‍ . ഇതാണ്എന്റെ പ്രബന്ധവിഷയം.
അത്ര നന്നായി അവന്തിക ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല.. .
നിങ്ങളുടെ പേരെന്താണ്.
ദാസ്..
പളനി എന്ന് അമ്മ വിളിച്ചിരുന്നു. അര്‍ബുദം വന്ന്ജ ജീവന്റെ അവസാനശ്വാസവും മാഞ്ഞുപോകുംവരെയും അമ്മ എന്നെയോര്‍ത്ത് ഒരുപാട് സങ്കടപ്പെട്ടിരുന്നു. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ പണക്കാര്‍ നായകള്‍ക്കിട്ട് കൊടുക്കുന്ന ബിസ്ക്കറ്റ് കഷണങ്ങള്‍ കഴിച്ച് വിശപ്പടക്കിയിരുന്നു.പിന്നീട് ഗൈഡായി.
ഇപ്പോള്‍ സൂയിസൈഡ് പോയിന്റില്‍ ആത്മഹത്യ ചെയ്യുന്നവരുടെ അവശിഷ്ടങ്ങള്‍ മുകളിലെത്തിക്കുന്ന ജോലിയിലാണ്.
അവന്തിക അയാളെ അമ്പരപ്പോടെ നോക്കി.
ആത്മഹത്യ ചെയ്യുന്നവരുടെ അവശിഷ്ടങ്ങള്‍ മുകളിലെത്തിക്കുന്നൊരു ജോലിയെകുറിച്ച് ആദ്യമായാണ് അവന്തിക കേള്‍ക്കുന്നത്.
അവന്തികയുടെ മുഖത്ത് ഒരുനടുക്കം ഉണ്ടാവുന്നത് അയാള്‍ കണ്ടില്ലെന്ന് ഭാവിച്ചു.
ഒന്നും സംഭവിക്കാത്തത് പോലെ പെരുമാറാന്‍ അവന്തിക പ്രയന്തിച്ചു.
എനിക്കൊരു കാപ്പികുടിക്കണം..
നിങ്ങള്‍ക്ക് കാപ്പി വേണമോ?
ഇന്ന് തന്നെ മൂന്നെണ്ണം കുടിച്ചു. ഇപ്പോള്‍ വേണ്ട.
എല്ലാ സൗഭാഗ്യങ്ങളുമുള്ളവര്‍ പോലും പെട്ടെന്നൊരു വികാരാവേശത്തില്‍ ഹരിതതാഴ്വരയിലേയ്ക്ക് ചിറക് നീര്‍ത്തിപ്പോകുന്നു, കാരണമുണ്ടായിട്ടും ചിന്താശൂന്യതയിലും എത്രയോപേരാണ് അവസാനത്തെ ആകാശപ്പറക്കലിനൊരുങ്ങുന്നത്.. അനേകമനേകം സഞ്ചാരികള്‍ ചിരിച്ചുല്ലസിച്ച് സ്‌നേഹം പങ്കുവച്ച മനസ്സ് നിറഞ്ഞ്ത തിരികെ പോകുമ്പോള്‍ ഒരിക്കലും തിരിച്ചു വരാനാവാത്ത തണുത്ത മേഘങ്ങളിലേയ്ക്ക്ച ചിലര്‍ പറന്നുയര്‍ന്ന് താഴും ശബ്ദരഹിതമായ മൗനത്തിലുറങ്ങി താഴ്വരയുടെ നിഗൂഢതയാവാഹിച്ച് അവര്‍ മിഴിയടച്ചുറങ്ങും.പ്രകൃതിയുടെ കരങ്ങള്‍ അവരെ തലോടി അന്ത്യചുംബനമേകും....
നിങ്ങള്‍ എത്ര വര്‍ഷമായി ഇവിടെയെത്തിയിട്ട്
42 വര്‍ഷം .. ജനിച്ചതും, ജീവിച്ചതുമെല്ലാം ഇവിടെ..
നിങ്ങളുടെ കഥ ഞാനെഴുതാന്‍ ശ്രമിക്കാം..
അയാള്‍ ചിരിച്ചപ്പോള്‍ ചുരുങ്ങിയ മുഖത്തുള്ള ഒരേ ഒരുഭാവം നിസ്സംഗതയെന്ന് അവന്തികയറിഞ്ഞു.
സത്യമായും അയാളുടെ കഥയെഴുതണമെന്ന ആഗ്രഹം അവന്തികയുടെ പെണ്‍കുട്ടിക്കാലത്തിനുണ്ടായി.
നിങ്ങളുടെ വീടെവിടെയാണ്.
ദിണ്ഡിഗല്ലില്‍..
പക്ഷെ ഇപ്പോള്‍ ഇവിടെ തന്നെയാണ്
വീട്ടിലാരൊക്കെയുണ്ട്
ഭാര്യയും രണ്ടാണ്‍കുട്ടികളും ഒരുപെണ്‍കുട്ടിയും
കുട്ടി നീലിക്കുറിഞ്ഞി പൂവിട്ട് നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ..
ഇല്ല..
നീലക്കുറിഞ്ഞി പൂക്കുന്ന താഴ്വരയാണിത്..
പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ പൂക്കള്‍ വിരിയും മലനിരകളെ കാണാന്‍ വന്‍ജനക്കൂട്ടമുണ്ടാകാറുണ്ട്.
ആണ്ടോടാണ്ട് പൂവിടുന്ന ചില കുറിഞ്ഞിയുമുണ്ട്. പക്ഷെ നീലക്കുറിഞ്ഞിയുടെ നിറപൂക്കാലം കാണണമെങ്കില്‍ മൂന്ന് വര്‍ഷം കൂടി കാത്തിരിക്കണം.
ഹരിത താഴ്വരയിലേയ്ക്ക് പറന്നവസാനിക്കാനൊരുങ്ങുന്നവര്‍ക്ക് നീലക്കുറിഞ്ഞി പൂക്കുന്നത് കാണണമെന്ന ആഗ്രഹമുണ്ടാകില്ലല്ലോ എന്ന് മനസ്സില്‍ പറയുമ്പോഴും നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്ന ചോലവനഭൂമിയെ അറിയണമെന്നൊരു സ്വപ്നം പണ്ടുണ്ടായിരുന്നുവോ
എന്ന് അവന്തികയ്ക്ക് തീര്‍ച്ചപ്പെടുത്തനായില്ല...
നിങ്ങളുടെ ഭാര്യ എന്തു ചെയ്യുന്നു.
പൂ വില്‍ക്കുന്നു
അതൊരു കഥയാണ്.
പോണ്ടിച്ചേരിയിലെ കടവരിയില്‍ നിന്ന് ആത്മഹത്യ ചെയ്യാന്‍ ഇവിടേയ്ക്ക് വന്നതാണ്.
രണ്ടാളുണ്ടായിരുന്നു അവരെന്ന് പിന്നീടാണറിഞ്ഞത്.വയറ്റിലൊരു ചെറിയ ജീവനും...
പ്രണയിച്ച് ചതിച്ചതൊന്നുമല്ല. ലോറി ഡ്രൈവറായ ഭര്‍ത്താവ് മരിച്ച സങ്കടത്തിന് ആത്മഹത്യ ചെയ്യാ നെത്തിയതാണ്.
അന്ന് കൂട്ടിക്കൊണ്ട് വന്നതാണ്. സ്‌നേഹം കൊടുത്തപ്പോള്‍ പാവം ആത്മഹത്യയില്‍ നിന്ന് പിന്മാറി.
പിന്നെ മംഗളദേവിയില്‍ പോയി താലികെട്ടി.
ആദ്യത്തെ ആണ്‍കുട്ടി ലോറിഡ്രൈവറുടെ മകനാണ്.പക്ഷെ അവനതറിയില്ല
എന്റെ സ്വന്തം പോലെയാ ഞാനും വളര്‍ത്തുന്നത്.
പെണ്‍കുട്ടിയുടെ മനസ്സില്‍ എവിടെയൊക്കെയോ മഴപെയ്യാന്‍ തുടങ്ങിയിരുന്നു. ആത്മഹത്യാതാഴ്വരയിലേയ്ക്ക് പറന്ന് പോകാനുള്ള ആവേശത്തിന്റെ തീക്കനല്‍സൂര്യന്‍ തണുക്കുന്നത് അവളറിഞ്ഞു.
നമുക്ക് നിങ്ങളുടെ വീട് വരെയൊന്ന് നടന്നാലോ..
അവിടം അത്ര വൃത്തിയുള്ള സ്ഥലമല്ല.
സാരല്യ..
നിങ്ങളുടെ ഭാര്യയെയും കുട്ടികളെയും കാണാമല്ലോ..
ഇത്രയും ചെറിയ വീടുകള്‍ ലോകത്തിലുണ്ടെന്നത് പുതിയ അറിവായിരുന്നു. ഇത്രയും മോശപ്പെട്ട സാഹചര്യത്തിലായിട്ടും താഴ്വരയിലേയ്ക്ക് പറന്നില്ലാതെയാവാന്‍ ഇവര്‍ ശ്രമിക്കുന്നില്ലല്ലോ.
ശനിയാഴ്ച്ചയായതിനാലും, സ്കൂളവധിയായതിനാലും അയാളുടെ രണ്ട്ക കുട്ടികള്‍ വീട്ടിലുണ്ടായിരുന്നു. മൂത്തയാള്‍ ചെറു ഗൈഡായി തടാകക്കരയിലേയ്ക്ക് പോയിരുന്നു.അയാളുടെ മകള്‍ അല്പം അമ്പരപ്പോടെ ഇടയ്ക്കിടെ മുറ്റത്തേയ്‌ക്കൊളി കണ്ണിട്ട്‌ന നോക്കി.
കൈകാട്ടിവിളിച്ചപ്പോള്‍ പതിയെ അടുത്തേയ്ക്ക് വന്ന് ചിരിച്ചു.
തലേന്നിട്ട സ്ക്കൂള്‍ യൂണിഫോമിലായിരുന്നു ആകുട്ടി.
താഴ്വാരത്തിലേയ്ക്ക് പറന്നു പോകുമ്പോള്‍ അവസാനമായി കഴിയ്ക്കാന്‍ കൈയില്‍ കരുതിയിരുന്ന ഗുരുവായൂരിലെ നെയ്‌സുഗന്ധമുള്ള ഉണ്ണിയപ്പം അവന്തിക അവള്‍ക്ക് കൊടുത്തു.
കാപ്പിയെടുക്കട്ടെ അയാള്‍ ചോദിച്ചു,
വേണ്ട..
പക്ഷെ അയാള്‍ ഉള്ളില്‍ പോയിത മിഴ്‌നാടിന്റെ അതീവരുചികരമായ ഫില്‍ട്ടര്‍കാപ്പി ഒരുസ്റ്റീല്‍കപ്പില്‍ അവന്തികയ്ക്ക് പകര്‍ന്നു കൊടുത്തു..
കാപ്പിയുടെ രുചിയും മഴയുമായി തിരികെ പോകുമ്പോള്‍ അവന്തിക പറഞ്ഞു
ഞാനിനിയും വരാം...
ക്യാമറയില്‍ അയാളും പെണ്‍കുട്ടിയും നിറഞ്ഞ് ചിരിക്കുന്നത് പകര്‍ത്തി തിരിക പോകുമ്പോള്‍ അയാള്‍ കൂടെ കൂടി.
അയാളുടെയുള്ളില്‍ അവന്തികയുടെ പ്രവര്‍ത്തികളുടെ വിചിത്രഭാവങ്ങള്‍ സംശയമുണ്ടാക്കി യിരുന്നു . ഹരിതതാഴ്വരയില്‍ നിന്നുള്ള അവശിഷ്ടങ്ങളില്‍ ഈ പെണ്‍കുട്ടിയുണ്ടാവരുതെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നുവെന്ന് അയാളുടെ മുഖത്തില്‍ നിന്ന് വായിച്ചെടുക്കുവാന്‍ അവന്തികയ്ക്കായി.
അന്ന് തിരികെ ഹോട്ടല്‍റൂമിലെത്തുന്ന വരെയും അയാള്‍ നിഴല്‍ പോലെ പിന്‍തുടരുന്നത് അവന്തിക അറിഞ്ഞു. പിറ്റേന്ന് രാവിലെ മഞ്ഞു തൂവുന്ന പ്രഭാതത്തിലേയ്ക്ക് വാതില്‍ തുറന്നപ്പോള്‍ ആദ്യം കണ്ടത് ആശ്വാസത്തിന്റെ മുഖവുമായി നില്‍ക്കുന്ന അയാളെയായിരുന്നു. തിരികെ ബസ്സ്‌റ്റേഷന്‍ വരെ അയാള്‍കൂടെ വന്നിരുന്നു.
അയാളൊന്നും പറഞ്ഞില്ല.
മടക്കയാത്ര ആഗ്രഹിക്കാതെ ഗ്രീന്‍വാലിവ്യൂവില്‍ നിന്ന് ആത്മഹത്യ ചെയ്യാനെത്തിയ പെണ്‍കുട്ടിയെ ഒരൗപചാരികതയുമില്ലാതെ രക്ഷിച്ചെടുത്തതിന്റെ അഭിമാനമൊന്നും അയാളില്ലായിരുന്നു. ആയിരങ്ങള്‍ വിലയേറിയ ജീവനുടച്ച് കടന്നുപോയ താഴ്വരയുടെ ഗുഹാമുഖങ്ങളെ കണ്ടറിഞ്ഞതിന്റെ മരവിച്ച തണുപ്പ് സൂക്ഷിക്കുന്ന അയാളില്‍ നിന്ന് പഠിക്കാനായതൊന്നും ഒരുസര്‍വ്വകലാശാലയിലുമില്ല എന്ന് അവന്തിക മനസിലാക്കി.
.
മഞ്ഞുമൂടിയ കുളിര്‍ തണുപ്പിലേയ്ക്ക് പതിനഞ്ചു വര്‍ഷങ്ങള്‍ കൂടി വളര്‍ന്ന മനസ്സുമായി സ്കൂള്‍ യൂണിഫോമില്‍ കണ്ട അയാളുടെ മകളുടെ വിവാഹത്തിന്പ പോകാനൊരുങ്ങുമ്പോള്‍ അവന്തിക ആത്മഹത്യചെയ്യാന്‍ കൊടെക്കനാലിലേയ്ക്ക് പോയ പെണ്‍കുട്ടിയുടെ ഓര്‍മ്മകളെ കൈയിലെടുത്ത് തൂവല്‍ പോലെ ആകാശത്തെയ്ക്ക് പറത്തിവിട്ടു.
സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ഗേറ്റ്പ പാലത്തിലൂടെ, ജപ്പാനിലെ അവോകിഘാരകാടിന്റെ നിഗൂഢതിയിലൂടെ.ഇംഗ്ലണ്ടിലെ ബീച്ചിഹെഡിലൂടെ, ഹരിതതാഴവരയിലെആത്മഹത്യാമുനമ്പിലൂടെ ജീവിതത്തില്‍നിന്ന് പറന്ന് പറന്ന് മാഞ്ഞവര്‍..
അവരോടൊപ്പം കൂട്ടുകൂടാന്‍ ജീവിതത്തെ പാതിവഴിയിലുപേക്ഷിച്ച് പോയ പെണ്‍കുട്ടിയെ രക്ഷിച്ചെടുത്ത മഴമേഘങ്ങളുടെ മുഖമുള്ളൊരാള്‍. ആത്മഹത്യാമുനമ്പില്‍നിന്ന് താഴ്വരയിലേയ്ക്ക് പറന്ന് പോകുന്നവരുടെ അവശിഷ്ടം മുകളിലെത്തിക്കുന്ന ദാസ് .
ഗ്രീന്‍വാലിവ്യൂവിലേയ്ക്ക് പറന്ന് നീങ്ങി സൂയിസൈഡ്‌പോയിന്റലവസാനിക്കാതെയും കോടമഞ്ഞു നിറഞ്ഞ സ്വര്‍ഗ്ഗഭൂമിയിലൂടെ പ്രകൃതിയുടെ സ്പര്‍ശത്തിലലിഞ്ഞ് കോക്കേഴ്‌സ് വോക്കിലൂടെ മഴമേഘങ്ങളെ കൈതൊട്ടെറിഞ്ഞ്, ദുരന്തങ്ങളുടെയിടങ്ങളിലും ജീവിതത്തെ സ്‌നേഹിക്കേണ്ടതെങ്ങനെയന്ന അറിവ് നിറഞ്ഞ ഹൃദയവും, മനസ്സുമുള്ള പുതിയ പെണ്‍കുട്ടിയായി, ഭൂമിയുടെ ഗന്ധമുള്ള പല പല ഋതുക്കളിലൂടെയും അവന്തിക മെല്ലെ നടന്നു
നീലക്കുറിഞ്ഞികള്‍ പൂത്തുവിരിയുന്ന താഴ്വരയിലെ മരണഗന്ധത്തിനപ്പുറം കാറ്റിന്റെ വയലിനും പനിനീര്‍പ്പൂവുകളുടെ സുഗന്ധവും ജീവിതത്തിനുണ്ട് എന്ന് ശിരസ്സിലുമ്മ വച്ച് പോകുന്ന മേഘങ്ങള്‍ അവന്തികയെ വീണ്ടും ഓര്‍മ്മിപ്പിച്ചു.