നിന്റെ നെഞ്ചില്‍ ആഴത്തില്‍ വേരോടാന്‍ കൊതിച്ച
ഒരു സിക്കമൂര്‍ വൃക്ഷമായിരുന്നു അവള്‍
നിന്റെ ഉണ്മയിലേക്ക് ഉയര്‍ന്നു പൊങ്ങാനാണ്
അവളുടെ ശിഖരങ്ങള്‍ ഉത്സാഹം കൊണ്ടത്
നിന്റെ ആത്മാവിന്റെ ആകാശങ്ങള്‍ മോഹിച്ചാണ്
അവളുടെ ഇലച്ചാര്‍ത്തുകള്‍ ചാമരം വീശിയത്
എന്നിരുന്നാലും അവളുടെ വസന്തങ്ങള്‍
നിനക്കു വര്‍ണ്ണവിസ്മയങ്ങളായിരുന്നില്ല.
നിന്റെയുള്ളിലവ മായാസുഗന്ധം നിറച്ചുമില്ല.
എന്നിട്ടും അവള്‍ തഴച്ചുവളര്‍ന്നതു നിനക്കുവേണ്ടി.
നിന്റെ അലസനയനങ്ങളില്‍, ചില നേരങ്ങളില്‍
ചില കൗതുകക്കുരുവികള്‍ ചേക്കേറുന്നത്
അവള്‍ കാണാതെയിരുന്നില്ല!
നിന്റെ ഉച്ഛ്വാസനിശ്വാസങ്ങളില്‍
പലപ്പോഴും ശീതക്കാറ്റു നിറഞ്ഞു.
അതിലവള്‍ ഇലകൊഴിയും ശിശിരമായി,
ഉള്ളില്‍ ജീവനുണ്ടെന്നു മറന്നവളായി.
എങ്കിലും തളര്‍ന്നിരിക്കുവാന്‍ നീ
ഒരു തണലുതേടുമ്പോഴൊക്കെയും
അവള്‍ നിന്റെ അരികിലുണ്ടായിരുന്നു,
എപ്പോഴും നിന്റെ ഉള്ളിലുണ്ടായിരുന്നു!
ഇനിയും വര്‍ണ്ണവസന്തങ്ങളില്‍
നീ ഭ്രമിക്കുമെന്നറിഞ്ഞു കൊണ്ടുതന്നെ.
തനിക്കൊരുപാടു ശിശിരങ്ങള്‍
കടന്നു പോകാനുണ്ടെന്നുമറിഞ്ഞു തന്നെ!