MediaAppUSA

ഓര്‍മ്മയ്ക്കായൊരു ശുഭവേള (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 18 November, 2019
ഓര്‍മ്മയ്ക്കായൊരു ശുഭവേള (കവിത: മാര്‍ഗരറ്റ് ജോസഫ്)
ശൈശവമേ, നിന്‍ പുഞ്ചിരിയില്‍,
പുളകം കൊള്ളാത്തവരാര്?
നൈര്‍മല്യത്തിന്‍ നിറകുടമായ്,
കണ്‍കരള്‍ കവരുന്നവര്‍ നിങ്ങള്‍;
മൃദുലസ്പര്‍ശം പകരുന്ന,
നിര്‍വൃതി ജീവന് ധന്യതയായ്,
ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയുന്നോര്‍,
പൈതങ്ങള്‍, ജന്മസുകൃതങ്ങള്‍.
അഴലില്‍ കടലില്‍ നീന്തുമ്പോള്‍,
സാന്ത്വനതീരമണയ്ക്കുന്നോര്‍,
ഇന്നില്‍ ജീവിത മുകുളങ്ങള്‍
നാളെ നാടിന് സമ്പത്ത്.
കുഞ്ഞുങ്ങള്‍ക്ക സമര്‍പ്പണമായ്,
ഓര്‍മ്മയ്ക്കായൊരു ശുഭവേള;
നവംബര്‍ പതിനാലാം തീയതി,
ജവഹര്‍ലാലില്‍  ജന്മദിനം;
മോട്ടിലാല്‍ നെഹ്‌റുവിനും,
സ്വരൂപറാണിക്കും മകനായ്,
ആയിരത്തിയെണ്ണൂറ്റി-
എണ്‍പത്തെട്ട് ക്രിസ്ത്യബ്ദം,
അലഹബാദില്‍ പിറന്നവന്‍,
സ്വതന്ത്രഭാരതം കണികണ്ട,
പ്രധാനമന്ത്രിയായാദ്യം,
ജവഹര്‍ലാല്‍ നെഹ്‌റുവെന്ന,
സ്വരാജ്യസ്‌നേഹി, വിജ്ഞാനി;
ആ പിറന്നാളിന്‍ഡ്യയ്ക്ക്,
'ശിശുദിന'മായി ചരിത്രത്തില്‍;
ആഘോഷത്തിന്‍ പൂത്തിരികള്‍,
ആര്‍പ്പുവിളികളകമ്പടിയായ്,
ചാച്ചാ നെഹ്‌റു കീ...ജയ്..
ചാച്ചാ നെഹ്‌റു കീ...ജയ്....
കോ്ട്ടിന്‍ കീശയില്‍ പനിനീര്‍പ്പൂ,
മന്ദസ്‌മേരം വദനത്തില്‍,
കുട്ടികളൊത്തു കളിക്കുന്ന,
ചാച്ചാ നെഹ്‌റു കീ....ജയ്....
വെള്ളപ്രാക്കളെ മാനത്ത്,
ആഞ്ഞുപറത്തുന്നക്കൈകള്‍;
ആനന്ദത്തിന്‍ നിമിഷങ്ങള്‍,
ചാച്ചാ നെഹ്‌റു കീ .....ജയ്.
എങ്കിലുമെന്തേ ബാല്യങ്ങള്‍,
പീഡിതരാകുന്നെമ്പാടും,
താലോലിക്കേണ്ടവരമ്പേ,
ശ്വാസം മുട്ടിക്കുന്നിവരെ,
കലിയുഗ വീഥിയിലുച്ചത്തില്‍
നിലവിളി മാത്രം, ഹാ കഷ്ടം!

amerikkan mollakka 2019-11-18 19:21:41
മാർഗരീറ്റ സാഹിബാ  അസ്സലാമു അലൈക്കും .
ഇങ്ങടെ കബിത ഇമ്മള് കോട്ടയം കാരുടെ 
മീനച്ചിൽ ആറു ഒഴുകുന്നപോലെ ഞമ്മക്ക് 
തോന്നി. നെഹ്രുവിന്റെ ജനന ദിനം 
ആഘോഷിക്കണ്ട കാര്യമില്ല. കുഞ്ഞുങ്ങൾക്ക് 
രക്ഷ ദിനം അതാകണം ഇനി മുതൽ. ഇങ്ങള് 
ആ ബിഷയത്തെക്കുറിച്ച എയ്തു. ഇബിടെയുള്ള 
സാഹിത്യസംഘടനകൾക്ക് അയച്ചുകൊടുക്കു 
അവർ ചർച്ച ചെയ്തു മോഡി സാബിനെ അറിയിക്കട്ടെ.
റോസാപൂവും, വെള്ളരിപ്രാക്കളും ബേണ്ട 
പകരം കുഞ്ഞുങ്ങൾക്ക് കളർ പെൻസിൽ, 
മിഠായി, അവരുടെ രക്ഷ. കുഞ്ഞുങ്ങളെ 
ബലാൽസംഗം ചെയ്യുന്നവനെ  അപ്പോൾ 
നാട്ടുകാർക്ക് തല്ലിക്കൊല്ലാനുള്ള അവകാശം.
സാഹിബ ..ഇങ്ങടെ പേനക്ക് ശക്തിയുണ്ടെന്ന് 
കാണിച്ചുകൊടുക്കു.  ഈ കബിത നന്നായി.
ഇനിയും എയ്തു,. ഇങ്ങടെ മുൻപത്തെ 
കബിതക്ക് ഞമ്മള് അഭിപ്രായം എയ്തിയിരുന്നു.
കണ്ട് കാണില്ല അല്ലെ? സാരമില്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക