MediaAppUSA

ഉണ്ണികൃഷ്ണന്‍ നായരുടെ 'പ്രീതി.... എന്റെ മോള്‍'- ഒരെത്തിനോട്ടം (ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 21 November, 2019
ഉണ്ണികൃഷ്ണന്‍ നായരുടെ  'പ്രീതി.... എന്റെ മോള്‍'- ഒരെത്തിനോട്ടം  (ഡോ.നന്ദകുമാര്‍ ചാണയില്‍)
അഞ്ചാംതരം തൊട്ട്, ഒരു കഥ എഴുതുക എന്ന ആശയം ശ്രീ ഉണ്ണികൃഷ്ണന്‍ നായരില്‍ അങ്കുരിച്ചിരുന്നതും, കഥകളെഴുതിത്തുടങ്ങിയ ഇദ്ദേഹത്തിന് കേള്‍വികേട്ട പല എഴുത്തുകാരുടെ പ്രശംസകള്‍ പിടിച്ചുപറ്റാന്‍ കഴിഞ്ഞതും, 'ക്രിയേററീവ് റൈറ്റര്‍ എന്ന തിലകക്കുറി ചാര്‍ത്തിക്കിട്ടിയ കഥയും'ആമുഖത്തിലുണ്ട്.

ശ്രീ കോര്‍മാത്ത് ഉണ്ണികൃഷ്ണന്‍ നായര്‍ ട്രൈസ്‌റ്റേറ്റ് മലയാളികള്‍ക്ക് സുപരിചിതനും കലാസാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രതിഭാസമ്പന്നനും ഉത്തമ സംഘാടകനുമാണ്. അമേരിക്കന്‍ മലയാള സാഹിത്യ പ്രതിഭകളായ ഡോ. എ.കെ.ബി.പിള്ള, ശ്രീ.ജെ. മാത്യൂസ്, ശ്രീ. ജോര്‍്ജ്ജ് തുമ്പയില്‍ എന്നിവരുടെ അവതാരിക/ ആശംസകള്‍ ഈ പുസ്തകത്തെ ധന്യമാക്കുന്നുണ്ട്.
സരസവും ലളിതവുമായ ആഖ്യാന ശൈലിയും, കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശിവപേരൂരിന്റെ സ്വതസിദ്ധമായ നീട്ടിയും കുറുക്കിയുമുള്ള സംഭാഷണവും, വിരസതയില്ലാതെ വായിച്ചുപോകാന്‍ കഴിയുന്നു എന്നത് കഥാകൃത്തിന്റെ രചനാപാടവത്തിന്റെ മികവാണ്.

'എന്തൊരു പൊക്കം എന്തൊരു ചന്തം' എന്ന പ്രഥമ കഥയുടെ ശീര്‍ഷകം തന്നെ ആശ്ചര്യ ചകിതവും, വിരുദ്ധോക്തിയിലൂടെ നര്‍മ്മം വിതറുന്ന ഒരു അനുഭവകഥയാണ്. ഭജന തുടങ്ങാന്‍ ഹാളിന്റെ ഇരുവശങ്ങളിലും ജനം കാത്തുനില്‍ക്കുന്നു. വൈകി എത്തിയ സെക്രട്ടറി വാതില്‍ തുറന്നതും, ഉന്തും തള്ളുമായി ആളുകള്‍ അകത്തുകടക്കുന്നതിനെ 'മലയാളികളല്ലേ' എന്ന ചെറുചോദ്യത്തിലൂടെ ഗ്രന്ഥകര്‍ത്താവ് മലയാളിയുടെ അച്ചടക്കബോധത്തെ ആക്ഷേപഹാസ്യത്തിലൂടെ സൂചിപ്പിക്കുന്നു. മേലോട്ടു നോക്കിയിരുന്ന പെണ്‍കുട്ടിയെ പിന്നീട് താഴോട്ടു നോക്കി സംസാരിപ്പിക്കേണ്ടിവന്ന മായാജാലത്തിന്റെ ഗുട്ടന്‍സ് മൂലയില്‍ കുമ്പാരങ്ങൾക്കിടയിൽ 'കൊമ്പും ചെവിയും കണ്ണും എല്ലാമായി തുറിച്ചുനോക്കുന്ന' ലേഡീസ് ബൂട്ട്‌സ് ആണെന്ന ഇളിഭ്യതയോടെ മനസ്സിലാക്കുന്ന നര്‍മ്മ വിവരണം ഹൃദ്യമായിരിക്കുന്നു. ഒരു സാധാരണ മദ്ധ്യവയസ്‌കന്റെ സത്രീ സൗന്ദര്യാരാധന മറയില്ലാതെ തുറന്നു പറഞ്ഞതില്‍ ഗ്രന്ഥകര്‍ത്താവ് അഭിനന്ദനം അര്‍ഹിക്കുന്നു.

രണ്ടാമത്തെ കഥയായ 'മരമണ്ടൂസ്' മറ്റൊരു രസാവഹമായ അനുഭവകഥയാണ്. തന്റെ വിവാഹത്തിന് പാറമേക്കാവിലെ പ്രതിഷ്ഠ എന്തെന്ന പിടിയില്ലാതെ 'സ്വാമിയേ ശരണമയ്യപ്പാ' എന്ന വിളിയുമായി ഷര്‍ട്ടു ധരിച്ച് അമ്പലം ചുറ്റുന്ന ദാസനേയും, കിഴക്കു ദിശയറിയാതെ കല്യാണ താലിയുമായി പകച്ചു നില്‍ക്കുന്ന ദാസനേയും, നവദമ്പതികളെ മുറിയിലാക്കി ഏറെ കഴിഞ്ഞ് 'അയ്യോ എന്റമ്മോ' എന്ന നിലവിളിയിലൂടെ വീട്ടുകാരേയും നാട്ടുകാരേയും നടുക്കുന്ന ദാസനേയും നമുക്ക് കാട്ടിത്തരുന്നുണ്ട്. അവന് പത്തു പൈസ് കുറവാണെന്ന്' മുത്തശ്ശിയുടെ ഓര്‍മ്മിപ്പിക്കല്‍ ദാസന്റെ ബുദ്ധിമാന്ദ്യത്തെ മേല്‍വിലാസ ചീട്ടില്ലാതെ വിവരിച്ചത് ഔചിത്യാവതരണത്തിന് മകുടം ചാര്‍ത്തുന്നു. സാന്ദര്‍ഭികമായി പറയട്ടെ: ന്യൂയോര്‍ക്കിലെ ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനില്‍ ദീര്‍ഘകാലം സ്‌പെഷല്‍ എഡ്യൂക്കേഷന്‍ അദ്ധ്യാപകനായിരുന്ന ഈ കുറിപ്പ് എഴുതുന്ന ആള്‍ 'ഹാന്‍ഡികാപ്ഡ് ചില്‍ഡ്രന്‍' എന്ന ലേബലില്‍ നിന്നു തുടങ്ങി, സ്‌പെഷല്‍ എഡ്യൂക്കേഷനില്‍ ഇപ്പോള്‍ പര്യവസാനിച്ചിരിക്കുന്ന നാമഭേദങ്ങളുടെ പരിണാമം ഓര്‍ത്തുപോകുന്നു.

മൂന്നാമത്തെ കഥയായ 'പ്രീതി എന്റെ മോള്‍' എന്ന കഥയില്‍ പ്രീതി എന്ന തന്റേടി, സഹോദര പപിത കൈ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍, തട്ടിമാറ്റുന്നു. കണ്ണുകാണില്ലെങ്കിലും കാഴ്ച നഷ്ടപ്പെടാത്ത ഒരാളുടെ പ്രകൃതമാണ് അവള്‍ക്കുള്ളത്. സ്ഥലത്തെ യൂണിയന്‍ ലീഡര്‍ തന്റെ മരിച്ചുപോയ മകളെ പ്രീതിയില്‍ പകരക്കാരിയായി കാണുന്നു. ഉത്രാളിക്കാവില്‍ ചുറ്റു വിളക്കു കാണാന്‍ പോയ പ്രീതിയുടെ മുഖത്ത്  പൂജാരിയുടെ കിണ്ടിയിലെ പുണ്യാഹജലം തെറിച്ചു വീഴുകയും പ്രീതി പരിഭ്രമിച്ച് പിന്നോക്കം ആഞ്ഞ് തറയില്‍ വീഴുകയും ചെയ്യുന്നു. വിഷമത്തോടെ അവള്‍ വേഷ്ടിത്തുമ്പുകൊണ്ട് കണ്ണു തുടക്കാന്‍ തുടങ്ങിയപ്പോള്‍ എന്തോ ഒരു തേജോ വികാരം മനസ്സില്‍ തോന്നി. കണ്ണില്‍ ഒരു വക വെളിച്ചം പതിഞ്ഞതുപോലെയുള്ള ഒരു അനുഭൂതി. അവളുടെ തലേദിവസത്തെ കാഴ്ച കിട്ടിയ സ്വപ്‌നമങ്ങിനെ സാക്ഷാല്‍ക്കരിച്ചു. ശുഭാപ്തി വിശ്വാസവും തികഞ്ഞ ദൈവഭക്തിയും അസംഭാവ്യമായത് പലര്‍ക്കും സംഭവ്യമാക്കിയിട്ടുണ്ടല്ലോ. കഥയില്‍ ചോദ്യമില്ലാത്തതു കൊണ്ട് അവിശ്വസനീയതയുടെ ആരോപണം കഥാകൃത്തിനു നേര്‍ക്കില്ല.

'നാത്തൂലിക്കഥകളില്‍' നാത്തൂലി അമ്മയും, മകള്‍ ദേവകിയും, ചെറുമകന്‍ രാമുവും മരുമകന്‍ ദാസനും തമ്മിലുള്ള നാടന്‍ ശൈലിയിലുള്ള നര്‍മ്മസംഭാഷണങ്ങളാണ്. വിരസത ഇല്ലാതെ വായിച്ചുപോവാം. 

അടുത്തത് 'പ്രേതബാധ'(വിശ്വസിച്ചാലും ഇല്ലെങ്കിലും): ഇത് ആത്മകഥാംശമുള്ള, കേരളത്തിലെ ഒരു ഗ്രാമത്തിന്റെയും പഴയ ഒരു നായര്‍ തറവാടിന്റെയും വിവരണങ്ങളടങ്ങുന്ന ഒരു യഥാര്‍ത്ഥ കഥയാണെന്നു തോന്നുന്നു. 

കൊടുങ്ങല്ലൂരമ്മയെക്കുറിച്ചുള്ള പ്രതിപാദ്യം കണ്ടപ്പോള്‍ എന്നില്‍ അല്പം ഗൃഹാതുരത്വം, ഉണര്‍ത്തി എന്നു പറയാതെ വയ്യ. ഈ കഥയുടെ വിശ്വാസ്യത, ശീര്‍ഷകത്തില്‍ സൂചിപ്പിച്ചപോലെ, വായനക്കാരന്റെ ഔചിത്യത്തിനായി വിട്ടുകൊടുക്കുന്നു.
കുഞ്ചന്‍ നമ്പ്യാരെക്കുറിച്ചുള്ള ഒരു ചെറുവീക്ഷണം അദ്ദേഹത്തെക്കുറിച്ച് അറിയാത്തവര്‍ക്ക് വി്ജ്ഞാനപ്രദമാണ്. കൃതിയില്‍ എന്തെല്ലാം ഉള്‍ക്കൊള്ളിക്കണം, അല്ലെങ്കില്‍ ഉള്‍ക്കൊള്ളിക്കരുത് എന്നത് തികച്ചും ഗ്രന്ഥകാരന്റെ സ്വാതന്ത്ര്യമാണ്.

കഥകളുടെ കൂട്ടത്തില്‍ ഒരു ലേഖനവും ആംഗലേയ കവിതയും കണ്ടപ്പോള്‍ ആനക്കാര്യത്തിനിടയില്‍ ചേനക്കാര്യത്തിനെന്തു പ്രസക്തി എന്നു തോന്നിപ്പോയി.
ഇനി 'oh!My Mom!!' : ഭ്രൂണാവസ്ഥയില്‍ നിന്നും വളര്‍ന്ന് വലുതാവുന്ന ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ, ഗര്‍ഭപാത്രത്തില്‍ നിന്നും ബാഹ്യലോകത്തേക്കു കടക്കുമ്പോള്‍ കാണുന്ന മുഖം അമ്മയുടേതായിരിക്കണമെന്ന അഭിലാഷം കവിയുടെ അമ്മയോടുള്ള പൊക്കിള്‍ക്കൊടിബന്ധവും സ്‌നേഹാതിരേകവും ഈ കവിതയില്‍ അരക്കിട്ട് ഉറപ്പിക്കുന്നു. ഡോക്ടര്‍മാരും മറ്റു ആതുര ശുശ്രൂഷകരും ബന്ധുമിത്രാദികളും ഉണ്ടായാലും അമ്മയെ മാത്രമേ ഈ കണ്‍മണി കണികാണുള്ളൂ എന്ന പ്രതിജ്ഞയാണ് ഈ കവിതയുടെ സന്ദേശം. അപ്പോള്‍ അച്ഛനോ? എന്ന കുസൃതി ചോദ്യം ഉദിച്ചെങ്കിലും! IVF(ഇന്‍ വിട്രോ ഫെര്‍ട്ടിലിട്ടി) യുടെ കാലത്ത് ഒരു ബീജദാതാവില്‍ ഒതുക്കാമല്ലൊ എന്ന മറുപടിയും ഉടനെ ഉണ്ടായി.

പ്രതിഭാസമ്പന്നനായ ശ്രീ.ഉണ്ണികൃഷ്ണന്‍ നായര്‍ക്ക് ഇനിയും സാഹിത്യമൂല്യമുള്ള സൃഷ്ടികള്‍ നടത്താന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന ശുഭകാമനകളോടെ ഈ ആസ്വാദനത്തിന് വിരാമമിടട്ടെ.

ഉണ്ണികൃഷ്ണന്‍ നായരുടെ  'പ്രീതി.... എന്റെ മോള്‍'- ഒരെത്തിനോട്ടം  (ഡോ.നന്ദകുമാര്‍ ചാണയില്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക