(നിയമപരമായ മുന്നറിയിപ്പ് : ഇതെഴുതുന്ന ഈ ഞാന്‍ ഒരു മാവോയിസ്റ്റുമല്ല മാവോയിസ്റ്റ് വിരോധിയുമല്ല. ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികവും വെറും നേരമ്പോക്കിനായി എഴുതിയതുമാണ്.)
ഭീതിജനകമായ മാവോയിസ്റ്റ് ആക്രമണത്തിന്റെ വൃത്താന്തം കേട്ടാണ് അന്നാ ഗ്രാമത്തില്‍ സൂര്യന് ഉദിച്ചത്.ഗ്രാമത്തിന്റെ പ്രശാന്തതയെ ഒന്നാകെ തകര്‍ത്ത ആ സംഭവത്തില്‍ പ്രദേശവാസികള്‍ ഞെട്ടിവിറച്ചു. അറിഞ്ഞവര്‍ അറിഞ്ഞവര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. മാവോയിസ്റ്റ് ആക്രമണം നടന്നത്തന്റെ വീടിനോട് ചേര്‍ന്ന് ആ ഗ്രാമത്തിലെ ഏക ചായക്കടയും, പലചരക്ക് കടയുംനടത്തി വരുന്നരമണന്റെ നേര്‍ക്കാണ്.
നാട്ടുകാര്‍ ചെല്ലുമ്പോള്‍ രമണന് പരവശനായി കടയുടെ അകത്തു ഒരു ബെഞ്ചിലിരിക്കുന്നുണ്ട് . രമണന്റെ ഭാര്യ ജാനു ഒരു വീശുപാളകൊണ്ട് പരവശനായ രമണനെ വീശികൊണ്ട് അടുത്ത് തന്നെ നില്പുണ്ട്.വലത് കയ്യില്‍ എന്തോ മാരകായുധം കൊണ്ട് നീളത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നു. കുറേശെ ചോര വാര്‍ന്നു വരുന്നുണ്ട്. മുറിവ് ആഴത്തില്‍ ഉള്ളതല്ല അതുകൊണ്ട് തുന്നിക്കെട്ടേണ്ട ആവശ്യമില്ല എന്നാണ് മുറിവ് വെച്ചുകെട്ടികൊണ്ടിരിക്കുന്ന കമ്പൌന്ടെര്‍ നാരായണന് അവറുകള്‍ പറയുന്നത്. വേദന കുറയുന്നിലെങ്കില് പട്ടണത്തില്‍പോയി ഒരിഞ്ചക്ഷന് എടുക്കാമെന്നു നാരായണന് അവറുകള്‍ പറഞ്ഞു.
രമണനെ പരിക്കേല്പിച്ച അപകടകാരിയായ മാവോ വാദി നാട്ടുകാര്‍ക്ക് അപരിചിതന് ഒന്നുമല്ല. രമണന്റെ വളര്‍ത്തു പുത്രന് മണിയനാണ് ആ ദുഷ്ടനായ അക്രമകാരി.
രമണന് ജാനു ദമ്പതികള്‍ക്ക് മക്കളില്ലായിരുന്നു. മക്കളില്ലാത്ത ദുഖം മറക്കാന്‍ കുഞ്ഞമ്മണിയെയും മണിയനെയും അവര്‍ എടുത്ത് വളര്‍ത്തിയതാണ്. മണിയനെ എടുത്തു വളര്‍ത്തി എന്നു പൂര്‍ണമായും പറയാന്‍ പറ്റില്ല. ഒരു കര്‍ക്കിട രാത്രി പെരുമഴയത്ത് നനഞ്ഞുകുതിര്‍ന്ന് രമണന്റെചായക്കടയുടെ കോലായില്‍ അഭയം തേടി എത്തിയതാണ്ബാലനായ മണിയന്. നനഞ്ഞു വിറച്ചു ഒട്ടിയ വയറുമായി നില്കുന്ന മണിയനെ കണ്ട രമണനു ദയതോന്നി അയാള്‍ അവനെ അകത്തേക്ക് വിളിച്ചു കയറ്റി.
മണിയന്റെ ദയനീയമായ കണ്ണുകളുടെ നോട്ടം കണ്ട രമണന് മനസ്സിലായി അവന് ഭക്ഷണം കഴിച്ചിട്ട് കുറച്ച് ദിവസമായെന്നുള്ള കാര്യം. രമണന് കൊടുത്ത രണ്ടു പിഞ്ഞാണം കഞ്ഞി ചൂട് വകവയ്ക്കാതെ ആര്‍ത്തിയോടെ കുടിക്കുന്ന മണിയനെ കണ്ട ജാനുവിന്റെ കണ്ണ് നിറഞ്ഞു പോയി. കഞ്ഞി കുടി കഴിഞ്ഞു നന്ദിയോടെ രമണന്റെ മുഖത്ത് നോക്കിയ മണിയന് കിടക്കാനുള്ള ഇടം രമണന് ചൂണ്ടി കാണിച്ച് കൊടുത്തു.
പിറ്റേന്ന് നേരം വെളുത്തിട്ടും അവന് എങ്ങും പോകാതെ അവിടെത്തന്നെ ചുറ്റിപറ്റി നില്കുന്നത് കണ്ട ജാനു അവനോട് പറഞ്ഞു ഇനി നീ എങ്ങും പോകേണ്ട അവിടെതന്നെ കൂടിക്കോളാന്‍.ആരും അവനോട് ഊരും പേരും ഒന്നും ചോദിച്ചില്ല. മക്കളിലാത്ത ആ ദമ്പതികള്‍ തങ്ങള്‍ക്ക് ഒരു മകനെ കിട്ടിയതായി കരുതി സന്തോഷിച്ചു.
കുഞ്ഞമ്മണിയുമായി മണിയന് വല്യ ചങ്ങാത്തമായി. എന്ത് കിട്ടിയാലും അവള്‍ക്ക് പങ്ക് വയ്ക്കാതെ അവന് തിന്നാറില്ലായിരുന്നു. ഒരമ്മപെറ്റ സഹോദരീ സഹോദരന്മാരെപ്പൊലെ അവര്‍ ഒരുമിച്ച് സന്തോഷിച്ചുല്ലസിച്ചു നടക്കുന്നത് കാണുമ്പോള്‍ പുത്രവാത്സല്യം കൊണ്ട് രമണന്ജാനു ദമ്പതികളുടെ കണ്ണു നിറയുമായിരുന്നു.
മണിയന് വളര്‍ന്ന് ഒത്ത യുവാവായി. ഇതിനിടയില്‍ ചില സ്വഭാവ മാറ്റങ്ങളൊക്കെ അവനില്‍ ഉണ്ടായത് മാതാപിതാക്കള്‍ ശ്രദ്ദിച്ചു. ഇടയ്ക്കൊക്കെ അവന് ഒറ്റയ്ക്കിരുന്നു ദീര്‍ഘമായി എന്തൊക്കയോ ആലോചിക്കുന്നു.ഇടയ്ക്കിടയ്ക്ക് ചില കൂട്ടുകാര്‍ മണിയനെ കാണാന്‍ വരും. അവരാരും അവിടെ അടുത്തെങ്ങും ഉള്ളവരല്ല. കൂട്ടുകാരുടെ തലവെട്ടം കണ്ടാല്‍ ചുറ്റും പതുക്കെ നോക്കി മണിയന് വീട്ടില്‍ നിന്നിറങ്ങും പിന്നെ തൊടിയില്‍ മാവിന്റെ ചുവട്ടില്‍ നിന്നുകൊണ്ട് എല്ലാവരും അടക്കിപിടിച്ചു എന്തൊക്കയോ സംസാരിക്കുന്നത് കാണാം. കുറച്ച് കഴിഞ്ഞു കൂട്ടുകാര്‍ പോയി കഴിഞ്ഞാല്‍ ചുറ്റും നോക്കി ഒന്നും പറയാതെ പുരക്കകത്തേക്ക് കയറി വരുന്നതും കാണാം. വല്ല കൂട്ടുകാരുമായിരിക്കും വേറെ കുഴപ്പങ്ങള്‍ ഒന്നുമില്ലല്ലോന്നു വിചാരിച്ച് രമണന് അതിനെപ്പറ്റി ഒന്നും ചോദിക്കാറില്ലായിരുന്നു.
ഒരു നാള് രാത്രി മണിയനെ കാണാതായി. ഒന്നു രണ്ടു ദിവസമായിട്ടും തിരിച്ച് വന്നില്ല. രമണന് അറിയാവുന്നവരോടൊക്കെ മണിയനെക്കുറിച്ചു അന്വോഷിച്ചു, ആര്‍ക്കും ഒരു വിവരവുമില്ല.ഒരു ദിവസം ചന്തയിലുള്ള കുഞ്ഞാലിയുടെ ഉണക്കമീന്‍ കടയുടെ ചുവരില്‍ മാവോവാദികളുടെ ഒരു പോസ്റ്റര്‍ കണ്ടു. പോസ്റ്റര്‍ ആദ്യം കണ്ടത് വെളുപ്പിന് പാലുമായി സൊസൈറ്റിയില്‍ പോകുന്ന ഗോപാലനാണ്. പോസ്റ്ററിനെ ചുറ്റിപറ്റി മണിയന് നില്കുന്നത് ഗോപാലന് കണ്ടു. മണിയനല്ലേടാ അതെന്നു ചോദിച്ചപ്പോഴെക്കും മണിയന് ധൃതിയില്‍ ചന്തക്ക് പുറകിലൂടെ കാട്ടിലേക്ക് നടന്ന് കയറി. അങ്ങിനെയാണ് മണിയന് ഒരു മാവോവാദി ആയിമാറിയെന്ന വിവരം ആ ഗ്രാമത്തില്‍ എല്ലാവരുംഅറിഞ്ഞത്.
പിന്നീട് ഒരിക്കല്‍ കാട്ടില്‍ വിറകിനുപോയ പെണ്ണുങ്ങള് മണിയനെയും ഏതാനും കൂട്ടാളികളെയും കാട്ടില്‍ വെച്ചു കാണാന്‍ ഇടയായി. കൂമന് പാറ എന്ന പാറയുടെ ഇടയിലുള്ള ഗുഹപോലുള്ള ഒരിടുക്കില്‍ അവര്‍ ഇരിക്കുന്നതായാണ് കണ്ടത്. സ്ത്രീകള്‍ തങ്ങളുടെ താവളം കണ്ടുപിടിച്ചതില്‍ ക്രുദ്ധനായ മണിയന് അവരെ തുറിച്ചു നോക്കി, എന്നിട്ട് കൂട്ടാളികളുമൊത്തു മാവോ അനുകൂല മുദ്രാവാക്യവും മുഴക്കി അവിടെനിന്ന് നടന്നു മറഞ്ഞു. ഭയന്നുപോയ സ്ത്രീകള്‍ പിന്നെ അവിടെ നിന്നില്ല അവര്‍ ഓടി കാടിന് വെളിയില്‍ വന്ന് രമണനോടും മറ്റുള്ളവരോടും നടന്ന സംഭവത്തെക്കുറിച്ച് പറഞ്ഞു. രമണന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ കൂമന് പാറയില്‍ എത്തിയെങ്കിലും അപ്പോഴേക്കും അവര്‍ താവളം മറ്റെവിടെക്കോ മാറ്റിയിരുന്നു.
ഒരുനാള്‍ പാതിരാത്രിയില്‍ അടുക്കളയില്‍ എന്തോ അനക്കം കേട്ട് രമണന്ചെന്ന് നോക്കിയപ്പോള്‍ മണിയന് നിലത്ത് കുത്തിയിരുന്ന് ചോറു കഴിക്കുന്നു. രമണനെ കണ്ട മണിയന് കുറച്ചുനേരം നിര്‍വികാരനായി മുഖത്തേക്ക് നോക്കിയിരുന്നു. പിന്നെ ഭക്ഷണം പൂര്‍ത്തിയാക്കാതെ ഒന്നും മിണ്ടാതെ അടുക്കളവാതില്‍ വഴി പുറത്തെ ഇരുട്ടിലേക്ക് നടന്നുപോയി. രമണന് പുറകെ ഇറങ്ങിച്ചെന്ന് വിളിച്ചെങ്കിലും പിന്തിരിഞ്ഞ് നോക്കാതെ മണിയന് ഇരുട്ടിലേക്ക് നടന്നകന്നു.
അതിന് ശേഷം എന്നു രാത്രിയില്‍ ഒരു പാത്രത്തില്‍ ചോറും കറികളും വിളമ്പി രമണന് ജാനു ദമ്പതികള്‍ മണിയനായി അടുക്കളയില്‍ വച്ചേക്കും. മണിയനന് വന്നു കഴിച്ചുപോകുന്ന ശബ്ദം വാത്സല്യത്തോടെ കേട്ടുകൊണ്ട് മിണ്ടാതെകിടക്കും. എഴുന്നേറ്റ് ചെന്നാല്‍ അവന് കഴിക്കാതെ പോയാലോ എന്ന് ഭയന്ന് അവന്റെ കണ്‍വെട്ടത്ത് ചെല്ലാറില്ല. അവന് ഭക്ഷണം കഴിച്ച് പുറത്തേക്ക് അടുക്കളവാതില്‍ വഴി നടന്ന് പോകുന്നത് വാതിലിലൂടെ പാളിനോക്കും. അവന് നടന്ന് ഇരുളില്‍ മറയുന്നത് വരെ പുത്ര സ്നേഹം തുളുമ്പുന്ന കണ്ണുകളോടെ നോക്കിനില്ക്കും.
എല്ലാ രാത്രിയൊന്നും മണിയന് വരാറില്ല. എങ്കിലും രമണനും ഭാര്യയും എല്ലാ രാത്രിയിലും അവനുള്ള അത്താഴം എടുത്ത് വച്ചിരിക്കും. രമണന്റെ കടയില്‍ വന്ന ചില ഗ്രാമവാസികള്പറഞ്ഞറിഞ്ഞു, ചില രാത്രികളില്‍ അവരുടെ മുറ്റത്ത് ചില കാല്പെരുമാറ്റങ്ങള് കേള്‍ക്കാറുണ്ടെന്നും, രാവിലെ നോക്കുമ്പോള്‍ അടുക്കളയില്‍ കയറി ആരോ ഭക്ഷണം കഴിച്ച് പോയതിന്റെ അടയാളങ്ങള്‍ ബാക്കികാണാമെന്നും.മണിയന്റെയും കൂട്ടുകാരുടെയും അപഥസഞ്ചാരത്തിന്റെ ശേഷിപ്പുകളാണ് ഗ്രാമവാസികളുടെ പരാതികള്‍ എന്ന് തിരിച്ചറിഞ്ഞ രമണനും ജാനുവും മണിയന്റെയും കൂട്ടുകാരുടെയും സുരക്ഷയെ കരുതി സംഗതി അതിരഹസ്യമായി തന്നെ സൂക്ഷിച്ചു.
അങ്ങിനെ ഇരിക്കയാണ് രമണന്റെ ജീവിതത്തില്‍ ഭയാനകമായ ആ രാത്രി ഉണ്ടായത്. പതിവ് പോലെ മണിയനുള്ള ഭക്ഷണം എടുത്ത് വച്ച് രമണനും ജാനുവും കിടന്നു. വളരെ ജോലിത്തിരക്കുള്ള ദിവസമായിരുന്നതിനാല്‍ രണ്ടുപേരും ക്ഷീണം മൂലം പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി. രാത്രിയില്‍ മണിയന് വന്ന് ഭക്ഷണം കഴിച്ചതവര് അറിഞ്ഞുപോലുമില്ല.
ഭക്ഷണം കഴിച്ചെഴുന്നേറ്റ മണിയന്റെ ദൃഷ്ടികള്‍ അടുക്കളയോടു ചേര്‍ന്നുള്ള മുറിയില്‍ കിടന്നുറങ്ങുന്ന കുഞ്ഞമ്മണിയിലേക്ക് നീണ്ടു. യൌവനയുക്തയായ അവള് കിടന്നുറങ്ങുന്നത് മണിയന് കണ്ണെടുക്കാതെ കുറച്ചുനേരം നോക്കിനിന്നു. പെട്ടന്ന് ഒരു നിമിഷം അവന് അവനല്ലാതായി, താന്‍ കൈപിടിച്ച് നടത്തികൊണ്ടിരുന്ന തന്റെ കുഞ്ഞുപെങ്ങളാണ് അവിടെ കിടക്കുന്നത് എന്നൊന്നും കാമംകൊണ്ട് അന്ധനായ അവന് ചിന്തിച്ചില്ല. അവന് ശെരിക്കുമൊരു മൃഗമായി മാറി.
കുഞ്ഞമ്മണിയുടെ പേടിച്ചരണ്ട കരച്ചില് കേട്ട് ഓടിചെന്ന രമണനും ജാനുവും അവിടെ കണ്ട കാഴ്ച്ചയില്‍ നടുങ്ങിപ്പോയി. കൂടെപ്പിറപ്പായി കരുതേണ്ട കുഞ്ഞമ്മണിയെ ഒരു കാമവെറിയനെപ്പോലെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന മണിയന്.സഹിച്ചില്ല രമണന് അവിടെനിന്ന് തപ്പിയെടുത്ത ഒരു വെട്ടുകത്തിയുമായി രമണന് മണിയന് നേരെ കുതിച്ചു. വെട്ടുവാനായി കത്തിയോങ്ങിയ രമണന്റെ നേരെ മണിയന് ക്രുദ്ധനായി നോക്കി, രമണന് വീശിയ വെട്ടുകത്തിയുടെ വായ്ത്തലയില്‍ നിന്ന് വിദഗ്ദമായി ഒരു അഭ്യാസിയുടെ പാടവത്തോടെ അവന് ഒഴിഞ്ഞുമാറി. വെട്ട് ലക്ഷ്യം കാണാത്തതിനാല്നില തെറ്റി വേച്ചുപോയ രമണന്റെ നേരെ മണിയന് കുതിച്ചു ചാടി, കയ്യില്‍ ഒളിപ്പിച്ചു വച്ചിരുന്ന കൂര്‍ത്ത മുനകളുള്ള ഒരു തരം ആയുധം കൊണ്ട് രമണന്റെ കയ്യേല് ഒരു പ്രഹരം നടത്തി. അപ്രതീക്ഷിതമായി മണിയന് നടത്തിയ ആക്രമണത്തില്‍ പുളഞ്ഞുപോയ രമണനെ തള്ളിമാറ്റി മണിയന് ഓടി പുറത്തെ ഇരുളില്‍ മറഞ്ഞു.
വിവരം അറിഞ്ഞ നാട്ടുകാര്‍ പറഞ്ഞു ഇനി അവനെ വച്ചോണ്ടിരിക്കാന്‍ പറ്റില്ല. മാത്രവുമല്ല ഇത്രമാത്രം ആക്രമകാരിയായ മണിയനെ ഇനി സഹായിച്ചാല്‍ ദേശദ്രോഹകുറ്റത്തിന് രമണന് അകത്തുകിടക്കേണ്ടിവരും. മണിയന് കുഞ്ഞമ്മണിക്ക് നേരെ നടത്തിയ പീഡനശ്രമത്തെക്കുറിച്ചറിഞ്ഞ നാട്ടുകാരില്‍ പലരും സമാനമായ അനുഭവം അവരുടെ വീടുകളിലും നടന്നതായി വെളിപ്പെടുത്തി. പല സംഭവങ്ങളും ഇരുട്ടിന്റെ മറപറ്റിനടന്നതിനാല് ആരാണ് അതിന്റെ പിന്നിലെ കാമവെറിയന്‍ എന്ന് മനസ്സിലായിരുന്നില്ല. ഇപ്പോള്‍ എല്ലാവര്ക്കും മനസ്സിലായി അതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് മണിയന് ആയിരുന്നുവെന്ന്.
പാവം കുഞ്ഞമ്മണി പുറത്ത് നാട്ടുകാരുടെ ബഹളവും വര്‍ത്തമാനങ്ങളും കേട്ട് വീടിന്റെ ഒരു മൂലക്ക് കണ്ണീരുമായി തളര്‍ന്ന് കിടക്കുന്നു. സ്വന്തം കൂടെപ്പിറപ്പായി കണ്ട് സ്നേഹിച്ച മണിയനില്‍ നിന്ന് അപ്രതീക്ഷിതമായി ഇങ്ങനെയൊരു ആക്രമണം നേരിട്ടതില്‍ അവള് ശരിക്കും തകര്‍ന്നുപോയി. മാവോവാദികളെക്കുറിച്ചോക്കെ കുഞ്ഞമ്മണിയും കേട്ടിട്ടുണ്ട് അവരെല്ലാവരും സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിച്ച കഥകള്‍ അല്ലാതെ ഉപ്രദ്രവിച്ചതായി കേട്ടിട്ടില്ല.
സ്വന്തം കൂടപ്പിറപ്പായി കരുതേണ്ടവളെ പീഡിപ്പിക്കാന്‍ ശ്രമിച്ച മണിയന് മരണത്തില്‍ കുറഞ്ഞൊരു ശിക്ഷവേണ്ട എന്ന് നാട്ടുകാര്‍ ഒന്നടങ്കം തീരുമാനമെടുത്തു. പക്ഷെ ഒരുകുഴപ്പം ഒരു മാവോ വാദിയും തികഞ്ഞ അഭ്യാസിയുമായ മണിയനെ എങ്ങിനെ കീഴ്പ്പെടുത്തു? ആരു കീഴ്പ്പെടുത്തും?.അവധിക്ക് വന്ന പട്ടാളക്കാരന് കുഞ്ഞുമോന് വിവരമറിഞ്ഞ് അവിടെ എത്തി. കുഞ്ഞുമോന് പറഞ്ഞു ആ കാര്യം അയാള്‍ക്ക് വിട്ടേക്കാന്‍. കുഞ്ഞുമോനാണെങ്കില് ചത്തീസ്ഗഡിലും, ഉത്തരാഞ്ചലിലുമൊക്കെകാടുകളില് തിരച്ചില്‍ നടത്തി നിരവധി മാവോവാദികളെ ജീവനോടെയും അല്ലാതെയും പിടികൂടി പരിചയമുള്ള ഒരു കമാന്‍ഡോ ആണ്.
കുഞ്ഞുമോനും കൂട്ടാളികളും പദ്ധതി തയാറാക്കി. പദ്ധതി ഇതാണ്. ‘ഒരുപക്ഷെ ഇങ്ങനെ ഒരു സംഭവം ഉണ്ടായതിനാല്‍ കുറച്ചു നാളേക്കു മണിയന് രെഹസ്യകേന്ദ്രത്തില് ഉള്ള അവരുടെ ‘ഹൈഡ്ഔട്ടില്’തന്നെയായിരിക്കും
പക്ഷെഅവരുടെസപ്ലൈഎല്ലാംഈഗ്രാമത്തില് നിന്ന് ആയതിനാല്‍ അവരെ രഹസ്യമായി സഹായിക്കുന്ന ആരെങ്കിലും ഇവിടെ ഇല്ലാതിരിക്കില്ല. സപ്ലൈ തീരുമ്പോള്‍ അവരെ തേടി അവന് വരും. ആരാണ് സഹായി എന്ന് അറിയാത്തതിനാല്‍ സംശയമുള്ള ആളുകളെയും അവരുടെ വീടുകളെയും നിരീക്ഷണത്തില്‍ വയ്ക്കണം. അവനെ എവിടെയെങ്കിലും സ്പോട്ട് ചെയ്യ്താല്‍ ആ നിമിഷം കുഞ്ഞുമോന് മെസ്സേജ് പോകണം. അപ്പോള്‍ കുഞ്ഞുമോന് ഇരട്ടകുഴലുമായി ചെല്ലും ബാക്കിയെല്ലാം ഓപറേഷന് പോലിരിക്കും’.
വെടിവെച്ച് കൊല്ലാനാണ് പദ്ധതി എന്നറിഞ്ഞ ജാനു വലിയ വായില്‍ കരഞ്ഞു ബഹളം കൂട്ടി. ജാനു പറഞ്ഞു
“എന്നാ ദുഷ്ടന് എന്നു പറഞ്ഞാലും അവനെ കൊല്ലേണ്ട. ഞാന്‍ പെറ്റതല്ലെങ്കിലും ഇത്രയും കാലവും ചോറു വിളമ്പികൊടുത്തു വളര്‍ത്തിയതല്ല”.
ജാനുവിന്റെ പുത്രവാത്സല്യം കണ്ടവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും മനസ്സൊന്നിടറി. ഇടറിയ തൊണ്ടയോടെ രമണന് കുഞ്ഞുമോനോട് ചോദിച്ചു, നമുക്ക് അവനെ ജീവനോടെ പിടികൂടി അധികാരികളെ ഏല്‍പ്പിച്ചാല്‍പോരെ അവര്‍ ശിക്ഷിക്കുകയോ, നാടുകടത്തുകയോ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളട്ടെ.
“ഒരു മാവോതീവ്രവാദിയെ ജീവനോടെ പിടികൂടുന്നത് അത്ര എളുപ്പമല്ല പക്ഷെ ശ്രമിച്ചു നോക്കാം.”കുഞ്ഞുമോന് പറഞ്ഞു.
പക്ഷെ അങ്ങിനെ പിടികൂടുന്നതിനിടയില്‍ അവന് തനിക്കോ തന്റെ കൂടയുള്ളവരുടെയോ ജീവന് ഭീഷണി ആകുന്നപക്ഷം കൊല്ലുകയല്ലാതെ മറ്റുമാര്‍ഗമില്ല എന്ന് കുഞ്ഞുമോന് പറഞ്ഞതിനോട് മനസ്സില്ലാ മനോസ്സോടെയെങ്കിലും രമണനും ജാനുവും സമ്മതിച്ചു.
കുഞ്ഞുമോനും നാട്ടുകാരും തയ്യാറാക്കിയ പദ്ധതി പ്രകാരം അവര്‍ പലവഴിക്കായി പിരിഞ്ഞു. കുഞ്ഞുമോന്റെ തിയറി പ്രകാരം ഒന്നു രണ്ടു ദിവസത്തേക്ക് മണിയന് പുറത്തിറങ്ങാന്‍ സാധ്യതയില്ല എന്നിരുന്നാലും പ്രദേശത്തു നിന്നും ഇരുളിന്റെ മറപറ്റി അവന് കടന്നുകളയാനുള്ള സാദ്ധ്യതയും ഇല്ലാതില്ല എന്നതിനാല്‍ എല്ലാവരും വളരെ ജാഗ്രത പാലിച്ചു.
രാത്രി ഏകദേശം രണ്ടുമണിയോടെ കുഞ്ഞുമോന്റെ സെല്‍ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. മണിയനെ ‘സ്പോട്ട്’ ചെയ്തതായ വിവരം. സ്പോട്ട് ചെയ്ത സ്ഥലത്തേക്ക് കുഞ്ഞ്മോനും കൂട്ടാളികളും കുതിച്ചു. സ്ഥലത്തെ പ്രധാന മഹിളാമണിയായ സരസുവിന്റെ വീടാണ് സംഭവസ്ഥലം. മണിയന് ഈ ഇടയായി അവിടെയൊരു പറ്റുപിടി തുടങ്ങിയിരുന്നു. കുഞ്ഞുമോനും സംഘവും വീടിന്റെ ചുറ്റും പലഭാഗത്തായി നിലയുറപ്പിച്ചു.
വീട്ടില്‍നിന്നു അടക്കിപിടിച്ച ചില വര്‍ത്തമാനങ്ങളും പാത്രങ്ങള്‍ അനങ്ങുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞു അടുക്കള വാതില്‍ തുറന്ന് ഒരു നിഴലനക്കം കണ്ടു. നിഴല്‍ രൂപം ഒരുനിമിഷം അനങ്ങാതെ ചുറ്റും കണ്ണോടിച്ചു അവിടെ തന്നെ നിന്നു. കുഴപ്പം ഒന്നുമില്ല എന്നു കണ്ട് ശബ്ദമുണ്ടാക്കാതെ പതിഞ്ഞ കാല്‍വെപ്പോടെ പുറത്തേക്ക് നടക്കുവാന്‍ തുടങ്ങി. ഈ സമയം ഇരുളില്‍ നിന്ന് ഒരുവല പറന്നു നിഴല്‍ രൂപത്തിന്റെ മേലടക്കം വീണു. കുതറിമാറാന്‍ ശ്രമിച്ചനിഴല് രൂപത്തിന്മേല് വലയുടെ കുരുക്കു മുറുകി. ചുറ്റും നിന്ന് ഫ്ലാഷ് ലൈറ്റിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം നിഴല്‍ രൂപത്തിന്മേല് മേല്‍ വീണു. അത് മണിയന് തന്നെയായിരുന്നു. വലയ്ക്കുള്ളില്‍ പെട്ട മണിയന് അതില്‍ കിടന്ന് തന്റെ ശൌര്യമെല്ലാം കാണിച്ച് പിടയുന്നുണ്ടായിരുന്നു. ബഹളംകേട്ട് സരസു വിളക്കുമായി പുറത്തേക്ക് വന്നപ്പോഴേക്കും മണിയനെയുംകൊണ്ട് ആള്‍കൂട്ടം പോയികഴിഞ്ഞിരുന്നു.
പിടിയിലായ മാവോവാദി മണിയനെ എല്ലാവരും ചേര്‍ന്ന് നന്നായി തല്ലി.
“കെട്ടഴിച്ച് വിട്ടേച്ചു തല്ലടാ നായിന്റെ മക്കളെ.....”
എന്നു മണിയന് ഇടയ്ക്കിടെ വിളിച്ച് പറയുന്നുണ്ടെങ്കിലും ആരും അങ്ങിനെയൊരു സാഹസത്തിനു മുതിര്‍ന്നില്ല. അവര്‍ മണിയനെ ചായക്കടയുടെ മുറ്റത്തുള്ള തെങ്ങിന് ചുവട്ടില്‍ വലയില്‍ ആയ നിലയില്‍ തന്നെ കെട്ടിയിട്ടു. മര്‍ദ്ദനമേറ്റ് പരവശനായ മണിയന് അവിടെ തളര്‍ന്നു കിടന്നു.
മണിയന്റെ ഈ കിടപ്പുകണ്ട കുഞ്ഞമ്മണി ചങ്കുപൊട്ടി ‘മ്യാവോ, മ്യാവോ’ എന്ന് കരഞ്ഞുകൊണ്ട് മണിയന്റെ അടുത്തേക്ക് ഓടിയെത്തി. കുഞ്ഞമണി വലകള്‍ക്കിടയിലൂടെ മണിയന്റെ മുഖവും മേലുമെല്ലാം സ്നേഹപൂര്‍വ്വം നക്കിതുടച്ചു. തങ്കകുടംപോലുള്ള ഈ പെങ്ങളെയാണല്ലോ താന്‍ രാത്രി പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്നോര്‍ത്തപ്പോള്‍ മണിയന്റെ ഉള്ള് കുറ്റബോധം കൊണ്ട് നീറിപുകഞ്ഞു. അവന് കുഞ്ഞമ്മണിയെ നോക്കി എന്നോട് ക്ഷമിക്കൂ പെങ്ങളെ എന്ന് അര്‍ത്ഥത്തില്‍ ശബ്ദം താഴ്ത്തി‘മാവോ, മാവോ’ എന്ന് പൊട്ടിക്കരഞ്ഞു.