Image

ചില മുങ്ങിമരണങ്ങള്‍ (സീന ജോസഫ്)

Published on 26 November, 2019
ചില മുങ്ങിമരണങ്ങള്‍ (സീന ജോസഫ്)
അവളുടെ കെട്ടിയോന്‍ മുങ്ങിമരിച്ചിട്ട്
ഇത് മൂന്നാം ദിവസമാണ്.
അയലത്തെ പെണ്ണുങ്ങള്‍ പറഞ്ഞു,
മുഴുക്കുടിയനായിരുന്നെങ്കിലും
മുച്ചൂടും തല്ലുമായിരുന്നിട്ടും
പെണ്ണിനു അവനോട് മുടിഞ്ഞ
സ്‌നേഹമായിരുന്നു!
കണ്ടില്ലേ ഇനിയും കുളിക്കാതെ കഴിക്കാതെ
നിലത്തു കണ്ണും നട്ടിരിക്കുന്നത്!

കരിങ്കല്‍ പണിക്കാരനായിരുന്നു അവന്‍.
പള്ളിപ്പെരുനാളിനു അവന്‍ കണ്ടുകൊതിച്ചപ്പോള്‍
യൗവ്വനം അവളുടെ നെറ്റിയിലൊരു വര്‍ണ്ണപ്പൊട്ട്
തൊട്ട് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.
പൊന്നും പണവും വേണ്ടെന്നു പറഞ്ഞപ്പോള്‍,
താലികെട്ടെന്നു വേണമെന്നേ അപ്പന്‍ ചോദിച്ചുള്ളു.
അവള്‍ക്കു താഴെ മൂന്നു പെണ്‍കുട്ടികള്‍
വേറെയും ഉണ്ടായിരുന്നു!

കല്യാണശേഷമാണ് അവളുടെ
തലയില്‍ ഇടിത്തീ വീണത്.
സ്വപ്നങ്ങള്‍ കണ്ണില്‍ ചത്തുമലച്ചത്,
മദ്യഗന്ധം അവളുടേയും ഗന്ധമായത്,
തിണര്‍ത്ത പാടുകള്‍ അലങ്കാരമായത്,
സങ്കടം കേള്‍ക്കാന്‍ ആരുമില്ലാതായത്.

ആദ്യത്തെ ഉത്തരവാദിത്തം ഇറക്കിവച്ച
ആശ്വാസത്തിലായിരുന്നു അമ്മ.
കരുത്തുള്ള ആണുങ്ങള്‍ ഇങ്ങനെയൊക്കെ
ആണെന്നു വകയിലൊരമ്മായി.
കിടപ്പാടവും വായ്ക്കന്നവും ഉള്ളതുതന്നെ
ആര്‍ഭാടമെന്ന് അപ്പന്‍.

ചവിട്ടിയരച്ച ഉടലിനും ജീവനും ആഹാരം
ആവശ്യമാണെന്നവള്‍ക്കു തോന്നിയില്ല.
എങ്കിലും അവള്‍ വച്ചുവിളമ്പി,
എന്നും കുളിച്ചു ശുദ്ധി വരുത്തി,
മുറ്റത്തു മുല്ലയും തുളസിയും നട്ടു,
തെണ്ടിത്തിരിഞ്ഞു വന്ന പൂച്ചക്കുഞ്ഞിനു
ചോറും പാലുമൂട്ടി.

അന്നൊരിക്കല്‍ ചോറു വാര്‍ക്കുമ്പോളാണ്
അവളുടെ നടുമ്പുറത്ത് അടി വീണത്.
ഒട്ടും ആലിചിക്കാതെയാണ് അവള്‍
തിളച്ചകഞ്ഞിവെള്ളം അവന്റെമേല്‍ ഒഴിച്ചുപോയത്!

പിന്നീട് തന്റെ സഹനശക്തിയില്‍
അവള്‍ക്കു തന്നെ മതിപ്പു വന്നു.
അന്ന് സിഗരറ്റുകുറ്റി അവളുടെ
പുക്കിളിനുചുറ്റും പൂക്കളം തീര്‍ത്തു.
വിറകുകൊള്ളി മാറിടത്തിലും തുടകളിലും
അഗ്‌നിചിത്രങ്ങള്‍ വരച്ചിട്ടു.
വെറുതെയൊരു നിലവിളി
തൊണ്ടക്കുഴിയില്‍ ഒളിച്ചു കളിച്ചു.
അവന്റെ തീയാളുന്ന കണ്ണുകള്‍ നോക്കി
അവളുടെ ജീവന്‍ മരവിച്ചു കിടന്നു!

അതിനൊക്കെ ശേഷമാണ് അവന്‍
മുങ്ങിമരിക്കുന്നത്.
അതും മുറ്റത്തിന്‍ കോണിലെ ഇത്തിരിപ്പോന്ന
കുഴിയിലെ ഇച്ചിരവെള്ളത്തില്‍.
മൂക്കുമുട്ടെ കുടിച്ചുവന്ന അവന്
തട്ടിവീഴാന്‍ പാകത്തില്‍ വലിയ രണ്ടുകല്ലുകള്‍
ആരാത്രിയിലാണ് അവിടെ പ്രത്യക്ഷപ്പെട്ടത്.
വീണുകിടന്ന് വഴുവഴുക്കുന്ന ശബ്ദത്തില്‍
ചീത്തവിളിച്ചു കൊണ്ടിരുന്ന അവന്റെ ശിരസ്സില്‍,
ഉറങ്ങു ഉറങ്ങു എന്നു പറഞ്ഞു അവള്‍ അമര്‍ത്തി
തിരുമ്മിക്കൊടുക്കുക മാത്രമേ ചെയ്തുള്ളു!

ഇന്നേക്കു മൂന്നു ദിവസമായി അവളുടെ
കെട്ടിയവന്‍ മുങ്ങിമരിച്ചിട്ട്.
മുറ്റത്തെ മുല്ലയും തുളസിയും അവളെ
പേരുചൊല്ലി വിളിക്കുന്നുണ്ട്.
പൂച്ചക്കുട്ടി അവളുടെ പാദങ്ങളില്‍
ഉരുമ്മിയുരുമ്മി ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.
അവളിപ്പോള്‍ ഒരു ചിമിഴ് വെളിച്ചത്തിലേക്ക്
മെല്ലെ ഉറ്റു നോക്കുകയാണ്!
Join WhatsApp News
സർ സോഡാ 2019-11-26 21:57:40
നല്ല ഒരു theme തന്നെ .. സഹനത്തിന്റെ അവസാനമാണ് ചില മുങ്ങി മരണങ്ങൾ ഉണ്ടാവുന്നത് .. ഒത്തിരി കാവ്യത്മമകമായ വരികൾ അതി സമ്പുഷ്ട്ട്മാണ് കവിത "യൗവ്വനം അവളുടെ നെറ്റിയിലൊരു വര്‍ണ്ണപ്പൊട്ട് തൊട്ട് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു"👌 "വെറുതെയൊരു നിലവിളി തൊണ്ടക്കുഴിയില്‍ ഒളിച്ചു കളിച്ചു"👌 പക്ഷെ മറ്റിടങ്ങളിൽ ഇത്തിരി കൂടി കാവ്യത്മകമായ ഭാഷ ഉപയോഗിക്കാമായിരുന്നു
Jack Daniel 2019-11-26 22:44:25
വെറും സോഡാ കുടിച്ചു കമെന്റ് എഴുതിയാൽ ഒരു സുഖവും ഇല്ല സോഡാ - ഓൺ ദി റോക്കാക്ക് 

Seena Joseph 2019-11-27 07:37:58
Thank you..
josecheripuram 2019-11-27 12:21:34
May be this is warning for alcoholic husbands who abuse their wives?
കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല 2019-11-27 23:19:05
യേശു ദൈവാലയം വിട്ടു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു.
അവൻ അവരോടു: “ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. (Mathew 24-1,2)
Rajan Kinattinkara 2019-11-28 04:11:57
ഒരു കഥ പറയുന്ന കവിത... അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക