തടവുകാരി (മിനി കഥ:കാരൂര്‍ സോമന്‍ )

കാരൂര്‍ സോമന്‍ Published on 26 November, 2019
തടവുകാരി (മിനി കഥ:കാരൂര്‍ സോമന്‍ )
ആകാശത്തു സൂര്യന്‍ തിളങ്ങിയ സമയം കൗണ്‍സില്‍ ജോലിക്കാരി നടപ്പാത വൃത്തിയാക്കി നില്‍ക്കുമ്പോഴാണ് അയല്‍ക്കാരി സുമതിക് തലചുറ്റലുണ്ടായത്. എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ള സുമതി ഡയബെറ്റിക്ക് ഗുളിക കഴിക്കുമെങ്കിലും ആരോഗ്യത്തിന്  വലിയ കുഴപ്പമില്ല. ഇപ്പോഴും ആ ശബ്ദത്തിന് നല്ല മാധുര്യമാണ്. സംസാരിച്ചു നിന്ന ഓമന അവരെ താങ്ങി പിടിച്ചു വീടിനുള്ളിലെത്തി വേണ്ടുന്ന ശിശ്രുഷ നല്‍കി. ആംബുലന്‍സ് വിളിക്കേണ്ടയെന്നറിയിച്ചു. 

എപ്പോഴും അണിഞ്ഞൊരുങ്ങി നടക്കുന്ന സുമതി കണ്ണുനീര്‍ വാര്‍ത്തു. വലിയൊരു വീടിന്റ നാലു ചുവരുകള്‍ക്കുള്ളില്‍ രണ്ട് ആണ്മക്കളുണ്ടായിട്ടും ഒറ്റക്കാണ് താമസം.  അമ്മയുണ്ടോ എന്നറിയാന്‍ ഇളയെ മകന്‍ മാസത്തിലൊരിക്കല്‍ ഫോണില്‍ വിളിക്കും. സിംഗപ്പൂരില്‍ നിന്നും 1970 ല്‍  ലണ്ടനിലെത്തി വളരെ കഷ്ടപ്പെട്ടാണ് മക്കളെ പഠിപ്പിച്ചു വളര്‍ത്തിയത്. അവര്‍ വിവാഹം കഴിച്ചതോടെ അവരുടെ സ്വഭാവം മാറി.  ഭര്‍ത്താവ് 2004 ല്‍ മരിച്ചു. അമ്മയെ തിരിഞ്ഞുനോക്കാത്ത ആണ്മക്കളെയോര്‍ത്താണ് സുമതിയുടെ സങ്കടം.  ഓമന പറഞ്ഞു. ഈ വീട് കൗണ്‍സിലിന് കൊടുത്തിട്ട് സുഖമായി നഴ്‌സിംഗ് ഹോമില്‍പോയി താമസിച്ചുടെ? സുമതി അത് മക്കള്‍ക്ക്  മാത്രമെ കൊടുക്കുവെന്ന് തീര്‍ത്തും പറഞ്ഞു. സ്വന്തം സന്തോഷവും സമയവും മക്കള്‍ക്കായി മാറ്റിവെക്കുന്ന സുമതിമാര്‍ ഇന്ത്യയിലുള്ളത് ഓര്‍ത്തു.  ബ്രിട്ടീഷ് ജീവിതം പോലും കണ്ടു പഠിക്കാത്ത സ്വയം ശിക്ഷ ഏറ്റുവാങ്ങി തടവുകാരിയായ സുമതി ഈറനണിഞ്ഞ മിഴികളുമായി കട്ടിലില്‍ തളര്‍ന്നു കിടന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക