ലാനയുടെയും ഫൊക്കാനയുടെയും സാഹിത്യ സമ്മേളനങ്ങളില്‍ ആജാനബാഹുവായ ഒരു വ്യക്തിയെ ശ്രദ്ദിക്കാന്‍ ഇടവന്നിട്ടുണ്ട്. പ്രത്യേകിച്ചും ഹ്രസ്വകായനായ ഈ കുറിപ്പ് എഴുതുന്ന ആളിന്, 'അമ്പോ വലിപ്പം, ഉടയോന്റെ കൊടുപ്പ് കേമം'എന്ന അല്‍പ്പം അസൂയ കലര്‍ന്ന നിഗൂഢ ചിന്താഗതിയായിരിക്കാം. ഈ വര്‍ഷം നവംബറില്‍ ഡാളസില്‍ നടന്ന ലാനയുടെ സമ്മേളനത്തിലാണ് ജെയിംസ് കുരീക്കാട്ടില്‍ എന്ന ഈ വ്യക്തിയെ പരിചയപ്പെട്ടതും അദ്ദേഹത്തിന്റെ 'മല്ലുക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍' എന്ന പുസ്തകം ലഭിച്ചതും. ഒറ്റ ഇരുപ്പിലിരുന്ന് ഈ പുസ്തകം വായിച്ചു തീര്‍ത്തു. ഉടനെ തന്നെ എന്റെ വായനാനുഭവം കുറിക്കാമെന്ന് കരുതി.
അച്ചടി, ദ്രശ്യ, ശ്രവണ മാധ്യമങ്ങളിലൂടെ നമ്മളെല്ലാം നമുക്ക് ചുറ്റും നടമാടുന്ന ഒരു പാട് കാര്യങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്. ചിലതെല്ലാം നമ്മുടെ സ്മൃതി മണ്ഡലത്തില്‍ തങ്ങിനിന്നേക്കാമെങ്കിലും, പലതും വിസ്മരിച്ച് പോകുകയാണ് പതിവ്. ഒരു പക്ഷെ പലരും ഇതൊന്നും ശ്രദ്ദിക്കുകയോ, അത്ര കാര്യമാക്കുകയോ ചെയ്യാറില്ല. എന്നാല്‍ ജെയിംസ് എന്ന സൂക്ഷ്മ നിരീക്ഷകനായ സ്വതന്ത്ര ചിന്തകന്‍, ഈ വസ്തുതകള്‍ ശേഖരിച്ച്, തന്റെ ചിന്താമൂശയില്‍ സംസ്‌കരിച്ച്, അവധാന പൂര്‍വ്വം വായനക്കാരിലേക്കും ആ ചിന്തകള്‍ പകരുന്നു. ആ ശ്രമത്തില്‍ അദ്ദേഹം തികച്ചും വിജയിച്ചു എന്ന് വേണം പറയാന്‍. പുസ്തകത്തിന്റെ ശീര്‍ഷകം പോലെ തന്നെ ആകര്‍ഷകമാണ് പുറം ചട്ടയിലെ ചിത്രവും. സുപ്രസിദ്ധ ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ മനോഹര യക്ഷിയുടെ ആവരണത്തില്‍ നിന്ന് തന്നെയാവട്ടെ ഈ പുസ്തകത്തിന്റെ പുതുമകളിലേക്കുള്ള എത്തിനോട്ടം. ഇടക്ക് വച്ച് പറയട്ടെ, ഇങ്ങനെ ഒരു സുന്ദര ശില്‍പ്പം നിര്‍മ്മിച്ച ആ പേര് കേട്ട ശില്പിക്ക് നേരെയും വധഭീഷണി ഉണ്ടായിട്ടുണ്ട്. ശ്രീ: കുരീക്കാട്ടില്‍ യക്ഷിയുടെ പൃഷ്ഠഭാഗം മുഖചിത്രമാക്കിയതിലും ഔചിത്യമുണ്ട്; വിവേചന ബുദ്ധിയുണ്ട്. ആരുടെയും അവതാരികയൊന്നുമില്ലാതെ ഫ്രീ തിങ്കേഴ്‌സ് പ്രസാധകരാണ്, സ്വതന്ത്ര ചിന്താ ധാരകളും, നര്‍മ്മത്തില്‍ ചാലിച്ച ഗഹനമായ ചിന്തകളും, സമൂഹത്തില്‍ സ്വതന്ത്ര ചിന്തയും ശാസ്ത്രാവബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പി പാടിയത് പോലെ, 'സന്ധ്യക്കെന്തിന് സിന്ദൂരം'?. ഇതിലെ സ്വതന്ത്ര ചിന്തകള്‍ ഫ്രീ തിങ്കേഴ്‌സ് പ്രസാധകരിലൂടെ വരുന്നതിലും ഒരു പ്രതിരൂപാത്മകത്വമില്ലേ?
പുറം ചട്ടയില്‍ പ്രസാധകര്‍ പറയുന്നത് ശ്രദ്ദിക്കൂ.' സ്വതന്ത്ര ചിന്തയും, ആവിഷ്‌കാര സ്വാതന്ത്ര്യവും, സ്ത്രീ പുരുഷ സമത്വവും, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമൊക്കെയാണ് ഓരോ കഥകളിലും തര്‍ക്കങ്ങളായി ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ കഥകളും, ഈ കഥകളിലെ കഥാപാത്രങ്ങളായ മനഞ്ഞില്‍ വര്‍ക്കിയും, മാക്കാന്‍ കിട്ടുണ്ണിയും, ക്രിക്കറ്റ് ജോണിയും, കുണ്ടപ്പന്‍ നായരുമെല്ലാം, ഒരു സമൂഹത്തിന്റെ ചിന്താവൈകല്യങ്ങള്‍ക്കും കപട സദാചാര ബോധത്തിനും നേരെ പിടിച്ച കണ്ണാടിയാണ്'.
ഈ പുസ്തകത്തെ ഒരു പ്രത്യേക ഇനത്തില്‍ തളച്ചിടേണ്ടതില്ല. ഇതില്‍ കൊച്ചു കൊച്ചു കഥകളുണ്ട്' ആഖ്യായികകളുണ്ട്, ആക്ഷേപഹാസ്യമുണ്ട്, ഗഹനമായ ചിന്തകളും സാരോപദേശങ്ങളുമുണ്ട്, തര്‍ക്കങ്ങളുണ്ട്. ദാര്‍ശനിക ചിന്തകളുണ്ട്.
ഭഗവത് ഗീത വെളിവാക്കപ്പെടുന്നത് ധൃതരാഷ്ട്രര്‍സഞ്ജയ സംവാദത്തിലൂടെയാണല്ലോ. അതുപോലെതന്നെയാണ് ശാരിക പൈതലിലൂടെയാണ് തുഞ്ചത്തെഴുത്തച്ഛന്റെ ആധ്യാത്മിക രാമായണവും വെളിവാക്കപ്പെടുന്നത്. ജെയിംസ് മല്ലു ക്ലബ്ബിലെ വിചിത്ര നാമധാരികളിലൂടെ നമ്മുടെ സമൂഹത്തിലെ സദാചാര തര്‍ക്കങ്ങള്‍ വായനക്കാരന് സമര്‍പ്പിക്കുന്നു. മുമ്പ് സൂചിപ്പിച്ച വിചിത്ര കഥാപാത്രങ്ങളുടെ സരസമായ പേരുകളിലുള്ള നര്‍മ്മം, ബഷീറിന്റെ എട്ടുകാലി മമ്മൂഞ്, മണ്ടന്‍ മുസ്തഫ, ഒറ്റക്കണ്ണന്‍ പോക്കര്‍ എന്നിവരെ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ പുരുഷൂസ്, ഫെമിനിച്ചി എന്നിവ നര്‍മ്മ സാമ്രാട്ടായ വി കെ എന്നിനെയും.
ഈ പുസ്തകത്തിലെ യുക്തിഭദ്രതയാര്‍ന്ന ദാര്‍ശനിക ചിന്തകള്‍ വായിച്ചപ്പോള്‍, യുക്തിവാദികളും, ആദര്‍ശവാദികളുമായ പത്രാധിപന്മാരും സാഹിത്യകാരന്മാരും എന്റെ സ്മൃതി പര്‍വ്വത്തില്‍ തെളിഞ്ഞു. കോവൂര്‍, ഇടമറുക്, യുക്തിവാദി എം സി ജോസഫ്, കെ ബാലകൃഷ്ണന്‍, എന്‍ വി കൃഷ്ണവാര്യര്‍, ഇ വി കൃഷ്ണപിള്ള തുടങ്ങിയവര്‍ ചുരുങ്ങിയ ഉദാഹരണം മാത്രം. അത് പോലെ തൊള്ളായിരത്തി അറുപതുകളുടെ ആരംഭത്തില്‍ ആണെന്ന് തോന്നുന്നു, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന താളുകളില്‍ മുടങ്ങാതെ വന്നിരുന്ന 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ രാമുവിനെയും ഗുരുജിയെയും ഓര്‍മ്മിപ്പിക്കുന്ന കഥാപാത്രങ്ങളും മല്ലു ക്ലബ്ബിലുണ്ട്.
സദാചാരവും കപട സദാചാരവും മല്ലു ക്ലബ്ബിലെ അംഗങ്ങളിലൂടെ സന്നിവേശിപ്പിക്കുന്ന രീതിയെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചുവല്ലോ. ഗ്രന്ഥകാരന്റെ ഭാഷാ സൗകുമാര്യത്തിനൊപ്പമുള്ള ആശയ ഗാംഭീര്യം, കുറിക്കുകൊള്ളുന്ന ചോദ്യ ശരങ്ങള്‍, നര്‍മ്മോക്തികള്‍, അര്‍ത്ഥ സമ്പുഷ്ടി എന്നിവ ആസ്വദിക്കുന്നതിനായി കഥകളുടെ രത്‌ന ചുരുക്കത്തില്‍ കഥാകാരന്റെ വാക്കുകള്‍ തന്നെ കടമെടുക്കട്ടെ.
ഒരു ലെസ്ബിയന്‍ ആയ ഡാന നെസ്സല്‍ എന്ന അറ്റോര്‍ണി, മിഷിഗണ്‍ സ്‌റ്റേറ്റിന്റെ അറ്റോര്‍ണി ജെനറല്‍ ആയി തിരഞ്ഞെടുക്കപെടുന്നതാണ് ' ലെസ്ബിയന്‍ ഡാനക്ക് ഒരു വോട്ട്' എന്ന പ്രഥമ കഥയുടെ ഇതിവൃത്തം. കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് നമ്മളെല്ലാം ഈ വാര്‍ത്ത കേട്ടതും അറിഞ്ഞതുമാണ്. എന്നാലോ, ഇലക്ഷന്‍ കഴിഞ്ഞതോടെ അതെല്ലാം നമ്മുടെ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകുന്നു. എന്നാല്‍ ഇവിടെ ജെയിംസ് എന്ന സാമൂഹ്യ പ്രതിബദ്ധയുള്ള ചിന്തകനായ എഴുത്തുകാരന്‍ ചെയ്തതെന്താണ്? ചാക്കോച്ചന്‍, ബാബു കോമളന്‍ എന്നിവരുടെ തര്‍ക്കങ്ങളിലൂടെ, നമ്മള്‍ മലയാളികളുടെ ' എല്‍ ജി ബി റ്റി' സമൂഹത്തോടുള്ള മനോഭാവത്തെയും, അവര്‍ പ്രകൃതി വിരുദ്ധരാണെന്നുള്ള അബദ്ധ ധാരണകളെയും പൊളിച്ചെഴുതുകയാണ്.
ലൂക്കായുടെഅമേരിക്കന്‍ പൗരത്വം എന്ന രണ്ടാമത്തെ കഥയില്‍ ചാക്കോച്ചന്‍ പറയുന്നുണ്ട്, 'നമ്മള്‍ യാദ്രശ്ചികമായി ജനിക്കാനിടയായ നാടും സംസ്‌കാരവും, ഭാഷയുമൊക്കെയാണ് ലോകത്തിലെ ഏറ്റവും മികച്ചതെന്ന് കരുതുന്നതാണ് നമ്മുടെയൊക്കെ പ്രശ്‌നം. അത് രാജ്യ സ്‌നേഹമല്ല. തീവ്ര ദേശീയതയാണ്. മത വര്‍ഗീയത പോലെ തന്നെ അപകടകരമാണ് ഈ തീവ്ര ദേശീയതയും. വേദങ്ങള്‍, ഉപനിഷത്തുകള്‍ എന്നൊക്ക പറഞ്ഞു അഭിമാനിക്കുന്നതില്‍ എന്ത് കാര്യം, അതൊന്നും നമ്മള്‍ വായിക്കുന്നില്ലെങ്കില്‍. യോഗ, ഭാരതത്തിന്റെ സംഭാവന ആണെന്ന് പറയുന്നതല്ലാതെ അതിലെ ഒരു ആസനമെങ്കിലും ചെയ്യുന്നില്ലെങ്കില്‍ എന്ത് പ്രയോജനം? പുസ്തകത്തില്‍ അടങ്ങിയിരിക്കുന്ന വിദ്യയും, അന്യ കൈകളിലകപ്പെട്ട ധനവും, നാട് വിട്ട മകനും പേരിന് മാത്രമേ ഉതകൂ എന്നൊരു ചൊല്ലുണ്ട്. അമേരിക്കയില്‍ വന്ന്, ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കന്‍ പൗരത്വം നേടുകയും പിന്നീട് അമേരിക്കയില്‍ നിന്ന് കിട്ടാവുന്ന ആനുകൂല്യങ്ങള്‍ എല്ലാം അനുഭവിച്ച് ഈ നാടിനെ ഇകഴ്ത്തുന്ന എത്രയോ മലയാളികള്‍ നമ്മുടെ ഇടയിലുണ്ട് എന്ന പച്ച പരമാര്‍ത്ഥത്തിലേക്ക് വിരല്‍ ചൂണ്ടുന്ന രസാവഹമായ ആഖ്യാനം അനുമോദനാര്‍ഹം തന്നെ. കൊട്ടിഘോഷിക്കപ്പെടുന്ന ഭാരതീയരുടെ കുടുംബ ഭദ്രത നിലനില്‍ക്കുന്നത് നമ്മുടെ സ്ത്രീകളുടെ സഹന ശേഷിയിലാണെന്നും ഈ കഥയിലൂടെ കഥാകാരന്‍ വെളിവാക്കുന്നു.
മാതാഹരിയും മല്ലു ക്ലബ്ബും എന്ന മൂന്നാമത്തെ കഥ വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നത് പണ്ട് എനിക്കുണ്ടായിരുന്ന ഒരു ക്രിസ്ത്യന്‍ സുഹൃത്തിനെയാണ്. പള്ളിയെയും കര്‍ത്താവിനെയും തൊട്ടുകളിച്ചാല്‍ മട്ടും ഭാവവും മാറുന്ന കഥയിലെ ലൂക്കാച്ചനെ പോലെ ഒരു സുഹ്രത്ത് എനിക്കുണ്ടായിരുന്നു. പള്ളിയെയോ പട്ടക്കാരനെയോ സംസാരിക്കുന്നതിനിടക്ക് ആരെങ്കിലും വിമര്‍ശിക്കാന്‍ ഇടയായാല്‍, ആളുടെ മട്ടും ഭാവവും മാറും. ആളാകെ വിറളി പിടിച്ച് ക്ഷുഭിതനാകും. ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഈ കഥയുടെ വിഷയം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ എന്തും എഴുതുകയും വരക്കുകയും ചെയ്യുന്ന പ്രവണതകളോട് ഫാദര്‍ രക്ടോവിയസിന് യോജിക്കാന്‍ കഴിയുന്നില്ല. ഒരു പുസ്തകം വായിക്കുമ്പോള്‍ വരികള്‍ക്കിടയില്‍ വായിക്കാനും, ഒരു ചിത്രം കാണുമ്പോള്‍ വിവിധ ലയറുകളില്‍ ആ ചിത്രം ആസ്വദിക്കാനുമുള്ള ഒരു വിഷ്വല്‍ ലിറ്ററസി ഇല്ലാത്തതാണ് നമ്മുടെ പ്രശ്‌നമെന്ന് കഥയിലെ ബുദ്ധിജീവി കഥാപാത്രമായ വിനീത് ദാസും വാദിക്കുന്നു. കലയെ കലയായി കാണാനും അതിലെ കലാമൂല്യം തിരിച്ചറിയാനുമുള്ള ബോധം പാശ്ചാത്യരെ പോലെ മലയാളിക്കുമുണ്ടാകണമെന്ന ചാക്കോച്ചന്റെ നിരീക്ഷണവും ശ്രദ്ധേയമാണ്.
മല്ലു ക്ലബ്ബിലെ ലൈംഗിക സദാചാര തര്‍ക്കങ്ങള്‍ എന്ന നാലാമത്തെ കഥയില്‍, 'മത ഗ്രന്ഥങ്ങളൊക്കെ എത്രയോ ആഴത്തില്‍ പഠിച്ചവരും പഠിപ്പിക്കുന്നവരുമായ നമ്മുടെ ആത്മീയ ഗുരുക്കള്‍, തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിവുള്ളവരായിട്ടും എന്തുകൊണ്ട് വലിയ തെറ്റുകള്‍ ചെയ്യുന്നു എന്ന ചോദ്യത്തിന് ഉത്തരം തിരയുകയാണ്. മഹാഭാരതത്തില്‍, ധര്‍മ്മം എന്തെന്ന് അറിയാമായിരുന്നിട്ടും അധര്‍മ്മം ചെയ്യുന്ന മനുഷ്യ പ്രക്രതത്തെ കുറിച്ച് ധൃതരാഷ്ട്രര്‍ പറയുന്ന 'ജ്ഞാനാമി ധര്‍മ്മം നജമേ പ്രവൃത്തി, ജ്ഞാനാമി അധര്‍മ്മം നജമേ നിവൃത്തി' എന്ന സൂക്തം ചാക്കോച്ചനിലൂടെ പറയിപ്പിക്കുന്നത് വിജ്ഞാന പ്രദമാണ്. ധര്‍മ്മം എന്തെന്ന് നമുക്കറിയാം. പക്ഷെ പലപ്പോഴും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. അധര്‍മ്മം എന്തെന്നും നമുക്കറിയാം. പക്ഷെ പൂര്‍ണ്ണമായി അധര്‍മ്മം ചെയ്യുന്നതില്‍ നിന്ന് വിട്ട് നില്‍ക്കാനും സാധിക്കുന്നില്ല. ഇത് മനുഷ്യന്റെ പൊതുവായ സ്വഭാവമാണ്, കള്ളാനായാലും, ആത്മീയ ഗുരുവായാലും. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ വരെ ആക്രമിക്കപെടുന്നതിനും കാരണം കണ്ടെത്തുകയും പ്രതിവിധി നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട് ചാക്കോച്ചന്‍ ഈ കഥയില്‍. കുട്ടികളെ ആണെന്നും പെണ്ണെന്നും വിഭജിച്ചു നിര്‍ത്തി, സ്വതന്ത്രമായി ഇടപഴകാന്‍ അനുവദിക്കാതെ, അവരുടെ ഇടയില്‍ മതില്‍ കെട്ടി വളര്‍ത്താതിരിക്കുകയാണ് വേണ്ടത്. പ്രായപൂര്‍ത്തിയായവര്‍ പോലും പ്രണയിക്കുന്നത് നമുക്കിന്നും സദാചാര വിരുദ്ധമാകുന്നത്, അഭ്യസ്ത വിദ്യരുടെ ഇടയില്‍ പോലുമുള്ള ലൈംഗിക മനോഭാവങ്ങളിലെ പക്വത ഇല്ലായ്മയാണ്.' സ്‌പോട് ലൈറ്റ് ' എന്ന സിനിമയിലെ if it takes a village to raise a child, it takes a village to abuse one എന്ന വാചകം ആവര്‍ത്തിച്ചുകൊണ്ടാണ് കഥാകാരന്‍ ഈ കഥ അവസാനിപ്പിക്കുന്നത്.
അമേരിക്കന്‍ മലയാളിയുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം എന്ന കഥയില്‍, മലയാളിയുടെ രാജ്യസ്‌നേഹത്തിലെ ഇരട്ടത്താപ്പും, അമേരിക്കയില്‍ നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ദുര്‍വിനിയോഗവുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ചില ഗള്‍ഫ് രാജ്യങ്ങളില്‍, കുടിയേറ്റക്കാരുടെ മുറിയില്‍ വച്ചിരിക്കുന്ന ബൈബിള്‍ പോലും പരിശോധനക്ക് വരുന്നവര്‍ കീറി കളയുന്നതും അന്യ മത വിശ്വാസികളായ സ്ത്രീകള്‍ക്ക് പോലും പുറത്തിറങ്ങണമെങ്കില്‍ അടിമുടി മൂടുന്ന പര്‍ദ്ദ ഇടണമെന്ന നിര്‍ബന്ധവും, എന്നാല്‍ വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും, അത് കൊണ്ട് തന്നെ ഇവിടുത്തെ പൗരത്വം എടുത്ത്, ഈ നാടിനോട് കൂറ് പുലര്‍ത്തുമെന്ന് സത്യ പ്രതിജ്ഞ എടുത്ത്, ഇവിടുത്തെ സമ്മതിദായക കര്‍മ്മത്തില്‍ പോലും പങ്കെടുക്കാതെ, ജനിച്ചു വളര്‍ന്ന നാടിന്റെ മഹത്വം വിളമ്പുന്നതും, ആ രാജ്യത്തിന്റെ മാത്രം സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതും, താനുള്‍പ്പെടുന്ന മതത്തിന്റെ ആരാധനാലയങ്ങള്‍ പണിയാനും, മത സമ്മേളനങ്ങള്‍ നടത്താനും ഈ നാട് അനുവദിക്കുന്നത് കൊണ്ടല്ലേ എന്ന ചോദ്യവും, നമ്മള്‍ ഇങ്ങനെ ഒരു ഇരട്ട താപ്പ് സ്വീകരിക്കുന്നതിലെ പൊരുത്തക്കേടും ആക്ഷേപ ഹാസ്യത്തിലൂടെ കളിയാക്കുന്നുണ്ട് ഗ്രന്ഥകാരന്‍.
തൊള്ളായിരത്തി ഒന്നാമത്തെ പീഡനവും ഗണപതിയുടെ മോണോഗാമിയും എന്ന കഥയുടെ തലക്കെട്ട് ഒറ്റനോട്ടത്തില്‍ ചിന്താകുഴപ്പം സൃഷ്ടിച്ചേക്കാമെങ്കിലും, കഥയിലേക്ക് കടക്കുമ്പോഴേ, ഗണപതി ആരെന്ന് പിടിത്തം കിട്ടുകയുള്ളൂ. സ്ത്രീകള്‍ക്ക് അനുകൂലമായി നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്, അവരുടെ സുരക്ഷക്ക് വേണ്ടിയാണ് അല്ലാതെ, ആരോടെങ്കിലും കണക്ക് തീര്‍ക്കാനോ ദുരുപയോഗം ചെയ്യാനോ അല്ല. ഇവിടെ ജീവിക്കുന്ന ഭാരതീയരുടെയും, ഇവിടെ ജനിച്ചു വളരുന്ന നമ്മുടെ സന്തതി കളുടെയും, ജീവിതാനുഭവങ്ങളും, സംഘര്‍ഷങ്ങളും, പ്രശ്‌നങ്ങളും വിവരിക്കവേ,' നമ്മുടെ മക്കളെ കയറൂരി വിടണമെന്നല്ല, ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ കയറുകൊണ്ട് കെട്ടിയിടരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണെന്നും പറയുമ്പോഴുള്ള യാഥാര്‍ഥ്യബോധത്തിന്റെ മികവും തികവും ചുരുങ്ങിയ വാക്കുകളില്‍ കയ്യൊതുക്കത്തോടെയുള്ള വിവരണം ആകര്‍ഷകവും ഒപ്പം കുറിക്കുകൊള്ളുന്നതുമായിരിക്കുന്നു. കൂടാതെ വിപരീത വാക്കുകളുടെ സമന്വയത്തിലൂടെ ആശയ വ്യാപ്തിക്ക് പകിട്ടേകുന്നു. സത്യത്തില്‍ വിവാഹമാണ് പ്രക്രതി വിരുദ്ധമെന്നും, ഭൂമിയിലുള്ള ജീവി വര്‍ഗ്ഗങ്ങളില്‍ മനുഷ്യരടക്കമുള്ള മഹാ ഭൂരിപക്ഷം ജീവി വര്‍ഗ്ഗങ്ങളും പൊളിഗാമസ് ആണെന്നുമുള്ള ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രന്ഥകാരന്‍ നടത്തുന്ന നിരീക്ഷണം നാളെ ഒരു പക്ഷെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയേക്കാം.
ഒരു പരീക്ഷാ ചര്‍ച്ചയും ജോണിയുടെ അശ്ലീലങ്ങളും എന്ന കഥയില്‍ നിയമങ്ങള്‍ പാലിക്കുന്നതിലും അത് നടപ്പാക്കുന്നതിലും നാട്ടില്‍ കാണപ്പെടുന്ന ഉദാസീനതയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇത് വായിച്ചപ്പോള്‍ എന്റെ ഓര്‍മ്മയില്‍ വന്നത്, കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടുത്തെ കോണ്‍ഗ്രസില്‍ നടന്ന ഇമ്പിച്ച്‌മെന്റ് ചര്‍ച്ചകളിലെ അച്ചടക്കത്തോടെയുള്ള സംഭാ നടപടി ക്രമങ്ങളാണ്.ഡെമോക്രാറ്റ്‌സും റിപ്പബ്ലിക്കന്‍സും കീരിയും പാമ്പും പോലാണെങ്കിലും, സഭയില്‍ അവര്‍ പാലിക്കുന്ന അച്ചടക്കബോധം, നമ്മുടെ ലോകസഭയിലും നിയമ സഭകളിലുമുള്ള ജനപ്രതിനിധികള്‍ കണ്ടു പഠിക്കേണ്ടതാണ്.
പലരും വായിച്ച് മറന്നു പോകുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ ഓര്‍ത്ത് വെച്ച് തക്കയിടങ്ങളില്‍ യുക്തിയുക്തം പ്രതിപാദിക്കുന്ന ജയിംസിന്റെ പാടവം ശ്ലാഘനീയം തന്നെ. അതുപോലെ ജയന്‍ ചെറിയാന്റെ പപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന്റെ രത്‌ന ചുരുക്കം യഥാതഥാ വിവരിച്ചത് യാഥാസ്ഥിതികര്‍ക്ക് അശഌല ചുവ തോന്നിയേക്കാമെങ്കിലും, ഉള്ളത് ഉള്ളത് പോലെ വിവരിക്കാനുള്ള ഗ്രന്ഥകാരന്റെ ആര്‍ജ്ജവം പ്രശംസാവഹം തന്നെ. 'മനുഷ്യത്വ പരിഗണനകള്‍ ജീവിതത്തില്‍ ഉള്ളത് നല്ലതാണ്. പക്ഷെ, നിയമങ്ങള്‍ പാലിക്കാന്‍ വേണ്ടിയുള്ളതാണ്. അത് പാലിക്കപ്പെടേണ്ടതാണ്. ഈ സന്ദേശം ഈ അദ്ധ്യായത്തെ അര്‍ത്ഥവത്തുള്ളതാക്കിയതില്‍ ജെയിംസിന് അഭിനന്ദനങ്ങള്‍.
മതിലുകള്‍ക്കുള്ളില്‍ പെട്ടുപോയവര്‍ എന്ന കഥയിലെ സ്ത്രീ കഥാപാത്രം ശ്രീ ലക്ഷ്മി തന്റെ ഭര്‍ത്താവ് വിജയനോട് പറയുന്ന കാര്യങ്ങള്‍ ഒരു പക്ഷെ ഓരോ മലയാളി സ്ത്രീയും തന്റെ ഭര്‍ത്താവിനോട് ഒരിക്കലെങ്കിലും പറഞ്ഞിട്ടുള്ളതോ പറയാന്‍ ആഗ്രഹിക്കുന്നതോ ആയിരിക്കും. സ്ത്രീ പുരുഷ സമത്വം, ലിംഗ നീതി എന്നൊക്കെയുള്ള വലിയ വാക്കുകള്‍ തട്ടിവിടുന്നതിലല്ല കാര്യം. ഈ സമത്വ ബോധം ആദ്യം ഉണ്ടാകേണ്ടത് നമ്മുടെയൊക്കെ മനസ്സുകളിലാണ്. അത് പ്രാവര്‍ത്തികമാക്കേണ്ടത് തെരുവുകളിലല്ല. ആദ്യം നമ്മുടെ വീടുകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ മെയില്‍ ഷോവനിസ്റ്റുകള്‍ നിങ്ങള്‍ മലയാളി പുരുഷന്മാരാണെന്നും ശ്രീ ലക്ഷ്മി ഈ കഥയില്‍ തുറന്നടിക്കുന്നു. ബാക്കി ഭാഗം വായനക്കാര്‍ വായിച്ച് രസിക്കുക. എങ്കിലും ഈ കഥയിലെ അവസാന ഭാഗം ഗ്രന്ഥകാരന്റെ ഭാവനാ വിലാസവും, പ്രതീകാത്മകതയും മുറ്റി നില്‍ക്കുന്നു. ഈ പുസ്തകത്തിന്റെ തിലകച്ചാര്‍ത്തായി ഞാന്‍ കാണുന്ന ആ ഭാഗം കൂടെ എടുത്തെഴുതട്ടെ, ' പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ അവള്‍ ഒരു വലിയ മതിലായി ആകാശം മുട്ടെ ഉയര്‍ന്നു. അയാള്‍ക്ക് ചുറ്റും ഇരുട്ട് നിറഞ്ഞു. അവളുടെ മിഴിയനക്കങ്ങള്‍ അയാളുടെ മേല്‍ ഇടിമിന്നലായി പതിച്ചു. അവളുടെ ശ്വാസ നിശ്വാസങ്ങളില്‍ അയാള്‍ ഒരു അപ്പൂപ്പന്‍ താടി പോലെ ഉലഞ്ഞു. നിലയുറപ്പിക്കാന്‍ അപ്പോള്‍ അയാള്‍ അവളുടെ സാരി തുമ്പില്‍ മുറുകെ പിടിച്ചിരിക്കുകയായിരുന്നു'. ഭാവുകത്വം നിറഞ്ഞ രംഗം ചുരുക്കം വാക്കുകളില്‍ കരുത്തുറ്റ നാടകീയതയോടെ ഹൃദയസ്പൃക്കായി അവതരിപ്പിച്ച ഗ്രന്ഥകര്‍ത്താവ് വായനക്കാരന്റെ ആദരവും പ്രശംസയും ആര്‍ജ്ജിക്കുന്നു.
'ആത്മഗദം' എന്ന രണ്ടാം വിഭാഗത്തിലെ 'ജെന്നിഫറിന്റെ നായയും', 'ഒരവിശ്വാസിയുടെ പ്രാര്‍ത്ഥനയും', 'എന്റെ മൈക്കിളും', 'നായയുടെ ആത്മാവും', സഹജീവികളോടുള്ള ഭൂതദയ, നായയ്ക്ക് രക്ഷകരോടുള്ള സ്‌നേഹം, അവയില്‍ നിന്ന് കിട്ടുന്ന സന്തോഷം, ചങ്ങാത്തം, നന്ദി, വിശ്വാസ്യത, പിന്നെ ദൈവ വിശ്വാസത്താല്‍ കബളിപ്പിക്കപ്പെടുന്ന അനുഭവങ്ങള്‍, വാര്‍ദ്ധ്യക്യത്തിലെ നിസ്സഹായത, വേദന, ഒറ്റപ്പെടല്‍, എന്നിങ്ങനെ മനുഷ്യന്റെ വിഭിന്നമായ വൈകാരിക അവസ്ഥകളിലേക്കും ഒരു പാട് മാനുഷിക മൂല്യങ്ങളിലേക്കും കൂട്ടികൊണ്ട് പോകുന്നു. അവസാനത്തെ കഥയായ 'ബൈ ബൈ ബൂബി പാര്‍ട്ടിയില്‍', മാരകമായ രോഗങ്ങള്‍ പിടിപെടുമ്പോളുള്ള ഭാരതീയരുടെയും പാശ്ചാത്യരുടെയും മാനസിക സംഘര്‍ഷങ്ങളും സമീപന രീതികളും നന്നായി അവലോകനം ചെയ്യുന്നുണ്ട്.
രോഗങ്ങള്‍ പിടിപെടുമ്പോള്‍ ഭാരതീയര്‍ ഭയവും, നിരാശയും, അപകര്‍ഷതാ ബോധവുമായി കാലം പൂകുമ്പോള്‍, പാശ്ചാത്യ നാടുകളില്‍ രോഗികള്‍ അവരുടെ പരസ്പര തുണക്കായി പ്രത്യേക സപ്പോര്‍ട്ട് ഗ്രൂപ്പിലൂടെ രോഗാവസ്ഥയും മറ്റ് വ്യഥകളും മറന്ന് ആഘോഷങ്ങളിലൂടെ കരുത്തും ആത്മവിശ്വാസവും നേടുകയും ചെയ്യുന്നു. ജെയിംസ് തന്റെ ജോലിസ്ഥലത്ത് ഇടപഴകുന്ന അമേരിക്കക്കാരില്‍ നിന്നും ശേഖരിക്കുന്ന അറിവ് ഗുണ ചിന്തകളിലൂടെ വായനക്കാര്‍ക്കും പ്രസാരണം ചെയ്യുന്നു. ഭാരതത്തിലെയും അമേരിക്കയിലെയും ജീവിത രീതികള്‍ സശ്രദ്ദം വീക്ഷിച്ച് പഠിച്ചിരിക്കുന്നതിനാല്‍ ജയിംസിന്റെ താരതമ്യ തുലനങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ട്.
ഈ പുസ്തകത്തിന്റെ പുറം ചട്ടയും ചില ഉള്ളടക്കങ്ങളും മാത്രം വീക്ഷിച്ച് ഇത് സദാചാര വിരുദ്ധമെന്ന് മുന്‍വിധി കല്‍പ്പിക്കാതെ, ഉള്ളടക്കത്തിലേക്ക് അവധാനതയോടെ, തുറന്ന് മനസ്സോടെ സമീപിക്കാനുള്ള ആഹ്വാനത്തോടെ ഈ പഠന കുറിപ്പിന് വിരാമമിടട്ടെ. എല്ലാറ്റിലുമുപരിയായി, മലയാളികളുടെ കപട സദാചാരങ്ങള്‍, മിഥ്യാബോധങ്ങള്‍, എന്നിവയിലെല്ലാം, മറയില്ലാതെ നര്‍മ്മം കലര്‍ത്തി, ശ്രീ:ജെയിംസ് കുരീക്കാട്ടില്‍ ഈ പുസ്തകത്തില്‍ അനാവരണം ചെയ്തിരിക്കുന്നതിനാല്‍, ഈ പുസ്തകം ആത്മ പരിശോധനക്ക് ഉത്തേജകമായി വര്‍ത്തിക്കുമെന്ന് ഉറപ്പുണ്ട്. ഈടുറ്റ കൃതികള്‍ സദാചാരോന്നമനത്തിനായി ഈ സ്വതന്ത്ര ചിന്തകനില്‍ നിന്നും ഇനിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. ഈ പുസ്തകം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗ്രന്ഥകര്‍ത്താവുമായി kureekkattil@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 248 837 0402 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.