Image

താങ്ക്‌സ് ഗിവിങ് ഡേ (മീട്ടു റഹ്മത്ത് കലാം)

Published on 28 November, 2019
താങ്ക്‌സ് ഗിവിങ് ഡേ (മീട്ടു റഹ്മത്ത് കലാം)
നവംബറിലെ നാലാം വ്യാഴം അമേരിക്കയില്‍ താങ്ക്‌സ് ഗിവിങ് ഡേ എന്ന പേരിലാണ് ആചരിക്കുന്നത്. നന്ദി പറയാന്‍ ഒരു ദിവസമോ, ആരോടുള്ള നന്ദി - എന്നൊക്കെ കേള്‍ക്കുമ്പോള്‍ തോന്നാം. എന്നാല്‍, ഇതങ്ങനെ പലതിന്റെയും കൂടെ 'ഡേ' ന്റെ എന്ന് ചേര്‍ത്തുണ്ടാക്കിയ ഒരു തട്ടിക്കൂട്ട് സംഗതിയല്ല. കേരളത്തിലെ ഓണം പോലെ, തമിഴ്‌നാട്ടിലെ പൊങ്കല്‍ പോലെ, അസമിലെ ബിഹു പോലെ - ആചാര വിശ്വാസങ്ങളോടെ കൊണ്ടാടുന്ന ഉത്സവമാണ് അമേരിക്കക്കാര്‍ക്ക് താങ്ക്‌സ് ഗിവിങ് ഡേ.  നൂറ്റാണ്ടുകള്‍ക്കു മുന്‍പേ പ്രകൃതിയോട് നന്ദി പറയുന്ന, തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കുന്ന പതിവുണ്ടായിരുന്നു. ആ വിശ്വാസം പിന്‍പറ്റിയാണ് ആഘോഷം.

ടെക്‌സാസില്‍ 1598 ലാണ് ആദ്യമായി താങ്ക്‌സ് ഗിവിങ് ഡേ ആഘോഷിച്ചത് എന്നും അല്ല വെര്‍ജീനിയ കോളനിയില്‍ 1619 ല്‍ആയിരുന്നു എന്നും അഭിപ്രായമുണ്ട്. 1789 ല്‍ ആദ്യ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ആണ് ഔദ്യോഗിക ആചരണത്തിന് തുടക്കം കുറിച്ചത്. പ്രസിഡണ്ടിന് ടര്‍ക്കിക്കോഴി സമ്മാനിക്കുന്ന പതിവ് തുടങ്ങിയത് 1947 കാലത്താണ്. ജോണ്‍. എഫ്‌കെന്നഡി തനിക്ക് കിട്ടിയ ടര്‍ക്കിക്കോഴിയെ സ്വതന്ത്രയാക്കി വിട്ടയച്ചത് അദ്ദേഹം വധിക്കപ്പെടുന്നതിന് നാലുദിവസം മുന്‍പാണ് . റൊണാള്‍ഡ് റെയ്ഗന്റെ കാലം മുതല്‍ ഇത് പതിവാക്കി. പ്രത്യേക ഭക്ഷണം നല്‍കി വളര്‍ത്തുന്ന കോഴികളെയാണ് പ്രസിഡണ്ടിന് സമ്മാനിക്കുന്നത്. ആദ്യകാലങ്ങളില്‍ ഇവയെ ഫാമുകള്‍ക്കാണ് കൈമാറിയിരുന്നതെങ്കിലും പിന്നീട് ഡിസ്‌നി ലാന്‍ഡിലേക്ക് ആക്കി.

ഒരു വനിതാ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്ന സാറാജോസഫ് ഹെയില്‍, ഇതേദിവസം ദേശീയ അവധി ആക്കണമെന്ന് ആവശ്യപ്പെട്ട് 5 പ്രസിഡന്റുമാര്‍ക്ക് പലപ്പോഴായി കത്തെഴുതിയിരുന്നു. ഒടുവില്‍ 1863ല്‍ എബ്രഹാം ലിങ്കണില്‍ നിന്നാണ് അനുകൂലമായ അറിയിപ്പ് ഉണ്ടായത്. ചോരയില്‍ കുതിര്‍ന്ന ആഭ്യന്തരയുദ്ധത്തിനിടെ പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍ താങ്ക്‌സ് ഗിവിങ് ഡേ ദേശീയ അവധിയായി പ്രഖ്യാപിച്ചു. ജീവിച്ചിരിക്കുന്നതിന് നന്ദി പറയുന്ന, മറ്റുള്ളവരുടെ മുറിവുകള്‍ക്ക് മരുന്നു വച്ചു കൊടുക്കുന്ന സഹവര്‍ത്തിത്വത്തിനും കൃതജ്ഞതയ്ക്കുമായി ഒരു ദിനം.

ഇതിന്റെ പിറ്റേദിവസം കറുത്ത വെള്ളിയാഴ്ചയായാണ് (Black friday) ആചരിക്കുന്നത്. പരമ്പരാഗതമായി ക്രിസ്മസ് ഷോപ്പിംഗ് തുടങ്ങുന്നത് ഈ ദിവസമാണ്. കടകളില്‍ ഏതു സാധനവും ഏറ്റവും വിലക്കുറവില്‍ ലഭ്യമാകുന്നത് അന്നാണ് . മിക്ക സ്ഥാപനങ്ങളും താങ്ക്‌സ്ഗിവിംഗിനൊപ്പം വെള്ളിയാഴ്ചയും അവധി നല്‍കുന്നതിനാല്‍ കുടുംബവുമായി കൂടുതല്‍ സമയം ചെലവിടാനും സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകാനും ആളുകള്‍ കണക്കുകൂട്ടുന്നത് ഈ ദിനങ്ങളില്‍ ആണ്. തിരക്ക് കൊണ്ട് വാഹന ഗതാഗതവും വഴിനടപ്പും പ്രയാസം ആയതുകൊണ്ടാണ് താങ്ക്‌സ് ഗിവിങ്ങിനു ശേഷമുള്ള വെള്ളി കറുത്ത വെള്ളിയാഴ്ച (ബ്ലാക്ക് ഫ്രൈഡേ) ആയത്

പ്രതികൂലമായ അവസ്ഥകളെ അനുകൂലമാക്കി മാറ്റുന്ന ആര്‍ജവം തെരുവോരങ്ങളില്‍ കാണാം. മഞ്ഞുവീഴ്ചയും വേഗതയേറിയ കാറ്റിനെക്കുറിച്ചുള്ള കാലാവസ്ഥാ പ്രവചനവും വകവയ്ക്കാതെ അമേരിക്കന്‍ ജനത ആഘോഷത്തിമിര്‍പ്പിലാണ്. അവര്‍ നന്ദി പറയുന്ന പ്രകൃതി തുണയ്ക്കും എന്ന വിശ്വാസത്തില്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക