Image

നിഴലുകള്‍-(ഭാഗം: 3- ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 29 November, 2019
നിഴലുകള്‍-(ഭാഗം: 3- ജോണ്‍ വേറ്റം)
നിശ്ചയിച്ച പ്രകാരം കക്ഷികള്‍ കോടതിയില്‍ ഹാജരായി.
രംഗനാഥക്കുറുപ്പ് തയ്യാറാക്കിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കുളത്തില്‍ നിന്നും കിട്ടിയ ശിശു പ്രസവത്തോടെ മരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും, മീനാക്ഷി പ്രസവിച്ചുവെന്നതിന് സാക്ഷിമൊഴിയുണ്ടെന്നും, ്അനന്തരകാര്യങ്ങള്‍ക്ക് കേശവപിള്ളയും ഭാര്യയും കൂട്ടുനിന്നതായി കരുതണമെന്നും അതില്‍ രേഖപ്പെടുത്തിയിരുന്നു. അത് വായിച്ചശേഷം ജഡ്ജി 'വിശ്വേശ്വരഅയ്യര്‍' മീനാക്ഷിയുടെയും മാതാപിതാക്കളുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. അവരെ പോലീസിന് വിട്ടുകൊടുത്തില്ല. ഒരാഴ്ചകഴിഞ്ഞ് വിചാരണ ആരംഭിക്കണമെന്ന് അറിയിച്ചുകൊണ്ട് കോടതി പിരിഞ്ഞു.

കാരണം കൂടാതെ കുറ്റവാളികളാക്കപ്പെടുകയും അപവാദം കേള്‍ക്കുകയും ചെയ്തതിനാല്‍, പാര്‍വ്വതിയമ്മയും മകളും കഠിനദുഃഖത്തിലായി! സംതൃപ്തവും സന്തുഷ്ടവുമായിരുന്ന തറവാട് സന്തപ്തമായതിനാല്‍, രക്ഷക്കുവേണ്ടി കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. എന്നാല്‍ പ്രതിസന്ധിയുടെ ഗൗരവം മനസ്സിലാക്കിയ ഗൃഹനാഥന്റെ പരിശ്രമം മോചനത്തിനുവേണ്ടിയായിരുന്നു. മീനാക്ഷി അവിവാഹിതയും നിര്‍ദ്ദോഷിയുമാകയാല്‍, വിചാരണ സ്വകാര്യമായി കോടതിയില്‍ നടത്തണമെന്ന വര്‍ക്കിവക്കീലിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. മീനാക്ഷിയുടെയും മാതാപിതാക്കളുടെയും ന്യായവിസ്താരം പരസ്യമായി നടത്തിയില്ല. കടന്നാക്രമിക്കുന്നതും, കോപിപ്പിക്കുന്നതും, പരിഹസിക്കുന്നതും, ഭയപ്പെടുത്തുന്നതും, വികാരങ്ങളെ മുറിപ്പെടുത്തുന്നതും, വെറുപ്പുളവാക്കുന്നതുമായിരുന്നു രംഗനാഥക്കുറുപ്പിന്റെ ചോദ്യങ്ങള്‍. എന്നാല്‍, ചെറുത്തുനില്‍ക്കാന്‍ സഹായിക്കുന്നതും, ശക്തിപകരുന്നതും, പതറാതെ ഒരേമൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ ബുദ്ധിനല്‍കുന്നതുമായിരുന്നു വര്‍ക്കിയുടെ എതിര്‍വാദം. അനുരാഗം, അവിഹിതബന്ധം, ഗര്‍ഭധാരണം, ഭ്രൂണഹത്യ, എന്നീ വിഷയങ്ങളിലൂടെ രംഗനാഥക്കുറുപ്പിന്റെ ചോദ്യങ്ങള്‍ കടന്നുപോയി. അവിവാഹിതയും, കന്യകയും, നിര്‍ദ്ദോഷിയുമാണെന്ന മൊഴിയില്‍ മീനാക്ഷി പിടിച്ചുനിന്നു. കുറ്റം ചെയ്തിട്ടില്ലെന്നും, കെണിയിലകപ്പെട്ടതാണെന്നും, കേശവപിള്ളയും ഭാര്യയും കോടതിയില്‍ പറഞ്ഞു. കരയിക്കയും ഭയപ്പെടുത്തുകയും ചെയ്ത വിചാരണ മൂന്ന് ദിവസത്തോളം നീണ്ടു! സ്ത്രീകളെ പരിശോധിച്ച ഡാക്ടറുടെ മൊഴിയെടുക്കാതെ വിധിയെഴുതിക്കാനായിരുന്നു വാദിഭാഗത്തിന്റെ ശ്രമം. അതു മനസ്സിലാക്കിയ വര്‍ക്കി, ഡാക്ടറെ പരസ്യമായി വിചാരണ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. വാദിഭാഗം എതിര്‍ത്തില്ല. ഒരു വെല്ലുവിളിയാണെന്നു വിചാരിച്ചില്ല. സാക്ഷിമൊഴി ഏറെസഹായിക്കുമെന്ന് രംഗനാഥക്കുറുപ്പ് വിശ്വസിച്ചു. തന്റെ പരിചയസമ്പത്ത് വര്‍ക്കിയെ മലര്‍ത്തിയടിക്കമെന്നും.

വിപ്ലവപ്പോരാട്ടങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും പ്രതിദിനസംഭവങ്ങളാകയാല്‍, സമാധാനത്തിനും സുരക്ഷക്കും വേണ്ടിയുള്ള നിയമപാലകരുടെ അദ്ധ്വാനം ശ്ലാഘനീയമാണ്. എങ്കിലും, നീതിക്കുവേണ്ടിയുള്ള നിയമം അവഗണിക്കപ്പെടുന്നു. സത്യത്തിനുവേണ്ടിയാണ് വാദിക്കുന്നതെങ്കിലും, അധികാരത്തിന്റെയും അധര്‍മ്മത്തിന്റെയും സംഘടിതശക്തിയോടാണ് പോരാണ്ടേതെന്ന ബോധം വര്‍ക്കിയെ അസ്വസ്ഥനാക്കി. നെറിയും നേരും സംഗമിക്കുന്ന സ്ഥാനത്ത് ഉറച്ചുനില്‍ക്കാന്‍ ആഗ്രഹിച്ചു.
അന്ന് രാവിലെ മുതല്‍ കച്ചേരിമുക്കിലും കോടതി വളപ്പിലും ആളുകള്‍ കൂടിനിന്നു. അധികം പേര്‍ക്കും വിസ്താരം കേള്‍ക്കണം. മറ്റുള്ളവര്‍ക്ക് കേസിന്റെ ഗതിയറിയണം. ഒരു ചോരക്കുഞ്ഞിനെ കൊന്നവളെ തൂക്കിലേറ്റുമെന്ന് ഒരഭിപ്രായം. മകളെ ശിക്ഷിച്ചാല്‍ അച്ഛനും അമ്മയും കുടുങ്ങുമെന്ന് മറ്റൊരു മനസ്സിലിരുപ്പ്. കാത്തിരുന്നു കാണാമെന്ന് ന്യൂനപക്ഷം. ബുദ്ധിജീവികളും തത്വചിന്തകരും മൗനമവലംബിച്ചു. കൃത്യം പത്തുമണിക്ക് ജഡ്ജി വന്നു. ചടങ്ങുകള്‍ക്കുശേഷം സാക്ഷിയെ വിചാരണക്കൂട്ടില്‍ വിളിച്ചുനിര്‍ത്തി. രംഗനാഥക്കുറുപ്പ് സാക്ഷിയെ സമീപിച്ചു. ഔദ്യോഗികമായ ഉത്തരവാദിത്തം, ഉള്ളതുകൊണ്ട് സാക്ഷിത്തെളിവ് നല്‍കാന്‍ വന്നതാണെന്നും, സാക്ഷിപ്പെടുത്തുന്നതിന് ആരും നിര്‍ബന്ധിക്കുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ലെന്നും, ചോദ്യത്തിന് ഉത്തരമായി ഡാക്ടര്‍ പറഞ്ഞു. കോടതിയില്‍ കൊടുത്തിട്ടുള്ള സത്യവാങ്മൂലം സ്വയംതയ്യാറാക്കിയതാണെന്നും, അതില്‍ രേഖപ്പെടുത്തിയിട്ടുള്ള സംഗതികള്‍ സത്യമാണെന്നും, മറ്റൊരു ചോദ്യത്തിന് മറുപടിയായി മൊഴി നല്‍കി. തല്‍ക്കാലം മറ്റൊന്നും ചോദിക്കാനില്ലെന്ന് കോടതിയെ അറിയിച്ചിട്ട് അയാള്‍ കസേരയില്‍ ഇരുന്നു.

വര്‍ക്കിവക്കീല്‍ ഡാക്ടറുടെ മുന്നില്‍ ചെന്നുനിന്നു. സൗമ്യതയോടെ, പേരും ജോലിവിവരവും സാക്ഷിപ്പട്ടികയിലുണ്ടെന്നും ചോദിച്ചറിഞ്ഞു. കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് കിട്ടുന്നതിനു മുമ്പോ പിമ്പോ, സാക്ഷിയാകുന്നതും സംബന്ധിച്ച് മേലധികാരുകളുമായി സംസാരിച്ചിട്ടുണ്ടോ, പോലീസിന്റെ ഉപദേശം സ്വീകരിച്ചിട്ടുണ്ടോ, എന്ന ചോദ്യങ്ങള്‍ക്ക് 'ഇല്ല' എന്ന് സാക്ഷി പറഞ്ഞു. ഈശ്വരവിശ്വാസിയാണോ എന്ന് ചോദിച്ചപ്പോള്‍ 'അേേത' എന്നാണ് പറഞ്ഞത്. കേസിലെ വാദിപ്രതികളെ വേര്‍തിരി്ച്ചറിയാമോ, പോലീസിനെ പൂര്‍ണ്ണമായി വിശ്വസിക്കുന്നുണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് 'ഉവ്വ്' എന്നു പറഞ്ഞു. സത്യവാങ്മൂലം തയ്യാറാക്കിയത് പോലീസ് സ്‌റ്റേഷനില്‍ വച്ചായിരുന്നുവെന്നും, ഒരു പോലീസ്‌കാരന്‍ അത് പകര്‍ത്തിയെടുത്തെന്നും, പകര്‍പ്പില്‍ ഒപ്പിട്ടുകൊടുത്തുവെന്നും സാക്ഷിസമ്മതിച്ചു. പാരിതോഷികങ്ങളും സമ്മാനങ്ങളും സ്വീകരിക്കാറില്ലെയെന്ന ചോദ്യത്തിനും 'ഇല്ല' എന്ന് പറഞ്ഞു. സത്യവാങ്മൂലം  പകര്‍ത്തിയെടുത്ത പോലീസുകാരനെ മുന്‍ പരിചയമുണ്ടോയെന്നു ചോദിച്ചപ്പോള്‍ കണ്ടാലറിയാം എന്നായിരുന്നു പ്രത്യുത്തരം. വാദിഭാഗത്തുള്ളവര്‍ ഡാക്ടറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ കഴമ്പുണ്ടോ എന്ന് ചോദിച്ചപ്പോഴും 'അറിവില്ല' എ്‌നാണഅ പറഞ്ഞത്. സംഭവദിവസം ഉച്ചകഴിഞ്ഞ്, ഡാക്ടര്‍ മാവേലിത്തറവാട്ടില്‍ ചെന്നപ്പോള്‍, അവിടെ കണ്ടതും കേട്ടതും ചോദിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സമ്മതിക്കുന്നു അല്ലെ എന്ന് ചോദിച്ചപ്പോഴും സമ്മതിക്കുന്നു എന്ന് പറഞ്ഞു. ഡോക്ടര്‍ സ്വമേധയാ എഴുതിക്കൊടുത്ത പ്രസ്തുത സത്യവാങ്മൂലം, വ്യക്തിയേയോ വ്യക്തികളെയോ മാനഭംഗപ്പെടുത്തുന്നതും, മുറിപ്പെടുത്തുന്നതും, കുറ്റവാളികളാക്കി ശിക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണെന്ന് അറിയാമോ' എന്ന ചോദ്യത്തിന് സാക്ഷി ഒന്നും പറയാതെ മൗനമവലംബിച്ചുനിന്നു. പെട്ടെന്ന് രംഗനാഥക്കുറുപ്പ് എഴുന്നേറ്റു ചൊടിച്ചുകൊണ്ട് ജഡ്ജിയോട് പറഞ്ഞു: ഇതെന്തൊരു മൂഢമായ ചോദ്യമാ? സാക്ഷിയെ ഭയപ്പെടുത്താനും ചിന്താക്കുഴപ്പം സൃഷ്ടിക്കാനുമുള്ള തന്ത്രമാണ് പ്രതിഭാഗം കാണിക്കുന്നത്. ഇത് ചട്ടത്തിന് വിരുദ്ധമാണ്. ബഹുമാനപ്പെട്ട കോടതി ഇതിനെ തടയണം'
അതുകേട്ടെങ്കിലും ചോദ്യം തുടരാന്‍ ജഡ്ജി നിര്‍ദ്ദേശിച്ചു. വര്‍ക്കി വക്കീല്‍ തുടര്‍ന്നു: ഒരു സ്ത്രീയില്‍ രക്തസ്രാവം കണ്ടാല്‍, അത് എന്ത് കാരണത്താല്‍ ഉണ്ടായി എന്ന് തിരിച്ചറിയാന്‍ കഴിയുമോ എന്ന ചോദ്യത്തിന് 'ഏറെക്കുറെ സാധിക്കും' എന്ന് ഉത്തരം നല്‍കി. പ്രസവം, മാസമുറ, രോഗം എന്നിവമൂലവും, പ്രസവം അലസ്സുമ്പോഴും രക്തസ്രാവം ഉണ്ടാകുമെന്നും വിശദീകരിച്ചു. രക്തസ്രാവവും വേദനയും കൂടാതെ സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ കഴിയുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. രക്തസ്രാവവും വേദനയുമില്ലാത്ത പ്രസവം അസ്സാധാരണമെന്ന് മറുപടി. ഒരു യുവതിയുടെ ആദ്യ പ്രസവത്തിന്റെ വേദന എപ്പോള്‍ ആരംഭിക്കുമെന്ന് പറയാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍, മാസം തികഞ്ഞും തികയാതെയും സ്ത്രീകള്‍ പ്രസവിക്കാറുണ്ടെന്നും, ശരീരഘടന പ്രസവത്തെബാധിക്കുമെന്നും സാക്ഷി വിശദീകരിച്ചു. ഒരു സ്്ത്രീയുടെ കടിഞ്ഞൂല്‍ പ്രസവത്തില്‍ ഉണ്ടാകുന്ന രക്തസ്രാവം, പ്രസവശേഷം എത്ര ദിവസത്തേക്ക് തുടരുമെന്ന ചോദ്യത്തിന് 'പത്തു മുതല്‍ നാല്‍പത് ദിവസത്തോളം' എന്നാണ് പറഞ്ഞത്. ഒരു ഗര്‍ഭിണിക്ക് സ്വന്ത ഇഷ്ടപ്രകാരം പ്രസവസമയം നിശ്ചയിക്കാനും, പ്രസവം ഒരു ദിവസമെങ്കിലും മാറ്റിവെക്കാനും, പരസഹായം കൂടാതെ പ്രസവിക്കാനും സാധിക്കുമോ എന്ന ചോദ്യത്തിന് 'സാദ്ധ്യമല്ല' എന്നായിരുന്നു ഉത്തരം. കടിഞ്ഞൂല്‍ പ്രസവത്തില്‍ ഉണ്ടാകുന്ന രക്തസ്രാവം, പ്രസവശേഷം എത്രദിവസത്തേക്ക് തുടരുമെന്ന ചോദ്യത്തിന് 'പത്തു മുതല്‍ നാല്‍പത് ദിവസത്തോളം' എന്നാണ് പറഞ്ഞത്. ഒരു ഗര്‍ഭിണിക്ക് സ്വന്ത ഇഷ്ടപ്രകാരം പ്രസവസമയം നിശ്ചയിക്കാനും, പ്രസവം ഒരു ദിവസമെങ്കിലും മാറ്റിവെക്കാനും, പരസഹായം കൂടാതെ പ്രസവിക്കാനും സാധിക്കുമോ എന്ന ചോദ്യത്തിന് 'സാദ്ധ്യമല്ല' എന്നായിരുന്നു ഉത്തരം. കടിഞ്ഞൂല്‍ പ്രസവത്തിന്റെ പ്രത്യേകതകളെന്തെന്നായിരുന്നു മറ്റൊരു ചോദ്യം. ആദ്യപ്രസവത്തിന് വേദന കൂടുമെന്നും, പ്രസവസ്ഥാനത്ത് മുറിവ് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും, പതിച്ചിയുടെയോ ഡാക്ടറിന്റെയോ സഹായം വേണ്ടി വരുമെന്നും സാക്ഷി പറഞ്ഞു.
(തുടരും....)

നിഴലുകള്‍-(ഭാഗം: 3- ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക