പണ്ട് പണ്ടെന്‍ ഗ്രാമത്തില്‍
നെയ്താമ്പല്‍ പൂവില്‍ നിന്ന്
കൈയിലേയ്‌ക്കെടുത്തു ഞാന്‍
സൂര്യനെ, പ്രഭാതത്തെ!
കണ്ണുനീര്‍ത്തുള്ളിയ്ക്കുള്ളില്‍
മഞ്ഞുപൂവുകള്‍ പോലെ
മിന്നിയ സ്വപ്നങ്ങളെ
കണ്ടുകണ്ടുണരവെ
ആലിലയ്ക്കുള്ളില്‍ നിന്നും
ആകാശം തേടിപ്പോയ
മേഘങ്ങള്‍ക്കുള്ളില്‍
തുലാമഴക്കോളുണരവെ
മുത്തശ്ശി ചൊല്ലി കുട്ടി
കല്ലെടുത്തെറിയല്ലേ
പക്ഷിയെ ചകോരത്തെ
ജന്മസന്ധിയാണത്
മഞ്ഞുപര്‍വ്വതത്തിലും
നിന്റെ ദേവതയുടെ
അഗ്‌നി നിന്നിലുമുണ്ട്
അറിയാമതെങ്കിലും
അഗ്‌നിനേത്രത്തെ തുറക്കല്ലേ
നീ മൂന്നാം കണ്ണിലിത്രയും
കനല്‍ വേണ്ട
നിലാവായ് തണുക്കുക
നിന്‍ മരം കരിമരം
വെട്ടുക വേണ്ട രാശി
തെറ്റിയ കാലത്തിനെ
ചൂടുവാന്‍ ശ്രമിക്കേണ്ട
ശരത്ക്കാലത്തെക്കട
ന്നിന്ന് ശൈത്യത്തിന്‍ നട
ക്കടവില്‍ ആമ്പല്‍പ്പൂക്കള്‍
തേടുവാനൊരുങ്ങവെ
മരങ്ങള്‍ വെട്ടി, കിളി
ക്കൂടുകള്‍ തകര്‍ന്നോരു
പഴയ തറവാടിന്‍
മുന്നിലായ് നിന്നീടവെ
അറിയാതാരോ മുറി
ച്ചെടുത്ത കരിമര
ക്കണക്കില്‍ എന്റേതായ
ലോകമുണ്ടായീടുമോ?
ചകോരപ്പക്ഷി! പണ്ട്
മുത്തശ്ശി പറഞ്ഞൊരെന്‍
ഗ്രഹദോഷത്തില്‍ നിന്റെ
തൂവലുണ്ടായീടുമോ?
പ്രളയം കഴിഞ്ഞോടി
പ്പോയൊരു പുഴയുടെ
അരികത്തിരുന്നൊരു
ഭൂമിയെ കണ്ടീടവെ
പഴയൊരോലച്ചീന്തില്‍
പുരാവൃത്തങ്ങള്‍
പണ്ടേ പഠിപ്പിച്ചതും
ഇതേ പോലൊരു പാഠം
പക്ഷി ചകോരം!
വൃക്ഷം കരിമരം!