MediaAppUSA

വെജിറ്റേറിയനിസം താണ ജാതിക്കാര്‍ക്ക് എതിരായ ഗൂഡാലോചന (ത്രിശങ്കു- 3)

Published on 02 December, 2019
വെജിറ്റേറിയനിസം താണ ജാതിക്കാര്‍ക്ക് എതിരായ ഗൂഡാലോചന (ത്രിശങ്കു- 3)
ഹിന്ദു മതത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നു പച്ചക്കറി കഴിക്കലാണെന്നു ആര്‍.എസ്.എസ്. പഠിപ്പിക്കുന്നു. ബീഫ് തീരെ പാടില്ല. കേരളത്തില്‍ ബീഫ് കഴിച്ചിരുന്ന ഹിന്ദുക്കള്‍ ഇപ്പോള്‍ അത് വേണ്ടെന്നു വയ്ക്കുന്ന സ്ഥിതി ഉണ്ട്. മുസ്ലിമിനും ക്രിസ്ത്യാനിക്കും അത് ബാധകമല്ലെന്നു മാത്രം.

ത്രിശങ്കുവിന്റെ ചെറിയ അറിവില്‍ വേദകാലത്ത് ജനം മാംസം കഴിച്ചിരുന്നു. ബീഫ് ആണൊ മട്ടണ്‍ ആയിരുന്നോ എന്നൊന്നും നിശ്ചയമില്ല. ശ്രീരാമനും കാട്ടിലെ ജീവിത കാലത്ത് മാംസം കഴിച്ചിരുന്നു എന്നു പറയുന്നു.

അപ്പോള്‍ പിന്നെ പച്ചക്കറി കഴിക്കുന്നതാണ് ഭയങ്കര സംഭവം എന്ന് ഇപ്പോള്‍ പറയുന്നതില്‍ വലിയ കാര്യമുണ്ടോ?

ആരെങ്കിലും പച്ചക്കറി മാത്രം കഴിച്ച് ജീവിക്കുന്നതില്‍ ഒരു വിരോധവുമില്ല. അവരോട് ഇത്തിരി അസൂയ തോന്നുന്നുമുണ്ട്!

നോര്‍ത്ത് ഇന്ത്യയില്‍ ശ്രദ്ധിച്ച ഒരു കാര്യം അവിടെ സാധാരണ ജനങ്ങള്‍ക്ക് പൊക്കവും വണ്ണവും കുറവാണെന്നതാണ്. ചെറുപ്പത്തില്‍ മതിയായ പോഷകവും പ്രോട്ടീനും കിട്ടാതെ വളര്‍ച്ച മുരടിച്ച ലക്ഷണമായാണു ത്രിശങ്കുവിനു തോന്നിയത്.

അതില്‍ കഴമ്പുണ്ടായിരിക്കാം എന്നാണു ചിന്തിച്ചപ്പോള്‍ തോന്നിയത്. മിക്കവരും വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവരാണ്. അതില്‍ നിന്ന് അവര്‍ക്ക് ആവശ്യത്തിനുള്ള പ്രോട്ടീനും മറ്റും കിട്ടുമോ? തീര്‍ച്ചയായും ഇല്ല. മതിയായ പോഷണം കിട്ടണമെങ്കില്‍ അതിനനുസ്രുതമായ അളവില്‍ വിവിധ തരം പച്ചക്കറികളും ധാന്യവുമെല്ലാം കഴിക്കണം. എത്ര സാധാരണക്കാര്‍ക്ക് അത് കഴിയും?

നേരെ മറിച്ച് മുട്ട, മാസം, മീന്‍ ഇവയൊക്കെ കഴിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാകും. അവയില്‍ പ്രോട്ടീന്‍ ധാരാളം. അധ്വാനിക്കുന്ന മനുഷ്യനു ആവശ്യമായ പ്രോട്ടീന്‍ കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യും?

ജോലി ഒന്നും ചെയ്യാതെ ആവശ്യത്തിനു ഭക്ഷണം കഴിച്ചിരിക്കുന്ന വരേണ്യവര്‍ഗത്തിനു വെജിറ്റേറിയന്‍ ഭക്ഷണം മതി. സാധാരണക്കാരന്‍ പണി എടുക്കുന്നവനാണ്. അവനു അതു മതിയാവില്ല. പട്ടാളക്കാര്‍ വെജിറ്റേറിയന്‍ മാത്രം കഴിച്ചാല്‍ എന്താകും സ്ഥിതി?

എന്നു മാത്രമല്ല, മാംസ ഭക്ഷണം പ്രക്രുതി വിരുദ്ധമൊന്നുമല്ല. ചെറിയ ജീവികളെ കൊന്നു തിന്നാണു മിക്ക വലിയ ജീവികളും ജീവിക്കുന്നത്.

എന്നു കരുതി എല്ലാ മ്രുഗങ്ങളെയും കൊല്ലണമെന്നു അര്‍ഥവുമില്ല. അമേരിക്കയില്‍ കുതിരയെ കൊന്നു തിന്നു കൂടാ. ഗള്‍ഫ് നാടുകളില്‍ പന്നിയേയും. ഇന്ത്യയില്‍ പശുവിനെ കൊല്ലാന്‍ പറ്റില്ലെങ്കില്‍ വേണ്ട. വേറേയുമുണ്ടല്ലൊ മ്രുഗങ്ങള്‍.

വിളര്‍ച്ച ബാധിച്ച, പോഷകമില്ലാത്ത ജനതയല്ല നമുക്കു വേണ്ടത്. വിലക്കുറവില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ കിട്ടുന്ന ഭകഷ്യ വസ്തുവാണു മാംസം. അതു ത്യജിക്കുന്നവര്‍ ത്യജിക്കട്ടെ, സാധാരണക്കാര്‍ അതു ചെയ്യണോ? അതിനു മതപരമായ പരിവേഷം കൊടുക്കണോ?

ഇറച്ചി കഴിക്കുന്നതിനാല്‍ മുസ്ലിംകളേയും ക്രിസ്ത്യാനികളെയും മ്ലേച്ചര്‍ എന്നു കരുതുന്ന ഉന്നത ജാതിക്കാരുണ്ട്. ഭക്ഷണം ആണോ നമ്മെ മ്ലേച്ചരും ഉന്നതരും ആക്കുന്നത്?താണ ജാതിക്കാര്‍ വ്രുത്തിഹീനര്‍ എന്ന രീതിയില്‍ കണക്കാക്കുന്നതും ഈ മനോഭാവം തന്നെ.

എന്തായാലും താണജാതിക്കാരെ അനാരോഗ്യവാന്മാരായി എന്നും താണ ജാതിയായി നിലനിര്‍ത്തനുള്ള നല്ല അടവാണ് ഈ പച്ചക്കറിവാദം. ഉന്നത ജാതിക്കാര്‍ പച്ചക്കറി കഴിച്ച് കുംഭയും തടവി ഇരിക്കട്ടെ. താണ ജാതിക്കാര്‍ അവര്‍ക്കിഷ്ടമുള്ളത് കഴിച്ച് ആരോഗ്യമുള്ളവരാകട്ടെ.

ത്രിശങ്കുവിന്റെ ഇന്ത്യാ യാത്രയില്‍ ഡല്‍ഹിയും താജ്മഹലും ഒന്നു കാണാന്‍ പോയി. അമേരിക്കയില്‍ വന്ന കാലത്ത് വേള്‍ഡ് ട്രേഡ് സെന്റര്‍ കയ്യോടേ കണ്ടത് ഓര്‍മ്മ വന്നു. പിന്നത്തേക്കു മാറ്റി വച്ചുവെങ്കില്‍ കാഴ്ച ഉണ്ടാവില്ലായിരുന്നു.

മുന്‍പ് രണ്ട് തവണ താജ്മഹല്‍ കണ്ടതാണ്. 80കളില്‍ വലിയ തെരക്ക് ഒന്നുമില്ലാതെ. പക്ഷെ ഇപ്പോള്‍ ജനത്തിന്റെ ഇടിച്ചു കയറ്റം. വിനോദ സഞ്ചാര കേന്ദ്രങ്ങളൊക്കെ സന്ദര്‍ശിക്കാന്‍ മാത്രം താല്പര്യവും പണവും ജനത്തിനുണ്ടായിര്‍ക്കുന്നു. നല്ല കാര്യം.

താജ്മഹലില്‍ കയറാന്‍ ഇന്ത്യാക്കാര്‍ക്ക് 300 രൂപ. വിദേശിക്കു 1275 രൂപ. ഐ.ഡി. കാണിച്ച് ടിക്കറ്റ് എടുക്കണം. ഒ.സി.ഐ. കാര്‍ഡ് കൊണ്ട് കാര്യമില്ല. അതില്‍ തമാശ, ഓണ്‍ ലൈനിലൂടെ ടിക്കറ്റ് എടുത്താല്‍ ഐ.ഡിയോ ഉയര്‍ന്ന തുകയോ കൊടുക്കാതെ കഴിക്കാം എന്നതാണ്.

താജ്മഹലിലും കുത്തബ് മീനാറിലുമൊക്കെ ടിക്കറ്റ് എടുത്ത് കയറണം. ന്യു യോര്‍ക്കിലൊക്കെ സബ് വേയിലുള്ള പോലെ ടേണ്‍സ്‌റ്റൈല്‍ വഴിയാണു പോകേണ്ടത്.

ഇറങ്ങി പോരുമ്പോള്‍ ആ ടോക്കണ്‍ കൊടുത്ത് ടേണ്‍സ്‌റ്റൈല്‍ വഴി വേണം ഇറങ്ങി പോരാന്‍. ഇറങ്ങി പോരാനും ഭയങ്കര ക്യു.

ഇറങ്ങി പോകുമ്പോള്‍ ടിക്കറ്റ് പരിശോധിക്കുന്നതിന്റെ ബുദ്ധി മനസിലാകുന്നില്ല. ആരെങ്കിലും ടിക്കറ്റ് എടുക്കാതെ കയറിയിട്ടുണ്ടെങ്കില്‍ കണ്ടെത്താമെന്നു ന്യായം പറയാം. ടിക്കറ്റ് എടുക്കാതെ കയറിയ ആള്‍ക്ക് ആ വഴി തന്നെ ഇറങ്ങി പോകാന്‍ പറ്റില്ലേ? മാത്രവുമല്ല, ടിക്കറ്റ് എടുക്കാതെ എത്ര പേര്‍ കയറും? വളരെ ചുരുക്കം പേര്‍. അവര്‍ക്കു വേണ്ടി ഒരു സന്നാഹം തന്നെ ഇറങ്ങി പോകുന്നയിടത്ത് ഒരുക്കിയിരിക്കുന്നു.

എന്തൊരു ബുദ്ധി!

ആഗ്രയില്‍ ഒരു ദാസ്പ്രകാശ് ഹോട്ടലില്‍ ഉച്ചയൂണിനു കയറി. അവസാനം ഓരോ കാപ്പിയും പറഞ്ഞു. ഊണിനു 200 രൂപ എന്ന് തോന്നുന്നു. കാപ്പിക്ക് 130 രൂപ എടുത്തു. എങ്ങനെയുണ്ട്?

രാജവംശം ഹിന്ദുക്കള്‍ അല്ല! 2019-12-03 08:33:41
ഇന്ത്യയിലെ രാജ വംശം; പുരാതന പേർസ്യ, ഇറാൻ പ്രദേശങ്ങളിൽ നിന്ന് കുടിയേറിയവരും മൃഗ നായാടികളും മാംസം ഭക്ഷിക്കുന്നവരും ആയിരുന്നു. അവർ ഹിന്ദുക്കളും അല്ലായിരുന്നു. പ്രജകളുടെ  പ്രീതി നേടാൻ അവർ ക്രമേണ ഹിന്ദുക്കൾ ആയി. ഇത് ഏതോ ചരിത്ര പുസ്തകത്തിൽ വായിച്ചതു ഓർക്കുന്നു. ഇതേക്കുറിച്ചു അറിയാവുന്നവർ പ്രതികരിക്കും എന്ന് പ്രതീഷിക്കുന്നു!-  ചാണക്യന്‍ 
Horse killing is not forbidden 2019-12-03 08:18:16

Horse killing is not forbidden in America. Hunting of wild horses was forbidden for a while to increase their population. Lots of people keep Horses as pets and they are against horse killing. Horse meat is very expensive =17/ pound =453 grams. Beef & Pork are american’s favorite meat. America export horse meat too.

Sudhir Panikkaveetil 2019-12-03 08:56:50
കല്ല് കൊത്തി മൂർത്തിയാക്കി അത് ഈശ്വരനാണെന്ന് 
പറഞ്ഞു കാശുണ്ടാക്കുന്ന തട്ടിപ്പ് പോലെ ഒരു 
തട്ടിപ്പ് തന്നെയാണിതും. കണ്ട ജന്തുക്കളെയൊക്കെ 
തിന്നണോ തിന്നണ്ടയോ എന്നൊക്കെ മനുഷ്യർ 
തീരുമാനിക്കണം. ദ്രവ്യമില്ലാത്ത ചണ്ടാളൻ എന്ന് 
വിളിക്കുന്നവൻ മാംസം ഭക്ഷിക്കുന്നതിനു 
കുഴപ്പമില്ല.  വാസ്തവത്തിൽ ഭാരതമാണ് 
ദൈവത്തിന്റെ നാട്. സ്വേച്ഛാധിപതിയായ 
ഒരു ഭരണാധികാരിയെപോലെ ദൈവം 
അവിടെ ഭരിക്കുന്നു. ദൈവത്തിന്റെ പേരിൽ 
എല്ലാ അധാർമികതയും അവിടെ നടമാടുന്നു.
ആദാമിനെയും ഹവ്വയേയും പറുദീസയിൽ 
നിന്ന് തള്ളിയിട്ടപ്പോൾ വന്നു വീണ സസ്ഥലമാണ് 
ഭാരതമെന്നത് ശരിയായിരിക്കുമോ? ശപിക്കപ്പെട്ട 
ഭൂമി എന്ന അർത്ഥത്തിൽ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക