Image

സാജന്‍ സമായ എന്ന സാജന്‍ കുര്യന്‍ (മാലിനി)

Published on 05 December, 2019
സാജന്‍ സമായ എന്ന സാജന്‍ കുര്യന്‍ (മാലിനി)
എഴുത്തിനോടും സിനിമയോടുമുള്ള മനസ്സിലെ മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും സാക്ഷാത്കാരത്തിനായി തന്റെ അവസാനശ്വാസവും കൊടുത്ത ചലച്ചിത്രകാരന്‍!
ലഡാക്കിലെ തണുത്തുറഞ്ഞ മഞ്ഞുപാളികളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു  സാജന്‍ സമായ എന്ന പേര്!

2015 , ഡിസംബര്‍ ഒന്നിന് സാജന്‍ സമായ എന്ന സാജന്‍ കുര്യന്‍ നമ്മോടും കലാലോകത്തോടും യാത്ര പറഞ്ഞു. മഞ്ഞുമലകള്‍ക്കും ആകാശവിതാനങ്ങള്‍ക്കുമപ്പുറം സാജന്റെ ആത്മാവ് സന്തോഷിക്കുന്നു എന്ന് നമുക്ക് വിശ്വസിക്കാം

മരണരുചിയുള്ള കല്ലുകള്‍
അതിനുള്ളിലെ
സാജന്‍ കുര്യന്‍ എന്ന സാജന്‍ സമയ!

2015 ഡിസംബര്‍ ഒന്നിന് സാജന്‍ സമായ എന്ന സിനിമാ സംവിധായകന്റെ മരണം എന്നെ വല്ലാതെ സങ്കടപ്പെടുത്തി. കഴിഞ്ഞ 35 വര്‍ഷമായി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന, സിനിമക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത എനിക്ക് സാജന്റെ മരണം ഇത്രമേല്‍ സങ്കടകരമായത്  ഒരുപക്ഷെ 23 വയസ്സുള്ള എന്റെ മകന്റെ ഒരു രൂപ സാദൃശ്യം സാജനില്‍ കണ്ടതുകൊണ്ടാകാം. അന്നൊക്കെ ഞാന്‍ പലയിടത്തും തിരഞ്ഞു, സാജന്‍ സമായ എന്ന സാജന്‍ കുര്യനെക്കുറിച്ച്. ഒരിടത്തുനിന്നും അധിക വിവരങ്ങളൊന്നും കിട്ടിയില്ല.

എങ്കിലും എന്റെ സങ്കടം ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിനെഴുതി. അവരത് ആഘോഷത്തോടെ പ്രസിദ്ധീകരിച്ചു.

പിന്നെയും സാജനെക്കുറിച്ച് തിരക്കി, എന്റെ പരിമിതമായ അറിവില്‍. കൂടുതല്‍ വിവരങ്ങളൊന്നും കിട്ടിയില്ല.  അവനെക്കുറിച്ചു സങ്കടപ്പെടാന്‍ ഒരമ്മയില്ല എന്നൊരിടത്തുവായിച്ചത് പിന്നെയും സങ്കടമായി. പിന്നീട് എവിടെങ്കിലും ലഡാക്ക്, ബിബ്ലിയോ, എന്നൊക്കെ കേട്ടാല്‍ അവിടൊക്കെ തിരഞ്ഞു, സാജനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടും എന്നൊരു വിശ്വസത്തില്‍.

ഒരിടത്തുനിന്നും ഒന്നും കേട്ടില്ല, കണ്ടില്ല.

ആ വര്‍ഷാവസാനം ഏറെ സങ്കടപ്പെടുത്തിയ ഒരു കാര്യം കാണുകയുണ്ടായി. സിനിമയിലെ ഒത്തിരിയേറെ പ്രതിഭകള്‍, പ്രായഭേദമില്ലാതെ മരണപ്പെട്ട ഒരു വര്‍ഷമായിരുന്നത്. അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആ വലിയ നിരയില്‍ ആരൊക്കെ ഉണ്ടായിരുന്നു എന്നെനിക്കിപ്പോഴോര്‍മ്മയില്ല. എന്നാല്‍ ഒന്നോര്‍ക്കുന്നു  ആ കൂട്ടത്തില്‍ സാജന്‍ കുര്യന്‍ എന്ന പേരോ, മുഖമോ ഉണ്ടായിരുന്നില്ല.

നേരത്തെ ഞാന്‍ മരണക്കുറിപ്പുഴുതിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന് സാജന്റെ മരണത്തിന്റെ ഒന്നാം വര്‍ഷം  ഞാനെഴുതി. അത്രമേല്‍ പ്രാധാന്യമില്ലാത്ത അക്കാര്യം വെളിച്ചം കണ്ടില്ല.

മൈനസ് ഡിഗ്രി ടെമ്പറേച്ചര്‍ അറിഞ്ഞിട്ടുള്ളതിനാല്‍ പലപ്പോഴും ഞാന്‍ ഭയന്നിട്ടുണ്ട് എങ്ങനെയാകും തണുപ്പ് മരണകാരണമായതെന്ന്. കാലാവസ്ഥാ വ്യതിയാനം താങ്ങാന്‍ ശരീരത്തിന് കഴിയാഞ്ഞതാകാം. ആവശ്യമായ വസ്ത്രങ്ങള്‍ കരുതിയില്ലായിരിക്കാം. എന്തെകിലും അപകടം പറ്റിയതാകാം എന്നൊക്കെ കരുതി.

പിന്നെയും എവിടെങ്കിലും ലഡാക് എന്നുകേള്‍ക്കുമ്പോള്‍ സാജനെ ഓര്‍ക്കും.

കുറച്ചുമാസങ്ങള്‍ മുന്നേ സിനിമാ നടന്‍ ജോയ് മാത്യു എഴുതിയ പ്രണയത്തിന്റെ ചതുരനെല്ലിക്കകള്‍ എന്ന പുസ്തകത്തെക്കുറിച്ച് ഒരു ചെറിയ റിവ്യൂ വായിച്ചു. ആ പുസ്തകത്തില്‍ ലഡാക്കിനെക്കുറിച്ച് ഉണ്ട് എന്നറിഞ്ഞു. ബിബ്ലിയോ എന്ന സാജന്റെ സിനിമയില്‍ ജോയ് മാത്യു അഭിനയിച്ചിട്ടുണ്ട് എന്ന് നേരത്തെ വായിച്ചിരുന്നു. അതിനാല്‍ ആ പുസ്തകത്തിന് പുറകെ പോയി. അത്ഭുതമെന്നോ, തൃപ്തിയെന്നോ, സന്തോഷമെന്നോ, സങ്കടമെന്നോ പറയേണ്ടത് എന്നറിയില്ല  ആ ബുക്കില്‍ സാജന്‍ കുര്യന്‍ എന്ന സംവിധായകനെക്കുറിച്ച് എഴിതിയിട്ടുണ്ട് എന്നറിഞ്ഞു. ഈ വര്‍ഷാദ്യം കേരളത്തില്‍ വന്നപ്പോള്‍ രണ്ടു ബുക്സ്റ്റാളുകള്‍ കയറിയിറങ്ങി, കോട്ടയത്തെ മാതൃഭൂമി ബുക്‌സില്‍ നിന്നും ബുക്ക് കിട്ടി. അന്നുതന്നെ മരണരുചിയുള്ള കല്ലുകള്‍ വായിച്ചു.

എല്ലാ സങ്കടത്തിനും ഭയത്തിനും മേലെ ഒരു ചിത്രം മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

സഹപ്രവര്‍ത്തകരുടെ ന്യായമായ അപ്രിയത്തിനും അനിഷ്ടത്തിനും രൂക്ഷമായ ചോദ്യങ്ങള്‍ക്കും മുന്നില്‍
"അയാള്‍ നിശബ്ദനായി കയ്യിലുണ്ടായിരുന്ന ഒരു പച്ച ആപ്പിള്‍ കടിച്ചു തിന്നുകൊണ്ടിരുന്നു".
എന്തായിരിക്കാം അപ്പോള്‍ ആ മനസ്സിലൂടെ കടന്നുപോയ ചിന്തകള്‍?

മരണരുചിയുള്ള കല്ലുകള്‍  മനസ്സില്‍ ഒരു വിങ്ങല്‍ അവശേഷിപ്പിച്ചുകൊണ്ടെങ്കിലും ഏറെ തൃപ്തിയോടെയാണ് വായിച്ചത്.

സാജന്‍ എന്റെ മകനല്ല.  അനുജനല്ല. എനിക്ക് സാജനെ അറിയില്ല. എന്നാല്‍ ആ കൊടുംതണുപ്പില്‍ അവനെ അവിടെ പിടിച്ചുനിര്‍ത്തിയ മനസ്സിന്റെ മോഹം.... ആ ഹൃദയത്തിന്റെ പിടപ്പ്....ആ മനസ്സിലൂടെ കടന്നുപോയ ചിന്തകള്‍....ശ്വാസത്തിനായുള്ള പിടച്ചില്‍...ആ ഹൃദയത്തിന്റെ നിലയ്ക്കല്‍....

അതെന്റെ ശ്വാസത്തെ തടസ്സപ്പെടുത്തുന്നു. ഹൃദയമിടിപ്പ് കൂട്ടുന്നു. ഒരു നിമിഷം സാജന്‍ എന്റെ മകനാകുന്നു.... എന്റെ കൂടപ്പിറപ്പാകുന്നു....

ജോയ് മാത്യുവിന്റെ "പ്രണയത്തിന്റെ ചതുരനെല്ലിക്കകള്‍" എന്നൊരു ഓര്‍മ്മപ്പുസ്തകം.
രഥഘോഷങ്ങളുടെ പൊടിപടലത്തില്‍പ്പെട്ട് കാണാതായവരുടെ, മങ്ങിപ്പോയവരുടെ മനോഹര ചിത്രങ്ങള്‍ പെറുക്കിയടുക്കി  അക്ഷരങ്ങള്‍കൊണ്ടൊരു സ്മൃതിഗോപുരം.
....  

 
"പ്രണയത്തിന്റെ ചതുരനെല്ലിക്കകള്‍"
എന്ന ജോയ് മാത്യുവിന്റെ പുസ്തകത്തിലെ
"മരണ രുചിയുള്ള കല്ലുകളില്‍" നിന്നും:

സാജന്‍ കുര്യന്റെ ബിബ്ലിയോ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി  സ്വപ്നഭൂമിയായ ലഡാക്കിലേക്കു യാത്രയായി ഒരുകൂട്ടം സിനിമക്കാര്‍.

 വളരെ ചുരുക്കം സംവിധാനങ്ങളുമായി, അത്യാവശ്യ സാധനങ്ങള്‍പോലുമില്ലാതെ ലഡാക്കിലെ ശുഷ്ക്കമായ,വിജനമായ വിമാനത്താവളത്തിലേക്ക്,  മാരകമായ ആ തണുപ്പിലേക്ക് വിറച്ചിറങ്ങി അവര്‍.

 അതി ശൈത്യം മൂടി നില്‍ക്കുന്ന ഒരിടത്ത്, തണുപ്പിന്‌ചേര്‍ന്ന വസ്ത്രങ്ങളില്ലാതെ, താടി വിറച്ച് കൂട്ടിയിടിച്ച്, കൈകള്‍ തിരുമ്മി വിറച്ചു നില്‍ക്കുന്ന അവരുടെ  വിരല്‍ത്തുമ്പിലൂടെ, ചെവിയിലൂടെ, മൂക്കിന്‍തുമ്പിലൂടെ ഇഴഞ്ഞുകയറി തണുപ്പ്  അവര്‍ക്കിടയില്‍  ആധിപത്യം സ്ഥാപിക്കുന്നു.

തന്റെ ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട സംവിധായകന്‍, സാജന്‍ കുര്യന്‍  തനിക്ക് നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളെ ഒട്ടും മുന്‍കൂട്ടി കണ്ടിരിക്കില്ല. അതേക്കുറിച്ച് ചിന്തിച്ചിരിക്കില്ല. രാത്രിതന്നെ ഷൂട്ട് ചെയ്യണം എന്നൊരു നിര്‍ബന്ധബുദ്ധിയില്‍, മാര്‍ഗ്ഗതടസ്സങ്ങളൊന്നും അറിയാതെ, പരിഗണിക്കാതെ, ശ്രദ്ധിക്കാതെ പൊരുത്തക്കേടുകളിലേക്കവന്‍ വണ്ടികയറി.

അദൃശ്യനായ കൂട്ടുകാരന്‍ ഒപ്പം കൂടിയതറിയാതെ ഒരു ഒറ്റയാന്‍ പോരാട്ടം!

തണുത്തുറഞ്ഞ ലഡാക്കിലേക്ക് ഓഫ് സീസണില്‍ ഒരു യാത്ര!

 പാങ്കോങ് തടാകത്തിലേക്ക്,  സമുദ്രനിരപ്പില്‍നിന്നും 14270 അടി ഉയരത്തിലേക്ക്. മനുഷ്യവാസമില്ലാത്ത, അടിയന്തിര സര്‍വീസുകള്‍ പോലും ലഭ്യമല്ലാത്ത ഒരിടം.  മൈനസ് 42 ഡിഗ്രി തണുപ്പ് . ഓക്‌സിജന്റെ അപകടകരമായ അഭാവം.  ബുദ്ധം ശരണം ഗച്ഛാമി....സംഘം ശരണം ഗച്ഛാമി ...എന്ന ബുദ്ധിസ്റ്റു കീര്‍ത്തനം യാത്രയില്‍ തുണയായി കരുതിയ വണ്ടിക്കാരന്‍.  അത്യാവശ്യംവേണ്ട സംവിധാനങ്ങള്‍ പോലുമില്ലാതെ  കഷ്ടത കൂടെക്കൂടിയ  യാത്ര. അനിവാര്യമായ ആ യാത്രയില്‍  ഇടക്കെപ്പോഴോ മയക്കത്തില്‍നിന്നുണര്‍ന്ന ലേഖകന്‍ വാനിലുള്ളില്‍ ഭയപ്പെടുത്തുന്ന അപരിചിതത്വം മണക്കുന്നു. അധികമൊരാളുടെ സാന്നിധ്യം അറിയുന്നു. ഒരപരിചിത രൂപം കണ്മുന്നില്‍. ഏറെ അസ്വസ്ഥമായ മനസ്സോടെയെങ്കിലും  ഒരു സ്വപ്നമാകാം എന്ന അറിവില്‍ യാത്ര തുടരുന്നു.  

യാത്രയ്ക്കിടയില്‍ ഭയപ്പെടുത്തുന്ന ഒരിടത്താവള വിശ്രമം. യാത്രികരില്‍ പലര്‍ക്കും ശ്വാസംമുട്ടല്‍, ഛര്‍ദി  മരണത്തെ മുഖാമുഖം കാണുന്ന ഒരവസ്ഥയില്‍ എത്തിയ ശാരീരിക മാനസിക അസ്വാസ്ഥ്യം.  തണുപ്പ് എല്ലാവരുടെയും ശരീരത്തെ കാര്‍ന്നു തിന്നുന്നു. ശ്വാസം കിട്ടാത്ത അവസ്ഥയിലാകാം ലേഖകന്‍ അമ്മയെ സ്വപ്നം കാണുന്നു. അതേ സമയംതന്നെ    അമ്മയും മകനെ സ്വപ്നം കണ്ടിരുന്നു എന്ന് പിന്നീടറിയുന്നു.    തീരെ വയ്യ എന്ന അവസ്ഥ. എന്നിട്ടും അല്പവിശ്രമത്തിനുശേഷം, അവര്‍ യാത്ര തുടര്‍ന്നു.

എല്ലാ മരണഭയങ്ങള്‍ക്കുമേലെയും ഈ ബുക്കിലെ സുന്ദരമായ വരികള്‍.

" ആകാശവും തടാകവും ലയിച്ചുചേരുന്ന അപാരനീലിമയാണ് പാങ്കോങ് തടാകം"

തണുപ്പിന്റെ ആക്രമണമല്ല, മറിച്ച്  ഓക്‌സിജന്റെ, ജീവവായുവിന്റെ മാരകകേളിയാണ് നേരിട്ടനുഭവിക്കുന്നത് എന്നറിയാതെ, ആ അവസ്ഥയില്‍ തീര്‍ത്തും ഒഴിവാക്കേണ്ട പുകവലി  അവര്‍ അനസ്യൂതം തുടര്‍ന്നു.

സുന്ദരമായ ആ തടാകക്കരയില്‍ അവരുടെ ഷൂട്ടിംഗ്.  അതിനിടയില്‍ അപൂര്‍വമായ കാഴ്ചകള്‍. മരണപ്പെട്ട പ്രിയപ്പെട്ടവരുടെ സ്മരണക്കായി തടാകത്തിലെ കല്ലുകള്‍ പെറുക്കിയടുക്കി സ്മാരകങ്ങളുണ്ടാക്കുന്ന തിബറ്റന്‍ ആചാരം. അതറിയാതെ ലേഖകനും കൂട്ടരും ആ കളി കളിക്കുന്നു. കളിയിലെ കഥയറിഞ്ഞപ്പോള്‍
അധികം മുമ്പല്ലാതെ മരിച്ച സുഹൃത്തിനുവേണ്ടി ഷൈന്‍ ടോമും,  മരണത്തിനു മുന്നേ തനിക്കുവേണ്ടി ജോയി മാത്യവും അവിടെ കല്ലുകള്‍ അടുക്കി സ്മാരകങ്ങളുണ്ടാക്കി.

പാങ്കോങ് തടാകത്തിലെ ഉപ്പുവെള്ളം രുചിച്ച്, അതിന്റെ കഥ പറഞ്ഞ വണ്ടിക്കാരനെ കേട്ട് കൂടെയുള്ളവര്‍, മരണത്തെ തട്ടിക്കളിച്ച്,  ഇത്തിരിക്കാഴ്ചകള്‍ കണ്ടുനടന്ന ആ നേരമൊക്കെയും ഷൂട്ടിംഗ് കഴിഞ്ഞ സംവിധായകന്‍, സാജന്‍ കുര്യന്‍ വണ്ടിയില്‍ തനിച്ചിരുന്നു. അവര്‍ക്കൊപ്പം കൂടിയ അദൃശ്യനായ സഹചാരി തന്റെ കസേരകളി തുടര്‍ന്നു....ഒടുവില്‍ ഒരാളെ കസേരയില്‍ ഇരുത്തുംവരെ.

അനാരോഗ്യവും അപകടവും തൊട്ടറിഞ്ഞ, അതൃപ്തരായ സഹപ്രവര്‍ത്തകര്‍. അവരുടെ ഏറ്റവും ന്യായമായ അനിഷ്ടം. അവരില്‍നിന്നുള്ള രൂക്ഷമായ, അപ്രിയ ചോദ്യങ്ങള്‍, അതിനൊക്കെയും മേലെ

 " അയാള്‍ നിശ്ശബ്ദനായി കയ്യിലുണ്ടായിരുന്ന ഒരു പച്ച ആപ്പിള്‍
കടിച്ചു തിന്നുകൊണ്ടിരുന്നു".

 രാവിലെ മുതല്‍ അയാള്‍ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല എന്നവരോര്‍ത്തു.

തിരികെയാത്രയില്‍, മരിച്ചുജീവിച്ച കഴിഞ്ഞ രാത്രിയെ ഓര്‍ത്ത്, ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ അവര്‍ സംസാരിച്ചികൊണ്ടിരുന്നു. സാജന്‍ ഒരക്ഷരം മിണ്ടാതെ മുന്‍സീറ്റില്‍ തലകുമ്പിട്ടിരുന്നു മയങ്ങി. ആ യാത്രയിലും " ബുദ്ധം ശരണം ഗച്ഛാമി ....
സംഘം ശരണം ഗച്ഛാമി ...." യുടെ ഈരടികള്‍ അവരെ പിന്‍തുടര്‍ന്നു.

ലഡാക്കിലെ താമസസ്ഥലത്തു തിരികെയെത്തിയപ്പോഴത്തെ, ഹോട്ടലുടമയുടെ സന്തോഷം, ഇവരുടെ യാത്ര എത്ര അപകടം നിറഞ്ഞതായിരുന്നു എന്ന് പറയാതെ പറയുന്നു.

കൂട്ടത്തില്‍ ലയിക്കാതെ വേറിട്ടുനില്‍ക്കുന്ന സംവിധായകന്‍.

എല്ലാ പ്രതികൂല സാഹചര്യങ്ങള്‍ക്കുമേലെയും  അയാള്‍ക്കവിടെ ഒരുദിവസംകൂടി ഷൂട്ടിംഗ് വേണം. സഹപ്രവര്‍ത്തകരധികവും ഛര്‍ദ്ദിച്ചു  ശ്വാസംമുട്ടി അവശരായവര്‍. ഇതിനിടയില്‍ ജോയി മാത്യുവിനും കൂട്ടര്‍ക്കും തിരിച്ചു പോരേണ്ട അത്യാവശ്യം.

സാജനെയും കൂട്ടരെയും തനിച്ചാക്കി പോരുന്ന ജോയ് മാത്യു എന്ന പ്രിയനടനോട് ഏറെ ഇഷ്ടക്കേട് തോന്നി  വായനയില്‍. എന്നാല്‍  ഇവരെ യാത്രയാക്കി, സാജന്റരികിലേക്ക് തിരിച്ചു പോകുന്ന ഷൈന്‍ ടോം എന്ന എന്റെ അപ്രിയനടന്‍ വായനയില്‍ നല്ലവനാകുന്നു.

ഇനിയും പിടിച്ചുനില്‍ക്കാനാകാതെ, തന്റെ മോഹങ്ങളെ അടര്‍ത്തി മാറ്റി  ഷൂട്ടിംഗ് നിര്‍ത്തി തിരിച്ചുപോരാനൊരുങ്ങിയെങ്കിലും,  പോരുംവഴിയില്‍ സാജന്‍ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും, യാത്രയില്‍ അവരോടൊപ്പം കൂടിയ അദൃശ്യനായ സഹചാരി, അപ്പഴേക്കും സാജനെ കൂടെകൂട്ടിയിരുന്നു. ഓക്‌സിജന്റെ അഭാവം മൂലം സംഭവിച്ച ഹൃദയാഘാതം!

"Oh Death where are you ?" എന്നു പറഞ്ഞു തടാകത്തിലേക്കുള്ള ഇറക്കം ഇറങ്ങി, തടാകത്തിലേക്ക് അപ്രത്യക്ഷമാകുന്ന തന്റെ കഥാപാത്രത്തോട് വിശ്വസ്തനായി, തന്റെ അവസാന ശ്വാസവും ആ തണുത്ത ഭൂമിക്കു കൊടുത്ത് സാജന്‍ തന്റെ സിനിമയോട് നീതിപുലര്‍ത്തി. 

തന്റെ സൗഹൃദങ്ങളുപയോഗിച്ച് ജോയ് മാത്യു സാജന്റെ ശിഷ്ടയാത്രയില്‍ സഹായിയാകുന്നു.
സാജനൊപ്പം അവസാനംവരെ നിന്ന കൂട്ടുകാര്‍ക്ക് അതാശ്വസവുമായി.

പുസ്തകത്തില്‍ നിന്ന് : " ഇന്നും എന്റെ മുറിയില്‍ പാങ്കോങ് തടാകത്തില്‍നിന്നും പെറുക്കിയെടുത്ത കല്ലുകള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നത്, ഹിമവല്‍സാനുക്കളിലെ മരണവുമൊത്തുള്ള ഒളിച്ചുകളിയാണ്".

ഇതുപോലെ, എത്രയെത്ര കഥകള്‍ പറയുന്നു പ്രണയത്തിന്റെ ചതുരനെല്ലിക്കകള്‍ എന്ന ഓര്‍മ്മപ്പുസ്തകം! ജോണ്‍ എബ്രഹാം, അഗസ്റ്റിന്‍, മാധവിക്കുട്ടി ....എന്നിങ്ങനെ എത്രയോപേര്‍ ഈ സ്മൃതിഗോപുരത്തിലൂടെ നമുക്ക് മുന്നിലെത്തുന്നു.

രഥഘോഷങ്ങളുടെ പൊടിപടലത്തില്‍പ്പെട്ട് കാണാതായവരുടെ, മങ്ങിപ്പോയവരുടെ മനോഹരചിത്രങ്ങള്‍ പെറുക്കിയടുക്കി ഒരു പുസ്തകം. കല്ലുകള്‍ പെറുക്കിയടുക്കി സ്മൃതിഗോപുരങ്ങള്‍ ഉണ്ടാക്കും പോലെ....അക്ഷരങ്ങള്‍കൊണ്ടൊരു സ്മൃതിഗോപുരം!

 വായനയ്ക്കായി തിരയുമ്പോള്‍  ഏറ്റം മുന്നിലുണ്ടാകണം ഈ പുസ്തകം.


സാജന്‍ സമായ എന്ന സാജന്‍ കുര്യന്‍ (മാലിനി)
സാജന്‍ സമായ എന്ന സാജന്‍ കുര്യന്‍ (മാലിനി)

സാജന്‍ സമായ എന്ന സാജന്‍ കുര്യന്‍ (മാലിനി)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക