Image

മാമാങ്കത്തിലെ ഉണ്ണിമായയ്ക്കൊപ്പം പ്രാചി ടെഹ്ലന്‍

Published on 07 December, 2019
മാമാങ്കത്തിലെ ഉണ്ണിമായയ്ക്കൊപ്പം പ്രാചി ടെഹ്ലന്‍

സ്‌പോര്‍ട്‌സ് താരത്തില്‍ നിന്നു സിനിമാ താരത്തിന്റെ ഉദയം- മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തില്‍ നായികയാകുന്ന പഞ്ചാബി നടി പ്രാചി ടെഹ്ലന്‍ സിനിമാക്കാരിയാകും മുന്‍പ്കളിക്കളത്തിലെ താരമായിരുന്നു. കൂടാതെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്ത ടെക്കിയും

ഒരു വര്‍ഷത്തോളമായി മാമാങ്കത്തിലെ ഉണ്ണിമായയ്ക്കൊപ്പം ഞാന്‍ യാത്ര ചെയ്യുന്നു. തികച്ചും അപരിചതമായ നാട്... ഭാഷ... എന്നിട്ടും ഞാന്‍ മലയാളിയായി മാറി. സ്പോര്‍ട്സില്‍ റിസല്ട്ട് നിങ്ങള്‍ക്ക് അപ്പോള്‍ തന്നെ അറിയാം. സിനിമ റിലീസിനു മാത്രമേ റിസല്ട്ട് അറിയൂ- പ്രാചി പറയുന്നു.

മാമാങ്കത്തില്‍ ഉണ്ണിമായയുടെ കളരിച്ചുവടുകള്‍ പഠിക്കാന്‍ സഹായിച്ചതു സ്പോര്‍ട്സും കഠിന പരിശീലനവുമാണ്. ആകെ പാടുപെട്ടതു ശാസ്ത്രീയ നൃത്തം പഠിക്കാനാണ്.

അപരിചിതമായ കാര്യങ്ങളോട് എളുപ്പം അടുക്കുന്നയാളാണ് ഞാന്‍. ഡല്‍ഹിയില്‍ ജനിച്ചു, മുംബൈയില്‍ ജീവിക്കുന്നു. കേരളത്തില്‍ വര്‍ക്ക് ചെയ്യുന്നു. ജീവിതത്തില്‍ കരിയറും അച്ചടക്കവും നല്‍കിയതു സ്പോര്‍ട്സാണ്. അതൊരിക്കലും മറക്കില്ല.

എല്ലാവരും പറയുന്നു. മാമാങ്കം ബ്രേക്കാകും, പ്രാചിക്ക് വലിയ അവസരങ്ങള്‍ വരും എന്നൊക്കെ. അതൊന്നും കാര്യമാക്കുന്നില്ല. ഒന്നും പ്രതീക്ഷിച്ചല്ല മാമാങ്കത്തില്‍ എത്തിയത്. ഓരോ ദിവസവും ജോലി നന്നായി ആസ്വദിച്ച് ചെയ്തു. മൂക്കൂത്തി... മൂക്കൂത്തി എന്ന പാട്ട് വീണ്ടും വീണ്ടും യുട്യൂബില്‍ കാണുമ്പോള്‍ എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല.

പ്രാചിയുടെ ഏറ്റവും വിലപ്പെട്ട മാമാങ്കം ഓര്‍മ എപ്പോഴും കൂടെയുണ്ട്. വലതുകാലിന്റെ ഉപ്പൂറ്റിയില്‍ വാള്‍മുന കൊണ്ടു പരുക്കേറ്റ കറുത്ത പാട്.

ചരിത്രത്തിലെ മറക്കാനാവാത്ത ഏടുകളിലൊന്നായ മാമാങ്കത്തില്‍ ഒരു ചാവേര്‍ പടയാളിയായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സാമൂതിരിയുടെ അസംഖ്യം ഭടന്മാരെ നേരിടുന്ന വള്ളുവക്കോനാതിരിയുടെ ഏതാനും ഭടന്മാര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കുക മാത്രമായിരുന്നല്ലോ വഴി.

ഇങ്ങനെയൊരു കഥയില്‍ നായികയുടെ വേഷമെന്താണെന്നു ന്യൂയോര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ പ്രാചി വെളിപ്പെടുത്തിയില്ല. എന്നാല്‍ സിനിമ വലിയൊരു സംഭവവും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് വലിയൊരു അംഗീകാരമാണെന്ന് പ്രാചി പറയുന്നു.

സാധാരണയില്‍ കവിഞ്ഞ ഉയരമുള്ള പ്രാചി (5'' 11) ഇന്ത്യന്‍ നെറ്റ്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്നു. ക്യാപ്റ്റനായിരിക്കെ 2011-ല്‍ ഏഷ്യന്‍ ബീച്ച് ഗെയിംസില്‍ ഇന്ത്യ ആദ്യത്തെ വെള്ളി മെഡല്‍ നേടി. കളിക്കളത്തിലെ റാണി എന്നും, ഹോട്ടസ്റ്റ് സ്‌പോര്‍ട്‌സ് വുമണ്‍ എന്നും മാധ്യമങ്ങള്‍ പേരിട്ട പ്രാചി ദേശീയ ബാസ്‌കറ്റ് ബോള്‍ താരവുമാണ്. ഇന്തോ- സിംഗപ്പൂര്‍ സീരിസില്‍ (2010) വിജയിച്ച ടീമിലുണ്ടായിരുന്നു. ഏഴാമത് യൂത്ത് ഏഷ്യ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ക്യാപ്റ്റനായി.

നെറ്റ്‌ബോള്‍ ടീമിന്റെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റനെന്ന പദവി ഇപ്പോഴും തുടരുന്നു. 54-ം നാഷണല്‍ ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടി.

കളിക്കളത്തില്‍ മികവു കാട്ടുമ്പോള്‍ തന്നെ പഠനത്തിലും വിജയം കൈവരിക്കാന്‍ മറന്നില്ല. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ജീസസ് ആന്‍ഡ് മേരി കോളജില്‍ നിന്നു ബി കോം. തുടര്‍ന്ന് ഡല്‍ഹി ഇന്ദ്രപ്രസ്ഥ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഹ്യൂമന്‍ റിലേഷന്‍സിലും മാര്‍ക്കറ്റിംഗിലും എം.ബി.എ.

തുടര്‍ന്ന് പല അന്താരാഷ്ട്ര കമ്പനികളിലും ഉദ്യോഗസ്ഥയായി. ഇതിനിടയില്‍ സ്റ്റാര്‍ പ്ലസ് ഒരുക്കിയ ദിയ ഔര്‍ ഖാതിഹം എന്ന സീരിയലില്‍ അഭിനയിച്ചു. അത് ജനഹൃദയങ്ങള്‍ കീഴിടക്കി. സ്റ്റാര്‍പ്ലസിന്റെ തന്നെ ഇക്യവാന്‍ സീരിയലിലും മികച്ച വേഷമിട്ടു.

രണ്ടു പഞ്ചാബി ചിത്രങ്ങളിലും നായികയായി. അര്‍ജുന്‍, ബയിലറസ് എന്നിവ. അതിനിടയിലാണ് മാമാങ്കത്തിലേക്ക് ഓഫര്‍ വരുന്നത്. ഇക്യവാന്‍ ചെയ്യുമ്പോഴാണ് ഒരു മലയാളം കാസ്റ്റിംഗ് ഡയറക്ടര്‍ ഓഫറുമായെത്തിയത്. തുടര്‍ന്ന് ഡയറക്ടര്‍ സജീവ് പിള്ളയെ കണ്ടു. കൊച്ചിയില്‍ ഒഡീഷന് ചെല്ലാന്‍ വിളിച്ചു. പരിചയമില്ലാത്ത ഒരു ഭാഷ ഒഡീഷനുവേണ്ടി പഠിക്കേണ്ടിവന്നത് ഇതാദ്യമായായിരുന്നു.

കൊച്ചിയില്‍ ഒഡീഷന്‍ നടന്നു. സംഗതി ഭയങ്കര ഫ്‌ളോപ്പായി സ്വയം തോന്നി. അതിനാല്‍ ഒരു പ്രതീക്ഷയുമില്ലാതെയാണ് മുംബൈയിലേക്ക് വിമാനം കയറിയതെന്നു പ്രാചി. എന്നാല്‍ പിറ്റേന്നു രാവിലെ ഡയറക്ടറുടെ ടെക്സ്റ്റ് മെസേജ് എത്തി. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നു പറഞ്ഞു. കഥാപാത്രത്തിനു അനുയോജ്യയാണെന്നും കാര്യങ്ങള്‍ വേഗത്തില്‍ പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു.

കേരളത്തില്‍ ആദ്യം വന്നത് 2016-ല്‍ ആണ്. സിനിമാ അവസരങ്ങള്‍ തേടി കൊച്ചിയില്‍. അന്നു നിര്‍മ്മാതാവ് ഗണേഷ് സംവിധായകരേയും, സിനിമാ പ്രവര്‍ത്തകരേയും പരിചയപ്പെടുത്തി. അതാണ് തന്നെ തേടിപ്പിടിക്കാന്‍ കാസ്റ്റിംഗ് ഡയറക്ടറെ പ്രേരിപ്പിച്ചത്.

വലിയൊരു പ്രൊജക്ട് എന്ന നിലയില്‍ മാമാങ്കത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷവും പ്രതീക്ഷയുമുണ്ട്.

'സത്യം പറഞ്ഞാല്‍ എല്ലാം എനിക്ക് പുതുമയാണ്. ഭാഷ, സംസ്‌കാരം, കഥ, കഥാപാത്രം ഒക്കെ. എന്റെ കഴിവിന്റെ നൂറുശതമാനവും ഈ സിനിമയ്ക്ക് നല്‍കുകയാണ്. ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും അതാത് രംഗത്തെ അതിപ്രഗത്ഭര്‍ ആണ്. എല്ലാവരും വമ്പന്മാര്‍.

സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി കേരളത്തിലെത്തുന്നത്. കൊച്ചി വളരെ മനോഹരം. ചില ഭക്ഷണങ്ങളും ഇവിടുത്തെ സാരിയുമൊക്കെ ഏറെ ഇഷ്ടപ്പെടുന്നു.

നടി എന്ന നിലയില്‍ എന്താണ് ലക്ഷ്യമെന്നു ഇപ്പോള്‍ പറയാനാവില്ല. ആ നേട്ടം കൈവരിക്കുമ്പോള്‍ അതേപ്പറ്റി പറയാം. എന്തായാലും വിഷമതകള്‍ നിറഞ്ഞതാണെങ്കിലും ഈ യാത്ര താന്‍ ആസ്വദിക്കുകയാണ്.

അഭിനയരംഗത്ത് വീട്ടില്‍ നിന്നു മുമ്പ് ആരും ഉണ്ടായിട്ടില്ല. അതിനാല്‍ കൂടുതല്‍ പേരെ പരിചയപ്പെടുകയും കൂടുതല്‍ പഠിക്കുകയും ചെയ്താലേ കൂടുതല്‍ കാലം ഈ രംഗത്ത് നിലനില്‍ക്കാനാവൂ എന്ന ബോധ്യമുണ്ട്-പ്രാചി പറഞ്ഞു

ഭാരതപ്പുഴയുടെ തീരത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിച്ചിരുന്ന മാമാങ്കം ഉത്സവത്തില്‍ പടവെട്ടാന്‍ എത്തിയിരുന്ന ചാവേറുകളെ കുറിച്ചാണ് ചിത്രം. പടവെട്ടി ചാകാന്‍ വരുന്ന ചാവേര്‍ ആണു മമ്മൂട്ടി

പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ നടത്തിയിരുന്ന ഒരു മാസം നീളുന്ന ഉല്‍സവമായിരുന്നു മാമാങ്കം. വള്ളുവക്കോനാതിരിയുടെ രാജ്യം ശക്തനായ കോഴിക്കോട് സാമൂതിരി പിടിച്ചടക്കി. വള്ളുവക്കോനാതിരിയെ യുദ്ധത്തില്‍ തോല്പിച്ചു. മാമങ്കത്തില്‍ അധ്യക്ഷം വഹിക്കാന്‍ സാമൂതിരി വരുമ്പോള്‍ വള്ളുവക്കോനാതിരിയുടെ പടയാളികള്‍ ചാടി വീഴും. എണ്ണം കൂടുതലുള്ള സാമൂതിരിയുടെ പടയാളികള്‍ അവരെ കൊന്നൊടുക്കും. ഇത് ദീര്‍ഘകാലം നടന്നുവത്രെ.

ടിപ്പുവിന്റെ പടയോട്ടം കഴിഞ്ഞതോടെ സാമൂതിരി ബ്രിട്ടീഷുകാരുടെ കീഴിലായി. മാമങ്കവും ഇല്ലാതായി

ചന്തുവിനെയും പഴശ്ശിരാജയെയുമൊക്കെ അനശ്വരമാക്കിയ മമ്മൂട്ടി മറ്റൊരു വീരനായകനാകുന്നു.

തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ഇതെന്ന് മമ്മൂട്ടി പറയുന്നു. മാമാങ്കം എന്ന പേര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ നവോദയയോട് നന്ദിയുണ്ടെന്നും മമ്മൂട്ടി പറയുന്നു.1979-ല്‍ ഇതേ പേരില്‍ നവോദയ ഒരു ചിത്രം നിര്‍മ്മിച്ചിരുന്നു.
മാമാങ്കത്തിലെ ഉണ്ണിമായയ്ക്കൊപ്പം പ്രാചി ടെഹ്ലന്‍
മാമാങ്കത്തിലെ ഉണ്ണിമായയ്ക്കൊപ്പം പ്രാചി ടെഹ്ലന്‍

മാമാങ്കത്തിലെ ഉണ്ണിമായയ്ക്കൊപ്പം പ്രാചി ടെഹ്ലന്‍

മാമാങ്കത്തിലെ ഉണ്ണിമായയ്ക്കൊപ്പം പ്രാചി ടെഹ്ലന്‍

മാമാങ്കത്തിലെ ഉണ്ണിമായയ്ക്കൊപ്പം പ്രാചി ടെഹ്ലന്‍

മാമാങ്കത്തിലെ ഉണ്ണിമായയ്ക്കൊപ്പം പ്രാചി ടെഹ്ലന്‍

മാമാങ്കത്തിലെ ഉണ്ണിമായയ്ക്കൊപ്പം പ്രാചി ടെഹ്ലന്‍

മാമാങ്കത്തിലെ ഉണ്ണിമായയ്ക്കൊപ്പം പ്രാചി ടെഹ്ലന്‍

മാമാങ്കത്തിലെ ഉണ്ണിമായയ്ക്കൊപ്പം പ്രാചി ടെഹ്ലന്‍

മാമാങ്കത്തിലെ ഉണ്ണിമായയ്ക്കൊപ്പം പ്രാചി ടെഹ്ലന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക