ബഹുസ്വരതയുടെ അടയാളമായി സിഡ്നിയില്‍ ഒരു കരോള്‍ സന്ധ്യ

Published on 20 December, 2019
ബഹുസ്വരതയുടെ അടയാളമായി സിഡ്നിയില്‍ ഒരു കരോള്‍ സന്ധ്യ

സിഡ്നി: മലയാളി റോമന്‍ കത്തോലിക്ക സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14 ന് ബിറാലാ പള്ളിയങ്കണത്തില്‍ നടന്ന കരോള്‍ സന്ധ്യ സാഹോദര്യത്തിന്റേയും സമാധാനത്തിന്റെയും ക്രിസ്മസിന്റെ യഥാര്‍ത്ഥ സന്ദേശം വിളിച്ചോതുന്നതായിരുന്നു.

സിഡ്നിയിലെ വിവിധ ക്രിസ്തീയ സമൂഹങ്ങളില്‍ നിന്നും സാംസ്‌കാരിക കൂട്ടായ്മകളില്‍ നിന്നുമുള്ള ആറു ഗായക സംഘങ്ങളാണ് ഈ കരോള്‍ സന്ധ്യയില്‍ പങ്കെടുത്ത് ശ്രവണ സുന്ദരങ്ങളായ കരോള്‍ ഗാനങ്ങള്‍ ആലപിച്ചത്. മലയാളം, ഇഗ്ലീഷ്, തമിഴ് എന്നീ മൂന്ന് ഭാഷകളിലുള്ള ഗാനങ്ങള്‍ ആലപിക്കപ്പെട്ട ഈ പരിപാടിയില്‍ മുന്ന് ഭക്തിനിര്‍ഭരമായ നൃത്ത പരിപാടികളും ഉണ്ടായിരുന്നു.

സിഡ്നിയിലെ പ്രമുഖ ഗായകരും, നൃത്തകരുമായ എണ്‍പത്തില്‍ പരം ആളുകള്‍ പരിപാടിയില്‍ പങ്കാളികളായി. സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എപ്പിംഗ് , ക്രൈസ്റ്റ് ദി കിംഗ് സീറോ മലബാര്‍ ചര്‍ച്ച്, വില്ലാവുഡ് , സെന്റ് പീറ്റര്‍ ഷാനല്‍ പാരീഷ് , ബിറാലാ, മള്‍ട്ടികള്‍ച്ചറല്‍ കരോള്‍ ഗ്രൂപ്പ് . കാംബല്‍ടൗണ്‍ , സിഡ്നി മലയാളി റോമന്‍ കാത്തലിക് കമ്യൂണിറ്റി , സ്ട്രാത്ഫീല്‍ഡ് , കാത്തലിക് അസോസിയേഷന്‍ ഓഫ് സിഡ്നി തമിഴ്സ് എന്നീ ഗായക സംഘങ്ങളാണ് കരോള്‍ സന്ധ്യയില്‍ ഗാനങ്ങള്‍ ആലപിച്ചത്.

നൃത്യാലായ, റാസ് മറ്റാസ് എന്നീ നൃത്ത സംഘങ്ങള്‍ അവതരിപ്പിച്ച ഭക്തി നിര്‍ഭരമായ സംഘനൃത്തങ്ങള്‍, എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ലെന റെജിന്‍ അവതരിപ്പിച്ച നൃത്തവും കരോള്‍ സന്ധ്യക്ക് മാറ്റു കൂട്ടി.

ബിറാലാ പള്ളിയുടെ വികാരി ഫാ. തോമസ് സ്വാഗതം ആശംസിച്ചു. ക്രിസ്മസ് സന്ദേശം നല്‍കി.
പൗരോഹിത്യത്തിന്റെ നാല്പതാം വാര്‍ഷികം ആഘോഷിക്കുന്ന ജോണി അച്ഛനെ ചടങ്ങില്‍ ആദരിച്ചു. കരോള്‍ സന്ധ്യയുടെ സംഘാടക സമിതിയുടെ രക്ഷാധികാരി ആയ സാലസ് അച്ഛന്‍ നന്ദി പറഞ്ഞു. സിഡ്നിയിലെ വിവിധ ഇടവകകളില്‍ സേവനം ചെയ്യുന്ന ഫാ. ജിതിന്‍ , ഫാ.ജോണ്‍, ഫാ. തോമസ് ആലുക്ക എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജേക്കബും നുബിയായും പരിപാടിയുടെ അവതാരകരായിരുന്നു.

സിഡ്നിയിലെ മലയാളികള്‍ നടത്തുന്ന വ്യവസായ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ നടത്തിയ പരിപാടി സ്‌നേഹവിരുന്നോടെ സമാപിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് തോമസ്


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക