Image

യേശുവിന്റെ ജനനം എവിടെ? ( ഭാഗം -2 : ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 24 December, 2019
യേശുവിന്റെ ജനനം എവിടെ? ( ഭാഗം -2 : ജോണ്‍ വേറ്റം)
ക്രിസ്തുമതവിശ്വാസികളുടെ ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനം ബൈബിള്‍ ആകയാല്‍, അതിന്റെ വിവര്‍ത്തനം വിവിധ ഭാഷകളില്‍ തുടരുന്നു. അതിന്റെ വിവര്‍ത്തനം വിവിധ ഭാഷകളില്‍ തുടരുന്നു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഭിന്നാഭിപ്രായങ്ങളും ഉണ്ടാകുന്നു. എങ്കിലും, ഈ ഘട്ടത്തില്‍  ബൈബിള്‍ വായന ലോകവ്യാപകമായി. വാര്‍ത്താവിനിമയരംഗത്തുണ്ടായ പുരോഗതിയാണ് ഒരു കാരണം. 'ഐപോഡ്' 'സെല്‍ഫോണ്‍' എന്നീ ഉപകരണങ്ങളില്‍ ബൈബിള്‍ ഉള്‍ക്കൊള്ളിച്ചതോടെ, അവ ദൈവാലയങ്ങളിലും സാമുദായികസമ്മേളനങ്ങളിലും ഉപയോഗ വസ്തുക്കളായി. പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളെയും അവ മറികടക്കുന്നു. ഉദാ: വി.കുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിട്ടുള്ള  ഒരു ഗ്രന്ഥമാണ് 'തക്‌സാ' അഥവാ 'അനാഫോറ'. ഇത് കുര്‍ബാന അര്‍പ്പിക്കുന്ന പുരോഹിതനു വേണ്ടിയുള്ളതാണ്. കാര്‍മ്മികന്‍ തക്‌സായില്‍ നോക്കി മാത്രമേ കുര്‍ബാന അര്‍പ്പിക്കുകയുള്ളൂ. എന്നാല്‍ തക്‌സാക്ക് പകരം ഐപാഡ്(IPAD) ഉപയോഗിച്ചു തുടങ്ങി. ഈ നൂതന പരിവര്‍ത്തനം ആത്മീയപോഷണത്തിനു സഹായിക്കുമോ?

ആദിമ ക്രൈസ്തവസഭ ക്രമീകരിച്ച ചില വേദാനുസൃതരേഖകള്‍, അവയുടെ വാസ്തവികത സംബന്ധിച്ചുണ്ടായ സംശങ്ങള്‍ മുഖാന്തരം, ബൈബിളില്‍ ചേര്‍ത്തില്ല. അവ അപ്പോക്രിഫ കുറിപ്പുകള്‍, അസ്വീകാര്യരേഖകള്‍, ഒളിക്കപ്പെട്ട പുസ്തകങ്ങള്‍, തള്ളപ്പെട്ട പുസ്തകങ്ങള്‍, തൃക്തഗ്രന്ഥങ്ങള്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. ജ്ഞാന വിഷയകമായ ഗ്രന്ഥങ്ങളും, ധര്‍മ്മശാസ്ത്രങ്ങളും, പുരാതനചരിത്രങ്ങളും, യേശുവിന്റെ ജനനവും ബാല്യവും ഉള്‍പ്പെട്ട വിവരണങ്ങളും, വ്യാജപ്രാമണങ്ങളും, സങ്കല്പകൃതികളും അവയില്‍ ഉള്‍പ്പെടുന്നു. ക്രിസ്തുമതത്തിന്റെ പ്രാരംഭത്തില്‍ ജീവിച്ചിരുന്നവരും യേശുവിന്റെ ശിഷ്യന്മാരോടൊത്തു സഹവസിച്ചവരും ഉള്‍പ്പെട്ട, പൂര്‍വ്വപിതാക്കന്മാര്‍ രചിച്ചിട്ടുള്ള പുസ്തകങ്ങളാണ് അവയെന്നും അഭിപ്രായങ്ങള്‍. അങ്ങനെയാണെങ്കിലും, അവയില്‍ നിന്നും തിരഞ്ഞെടുത്ത കുറെ പുസ്തകങ്ങള്‍ ബൈബിളിന്റെ മലയാളം തര്‍ജ്ജമയില്‍ ചേര്‍ത്തിട്ടുണ്ട്(കെ.സി.ബി.സി.).

യേശു ജനിച്ചപ്പോള്‍ കിഴക്കുദിക്കില്‍ നിന്നും വന്ന വിദ്വാന്മാര്‍ ഗോശാലയില്‍ ചെന്നു ഉണ്ണിയേശുവിനെ കണ്ടു സമ്മാനം നല്‍കിയെന്ന്, ഇക്കാലത്തും, പട്ടക്കാരും മേല്‍പ്പട്ടക്കാരും പ്രസംഗിക്കുന്നു. ഇത് നല്‍കുന്നത് തെറ്റായ പാഠമാണ്. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: രാജാവ് പറഞ്ഞതു കേട്ട് അവര്‍ പുറപ്പെട്ടു. അവര്‍ കിഴക്കു കണ്ട നക്ഷത്രം ശിശു കിടന്നിരുന്ന സ്ഥലത്തിനു മീതെ വന്നുനില്‍ക്കുവോളം അവര്‍ക്കുമുമ്പേ പൊയ്‌ക്കൊണ്ടിരുന്നു. നക്ഷത്രം കണ്ടതുകൊണ്ട് അവര്‍ അത്യന്തം സന്തോഷിച്ചു. ആ വീട്ടില്‍ കടന്നുചെന്ന് ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു; അവര്‍ സാഷ്ടാംഗം വീണ് അവനെ ആരാധിച്ചു. അവര്‍ നിക്ഷേപപാത്രങ്ങള്‍ തുറന്ന് അവന് പൊന്നും കുന്തുരുക്കും മൂരും കാഴ്ച വച്ചും. മത്തായി 2:9-11(വിശുദ്ധ വേദപുസ്തകം. മൂന്ന് വിദ്വാന്മാരും ഒരു ഭവനത്തില്‍ ചെന്നു യേശുവിനെ കാണുകയും വണങ്ങുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തുവെന്ന വേദപുസ്തകവചനം, പ്രസ്തുതസംഭവത്തെ, അചഞ്ചലസത്യമായി സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും വഴിപിഴച്ച പ്രഭാഷണങ്ങള്‍!

യേശുവിനെ എവിടെ പ്രസവിച്ചു എന്ന ചോദ്യത്തിന് നിലവിലുള്ള ബൈബിള്‍ ഉത്തരം നല്‍കുന്നില്ല. എന്നിരുന്നാലും, ഏതാനും അപ്പോക്രിഫപുസ്തകങ്ങള്‍, അവയില്‍ വിശ്വാസിച്ചാലും ഇല്ലെങ്കിലും, സാഹചര്യത്തിനു ചേരുന്ന സൂചനകള്‍ നല്‍കുന്നുണ്ട്. അവ എന്താണ്?

വിവാഹനിശ്ചയം കഴി്ഞ്ഞപ്പോള്‍, മറിയയെ സ്വവസതിയിലാക്കിയശേഷം, യോസഫ് വിദൂരത്തുള്ള തന്റെ ജോലിസ്ഥലത്ത് പോയി. കുറെ മാസങ്ങള്‍ കഴിഞ്ഞ്, അയാള്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മറിയം ഗര്‍ഭസ്ഥയാണെന്നറിഞ്ഞു. കോപിച്ചു. സംഭവിച്ചതെന്തെന്ന് മറിയ പറഞ്ഞിട്ടും വിശ്വസിച്ചില്ല. അപാരദുഃഖത്താലും അപമാനഭാരത്താലും മറിയയെ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. എങ്കിലും, അന്നത്തെ യഹൂദ പാരമ്പര്യമനുസരിച്ചു മറിയ കുറ്റാവാളിയെന്നുകണ്ട് ക്രൂരമായി കൊല്ലപ്പെടുമെന്നു വിചാരിച്ചു മനസ്സലിഞ്ഞു. ഒളിച്ചോടുവാന്‍ തയ്യാറായി. എന്നാല്‍, അന്ന് രാത്രിയില്‍ ദൈവദൂതന്‍ യോസഫിന്റെ സ്വപ്‌നത്തില്‍ വന്നു. മറിയമില്‍ ഉല്പാദിതമായിരിക്കുന്നത് പരിശുദ്ധാത്മാവിനാല്‍ ആകുന്നുവെന്നു പറഞ്ഞു. അയാളുടെ സംശയം മാറ്റി, വിശ്വസിപ്പിച്ചു! സ്വസ്ഥനായ യോസഫ് മറിയയെ കരുണയോടെ  ജീവതത്തില്‍ ചേര്‍ത്തുനിറുത്തി. ശാരീരികസമ്പര്‍ക്കം കൂടാതെ ഒരേ ഭവനത്തില്‍ അവര്‍ വസിച്ചു. പക്ഷേ, പ്രശ്‌നം അതോടെ അവസാനിച്ചില്ല. ഇരുവരും ഗുരുതരമായ വീഴ്ചവരുത്തിയെന്ന ആരോപണം ഉണ്ടായി.

വിവാഹം നിശ്ചയിക്കപ്പെട്ടവര്‍ക്കു ഒന്നിച്ച് പാര്‍ക്കാമെങ്കിലും, സന്താനോല്‍പാദനം അനുവദിച്ചിരുന്നില്ല. അത്, വിവാഹശേഷമേ ആകാവൂ എന്നായിരുന്നു സാമുദായികചട്ടം. പ്രസ്തുത നിയമം ലംഘിച്ചുവെന്ന കുറ്റം രണ്ടുപേര്‍ക്കുമെതിരേ ചുമത്തി. അന്നത്തെ യഹൂദ മഹാപുരോഹിതനായിരുന്നു അബിയാദാറിന്റെ മുമ്പില്‍ യോസഫിനെയും മറിയയേയും വരുത്തി വിചാരണം നടത്തി. ആചാരപ്രകാരം പരീക്ഷിച്ചു. യോസഫ് നിര്‍ദ്ദോഷിയാണെന്ന് വിചാരണയിലും പരീക്ഷയിലും തെളിഞ്ഞു. അയാള്‍ മോചിതനായി. എന്നാല്‍, കുറ്റം ചെയ്തതു മറിയമാണെന്ന തെറ്റിദ്ധാരണയാല്‍ കുറ്റസമ്മതം നല്‍കുവാന്‍ അന്യരും ഉറ്റ ബന്ധിക്കളും അവളെ നിര്‍ബന്ധിച്ചു. എന്നിട്ടും, തന്നെ ഒരു പുരുഷനും കീഴ്‌പ്പെടുത്തിയിട്ടില്ലെന്ന് മറിയം ഉറപ്പിച്ചു പറഞ്ഞു. അത് വിശ്വസിക്കാഞ്ഞ പുരോഹിതന്മാര്‍ ആചാരപ്രകാരം മറിയമിനെ പരീക്ഷിച്ചു. അപ്പോഴും, അവള്‍ നിര്‍ദ്ദോഷിയാണെന്നു തെളിഞ്ഞു. നിശിതനിയമങ്ങള്‍ നിലനിന്ന കാലഘട്ടത്തില്‍, വിദഗ്ധ വിചാരണാപാടവവും സൂക്ഷ്മ പരിജ്ഞാനവും പ്രവര്‍ത്തനശേഷിയും ഉണ്ടായിരുന്ന യഹൂദമതമേധാവികളെ, ലോകപരിചയമില്ലാഞ്ഞ ഒരു ഗ്രാമീണ കന്യക-മറിയം-കബളിപ്പിച്ചു എന്ന് നിശ്ചയിക്കാമോ? ക്രിസ്തുമതസ്ഥാപനത്തിനുമുമ്പ് യഹൂദമതത്തിലുണ്ടായിരുന്ന രൂക്ഷമായ ആചാരക്രമങ്ങളും കഠിനശിക്ഷകളും പുരോഹിതവര്‍ഗ്ഗത്തിന്റെ അധികാരിത്വവും വിവരിക്കുന്ന ഗതകാലചരിത്രം പരിശോധിച്ചാല്‍, യോസഫും മറിയമും നേരിട്ട വിചാരണയും പരീക്ഷകളും ജയിച്ചു സ്വതന്ത്രരായത് അത്ഭുതസംഭവമെന്ന് തോന്നാം. പിന്നീട്, ജനസംഖ്യാ നിര്‍ണ്ണയത്തിന് അവരവരുടെ സ്വന്തം പട്ടണത്തിലെത്തി പേര് എഴുതിക്കണമെന്ന രാജകല്പന ഉണ്ടായി.
യഹൂദിയഗോത്രവര്‍ഗ്ഗക്കാരായതിനാല്‍, യോസഫ് ഗര്‍ഭിണിയായ മറിയമിനെ കഴുതപ്പുറത്ത് ഇരുത്തി ബേത്‌ലേഹെമിലേക്കു പോയി. അവര്‍ അവിടെ എത്തിയപ്പോള്‍, പ്രസവസമയമടുത്തുവെന്നു മറിയം പറഞ്ഞു. അവളെ കഴുതപ്പുറത്തു നിന്നും യോസഫ് താഴെ ഇറക്കി. സമീപമുള്ള, പകല്‍വെളിച്ചം കടന്നുചെല്ലാത്ത, ഒരു ഗുഹയില്‍ വിശ്രമിക്കുവാന്‍ ഇരുത്തി. തത്സമയം ഗുഹക്കുള്ളില്‍ അത്ഭുതപ്രകാശം ഉണ്ടായി. മറിയമിന്റെ പ്രസവസഹായത്തിന് ഒരു സൂതികര്‍മ്മിണിയെ അന്വേഷിച്ചുപോകുവാന്‍ യോസഫ് തയ്യാറായി. അപ്പോള്‍, ആരോ അറിയിച്ചിട്ടെന്നപോലെ, ഒരു സ്ത്രീ അയാളുടെ മുമ്പില്‍ വന്നു. യോസഫിനെ ഗുഹയുടെ വെളിയില്‍ നിറുത്തിയിട്ട് അവള്‍ മറിയമിനെ പരിചരിക്കുന്നതിന് പോയി. ആ ഗുഹയില്‍ മറിയം യേശുവിനെ പ്രസവിച്ചു! അപ്പോള്‍, മറിയമിനെ ശുശ്രൂഷിച്ച സൂതികര്‍മ്മിണി അതിശയത്തോടെ യോസഫിനോട് പറഞ്ഞു:  'പ്രസവവേദനയും രക്തസ്രാവവുമില്ലാത്തൊരു പ്രസവം മുമ്പൊരിക്കലും കണ്ടിട്ടില്ല. പ്രസവം കഴിഞ്ഞിട്ടും അവള്‍ കന്യകയാണ്!'

മൂന്നാം ദിവസം, ശീലയില്‍ പൊതിഞ്ഞ യേശുവിനെയും എടുത്തുകൊണ്ട് മറിയമും യോസഫും ഗുഹവിട്ടു. വാടകമുറികളിലും സത്രത്തിലും ഇടം കിട്ടാഞ്ഞതിനാല്‍, ഒരു കുതിരാലയത്തിലുള്ള പശുത്തൊട്ടിയുടെ ഭാഗം വൃത്തിയാക്കി ശിശുവിനെ കിടത്തി. മൂന്നാം നാളില്‍ അവിടെനിന്നും മാറി. ഒരു ഭവനത്തില്‍ ചെന്നു വസിച്ചു. യേശുവിനെ അന്വേഷിച്ചു ബേത്‌ലഹെമില്‍ എത്തിയ മൂന്ന് വിദേശജ്ഞാനികള്‍ ആ വസതിയില്‍ ചെന്നു യേശുവിനെ കണ്ടു. വണങ്ങി. സമ്മാനങ്ങള്‍ നല്‍കിയ ശേഷം മടങ്ങി. ഇവര്‍ ഗോശാലയില്‍ ചെന്നു യേശുവിനെ കണ്ടു എന്ന വിശ്വാസവും, പ്രചാരണവും, അടിസ്ഥാനമില്ലാത്തതെന്നു ബൈബിളിന്റെ താളുകള്‍ വ്യക്തമാക്കുന്നു. ക്രിസ്ത്യാനികള്‍ ഏകത്വത്തില്‍ നിന്നും ബഹുത്വത്തിലേക്കു ചിതറിപ്പോയതിന്റെ മുഖ്യകാരണം വേദപുസ്തകവിരുദ്ധമായ വിശ്വാസങ്ങളും വ്യാഖ്യാനങ്ങളും പരസ്പരഭിന്നങ്ങളായ ഉപദേശങ്ങളുമാണെന്ന് മനസ്സിലാക്കാം. ഇത് ഹേതുവായി, പാബബോധത്തില്‍ നഷ്ടവും നീതീകരണത്തിന്റെ കുറവും ഉണ്ടായിരിക്കുന്നു! ക്രിസ്തുവിന്റെ ജനനത്തെസംബന്ധിച്ച ക്രിസ്ത്യന്‍ അപ്പോക്രിഫാ വിവരണം, സന്ദേഹം സംക്രമിച്ച സംഗതികളെയും പരാമര്‍ശിക്കുന്നതാണ്. എന്നാലും അദ്ദേഹത്തിന്റെ അവതാരത്തിന് ഏകദേശം എഴുനൂറ് വര്‍ഷം മുമ്പ്, ആത്മീയവചനശുശ്രൂഷ നടത്തിയ യെശയ്യാവിന്റെ പ്രവചനത്തിലും, 'പരിശുദ്ധാത്മാവിനാല്‍ കന്യകഗര്‍ഭം ധരിക്കും' എന്ന, ദൈവദൂതന്റെ, മുന്നറിയിപ്പിലും വിശ്വസിക്കുന്നവര്‍ക്ക് അവ സ്വീകാര്യമാവാം.

യേശുവിന്റെ മച്ചുനനായ സ്‌നാപകയോഹന്നാനും, മറ്റൊരു മച്ചുനനും ശിഷ്യനും സുവിശേഷമെഴുതിയ അപ്പൊസ്തലനുമായ യോഹന്നാനും, മറ്റ് സമപ്രായക്കാരായ ബന്ധുക്കളും യേശുവിന്റെ ജനനത്തെകുറിച്ച് അറിഞ്ഞിരുന്നുവെന്ന് കരുതാം. യഹൂദിയയിലെ ബേത്‌ലേഹെം പട്ടണത്തിലെത്തിയ മറിയം പ്രസവിച്ചതും, ശിശുവായ യേശുവിനോടും പ്രതിശ്രുതവരനായ യോസഫിനോടുമൊത്ത് കുടുംബമായി ജനസംഖ്യാനിര്‍ണ്ണയത്തിന് പേര് ചാര്‍ത്തിയതും, കാലം മായിച്ചില്ലായിരുന്നുവെങ്കില്‍ യേശുവിന്റെ ജനനവിവരം വ്യക്തമാകുമായിരുന്നു.

ദൈവത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നവരും നിഷേധിക്കുന്നവരും സംശയിക്കുന്നവരും സംഗമിച്ച ആധുനിജനസമൂഹത്തിന്റെ ഭാവിതലമുറ, ശാസ്ത്രസിദ്ധികള്‍കൊണ്ട് സങ്കല്പസൃഷ്ടികളെ ഉടച്ചുകളയും! ഗൂഢമായതിനെപുറത്ത് കൊണ്ടുവരും! മാരകമായ ദുരാചാരങ്ങളെ വിച്ഛേദിക്കും! മഹത്തായ ജീവിതമാര്‍ഗ്ഗം മനുഷ്യസ്‌നേഹം മാത്രമാണെന്നു പഠിപ്പിക്കും! സമാധാനവും സുരക്ഷയും സൗഖ്യവും നല്‍കുന്ന സമഭാവനയെ വളര്‍ത്തും! അതിന് ആത്മീയവും ഭൗതികവുമായ പ്രചോദനം നല്‍കുവാന്‍ ക്രിസ്തുമസ് സഹായിക്കട്ടെ!
 (അവസാനിച്ചു...)

യേശുവിന്റെ ജനനം എവിടെ? ( ഭാഗം -2 : ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക