രണ്ടു സഹസ്രാബ്ദ കാലം കഴിഞ്ഞിട്ടും
ശങ്ക തീര്‍ന്നിട്ടില്ല ഇന്നും മനുഷ്യരില്‍
ഉള്ളില്‍ ഭയം പൂണ്ട് ജൂദാസ് ചോദിച്ച
ചോദ്യമിന്നത്തെ മനുഷ്യര്‍ ചോദിക്കുന്നു
“അത് ഞാനോ കര്‍ത്താവേ” എന്നവര്‍ ഉരുവിട്ട്
ഉരുവിട്ട് സന്ദേഹമോടെ കഴിയുന്നു
അപ്പം മുറിച്ച് തരുന്ന ഗുരുവിന്റെ
ആയുസ്സ് വെട്ടി മുറിക്കാന്‍ തുനിഞ്ഞവന്‍
കുറ്റബോധം കൊണ്ടു ഉള്ളം പിടഞ്ഞു
ഭയപ്പെട്ട് ഉതിര്‍ത്തതാണാ മൂന്നു വാക്കുകള്‍
പണം വാങ്ങി കീശയിലാക്കുവാന്‍
കൂടെ നടക്കും ഗുരുവിനെ ഒറ്റിക്കൊടുത്തവന്‍
മനസ്സാക്ഷിയെ കൂറ് മാറ്റിച്ചുകൊണ്ടവന്‍
മുപ്പത് കാശിനു അടിയറ വച്ചുപോല്‍
ചുംബനം സ്‌നേഹത്തിന്‍ മുദ്രയാണെങ്കിലും
വഞ്ചിക്കുവാനത് ആയുധമാകുന്നു.
സ്‌നേഹിച്ചുകൊല്ലുന്നു മാനവര്‍ ഭൂമിയില്‍
കൊല്ലപ്പെടുന്നത് സ്‌നേഹമാണെങ്കിലും
ഇന്ന് ഞാന്‍ നാളെ നീ എന്നറിയുമ്പോഴും
പകയും വിദ്വേഷവും വച്ചുപുലര്‍ത്തുന്നു.
ആയിരമായിരം ആണ്ടുകള്‍ക്കപ്പുറം
ഒറ്റിക്കൊടുത്ത് വധിച്ചു നിര്‍ദോഷിയെ
ഇന്നും ചതിക്കുന്നു, സ്‌നേഹം നടിക്കുന്നു
മാനവരാശി അധഃപതിച്ചിടുന്നു
നാണയത്തിന്റെ കിലുക്കം ശ്രവിക്കുന്നു
പുണ്യപാപങ്ങളെ പാടെ ത്യജിക്കുന്നു
എങ്കിലും ആത്മസംഘര്‍ഷത്തില്‍ പിടയുന്നു
കുറ്റബോധംകൊണ്ട് അനുതപിച്ചവശരായ്
ജൂദാസിനെപോലെ കേഴുന്നു നിത്യവും
മാനസം ആ ചോദ്യം ഇന്നുമാവര്‍ത്തിക്കുന്നു
അത് ഞാനോ കര്‍ത്താവേ, നീ പറഞ്ഞീടണെ
നേരായ മാര്‍ഗം നീ കാട്ടിത്തരേണമേ
പാപവിമുക്തരായ് ഞങ്ങളെ മാറ്റണേ