അയാൾ ആദ്യമായി വാങ്ങിയ ത്രീ പീസ് ഒന്നുകൂടി ഇട്ട് കണ്ണാടിയ്ക്കു മുന്നിൽ നിന്നു. പിറ്റേന്ന് വിരമിയ്ക്കൽ പാർട്ടിയിൽ ധരിയ്ക്കാനുള്ളതാണ്.
പിന്നിൽ ഭാര്യയുടെ നിഴൽ വെട്ടം അയാളെ അരിശം കൊള്ളിച്ചു. ഉണക്കപ്പാവ! പ്രാഞ്ചി പ്രാഞ്ചിയാണ് നടപ്പ്!
വിരമിയ്ക്കൽ ചടങ്ങിൽ കുടുംബത്തേയും കൊണ്ടു പോകുന്നതാണ് നാട്ടുനടപ്പ്!
ജോലിയുടെ നേട്ടം, സ്വസ്ഥവും ഭദ്രവുമായ കുടുംബം കൂടിയാണ്. ജോലിക്കാരും വിവാഹിതരുമായ മക്കൾ ഒരുവന്റെ ജീവിതവിജയത്തിന്റെ അളവുകോലായാണ് ഗണിയ്ക്കപ്പെടുന്നത്. മക്കൾ വരാൻ കഴിയില്ലെന്നറിയിച്ചു കഴിഞ്ഞു, ഇനി ഇതു കൂടി ഒന്നൊഴിഞ്ഞുകിട്ടിയാൽ നന്നായിരുന്നു.
വരാൻ വഴിയില്ല, രാവിലെ മുതൽ അടുക്കളയിൽ കിടന്നു മറിയുന്നതാണ് ഏക സന്തോഷം, ബാക്കിയാർക്കും അടുക്കള ജോലി അറിയില്ലെന്നു തോന്നും. എന്നിട്ടോ, ആ മിസിസ് മേനോനും, മിസിസ് കൈമളും, മിസിസ് പത്രോസും കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ വാലിൽ കെട്ടാൻ കൊള്ളില്ല, ഇവിടൊരാൾ രാവിലെ മുതൽ വൈകീട്ടു വരെ അടുക്കളയിൽ വച്ചുണ്ടാക്കുന്ന ഭക്ഷണം!
അയാളുടെ പ്രസ്താവനകളും അവരുടെ മൗനവും കലർന്നതായിരുന്നു അവരിരുവരുടേയും ജീവിതം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ
അയാളുടെ പ്രസ്താവനകൾക്ക് അവരുടെ മൗനം കൊണ്ട് അതിരിട്ട ജീവിതമായിരുന്നു അതെന്നും പറയാം.
അയാളുടെ സഹപ്രവർത്തകമാരുടെ ഗുണ ഗണങ്ങൾ ഒന്നൊഴിയാതവർക്കറിയാം, മിസിസ് നായരുടെ ബുദ്ധി, റഹീന അഹമ്മദിന്റെ കൈപ്പുണ്ണ്യം, മേരി ജോസഫിന്റെ വസ്ത്രങ്ങളുടെ സെലക്ഷൻ എന്തിന് കംപാഷനേറ്റ് ഗ്രൗണ്ടിൽ ജോലി കിട്ടിയ ശാരദാ ചന്ദ്രന്റെ ചന്ദന തൈലസുഗന്ധം വരെ അവർക്കറിവുണ്ടായിരുന്നു. ചോദിച്ചിട്ടല്ല, പറഞ്ഞല്ലോ, പ്രസ്താവങ്ങൾ, അവയുടെ ഒടുവിൽ ഇതൊന്നുമില്ലാത്തൊരുവളുടെ വൈഭവമില്ലായ്മയെ കുറിച്ച് പുറത്തുവരാത്തൊരു നെടുവീർപ്പ്!
അല്ലെങ്കിലും, പുറമേയ്ക്കൊരു പാടു പോലും കാണാത്ത വിധം മനസ്സിനെ കരിനീല നിറത്തിൽ ചതച്ചിടാൻ ചിലർക്കുള്ള വൈഭവം അന്യാദൃശമാണ്!
അവർക്കതൊരു ശീലമായിരിയ്ക്കുന്നു. തന്റെ വീട്ടിൽ നിന്നും കൊണ്ടുവന്ന ഓഹരിയിലാണ് വീടെന്നോ, താൻ ഇരുന്നും നടന്നും ചെയ്തു തീർക്കുന്ന ജോലികളിലാണ് അയാളുടെ ഉല്ലാസ സമയവും, സൗന്ദര്യാരാധനാവൈഭവങ്ങളും രൂപപ്പെടുന്നതെന്നോ പറയാൻ തോന്നിയിരുന്നില്ലവർക്ക്, അതറിയാഞ്ഞുമാവാം.
അവരെ സംബന്ധിച്ച്, ഒരു പക്ഷേ, മറ്റന്നാൾ മുതൽ കുറച്ചു കൂടി വൈകി ഉണർന്നാൽ മതിയാവും എന്നൊരു ഔദാര്യം മാത്രമേ അയാളുടെ റിട്ടയർമെന്റ് കൊണ്ടുണ്ടാവുന്നുള്ളൂ. അവർക്ക്, ജീവിതത്തിൽ നിന്നേ റിട്ടയർമെന്റുള്ളൂ, ജോലിയിൽ നിന്നില്ലൊരിയ്ക്കലും.
"നേരത്തെ വിളിയ്ക്കണം" അയാൾ പറഞ്ഞു. തന്റെ വിടവാങ്ങൽ കുറിപ്പ് ഒന്നുകൂടി മന:പാഠമാക്കണം. ഒരുപാടു quotes ചേർത്തു രൂപപ്പെടുത്തിയ വിടവാങ്ങൽ പ്രസംഗം ആരും അത്ര വേഗം മറക്കരുത്, എല്ലാവരുടേയും കണ്ണിൽ നീർ പാെടിയണം.......
അവർ അടുത്തുവന്നു കിടക്കുന്നത് അയാൾ അറിയാതായിട്ട് വർഷങ്ങളായി.
രാവിലെ വെയിൽ മുഖത്തടിച്ചപ്പോഴാണ് കണ്ണു തുറന്നത്. നന്നായി ദേഷ്യം വന്നു അയാൾക്ക്, ഉറക്കെ പേരു ചൊല്ലി വിളിച്ചു, മറുപടി കേട്ടില്ല. ഒരു ശാപവാക്കുച്ചരിച്ചു കൊണ്ട് എഴുന്നേറ്റപ്പോഴാണ് കണ്ടത്, അവർ അരികിൽ കിടന്നുറങ്ങുന്നു. ദേഷ്യത്തോടെ പലതും പുലമ്പിക്കൊണ്ട് ഉരുട്ടി വിളിയ്ക്കുമ്പോഴാണറിഞ്ഞത്, അവർ അഡ്വാൻസ് നോട്ടീസൊന്നും തരാതെ ജീവിതത്തിൽ നിന്നും വിരമിച്ചിരിയ്ക്കുന്നു!
അയാൾക്ക് കടുത്ത ദേഷ്യമാണ് വന്നത്!
"ഇന്ന് അവസാന വർക്കിംഗ് ഡേ ആണ്, ചട്ടപ്രകാരം ഓഫീസിൽ പോവേണ്ടതാണ്'' വിവരമറിഞ്ഞെത്തിയ അവരുടെ ബന്ധുവിനോടയാൾ നീരസത്തോടെ പറഞ്ഞു. അപ്പോൾ അവരുടെ മൃതദേഹം മോർച്ചറിയിൽ ഡോക്റ്ററുടെ മരണ സർട്ടിഫിക്കറ്റും, യൂറോപ്പിലും, അമേരിക്കയിലും നിന്നുള്ള മക്കളുടെ വരവും കാത്തു കിടക്കുകയായിരുന്നു!
അയാളുടെ മനസ്സിൽ തന്റെ ത്രീ പീസും, അവതരിപ്പിയ്ക്കാൻ കഴിയാതെ പോയ വിടവാങ്ങൽ പ്രസംഗവും നിറഞ്ഞു, ഒപ്പം ശാരദാ ചന്ദ്രന്റെ ചന്ദന സുഗന്ധവും!