Image

അനുഭവങ്ങളും സിനിമ പോലെ (മീട്ടു റഹ്മത്ത് കലാം )

മീട്ടു റഹ്മത്ത് കലാം Published on 13 January, 2020
അനുഭവങ്ങളും സിനിമ പോലെ  (മീട്ടു റഹ്മത്ത് കലാം )
ഒരു സിനിമ വിജയിക്കണമെങ്കില്‍ ആദ്യം വേണ്ടത് ആ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കണം എന്നതാണ്. നല്ല പല സിനിമകളും ജനമനസ്സിലേക്ക് വേണ്ടുംവിധം എത്താത്തതു കൊണ്ടുമാത്രം പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അനൗണ്‍സ് ചെയ്യുമ്പോള്‍ മുതല്‍ സിനിമയുടെ കൂടെ നിന്ന് അതിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ പ്രേക്ഷക സമക്ഷം എത്തിക്കേണ്ടതിന്റെ ആവശ്യകത ഓരോ ദിവസവും കൂടിവരുന്നുണ്ട്. ഇവിടെയാണ് പി ആര്‍ ഓ മാരുടെ പ്രസക്തി. ഫെഫ്ക പി ആര്‍ ഓ യൂണിയന്‍ പ്രസിഡന്റ് ശ്രീ. അജയ് തുണ്ടത്തില്‍ തന്റെ സപര്യയെക്കുറിച്ച് വിശദീകരിക്കുന്നു...

ചുരുങ്ങിയ കാലംകൊണ്ട് എഴുപതോളം സിനിമകളുടെ പി ആര്‍ വര്‍ക്ക് ചെയ്തല്ലോ...ഈ രംഗത്തേക്കുള്ള തുടക്കം എങ്ങനെ ആയിരുന്നു?

 എന്റെ  അമ്മ ഒരു നസീര്‍ ആരാധിക  ആയിരുന്നു. നസീര്‍ സാറിന്റെ  ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ അമ്മ  തീയറ്ററില്‍ എന്നെയും കൂട്ടി പോകും.  പതിയെ ആ ആരാധന എന്നിലേക്കും പടര്‍ന്നു  പിടിച്ചു. കേരളത്തില്‍ ആദ്യമായി പ്രേംനസീര്‍ ഫാന്‍സ് അസോസിയേഷന്‍ രൂപപ്പെട്ടപ്പോള്‍ എനിക്കും അംഗത്വം ലഭിച്ചു.  അങ്ങനെ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ നസീര്‍ സിനിമകളുടെ കട്ടൗട്ട് വെക്കാനും ബാനര്‍ കെട്ടാനും ഒക്കെ ഭാഗ്യമുണ്ടായി.  നസീര്‍ സര്‍ തിരുവനന്തപുരത്ത് എത്തിയാല്‍ തൈക്കാട്ട് ഉള്ള അമൃത ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഞങ്ങള്‍ ഫാന്‍സ് അവിടെ പോയി കാണും . പ്രമോഷന്‍ വര്‍ക്കിന്  വേണ്ടുന്ന സാമ്പത്തിക സഹായം നല്‍കുമായിരുന്നു   അദ്ദേഹം.  പിന്നീട് നസീര്‍ സാറിന്   പത്മഭൂഷണ്‍  ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ  ജന്മനാടായ ചിറയിന്‍കീഴില്‍ സ്വീകരണം ഒരുക്കാന്‍ രണ്ട് ദിവസം മുന്‍പേ പോയി ക്യാമ്പ് ചെയ്തത് വലിയൊരു അനുഭവമാണ്.  അക്കാലത്തെ ഒരുമാതിരി എല്ലാ നടീനടന്മാരെയും ആ ചടങ്ങില്‍ കാണാന്‍ സാധിച്ചു.  നസീര്‍ സാറിനോടുള്ള അടുപ്പം ഞാന്‍പോലുമറിയാതെ  എന്നെ  സിനിമയോട്  അടുപ്പിക്കുകയായിരുന്നു.  വായനയിലൂടെയും  മറ്റും സിനിമയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.

 ഡിഗ്രി കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് സുഹൃത്ത് ഇന്ദു ശ്രീകുമാര്‍ നടത്തിയിരുന്ന  'സിനിമ സിനിമ' എന്ന പ്രസിദ്ധീകരണത്തിലേക്ക്  റിപ്പോര്‍ട്ടര്‍ ആകാന്‍ ക്ഷണം ലഭിക്കുന്നത്.  അവിടെ ജോലി ചെയ്തിരുന്ന റിപ്പോര്‍ട്ടറുടെ അഭാവത്തില്‍ സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള ആള്‍ എന്ന നിലയില്‍  അദ്ദേഹം എന്നെ സമീപിക്കുകയായിരുന്നു.  അങ്ങനെ 1999ല്‍ 'വണ്‍ മാന്‍ ഷോ' എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കവര്‍ ചെയ്യാന്‍ അദ്ദേഹത്തോടൊപ്പം പൊള്ളാച്ചിയിലേക്ക് തിരിച്ചു. ആ ചിത്രത്തിനിടയില്‍ ജയറാമേട്ടനുമായി ഒരു വ്യക്തിബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. പിന്നീടങ്ങോട്ട് കുറേക്കാലം ജയറാം ചിത്രങ്ങളുടെ ലൊക്കേഷന്‍ കവര്‍ ചെയ്യുന്ന  ഫിലിം ജേര്‍ണലിസ്റ്റായി മാറി.  ഇതിനിടയില്‍ കണ്ടെന്റ്‌സ് ജേര്‍ണലിസം  കോഴ്‌സ് പാസ്സായി ഫ്രീലാന്‍സര്‍ ആയി പ്രവര്‍ത്തിച്ചു. 

ഒരിക്കല്‍ സംസാരത്തിനിടയില്‍ യാദൃശ്ചികമായി ജയറാമേട്ടനാണ്  എനിക്ക് സംസാരിക്കാന്‍ നല്ല കഴിവുണ്ടെന്നും  പി ആര്‍ രംഗത്ത് ശോഭിക്കാന്‍ കഴിയും എന്ന്  ചൂണ്ടിക്കാണിച്ചത്.  ആ വാക്കാണ് ഒരു നിയോഗം പോലെ ഈ രംഗത്ത്  ചുവടുറപ്പിക്കാന്‍ ആത്മവിശ്വാസം നല്‍കിയത്.  ആറുവര്‍ഷം കൊണ്ട് എഴുപതോളം സിനിമകള്‍  എന്നത് എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നതല്ല. 

ഫെഫ്ക യുടെ പി ആര്‍ ഓ യൂണിയന്‍ പ്രസിഡന്റ് ആണല്ലോ,  ഇങ്ങനെ ഒരു സംഘടന   രൂപംകൊണ്ടതിന്റെ മേന്മ?

'ഫിലിം എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് കേരള ' എന്നാണ് ഫെഫ്ക യുടെ പൂര്‍ണ്ണരൂപം.  നിര്‍മ്മാതാക്കളും നടീനടന്മാരും ഒഴികെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സംഘടനയാണ് ഇത്.  ഒരു കുടക്കീഴില്‍ പല യൂണിയനുകള്‍  സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്,  ആര്‍ട്ട് ഡയറക്ടര്‍മാര്‍,   പിആര്‍ഒ എന്നിങ്ങനെ... ഞാനതില്‍ പിആര്‍ഒ യൂണിയന്‍ പ്രസിഡന്റ് ആണ്. ഇത് എന്റെ രണ്ടാം ടെം  ആണ്. 2  വര്‍ഷമാണ് ഒരു  term.  ഇപ്പോള്‍ മൂന്നാം വര്‍ഷം.   ഫെഫ്ക   പ്രസിഡന്റ് സിബി മലയില്‍  സാറും ജനറല്‍ സെക്രട്ടറിയായ ബി ഉണ്ണികൃഷ്ണന്‍ സാറും   അംഗങ്ങളുടെ ആവശ്യങ്ങള്‍ക്കായി  സജീവമായിത്തന്നെ രംഗത്തുണ്ട്.  തൊഴില്‍ സന്ദര്‍ഭങ്ങളില്‍  നേരിടുന്ന   ഏതുതരം പ്രശ്‌നങ്ങള്‍ക്കും ഉടനടി പരിഹാരം ലഭിക്കുമെന്നതാണ്  അംഗത്വമുള്ളതിന്റെ  നേട്ടം. അംഗങ്ങള്‍ക്കുള്ള ചികിത്സാചെലവ്, മരണാനന്തരം  നോമിനിക്ക് സാമ്പത്തിക സഹായം, തല മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍,  അവസ്ഥ മോശമായവര്‍ക്ക് ധനസഹായം, ഇങ്ങനെ ഒരുപാട് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.  പുതിയ ആളുകള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നു എന്നതാണ് യൂണിയന്‍ പ്രസിഡന്റ് ആയ ശേഷം കണ്ട പ്രധാന മാറ്റം. മഞ്ജു ഗോപിനാഥ് എന്ന ഒരു ലേഡി പി ആര്‍ ഓ യും  ഞങ്ങളുടെ സംഘടനയില്‍ ഉണ്ട്ട. പണ്ട് പ്രിന്റ് മീഡിയയിലൂടെ മാത്രം നടന്നിരുന്ന    പ്രമോഷന്‍ സാങ്കേതികമായ മാറ്റങ്ങള്‍ വന്നതോടെ വിഷ്വലിലേക്കും ഓണ്‍ലൈനിലേക്കും  കൂടി വ്യാപിച്ചു. ആസ്വദിച്ച് തന്നെയാണ് എല്ലാവരും ജോലി ചെയ്യുന്നത്. 

 കലാലയ    ജീവിതത്തില്‍ ക്രിക്കറ്റ് പ്ലേയര്‍ ആയിരുന്നല്ലോ... ആ രംഗത്തെ നേട്ടങ്ങള്‍ പറയാമോ? 

1983ല്‍  പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഇന്ത്യ   പ്രുഡന്‍ഷ്യല്‍  വേള്‍ഡ് കപ്പ് നേടുന്നത്.  ആ ആവേശമാണ് ക്രിക്കറ്റിനോട് അടുപ്പിച്ചത്.  അന്ന് കേരള യൂണിവേഴ്‌സിറ്റി പ്ലെയര്‍ ആയിരുന്നു.  ജില്ലയേയും സംസ്ഥാനത്തെയും  പ്രതിനിധീകരിച്ചത് ദക്ഷിണേന്ത്യയിലെ എല്ലാ  മികച്ച സ്‌റ്റേഡിയങ്ങളിലും   ചുരുങ്ങിയ കാലയളവില്‍ കളിച്ചതും വലിയ നേട്ടമായി കാണുന്നു.  ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയം, ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയം എന്നിവിടങ്ങളിലെല്ലാം  കളിക്കാന്‍ സാധിച്ചു.   തിരുവനന്തപുരം കോസ്‌മോസ് ടീമിന്റെ മിഡില്‍ ഓവര്‍ ബാറ്റ്‌സ്മാന്‍ ആയിരിക്കെ ഒരു പ്രാക്ടീസ് മാച്ചില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വന്‍മതില്‍ എന്നറിയപ്പെട്ടിരുന്ന രാഹുല്‍ ദ്രാവിഡിനെതിരെ കളിച്ചിട്ടുണ്ട്. ഞാനുള്‍പ്പെടുന്ന ടീമാണ് വിജയിച്ചതെങ്കിലും 30 ഓവര്‍ ഉള്ള ഗെയിമില്‍ അമ്പതില്‍ കൂടുതല്‍ റണ്‍സ് എടുത്ത രാഹുലിന്റെ  കഴിവ് അത്ഭുതപ്പെടുത്തിയിരുന്നു.  രംഗനാഥന്‍, അജിത് കുമാര്‍, ജയകുമാര്‍ തുടങ്ങിയ രഞ്ജിട്രോഫി താരങ്ങളുമായും കളിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാനും പുകവലിയില്‍ നിന്നും അമിത മദ്യപാനത്തില്‍ നിന്നും വിട്ടുനില്‍ക്കാനും പഠിപ്പിച്ചത് സ്‌പോര്‍ട്‌സ് ആണ്. ജീവിതത്തിന് ഒരു അച്ചടക്കം കൈവരാന്‍ ഇത് സഹായകമായിട്ടുണ്ട്. 

 അച്ഛനുമായി ബന്ധപ്പെട്ട്  ഒരു ചാനലില്‍ താങ്കള്‍ പങ്കുവെച്ച  അനുഭവത്തില്‍ സിനിമയെ വെല്ലുന്ന എലമെന്റ്‌സ് ഉണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. ഒന്ന് വിവരിക്കാമോ? 

 അച്ഛന് മലേഷ്യയില്‍ ആയിരുന്നു ജോലി. ഞാനും ചേട്ടനും ചേച്ചിയും ജനിച്ചത് അവിടെയാണ്. കുട്ടികള്‍ പരമാവധി കളിച്ചു വളരണം എന്നത്  അവിടത്തെ ഭരണാധികാരി നിഷ്‌കര്‍ഷിച്ചിരുന്നു.  അന്നത്തെ കാലത്ത്  മലേഷ്യയില്‍ ഒരു കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കണമെങ്കില്‍ 7 വയസ് തികയണം. തിരുവനന്തപുരത്തുള്ള അമ്മയുടെ അമ്മ ഇത് കേട്ട് കുട്ടികളുടെ വര്‍ഷങ്ങള്‍ വെറുതെ കളയരുത് എന്നും, നാട്ടില്‍ അമ്മമ്മയോടൊപ്പം നിര്‍ത്തി പഠിപ്പിക്കാം എന്നും ഉപദേശിച്ചു. അങ്ങനെ നാലു വയസ്സായപ്പോള്‍ ഞങ്ങളെ ഓരോരുത്തരെയായി നാട്ടിലേക്ക് പറിച്ചുനട്ടു. മൂന്നുവര്‍ഷം കൂടുമ്പോള്‍ മൂന്നു മാസത്തെ ലീവിന് വരുന്ന അച്ഛനും അമ്മയുമാണ് പിന്നെയുള്ള ഓര്‍മ്മ.  ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ ചേച്ചിയുടെ കല്യാണവുമായി ബന്ധപ്പെട്ട് അമ്മ നേരത്തെ തന്നെ നാട്ടിലെത്തി.                  

വിവാഹത്തിന്   മൂന്നുദിവസം  മുന്‍പ് മാത്രമാണ്   അച്ഛന്‍ എത്തിയത്. ആര്‍ഭാടപൂര്‍വ്വം കല്യാണം നടന്നു.  ഇരുപത്തിയൊന്നാം വയസ്സുമുതല്‍ മലേഷ്യയില്‍ ജോലി ചെയ്യുന്ന അച്ഛന് 1986ല്‍  വിരമിക്കുമ്പോള്‍ ഒരു വലിയ തുക ലഭിക്കുമെന്നും അതുമായി നാട്ടിലെത്തി ബിസിനസ് തുടങ്ങാം എന്നും പറഞ്ഞ് അമ്മയെ നാട്ടില്‍ നിര്‍ത്തി ഒറ്റയ്ക്കാണ് മടങ്ങിയത്.  അച്ഛനെക്കുറിച്ച് പിന്നീട് വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു. 

എയര്‍  മെയിലുകളും എയറോ ഗ്രാമുകള്‍ക്കും മറുപടി ലഭിക്കാതായതോടെ മലേഷ്യയില്‍ ഉള്ള സഹോദരനോട് അമ്മ അച്ഛനെ അന്വേഷിക്കണം എന്ന് പറഞ്ഞു.   അന്വേഷിച്ചപ്പോള്‍  അച്ഛന് അവിടെ വേറെ ഭാര്യയും മക്കളുമുണ്ടെന്ന് അറിഞ്ഞു.   അത് അമ്മയെ വല്ലാതെ ഉലച്ചു. പിന്നൈ അമ്മ അച്ഛന് കത്ത് എഴുതിയിട്ടില്ല.  കാര്യത്തിന്റെ  ഗൗരവം അറിയാമെങ്കിലും ഒരു ടൂവീലര്‍  വേണമെന്ന അതിയായ ആഗ്രഹംകൊണ്ട് ഒരെണ്ണം വാങ്ങി തരാമോ എന്ന് ചോദിച്ച് ഞാന്‍ അച്ഛന് കത്തെഴുതി. എനിക്കുള്ള ഹോണ്ട ബൈക്ക് മലേഷ്യയില്‍ നിന്ന് ഷിപ്‌മെന്റ്  ചെയ്തുതരാം എന്നുള്ള മറുപടി കിട്ടിയപ്പോള്‍ കൂട്ടുകാരെയൊക്കെ കത്ത്  കാണിച്ച് ജാഡ അടിച്ചു.  പക്ഷേ ഹോണ്ട ബൈക്ക് ലഭിച്ചില്ലെന്നു മാത്രമല്ല കത്തുകള്‍ക്കു മറുപടിയും വരാതെയായി. 
2000 വരെയൊക്കെ കത്തെഴുത്ത് തുടര്‍ന്നു. 2005 ല്‍ ഒരു ബന്ധുവിന്റെ  കല്യാണത്തിന് പങ്കെടുക്കുമ്പോള്‍ വാഹനാപകടത്തില്‍ അച്ഛന്‍ മരണപ്പെട്ടു എന്നറിഞ്ഞു. 

 2016 സെപ്റ്റംബര്‍ 28 ആം തീയതി എനിക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരു കോള്‍ വന്നു. എന്റെ വീട് അന്വേഷിച്ച് ആയിരുന്നു ആ വിളി. ഞാന്‍ വഴി പറഞ്ഞു കൊടുത്തു. രണ്ടു ജീപ്പ് പോലീസ് എന്റെ വീട്ടില്‍ വന്നു. അവര്‍ എന്നോട് അച്ഛന്റെ പേര് ചോദിച്ചു. 'കെ. പി. നായര്‍    കെ.  പരമേശ്വരന്‍  നായര്‍'   ഞാന്‍   പറഞ്ഞു. 
 ആ പേരില്‍ ഒരാള്‍ മലേഷ്യയില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഫ്‌ലൈറ്റ് ഇറങ്ങുകയും ഇപ്പോള്‍ സ്‌റ്റേഷനില്‍ ഉണ്ടെന്നും   അദ്ദേഹത്തിന്റെ ലഗേജില്‍ മകന്റെ സ്ഥാനത്ത് നിങ്ങളുടെ പേരും നിങ്ങളുടെ പഴയ വീടിന്റെ വിലാസവും ആണ് ഉള്ളത് എന്നും പോലീസ് പറഞ്ഞു.  കേസ് ക്ലോസ് ചെയ്യാന്‍ പോലീസുകാര്‍ക്ക് ഒരു തൃപ്തി വരണമെന്ന് ഓര്‍ത്തു മാത്രമാണ് വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഞാനന്ന് ബൈക്ക് എടുത്ത് പുറപ്പെട്ടത്. ഞെട്ടലോടെ മാത്രമേ ആ രംഗം ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. 35 വര്‍ഷങ്ങള്‍ക്ക് ശേഷം   ഞാന്‍ എന്റെ അച്ഛനെ കാണുന്നു. അപ്പോള്‍  അച്ഛന് 87 വയസ്സുണ്ട്.             

കൈവശം  അയച്ച കത്തുകളും ചേച്ചിയുടെ വിവാഹ ഫോട്ടോയും ഉണ്ട് . അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ തുടങ്ങുമ്പോഴാണ് മറ്റൊരു കാര്യം അറിയുന്നത്. 45 ദിവസത്തെ വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലേക്ക് എത്തിയ  അച്ഛന് മലേഷ്യന്‍ പൗരത്വം ആണ് ഉള്ളത്. വിസയുടെ കാലാവധി തീരുമ്പോള്‍  നാട്ടില്‍ തുടരാന്‍ അദ്ദേഹത്തെ നിയമം അനുവദിക്കില്ല. എന്തും വരട്ടെ എന്ന് കരുതി അച്ഛനെയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു. സംസാരത്തിനിടയില്‍ അച്ഛന് എന്നെ ഓര്‍മ്മയില്ലെന്ന് മനസ്സിലായി. അമ്മയുടെ ഫോട്ടോ കാണിച്ചിട്ടും തിരിച്ചറിഞ്ഞില്ല. യാത്രാക്ഷീണം കൊണ്ടായിരിക്കും എന്നാണ് ആദ്യം കരുതിയത്. 

മലേഷ്യയിലെ അടുത്തുള്ള ഫഌറ്റില്‍ വന്നിരിക്കുന്നതാണെന്നും സ്വന്തം ഫഌറ്റില്‍ പോകണം എന്ന മട്ടിലൊക്കെ ഇംഗ്‌ളീഷില്‍ അച്ഛന്‍ കയര്‍ത്തു സംസാരിച്ചു.  അദ്ദേഹത്തിന് മറവിരോഗം ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലായതോടെ   ഇനിയെന്ത് എന്ന ചോദ്യം  മുന്നില്‍ വന്നു.  മനസ്സുരുകി ഞാന്‍ ദൈവത്തെ വിളിച്ചു.  മലയാള മനോരമയിലെ രഞ്ജി  കുര്യാക്കോസ് ചേട്ടനെ  വിളിക്കാനാണ് പെട്ടെന്ന് എനിക്ക് തോന്നിയത്.  എന്റെ സാഹചര്യം മുഴുവന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.  

സിനിമയെ വെല്ലുന്ന കഥയാണല്ലോ,  ഇത് മനോരമ എക്‌സ്‌ക്ലൂസീവ് ആയി എടുത്തിരിക്കുന്നു എന്നു രഞ്ജിയേട്ടന്‍ പറഞ്ഞപ്പോഴാണ് എനിക്ക് ശ്വാസം വീണത്.  ഉടനെ തന്നെ ഒരു റിപ്പോര്‍ട്ടറെയും  (ജി ആര്‍ ഇന്ദുഗോപന്‍ )  ഫോട്ടോ എഡിറ്ററെയും  (ജയചന്ദ്രന്‍) അദ്ദേഹം വീട്ടിലേക്ക്  അയച്ചു .  

'ഓര്‍മ്മയിലെ അച്ഛന്‍ ഓര്‍മ്മ മാഞ്ഞ്' എന്ന തലക്കെട്ടോടെ  ആ  ആഴ്ചത്തെ സണ്‍ഡേ സപ്ലിമെന്റില്‍   ഞങ്ങളുടെ കഥ എഴുതി  വന്നു.  ആ വാര്‍ത്ത  അന്ന് ഉച്ചയോടെ മലേഷ്യയില്‍ വൈറലാായി. വൈകുന്നേരം നാലുമണിയോടെ   മലേഷ്യന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത്ത് നായര്‍ (മലേഷ്യയില്‍ എന്‍ജിനീയര്‍) എന്നെ   ഫോണില്‍  ബന്ധപ്പെട്ടു. ഒന്നും പേടിക്കാനില്ല എന്നും അച്ഛന്റെ അവിടത്തെ ഫ്‌ലാറ്റും കുടുംബവും ട്രെയ്‌സ്  ചെയ്‌തെന്നും അച്ഛനെയും കൊണ്ട് മലേഷ്യയിലേക്ക് വരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി തരാമെന്നും അദ്ദേഹം വാക്കു തന്നു. എന്റെ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കേണ്ടിയിരുന്നുു. തിരുവനന്തപുരം എയര്‍പോര്‍ട്ട്   അതോറിറ്റി ഓഫ് ഇന്ത്യയിലെ സീനിയര്‍  സൂപ്രണ്ടും ചലച്ചിത്ര സംവിധായകനും ആയ സുഹൃത്ത് ശ്രീ. പ്രേംകുമാറിനൊപ്പം അച്ഛനുമായി   2016 നവംബര്‍ അഞ്ചാം തീയതി   ഞാന്‍ മലേഷ്യക്ക് പോയി. അച്ഛനെ അവിടത്തെ കുടുംബത്തിന് കൈമാറി,  ജനിച്ച നാടും കണ്ടു ഞാന്‍ പ്രേംകുമാറിനൊപ്പം മടങ്ങി. 2017 ഏപ്രില്‍ 28ന്  അച്ഛന്‍ മരിച്ചു. 

കുടുംബം? 

ഭാര്യ ആശ അജയ്,   തിരുവനന്തപുരം   ബ്ലൂ മൗണ്ട് സ്‌കൂളില്‍ യോഗ അധ്യാപിക (HOD)  ആണ്.  മൂത്ത മകള്‍ ഗൗരി ലക്ഷ്മി പിജി അവസാന വര്‍ഷ വിദ്യാര്‍ത്ഥി.   ഇളയ    മകള്‍
 നിവേദ്യ  എട്ടാം ക്ലാസില്‍(ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ്) പഠിക്കുന്നു. 

 (മികച്ച ഫിലിം റിപ്പോര്‍ട്ടര്‍ക്കുള്ള തിക്കുറിശ്ശി അവാര്‍ഡ് , മികച്ച പിആര്‍ഒ യ്ക്കുള്ള 
പ്രേം നസീര്‍ പുരസ്‌കാരം,  വയലാര്‍ അവാര്‍ഡ് , പി സുകുമാരന്‍  അവാര്‍ഡ്  , ശാന്താദേവി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്) 

അനുഭവങ്ങളും സിനിമ പോലെ  (മീട്ടു റഹ്മത്ത് കലാം )
അനുഭവങ്ങളും സിനിമ പോലെ  (മീട്ടു റഹ്മത്ത് കലാം )

അനുഭവങ്ങളും സിനിമ പോലെ  (മീട്ടു റഹ്മത്ത് കലാം )

അനുഭവങ്ങളും സിനിമ പോലെ  (മീട്ടു റഹ്മത്ത് കലാം )

അനുഭവങ്ങളും സിനിമ പോലെ  (മീട്ടു റഹ്മത്ത് കലാം )

അനുഭവങ്ങളും സിനിമ പോലെ  (മീട്ടു റഹ്മത്ത് കലാം )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക