Image

മാര്‍ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍; ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് സഹായമെത്രാന്‍

Published on 15 January, 2020
മാര്‍ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍; ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് സഹായമെത്രാന്‍
കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനായി മാര്‍ ജോസ് പുളിക്കലിനെയും പാലക്കാട് രൂപതയുടെ സഹായമെത്രാനായി ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കലിനെയും സീറോമലബാര്‍ സഭയുടെ 28ാമത് സിനഡിന്‍റെ ആദ്യ സമ്മേളനം തെരഞ്ഞെടുത്തു. സിനഡിന്‍റെ തീരുമാനങ്ങള്‍ക്ക് മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചതോടെ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ നിയമനങ്ങളില്‍ ഒപ്പുവച്ചു.

ഇത് സംബന്ധിച്ച പ്രഖ്യാപനം സിനഡിന്‍റെ സമ്മേളനത്തിന്‍റെ അവസാന ദിവസമായ ബുധനാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.30ന് സീറോ മലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലും നടന്നു.

സിനഡിന്‍റെ സമാപന ദിവസം നടത്തിയ നിയമന പ്രഖ്യാപന യോഗത്തില്‍ സഭയിലെ 58 മെത്രാന്മാരും ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും നിരവധി വൈദികരും സമര്‍പ്പിതരും അല്മായരും പങ്കെടുത്തു. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. വിന്‍സെന്‍റ് ചെറുവത്തൂര്‍ പുതിയ നിയമനങ്ങള്‍ വായിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസ് പുളിക്കലിന് മേജര്‍ ആര്‍ച്ചുബിഷപ്പും സ്ഥാനമൊഴിയുന്ന മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലും ചേര്‍ന്ന് പൂച്ചെണ്ട് നല്‍കി അഭിനന്ദിച്ചു.

പാലക്കാട് രൂപതയുടെ സഹായമെത്രാനായി നിയമിതനായ ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കലിനെ മേജര്‍ ആര്‍ച്ച്ബിഷപ്പും പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്തും ചേര്‍ന്ന് മെത്രാന്‍റെ സ്ഥാനചിഹ്നങ്ങളണിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക