കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -23: കാരൂര്‍ സോമന്‍)

Published on 19 January, 2020
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -23: കാരൂര്‍ സോമന്‍)
മുത്തുമണിക്കിലുക്കം

എല്ലാവരും കൊട്ടാരം കോശിയെ നിര്‍ന്നിമേഷം നോക്കി. വക്കീലിന്റെ വാക്കുകള്‍  എന്തെന്നില്ലാത്ത ഊര്‍ജ്ജമാണ് നല്‍കിയത്. എഴുന്നേറ്റ് നിന്ന് നിറഞ്ഞുതുളുമ്പുന്ന കണ്ണുകളോടെ ലക്ഷ്മിയും മുരളിയും കൈകള്‍ കൂപ്പി. മനസിന് എന്തെന്നില്ലാത്ത നിര്‍വൃതി തോന്നി.
കൃഷിയില്‍ മാത്രം ശ്രദ്ധിക്കുന്ന കൊട്ടാരം കോശി കേസുകള്‍ വാദിക്കുന്നത് അപൂര്‍വ്വമാണ്. കൂടുതല്‍ കേസുകള്‍ എടുക്കാത്തതും കൃഷിയോടുള്ള താല്പര്യം കൊണ്ടാണ്. മണ്ണ് ഉഴുതുമറിക്കുന്നതുപോലെ കേസുകളും ഉഴുതുമറിക്കാന്‍ കരുത്തുള്ളവന്‍. കക്ഷികളില്‍ നിന്ന് അനാവശ്യമായി പണം വാങ്ങാന്‍ മനസ്സില്ലാത്തയാള്‍.

ആര്‍ക്കും നല്ലതുമാത്രമേ കോശിയെപ്പറ്റി പറയാനുള്ളൂ. ഇതുപോലെ ശക്തരായ വക്കീലന്മാരും ന്യായാധിപന്മാരുമുണ്ടെങ്കില്‍ ഒരു ക്രിമിനലുകളും രക്ഷപെടില്ല. മുരളി പോക്കറ്റില്‍ നിന്ന് കുറച്ചു രൂപ എടുത്ത് കോശിയുടെ അടുത്ത ബഞ്ചില്‍ വച്ചു.

""ഞാന്‍ കാശൊന്നും ആവശ്യപ്പെട്ടില്ലല്ലോ, പണം ആവശ്യമായി വരുമ്പോള്‍ പറയാം. തല്കാലം ഇതെടുക്കൂ. മുരളിയെ ബന്ധപ്പെടാനുള്ള നമ്പര്‍ കൂടി തരൂ''

മുരളിക്ക് അതിയായ സന്തോഷം തോന്നി. പണത്തോട് യാതൊരു ആര്‍ത്തിയുമില്ലാത്ത മനുഷ്യന്‍. തലമുറകളായി കൊട്ടാരം കുടുംബം പാവങ്ങളുമായി അങ്ങേയറ്റം അടുപ്പമുള്ളവരാണ്. ആ അടുപ്പത്തിന് കാരണം അവരുടെ സഹായവും കാരുണ്യവുമാണ്. ഇവിടെ വരുന്നവര്‍ മനസു നിറഞ്ഞാണ് പോകുന്നത്. ആരെയും വേദനയോടെ മടക്കി വിടാറില്ല. സ്‌നേഹവും ത്യാഗവും എന്തെന്ന് ഇവരില്‍ നിന്ന് ആര്‍ക്കും പഠിക്കാം.

അദ്ദേഹം ആവശ്യപ്പെടാതെ പണം കൊടുക്കേണ്ടതില്ലായിരുന്നു. വരാന്‍ പോകുന്ന ചിലവുകളും മറ്റും പറയുമായിരിക്കും.
 
മേശപ്പുറത്ത് പത്രങ്ങളും മാസികകളും കിടപ്പുണ്ട്. അത് അവിടെയിരിക്കുന്നവര്‍ക്ക് വായിക്കാനുള്ളതാണ്. കുടുംബത്തിലുള്ളവരും ഇവിടെയിരുന്നാണ് വായിക്കുന്നത്. ഷാരോണ്‍ മേശപ്പുറത്തിരുന്ന ഡയറി തുറന്ന് കൊടുത്തിട്ട് ഇതില്‍ വീട്ടുപേരും മറ്റും എഴുതാന്‍ പേന കൊടുത്ത്.

കൊലപാതകവുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങള്‍ മുരളി പറഞ്ഞു. നാട്ടിലെ പ്രമുഖ മതരാഷ്ട്രീയനേതാവ് അനുരഞ്ജനത്തിന് ശ്രമിച്ചെന്നും നല്ലൊതു തുക നഷ്ടപരിഹാരമായി ഓഫര്‍ ചെയ്തുവെന്നും മുരളി അറിയിച്ചു. ഈ കൊലപാതകത്തില്‍ എം എല്‍ എയുടെ മകനും  പങ്കുണ്ടെന്ന് മനസിലായി.
""അവളുടെ സഹോദരി ഇപ്പോഴും കിടക്കയില്‍ കണ്ണീരുമായി തളര്‍ന്നു കിടക്കയാ സാറെ ഇവന്‍മാര്‍ എത്ര ലക്ഷങ്ങള്‍ തരാമെന്ന് പറഞ്ഞാലും ഞങ്ങളുടെ മകളുടെ ജീവനത് തുല്യമാകുമോ? ഞങ്ങള്‍ അവരുടെ ഇഷ്ടത്തിന് നീങ്ങാതെ വന്നപ്പോള്‍ അധികാരവും പോലീസും കൊതപാതകം അപകടമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. അത് മനസ്സിലാക്കിയാണ് നാട്ടുകാര്‍ പ്രതിഷേധസമരവുമായി വന്നത്. ചാരുംമൂട്ടില്‍ അതിന്റെ പ്രകടനം നടക്കുന്നു. ഞാനങ്ങോട്ട് പോകുന്നു. കുറ്റവാളിക്ക് കൊലക്കയര്‍ കൊടുക്കണം സര്‍''

മുരളിയും ലക്ഷ്മിയും കൈ കൂപ്പിയിട്ട് പുറത്തേക്ക് പോയി,  അപ്പനും മകളും ഈ കൊലപാതകവുമായി സംസാരിച്ചുകൊണ്ടിരിക്കെ ഏലിയാമ്മയുടെ മനസ് പോയത് ഒരമ്മയിലേക്കാണ്. കണ്ണീര്‍ വാര്‍ക്കുന്ന ഒരമ്മയെ വേദനയോടെയാണ് കണ്ടത്. ഭൂമിയെ നോക്കി അമ്മയെന്നും കടലിനെ നോക്കി കടലമ്മയെന്നും വിളിക്കുന്ന മനുഷ്യര്‍ക്ക് എങ്ങിനെയാണ് സ്‌നേഹവും വാത്സല്യവും കൊടുത്ത് വലുതാക്കിയ മകനെ,മകളെ കൊലക്കത്തിക്ക് ഇരയാക്കുന്നത്. പണവും പരിഷ്കാരവും വന്നതോടെ ചെറുപ്പക്കാര്‍ അപകടകാരികളാകുന്ന കാലം. ഇവര്‍ യൗവനം കഴിഞ്ഞ് വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ ജീവിതത്തെ ഒന്ന് തിരിഞ്ഞുനോക്കിയാല്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകളില്‍ സന്തോഷിക്കാന്‍ കഴിയില്ല. ഇവരെപ്പോലുള്ളവര്‍ എങ്ങിനെ വാര്‍ദ്ധക്യത്തില്‍ എത്താനാണ്. അതിനു മുമ്പുതന്നെ മറ്റൊരു വന്യമൃഗത്തിന്റെ വായിലെത്തി അരങ്ങു തീരുകയേ ഉള്ളൂ. ഒരമ്മയായ തനിക്കിത് സഹിക്കാന്‍ കഴിയില്ല.

ഭര്‍ത്താവ് എത്രയോ നാളുകളായി കൊലപാതക കേസുകള്‍ ഏറ്റെടുത്തിട്ട്. അപ്പനെപ്പോലെ മകളും നല്ല വക്കീലാകാനുള്ള ശ്രമമാണെന്ന് അവരുടെ സംസാരത്തില്‍ നിന്ന് മനസിലാക്കാം. വക്കീല്‍ പറഞ്ഞതാണ് ശരി. വാദം നടക്കുമ്പോള്‍ ഉചിതമായ തെളിവുകള്‍ കോടതിയെ ബോധ്യപ്പെടുത്തുക പ്രധാന കാര്യമാണ്. അതിനുള്ള ശ്രമങ്ങളാണ് ഒരു വക്കീലെന്ന നിലയില്‍ ആദ്യമായി ചെയ്യേണ്ടത്.  വിവേകവും ധൈര്യവുമുള്ള സ്ത്രീകള്‍ മാതാപിതാക്കള്‍ക്കു മാത്രമല്ല സമൂഹത്തിനും മുതല്‍ക്കൂട്ടാണ്. വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണണങ്ങളും ഒന്നും ഷാരോണിന് വേണ്ട. സിനിമാനടിമാരെ പോലെ അണിഞ്ഞൊരുങ്ങി നടക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നില്ലാന്ന് മനസ്സിലായി. ഏലിയാമ്മ അഭിമാനത്തോടെ മകളെ നോക്കി.

പോക്കറ്റിലിരുന്ന ഫോണില്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചിട്ട് ഇന്‍സ്‌പെക്ടര്‍ രഘുനാഥനെ കിട്ടണമെന്ന് കോശി പറഞ്ഞു
""ഞാന്‍ കൊട്ടാരം കോശിയാണ്.  ഇവിടെ നടന്ന നിഷയുടെ കൊലപാതകത്തില്‍ ആരെങ്കിലും കക്ഷി ചേര്‍ന്നിട്ടുണ്ടോ . അവരെയെല്ലാം ഞാന്‍ പ്രതി ചേര്‍ക്കും. അതില്‍ പോലീസുകാര്‍കൂടി കാണരുത്. ശരി വയ്ക്കട്ടെ.'' ഇന്‍സ്‌പെക്ടറുടെ മനസ് ഒന്ന് ഇടറി.

മനഃസാന്നിധ്യം വീണ്ടെടുക്കാന്‍ സമയം എടുത്തു. രാഷ്ട്രീയക്കാര്‍ക്ക് കൂട്ടുനിന്നാല്‍ കൊട്ടാരം കോശി കോടതിമുറിയില്‍ തന്നെ അളന്ന് മുറിച്ച് കീറി മുറിക്കും. കൊലപാതകിക്ക് കൂട്ടു നിന്നാല്‍ തലയിലെ തൊപ്പി അപ്രത്യക്ഷമാകും. എം എല്‍ എയും മന്ത്രിയും പറയുന്നത് അനുസരിച്ചില്ലെങ്കില്‍ സ്ഥലംമാറ്റം ഉറപ്പാണ്. കുറ്റവാളികളെ ഒളിപ്പിച്ചിരിക്കുന്നത് എവിടെയെന്നറിയില്ലെങ്കിലും ആരെന്നറിയാം. തന്റെ ജോലി കുറ്റവാളികളെ കണ്ടെത്തുക എന്നതാണ്. ആ കുറ്റമെല്ലാം തന്റെ തലയിലാകും. ഇന്നുവരെയുണ്ടാക്കി വച്ച നന്മകളെല്ലാം ഒറ്റനിമിഷംകൊണ്ട് ഇല്ലാതാകും. ഇതുവരെ പ്രതികളെ രക്ഷപെടുത്തണം എന്നതായിരുന്നു മുകളില്‍ നിന്നുള്ള ഉത്തരവ്. അതിന് പണവും ലഭിക്കും. മനസമാധാനത്തോടെ ഇരിക്കുമ്പോഴാണ് സര്‍വത്യാഗിയും സത്യാന്വേഷകനുമായ കൊട്ടാരം കോശി വന്നിരിക്കുന്നത്. കുറ്രവാളിയെ രക്ഷപെടുത്താന്‍ ഇടയുണ്ടാകരുത്.

യഥാര്‍ത്ഥ കുറ്റവാളിയെ നീതിക്ക് മുന്നില്‍ കൊണ്ടുവരാനും ഇരുമ്പഴിക്കുള്ളിലാക്കാനും കരുത്തുള്ള ആളാണ് കൊട്ടാരം കൊശി. മുമ്പ് ഇയാളൊരു വക്കീല്‍ എന്ന് പറഞ്ഞ് കളിയാക്കി ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ കുറ്റവാളികള്‍ക്ക് കൂട്ടുനിന്ന എസ്.ഐ. ഇന്നും ഇരുമ്പഴിക്കുള്ളിലാണ്.

വളരെ ഗൗരവത്തിലിരുന്ന രഘുനാഥന്റെ മുഖത്തേക്ക് പോലീസുകാരി ഊര്‍മ്മിള ജനാലയിലൂടെ നോക്കി. പുറത്ത് തീക്ഷ്ണമായ ചൂടാണ്. കാണാന്‍ അഴകുള്ള ഊര്‍മ്മിളയ്ക്ക് രഘുനാഥിനെ ഇഷ്ടമല്ല. ആരോടും മാന്യമായി ഇടപെടുന്ന ഇയാളില്‍ ഒരു വൃത്തികെട്ട മുഖമുള്ളത് മറ്റാര്‍ക്കുമറിയില്ല. തന്നെപ്പോലെ വനിതാപോലീസിന് മാത്രമേ അതറിയൂ. ചെറിയൊരു വീട് പുതുക്കി പണിയുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനും നല്ല വസ്ത്രങ്ങള്‍ വാങ്ങുന്നതിനും ഒക്കെ പണവും ലഭ്യമായിട്ടുണ്ട്. ഒരു കായികതാരമായിരുന്ന കാലത്ത് ജോലി ലഭിച്ചപ്പോള്‍ ദുരിതപൂര്‍ണ്ണമായ ജീവിതം മാറിയെന്ന് വിചാരിച്ചതാണ്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെയല്ല സംഭവിച്ചത്. വിവാഹത്തിന് മുമ്പുതന്നെ അടിവയറ്റിനുതാഴെ ചോരപ്പാടുകള്‍ കണ്ടു. വാഗ്ദാനങ്ങളും പണവും നല്കി മേലുദ്യോഗസ്ഥര്‍ ശരീരം വിലക്കെടുത്തു.

പിന്നെ വിവാഹം കഴിഞ്ഞും കുട്ടികളായിട്ടും വെറുതെ വിടാത്ത കാപാലികന്മാര്‍. ജീവിക്കാനുള്ള വ്യഗ്രതയില്‍ തിരുത്താനാവാത്ത തെറ്റുകള്‍. ഇവനെപ്പോലുള്ളവരുടെ ഭാര്യമാര്‍ ആര്‍ക്കെല്ലാം കിടക്ക വിരിക്കുന്നെന്ന് അവര്‍ അറിയുന്നില്ല. പാവപ്പെട്ട സ്ത്രീകള്‍ പോലീസ് ജോലി ചെയ്യുന്നുവെങ്കിലും വളരെ ചുരുക്കം പേരാണ് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നത്. എല്ലാവരും ഭയത്തോടെതന്നെയാണ് സ്ഥലംമാറ്റത്തെ കാണുന്നത്. മറ്റൊന്ന് ഉയര്‍ന്ന സ്ഥാനങ്ങള്‍ തരാതിരിക്കാനുള്ള കുറുക്കുവഴികള്‍ അവര്‍ ഒപ്പിക്കും. പോലീസ് അസോസിയേഷനില്‍ പരാതിയുമായി ആരും പോവില്ല.

ഊര്‍മ്മിളയ്ക്ക് എന്തോ സംഭവിച്ചതായി തോന്നി, മുഖം കണ്ടാല്‍ അറിയാം. പാവങ്ങളെ സ്റ്റേഷനില്‍ വരുത്തി കോപാകുലനായി കണ്ണുരുട്ടി കാണിച്ച് ഇല്ലാത്ത കുറ്റങ്ങള്‍ അടിച്ചേല്പിച്ച് കൈക്കൂലി വാങ്ങണം. കോശിവക്കീലിനെ ഓര്‍ത്തുള്ള ഭയാനകചിന്തകളില്‍ നിന്നും മനസ്സ് തണുപ്പിക്കാനെന്നോണം ഊര്‍മ്മിളയോട് അടക്കം പറഞ്ഞു.
 ""എത്രനാളായി ഊര്‍മ്മിളേ നമ്മള്‍'' അവളുടെ മുഖം വാടിയ പൂവുപോലെ ആയി.
""ഇനിയും എന്നെ ശല്യം ചെയ്താല്‍ കളി കാര്യമാകും കെട്ടോ സാറെ
ഞാന്‍ പഴയ ഊര്‍മ്മിള അല്ല. ഭര്‍ത്താവും കുട്ടിയുമുണ്ട്. '' അവള്‍ ദേഷ്യത്തില്‍ പുറത്തേക്കു പോയി. അവളുടെ ജീവിതത്തിലേക്ക് ഇനിയും കടന്നു ചെന്നാല്‍ കളി കാര്യമാകുമെന്ന് പറഞ്ഞതില്‍ അര്‍ത്ഥങ്ങള്‍ ധാരാളമുണ്ട്. സ്റ്റേഷന്റെ മുന്നില്‍ കാര്‍ ഒതുക്കിയിട്ട് കൊട്ടാരം കോശി അകത്തേക്കു വന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക