-->

EMALAYALEE SPECIAL

റഷ്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ വ്‌ലാഡിമീര്‍ പുടിന്‍ (വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ്

Published

on

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇതുവരേയുള്ള രാഷ്ട്ര നിര്‍മാണ പ്രക്രിയകളില്‍ രജത ശോഭയോടെ ജ്വലിക്കുന്ന ഒരാളേയുള്ളൂ. അത് റഷ്യന്‍ പ്രസിഡന്റ്റ് വ്‌ലാഡിമീര്‍ പുടിന്‍ ആണ്. ഇപ്പോള്‍ 67 വയസായ വ്‌ലാഡിമീര്‍ പുടിന് 2024 വരെ പ്രസിഡന്റ്റായി തുടരാം. സമൂലമായ ഭരണഘടനാ ഭേദഗതികള്‍ മുന്നോട്ടുവെച്ച് റഷ്യന്‍ സര്‍ക്കാര്‍ ഒന്നടങ്കം ഇപ്പോള്‍ രാജിവെച്ചൊഴിഞ്ഞിരിക്കുന്നു. ഈ അവസ്ഥയില്‍ പഴയ സോവിയറ്റ് നേതാക്കളെ പോലെ ജീവിതാവസാനം വരെ ഭരണം കയ്യാളാന്‍ യാതൊരു താല്‍പര്യവുമില്ലെന്നാണ് പുടിന്‍ കഴിഞ്ഞ ദിവസം ഒരു ഇന്റ്റെര്‍വ്യൂവില്‍ പറഞ്ഞത്. ഈ പറഞ്ഞത് വ്‌ലാഡിമീര്‍ പുടിന്റ്റെ ഒരു തന്ത്രമാവാനേ വഴിയുള്ളൂ. പുട്ടിന്റ്റെ ജനപ്രീതിയെ വെല്ലുവിളിക്കാന്‍ മറ്റൊരു നേതാവ് റഷ്യയില്‍ ഇല്ലാത്തപ്പോള്‍ അദ്ദേഹം എന്തിനു രാജിവെച്ചൊഴിയണം?

പാശ്ചാത്യ മാധ്യമങ്ങള്‍ നടത്തുന്ന വിഷലിപ്തമായ പ്രചാരണങ്ങള്‍ മാറ്റിവെച്ചാല്‍ റഷ്യന്‍ പ്രസിഡന്റ്റ് വ്‌ലാഡിമീര്‍ പുടിന്റ്റെ ജനപ്രീതി മനസിലാകും. കുറച്ചു നാള്‍ മുമ്പ് നാഷണല്‍ ജ്യോഗ്രഫിക്ക് പുടിനെ കുറിച്ച് ഒരു ഡോക്കുമെന്റ്ററി പ്രക്ഷേപണം ചെയ്തിരുന്നു. വളരെ പ്രൊഫഷണലായി മാത്രം വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന നാഷണല്‍ ജ്യോഗ്രഫിക്കില്‍ നിന്ന് അത്രയും തരംതാണ ഒരു ഡോക്കുമെന്റ്ററി പ്രതീക്ഷിച്ചില്ല. ഒടുങ്ങാത്ത പ്രതികാര വാഞ്ചയുള്ള ഒരു കെ.ജി.ബി. ഏജന്റ്റ് എന്ന നിലയില്‍ നാഷണല്‍ ജ്യോഗ്രഫിക്ക് പുടിനെ അവതരിപ്പിച്ചപ്പോള്‍ പുടിനു മുമ്പുള്ള റഷ്യയുടെ ആഭ്യന്തര-സാമൂഹ്യ-സാമ്പത്തിക അവസ്ഥ കൂടി ഒന്ന് നോക്കണമായിരുന്നു.

1990 -കളുടെ മധ്യത്തില്‍ ഇതെഴുതുന്ന ആള്‍ക്ക് പങ്കെടുക്കുവാന്‍ സാധിച്ച ഒരു സെമിനാറില്‍ കല്‍ക്കട്ട ഐ.ഐ. എമ്മിലെ പ്രഫെസ്സര്‍ നിര്‍മല്‍ ചന്ദ്ര മുന്‍ സോവിയറ്റ് യൂണിയന്റ്റെ ഭാഗമായിരുന്ന റഷ്യന്‍ സമ്പത് വ്യവസ്ഥയെ വിശേഷിപ്പിച്ചത് 'ഇന്‍ അബ്‌സല്യൂട്ട് ഡിസാസ്റ്റര്‍' എന്നായിരുന്നു. 40 ശതമാനം വ്യവസായങ്ങളും നിലംപൊത്തിയ കാലമായിരുന്നു അത്. തങ്ങളുടെ കുടുംബം പുലര്‍ത്താന്‍ വന്‍ ശക്തിയായിരുന്ന മുന്‍ സോവിയറ്റ് യൂണിയനിലെ പെണ്‍കുട്ടികള്‍ക്ക് വേശ്യാവൃത്തി പോലും തിരഞ്ഞെടുക്കേണ്ടി വന്നു എന്ന് പറയുമ്പോള്‍ ആ തകര്‍ച്ചയുടെ ആഴം ആര്‍ക്കും മനസിലാക്കാം. 1991 - ല്‍ മൂന്നാം ലോക രാഷ്ട്രമായ ഇന്ത്യയില്‍ പോലും വന്നു ഉസ്‌ബെക്കിസ്ഥാനില്‍ നിന്നും, റഷ്യയില്‍ നിന്നും, ഉക്രെയിനില്‍ നിന്നുമൊക്കെയുള്ള പെണ്‍കുട്ടികള്‍. പുടിന്‍ റഷ്യയുടെ പ്രതാപം  വീണ്ടെടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ പാശ്ചാത്യ, അമേരിക്കന്‍ മാധ്യമങ്ങള്‍ വ്‌ളാഡിമിര്‍ പുടിനെ ഹിറ്റ്‌ലര്‍ക്ക് തുല്യമായി ചിത്രീകരിച്ചു. പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങള്‍ക്ക് ഗോര്‍ബച്ചേവ്, യെല്‍സിന്‍ - എന്നിങ്ങനെയുള്ള നേതാക്കന്മാര്‍ മാത്രമാണ് വലിയ നേതാക്കള്‍. ഇവരെയൊക്കെ ഇങ്ങനെ പ്രകീര്‍ത്തിക്കുന്നതില്‍ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങള്‍ക്ക് സ്ഥാപിത താല്‍പര്യം ഉണ്ടെന്നുള്ള കാര്യം പകല്‍ പോലെ വ്യക്തമാണ്.

നേരത്തേ സോവിയറ്റ് യൂണിയന്‍ ശിഥിലമാക്കുന്നതില്‍ ഈ അമേരിക്കക്കും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ടായിരുന്നു. പിന്നീട് പുടിന്റ്റെ കീഴില്‍ റഷ്യ കരുത്താര്‍ജിക്കാന്‍ തുടങ്ങിയപ്പോള്‍ 'ക്രിമിയന്‍ പ്രശ്‌നത്തിന്റ്റെ' പേര് പറഞ്ഞു അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. ക്രിമിയയിലെ ജന പ്രതിനിധി സഭയും, അവിടുത്തെ ജനങ്ങളും ആണ് റഷ്യയുടെ കൂടെ ചേരാന്‍ തീരുമാനിച്ചത്. നിയമാനുസൃതം ആയിരുന്നു ആ തീരുമാനം. പിന്നെ അതിന്റ്റെ പേരില്‍ റഷ്യയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ എന്തായിരുന്നു യുക്തി? മലേഷ്യന്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതില്‍ പിന്നെ അടുത്ത ഉപരോധം വന്നു. പണ്ട് അമേരിക്കയും ഇതുപോലെ ഒരു ഇറാനിയന്‍ യാത്രാ വിമാനം വെടിവെച്ചിട്ടതായിരുന്നു. ആരെങ്കിലും അന്ന് അമേരിക്കയുടെ മേല്‍ ഉപരോധം കൊണ്ടുവന്നോ? റഷ്യയാണ് വിമാനം തകര്‍ത്തതെന്ന സ്ഥിതീകരണം പോലും ഇല്ലാത്തപ്പോഴായിരുന്നു ഉപരോധങ്ങള്‍ റഷ്യക്ക് നേരെ എടുത്ത് പ്രയോഗിച്ചത്. വിഷവാതകം റഷ്യയില്‍ നിന്ന് കുടിയേറിയ ബ്രട്ടീഷ് പൗരനെതിരെ പ്രയോഗിച്ചു എന്ന പേരില്‍ അടുത്ത ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും. അമേരിക്ക ക്യൂബയിലെ കാസ്‌ട്രോയെ എത്രയോ തവണ കൊല്ലാന്‍ നോക്കിയിട്ടുണ്ട്. ആരെങ്കിലും ഉപരോധം ഏര്‍പ്പെടുത്തിയോ? ഇന്ത്യയില്‍ നിന്നുള്ള വിജയ് മല്ലയ്യയെ പോലെ റഷ്യയില്‍ നിന്നുള്ള അനേകം തട്ടിപ്പു വീരന്‍മാര്‍ക്കും, വെട്ടിപ്പ് വീരന്‍മാര്‍ക്കും ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അഭയം കൊടുക്കുന്നതിലെ ധാര്‍മികത ആരും ചോദ്യം ചെയ്യുന്നില്ല. അത്തരം വലിയ പ്രശ്‌നങ്ങള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ആരും കാണുന്നതേ ഇല്ല.

ഗോര്‍ബച്ചേവ്, യെല്‍സിന്‍ - എന്നിങ്ങനെയുള്ള നേതാക്കള്‍ പാശ്ചാത്യ താല്‍പര്യങ്ങള്‍ക്കു മുന്‍പില്‍ റഷ്യയുടെ രാജ്യ താല്‍പര്യങ്ങള്‍ അടിയറ വെച്ചപ്പോള്‍ അമേരിക്കക്കും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും ഒരു പ്രശ്‌നവുമില്ലായിരുന്നു. വ്യവസായിക രംഗം തകര്‍ന്നതില്‍ പിന്നെ സോവിയറ്റ് സമ്പത് വ്യവസ്ഥയ്‌ക്കോ, റഷ്യയ്‌ക്കോ ആ തകര്‍ച്ചയില്‍ നിന്ന് ഇനിയും കര കയറുവാന്‍ സാധിച്ചിട്ടില്ല. സോവിയറ്റ് യൂണിയന്റ്റെ തകര്‍ച്ചയിലും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും യൂറോപ്യന്‍- അമേരിക്കന്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായി വ്യാഖ്യാനം ചെയ്യുന്നതിലും, പ്രചരിപ്പിക്കുന്നതിലും മത്സരിക്കുകയായിരുന്നു. 1985 - ല്‍ ഗോര്‍ബച്ചേവ് അധികാരമേറ്റെടുത്തപ്പോള്‍ സോവിയറ്റ് സാമ്പത്തിക ഉത്പാദനം(GDP) 2000 ബില്യണ്‍ ഡോളറായിരുന്നു. എന്ന് വെച്ചാല്‍ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി. 1990 --ല്‍ പോലും സോവിയറ്റ് യൂണിയന്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്നു. പക്ഷെ സോവിയറ്റ് സമ്പത് വ്യവസ്ഥ തീര്‍ത്തും മോശമാണെന്ന പ്രചാരണം പാശ്ചാത്യ മാധ്യമങ്ങള്‍ അഴിച്ചു വിട്ടു. ഇതെഴുതുന്ന ആള്‍ ഇന്ത്യന്‍ സയന്‍സ് ഡെലിഗേഷന്റ്റെ ഭാഗമായി സോവിയറ്റ് യൂണിയനില്‍ 1991 - ല്‍ പോയ ഒരു ശാസ്ത്രഞ്ജനോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് 'എന്റ്റെ സ്‌പെഷ്യലൈസേഷന്‍ ക്രിസ്റ്റല്‍ ടെക്‌നോളജിയാണ്. ആ ടെക്‌നോളജിയില്‍ സോവിയറ്റ് യൂണിയന്‍ ആരുടെയും പിന്നിലല്ല' - എന്നാണ്. മോസ്‌കോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സംസാരിച്ചു. അന്ന് ഗോര്‍ബച്ചേവും, അദ്ദേഹത്തിന്റ്റെ ഭാര്യ റെയിസ ഗോര്‍ബച്ചേവും ആ രാജ്യത്ത് ഏറ്റവും വെറുക്കപ്പെട്ട ആളുകള്‍ ആയിരുന്നു. പക്ഷെ സി. എന്‍. എന്‍., ബി. ബി.സി, ഇക്കോണമിസ്റ്റ് - പോലുള്ള യൂറോപ്യന്‍- അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരര്‍ ആയിരുന്നു ഗോര്‍ബച്ചേവും, അദ്ദേഹത്തിന്റ്റെ ഭാര്യ റെയിസ ഗോര്‍ബച്ചേവും. ഇന്ത്യന്‍ മാധ്യമങ്ങളും ആ പാത പിന്തുടര്‍ന്നു.

1962 തൊട്ട് 1986 സോവിയറ്റ് യൂണിയന്റ്റെ അമേരിക്കന്‍ അംബാസഡര്‍ ആയിരുന്ന അനാറ്റോളി ഡോബ്രിനിന്‍ 'In Confidence: Moscow's Ambassador to Six Cold War Presidents ' എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ആ പുസ്തകത്തില്‍ ഗോര്‍ബച്ചേവിന്റ്റെ കഴിവില്ലായ്മ അദ്ദേഹം അക്കമിട്ടു പറയുന്നുണ്ട്. പാശ്ചാത്യ താല്‍പര്യങ്ങള്‍ക്കു മുന്‍പില്‍ രാജ്യ താല്‍പര്യങ്ങള്‍ അടിയറ വെച്ച നേതാവായിട്ടാണ് ഡോബ്രിനിന്‍ ഗോര്‍ബച്ചേവിനെ അവതരിപ്പിക്കുന്നത്. ഗോര്‍ബച്ചേവ്, യെല്‍സിന്‍ - എന്നിങ്ങനെയുള്ള നേതാക്കളെ സി. എന്‍. എന്‍., ബി. ബി.സി, ഇക്കോണമിസ്റ്റ് - പോലുള്ള യൂറോപ്യന്‍- അമേരിക്കന്‍ മാധ്യമങ്ങള്‍ പാടി പുകഴ്ത്തുന്നതിന്റ്റെ പിന്നിലെ കാരണവും ഇതായിരിക്കാം.

സോവിയറ്റ് ശിഥിലീകരണത്തില്‍ ആദ്യം നോക്കേണ്ടത് റഷ്യയെ ചുറ്റിപ്പറ്റിയുള്ള റിപ്പബ്ലിക്കുകളില്‍ ഉണ്ടായിരുന്ന റഷ്യന്‍ വംശജരോടുള്ള മനോഭാവമാണ്. റഷ്യന്‍ വംശജരില്‍ പലരും മെച്ചപ്പെട്ട തൊഴിലും, വേതനവും പ്രതീക്ഷിച്ചാണ് ഉക്രയിന്‍, ബാള്‍ട്ടിക് റിപ്പബ്ലിക്‌സ് - ഇങ്ങോട്ടൊക്കെ കുടിയേറിയത്. 1935 - ല്‍ 10 ശതമാനം ആയിരുന്ന റഷ്യന്‍ വംശജര്‍ 1989 ആയപ്പോള്‍ 34 ശതമാനം ആയി സോവിയറ്റ് ലാറ്റ്വിയയില്‍ കൂടി. 2011 - ലെ കണക്കു പ്രകാരം 16 ശതമാനം റഷ്യന്‍ വംശജര്‍ ബാള്‍ട്ടിക് റിപ്പബ്ലിക്കായ എസ്റ്റോണിയയില്‍ ഉണ്ട്. 2011 - ലെ കണക്കു പ്രകാരം 17 ശതമാനം ഉക്രയിനില്‍ ഉണ്ട്. ഇത്രയധികം റഷ്യാക്കാര്‍ ഉള്ളപ്പോള്‍ ഭാഷയിലും, സംസ്‌കാരത്തിലും, ചരിത്രത്തിലും ഒക്കെ അഭിമാനിച്ചിരുന്ന തദ്ദേശീയരായ ജനതയ്ക്ക് എതിര്‍പ്പ് വരാതിരിയ്ക്കുമോ? സോവിയറ്റ് ശിഥിലീകരണത്തിന്റ്റെ ഏറ്റവും പ്രധാന കാരണം ഇതാണ്. മെച്ചപ്പെട്ട തൊഴിലും, വേതനവും പ്രതീക്ഷിച്ചു കുടിയേറുന്ന റഷ്യക്കാരെ 'റൂബിള്‍ മൈഗ്രന്റ്റ്‌സ്' അല്ലെങ്കില്‍ 'റൂബിള്‍ കുടിയേറ്റക്കാര്‍' എന്നാണു തദ്ദേശീയര്‍ വിളിച്ചിരുന്നത്. കുടിയേറ്റത്തോടപ്പം അവര്‍ റഷ്യന്‍ ഭാഷയും, സംസ്‌കാരവും കൊണ്ടുവന്നു. സോവിയറ്റ് യൂണിയനില്‍ പ്രാമുഖ്യം റഷ്യക്കായതിനാല്‍ മറ്റു റിപ്പബ്ക്ലിക്കുകള്‍; പ്രത്യേകിച്ച് വികസനം കൈവന്ന ഉക്രയിന്‍, ബാള്‍ട്ടിക് റിപ്പബ്ലിക്‌സ് - ഇവരൊക്കെ റഷ്യക്കാരെ ഭയപ്പെട്ടു. തങ്ങളുടെ ഭാഷയും, സംസ്‌കാരവും റഷ്യന്‍ അധിനിവേശത്തോടെ തകര്‍ന്നു പോകുമെന്ന് അവര്‍ ഭയപ്പെട്ടു. സ്റ്റാലിനിസ്റ്റ് അടിച്ചമര്‍ത്തലുകളും ദേശീയ ശക്തികളുടെ ഉണര്‍വിന് ഒരു നിര്‍ണായക കാരണം ആയിട്ടുണ്ടെങ്കിലും രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി ജെര്‍മനിക്കെതിരെ സോവിയറ്റ് യൂണിയന്റ്റെ ത്യാഗങ്ങള്‍ ഒരിക്കലും വിസ്മരിച്ചുകൂടാ.

ഗോര്‍ബച്ചേവിന്റ്റെ കാലത്തു നടപ്പാക്കിയ മുതലാളിത്ത പരിഷ്‌കരണങ്ങളുടെ ഫലമായി ഉയര്‍ന്നു വന്ന റിപ്പബ്ലിക്കുകളിലെ 'നവ മുതലാളിമാര്‍' തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനായി ഇത്തരം ഭാഷാ ദേശീയതകള്‍ക്ക് പിന്തുണ കൊടുത്തു. 10 വര്‍ഷം നീണ്ടു നിന്ന അഫ്ഗാന്‍ അധിനിവേശവും, അമേരിക്കയുമായുള്ള ആയുധ പന്തയവും സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമ പിന്തുണയും, ആ രാഷ്ട്രങ്ങളിലെ കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍ ഗോര്‍ബച്ചേവിന്റ്റെ അവസാന കാലത്ത് സോവിയറ്റ് വിപണിയെ കീഴ്‌പെടുത്താനും തുടങ്ങിയപ്പോള്‍ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് ഈ ശിഥിലീകരണത്തെ ചെറുക്കാന്‍ ശക്തി ഇല്ലായിരുന്നു . അത്കൂടാതെ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും രാഷ്ട്രീയ പിന്തുണ കൂടിയായപ്പോള്‍ സോവിയറ്റ് പതനം പൂര്‍ത്തിയായി. ഗോര്‍ബച്ചേവിന്റ്റെ പിടിപ്പില്ലായ്മയും, യെല്‍സിന്റ്റെയും, റിപ്പബ്ലിക്കുകളില്‍ ഉയര്‍ന്നു വന്ന നേതാക്കന്മാരുടെയും രാഷ്ട്രീയ അതിമോഹം കൂടിയായപ്പോള്‍ 1991 - ല്‍ സോവിയറ്റ് യൂണിയനെ പിന്തുണയ്ക്കുന്ന അധികം പേരില്ലായിരുന്നു എന്നതാണ് വാസ്തവം.

Entrepreneurship അല്ലെങ്കില്‍ സംരഭകത്ത്വത്തെ പ്രോത്സാഹിപ്പിക്കാത്ത കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ഇതെഴുതുന്ന ആള്‍ അനുകൂലിയ്ക്കുന്നില്ല. സംരഭകത്ത്വം ഇല്ലാതെ മുന്‍ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്കു മാത്രമല്ല; ഒരു സമ്പത് വ്യവസ്ഥയ് ക്കും അധികം നാള്‍ പിടിച്ചു നില്‍ക്കുവാന്‍ സാധിക്കുകയില്ല. നോബല്‍ സമ്മാന ജേതാവും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് തന്റ്റെ 'ഗ്ലോബലൈസഷന്‍ ആന്‍ഡ് ഇറ്റ്‌സ് ഡിസ്‌കണ്‍ട്ടെന്‍സ്' എന്ന പുസ്തകത്തില്‍ ആസൂത്രണം ഏത്ര മെച്ചപ്പെട്ടതാണെങ്കിലും ഒരു രാജ്യത്തെ സമ്പത് വ്യവസ്ഥ മുഴുവന്‍ ആസൂത്രണത്തിലൂടെ നടപ്പില്‍ വരുത്താന്‍ സാധിക്കുകയില്ല എന്ന് പറയുന്നുണ്ട്. സോവിയറ്റ് സമ്പത് വ്യവസ്ഥയുടെ കാര്യത്തിലും അത് കുറെയൊക്കെ ശരിയായിരുന്നു. പക്ഷെ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസത്തിനു ചില നല്ല വശങ്ങള്‍ കൂടി ഉണ്ടായിരുന്നു എന്ന് സത്യ സന്ധരായ കമ്മ്യൂണിസത്തിന്റ്റെ ശത്രുക്കള്‍ കൂടി അംഗീകരിക്കണം. എല്ലാവര്‍ക്കും തൊഴില്‍, മിനിമം വേതനം, സാമൂഹ്യ സുരക്ഷിതത്ത്വം, ആസൂത്രണം - ഇതൊക്കെയാണ് അവ. വിദ്യാഭ്യാസം, ആരോഗ്യം - ഇതിന്റ്റെയൊക്കെ ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നു. ഒരു സുപ്രഭാതത്തില്‍ ഇതൊക്കെ ഇല്ലാതായാല്‍ ജനം എന്ത് ചെയ്യും?

സോവിയറ്റ് യൂണിയനില്‍ വംശീയ പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ തന്നെ ഈ കാര്യങ്ങളിലൊക്കെ അറിവുള്ളവര്‍ ഇതു ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കും എന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. കാരണമെന്തെന്ന് വെച്ചാല്‍ സൈനിക സേവനം നിര്‍ബന്ധമായി നടപ്പാക്കിയിരുന്നു രാജ്യമായിരുന്നു മുന്‍ സോവിയറ്റ് യൂണിയന്‍. ഇങ്ങനെ എല്ലാ പൗരന്മാരും സൈനികാഭ്യാസം സിദ്ധിച്ചിരിക്കുമ്പോള്‍ വംശീയതയുടെയും, ദേശീയതയുടെയും പേരില്‍ പ്രശ്‌നമുണ്ടായാല്‍ അത് എവിടെ ചെന്ന് നില്‍ക്കും? അറിവുള്ളവര്‍ ഭയപ്പെട്ടത് പോലെ പിന്നീട് സംഭവിച്ചു. അര്‍മീനിയയും, അസര്‍ബെയ്ജാനും തമ്മില്‍ തര്‍ക്ക പ്രദേശമായ 'നാഗോര്‍ണോ കാരബാക്കിന്' വേണ്ടി യുദ്ധം ചെയ്തപ്പോള്‍ മുന്‍ സോവിയറ്റ് ആയുധ ശേഖരത്തിലെ ഏറ്റവും മികച്ച ആയുധങ്ങള്‍ അവിടെ ഉപയോഗിച്ചു. ആയിരങ്ങള്‍ മരിച്ചു വീണു. ജോര്‍ജിയയും, ഉക്രെയിനും ഉള്‍പ്പെടെ പല സോവിയറ്റ് റിപ്പബ്ലിക്കുകളിലും സമ്മിശ്രമായ വംശീയ പാരമ്പര്യം ഉള്ള ജനതയാണുണ്ടായിരുന്നത്. റഷ്യന്‍ ആധിപത്യം നിലനില്‍ക്കുമ്പോള്‍ തന്നെ ജോര്‍ജിയന്‍ വംശജനായ സ്റ്റാലിന്‍ സോവിയറ്റ് യൂണിയന്റ്റെ എകാധിപതിയായി 30 വര്‍ഷത്തിലേറെ ഭരിച്ചു. ക്രൂഷ്‌ചേവ് ഉക്രെയിനില്‍ നിന്നുള്ള ആളായിരുന്നു. വംശീയ സംഘര്‍ഷത്തിന്റ്റെ ഗുരുതരമായ ഭവിഷ്യത്തുകള്‍ കാണാന്‍ ഗോര്‍ബച്ചേവിന് സാധിച്ചില്ല എന്നത് ഒരു രാഷ്ട്രത്തിന്റ്റെ തലവന് സംഭവിച്ച വന്‍ വീഴ്ചയായിരുന്നു. എട്ടു റിപ്പബ്ലിക്കുകള്‍ അടങ്ങിയ ഒരു കോണ്‍ഫെഡറേഷന് വേണ്ടി ഗോര്‍ബച്ചേവ് അവസാന നാളുകളില്‍ ശ്രമിച്ചിരുന്നു. യെല്‍സിന്റ്റേയും, റിപ്പബ്ലിക്കുകളില്‍ ഉയര്‍ന്നു വന്ന നേതാക്കന്മാരുടെയും രാഷ്ട്രീയ അതിമോഹം അതിനു കടിഞ്ഞാണിട്ടു. ഇന്നും അധികം വികസിക്കാത്ത ടാജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ക്കു റഷ്യയുമായി കൂടാനുള്ള ആഗ്രഹം ഉണ്ട്. പക്ഷെ അതൊരു ബാധ്യത ആകുമെന്നുള്ളതിനാല്‍ റഷ്യക്കാര്‍ക്ക് അവരെ വേണ്ടാ. ജോര്‍ജിയ, ഉക്രെയിന്‍ - പോലുള്ള വികസിത പ്രദേശങ്ങള്‍ക്ക് അവരുടേതായ രീതിയില്‍ മുന്നേറാനാണ് താല്‍പര്യം. സാറിസ്റ്റു രീതിയില്‍ നിന്ന് വ്യത്യസ്തമായി പ്രാദേശിക വികാരങ്ങളെ മാനിക്കുന്ന റിപ്പബ്ലിക്കുകളുടെ ഒരു കോണ്‍ഫെഡറേഷന്‍ ആയിരുന്നു സോവിയറ്റ് യൂണിയന് പകരം വരേണ്ടിയിരുന്നത്.

സോവിയറ്റ് യൂണിയന്റ്റെ പതനം കൊണ്ട് ലോകത്ത് പ്രധാനമായി ഗുണമുണ്ടായത് തീവ്രവാദ ഗ്രൂപ്പുകള്‍ക്കും, വിധ്വംസക ശക്തികള്‍ക്കും ആണ്. ആയുധ നിര്‍മ്മാണത്തിലും, ശേഖരണത്തിലും, വിതരണത്തിലും അമേരിക്കയുടെ അടുത്തു വന്നിരുന്ന സോവിയറ്റ് യൂണിയന്റ്റെ വിഘടനം സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ അരാജകത്വത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. കുറച്ചെങ്കിലും കാര്യങ്ങള്‍ തിരിച്ചു പിടിയ്ക്കാന്‍ സാധിച്ചത് വ്‌ളാഡിമിര്‍ പുട്ടിനു മാത്രമാണ്. ആയുധ വ്യാപാരികള്‍ക്ക് വമ്പന്‍ ആയുധ ശേഖരങ്ങള്‍ നിസാര വിലക്ക് കരിഞ്ചന്തയില്‍ തീവ്രവാദികള്‍ക്ക് മറിച്ച് വിറ്റ് ധനം സമ്പാദിക്കുവാന്‍ സോവിയറ്റ് യൂണിയന്റ്റെ പതനത്തിന് ശേഷം കഴിഞ്ഞു. ആണവായുധങ്ങള്‍ അമേരിക്കയില്‍ പോലും എത്തുന്ന രീതിയിലുള്ള പല ഹോളിവുഡ് ചിത്രങ്ങളുമുണ്ട്. റഷ്യന്‍ മാഫിയയുടെ നെത്ര്വത്തത്തിലുള്ള ആണവ കൈമാറ്റവും, കുറ്റ കൃത്യങ്ങളും പല ഹോളിവുഡ് ചിത്രങ്ങളുടേയും സ്ഥിരം പ്രമേയമായികഴിഞ്ഞു. ഈ ആണവായുധങ്ങളുടെ കൈമാറ്റങ്ങളെ പറ്റിയുള്ള സത്യാവസ്ഥ ആര്‍ക്കും കൃത്യമായി അറിയില്ല. സത്യാവസ്ഥ എന്തായാലും അത് അമേരിക്കയെ വല്ലാതെ പ്രശ്‌നത്തിലാക്കുകയും ചെയ്തു. കാരണം സോവിയറ്റ് യൂണിയനെ സ്‌നേഹിച്ചവരുടെ എക്കാലത്തെയും വലിയ ശത്രുവായി അമേരിക്ക മാറി. സോവിയറ്റ് വിഭജനത്തിനു പിന്നില്‍ കളിച്ച അമേരിക്കക്കു തിരിച്ചടി കിട്ടുന്നത് ഇങ്ങനെ ആണ്. ചുരുക്കം പറഞ്ഞാല്‍ ലോകത്തെ മുഴുവന്‍ അസ്ഥിരപ്പെടുത്തിയ ഒന്നായി സോവിയറ്റ് വിഭജനം മാറി.

യെല്‍സിന്റ്റെ ആദ്യ അഞ്ചു വര്‍ഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കമ്യുണിസ്റ്റ് സ്ഥാനാര്‍ഥിയായ ഗെന്നഡി സ്യുഗനേവ് ജയിക്കേണ്ടതായിരുന്നു. പക്ഷെ അമേരിക്കയും, പാശ്ചാത്യ ശക്തികളും വന്‍ തോതില്‍ റഷ്യന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടു. പണവും, സൗകര്യങ്ങളും പാശ്ചാത്യ ശക്തികള്‍ യെല്‍സിനു കൊടുത്തു. പ്രചാരണം പാശ്ചാത്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇങ്ങനെ പരസ്യമായി തന്നെ റഷ്യന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടവരാണ് പിന്നീട് അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ റഷ്യ അട്ടിമറിച്ചെന്നുള്ള വന്‍ കണ്ടുപിടുത്തം നടത്തുന്നത്!

പാശ്ചാത്യ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം മാറ്റിവെച്ച് റഷ്യാക്കാരോട് സംസാരിച്ചാല്‍ വ്‌ലാഡിമീര്‍ പുടിന്റ്റെ മറ്റൊരു 'ഇമേജാണ്' തെളിയുന്നത്. പാശ്ചാത്യ ഭീഷണികള്‍ക്കിടയിലും റഷ്യയെ ശക്തിപെടുത്തിയ നേതാവായി ഭൂരിപക്ഷം റഷ്യാക്കാരും പുടിനെ കാണുന്നൂ. ഇതെഴുതുന്ന ആള്‍ ഒരിക്കല്‍ മോസ്‌കോയില്‍ നിന്നുള്ള പാവ്ലോവുമായി പുടിനെ കുറിച്ച് ദീര്‍ഘനേരം സംസാരിച്ചു. തകര്‍ന്ന് തരിപ്പണമാകുമായിരുന്ന റഷ്യയെ ശക്തിപ്പെടുത്തിയ നേതാവായി ആണ് പുടിനെ പാവ്ലോവ് കാണുന്നത്; ഭൂരിപക്ഷം റഷ്യാക്കാരും അങ്ങനെത്തന്നെയാണ് പുടിനെ കാണുന്നത്. പുടിന് വന്‍ ജനപ്രീതി ഉള്ളതും അതുകൊണ്ടാണ്. പാശ്ചാത്യ മാധ്യമങ്ങളുടെ പ്രചാരണങ്ങളൊന്നും റഷ്യാക്കാര്‍ക്ക് വിഷയമേയല്ല.

പക്ഷെ പുടിനെ അനുകൂലിയ്ക്കുന്നവര്‍ക്കാര്‍ക്കും മാര്‍ക്‌സിസവുമായോ കമ്മ്യൂണിസവുമായോ വലിയ ബന്ധമൊന്നുമില്ല. റഷ്യയുടെ ആത്മവീര്യം ഉണര്‍ത്തുന്നതിന് പുടിന്‍ ആശ്രയിച്ചത് റഷ്യന്‍ ദേശീയതയെ ആണ്. റഷ്യന്‍ ദേശീയ ചിഹ്നങ്ങള്‍ പുടിന്‍ വ്യാപകമായി പരിപോഷിപ്പിച്ചു. പ്രസിഡന്റ്റ് തന്നെ അത് പരിപോഷിപ്പിക്കുവാനായി നേരിട്ട് മുന്നിട്ടിറങ്ങി. കുറെ മാസങ്ങള്‍ക്ക് മുമ്പ് റഷ്യയില്‍ പ്രെസിഡന്റ്റ് വ്‌ലാഡിമീര്‍ പുടിന്‍ റഷ്യന്‍ ഓര്‍ത്തോഡോക്‌സ് സഭാ വിശ്വാസത്തിന്റ്റെ രീതിയില്‍ ഐസ് പോലെ തണുത്ത വെള്ളത്തില്‍ മുങ്ങി കുരിശു വരക്കുന്നത് ടി.വി. - യില്‍ കാണിച്ചായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തിന് ശേഷം ഇപ്പോള്‍ റഷ്യയില്‍ റഷ്യന്‍ ഓര്‍ത്തോഡോക്‌സ് വിശ്വാസം ഒക്കെ വന്‍തോതില്‍ തിരിച്ചു വന്നു. 'റഷ്യന്‍ കരടി' പോലുള്ള പദപ്രയോഗങ്ങളൊക്കെ പുടിന്‍ അഭിമുഖങ്ങളില്‍ ധാരാളം ഉപയോഗിക്കുന്നതും റഷ്യന്‍ ആത്മവീര്യം ഉണര്‍ത്താനായിരിക്കണം.

കഴിഞ്ഞ മാസം 'റെഡ് സ്പാരോ' എന്ന ഹോളിവുഡ് സിനിമ കണ്ടിരുന്നു. ജെന്നിഫര്‍ ലോറന്‍സ് അഭിനയിച്ച 'റെഡ് സ്പാരോ' റഷ്യന്‍ വനിതാ ഇന്റ്റെലിജെന്‍സ് ഓഫീസര്‍മാര്‍ അമേരിക്കന്‍ എസ്റ്റാബ്ലിഷ്മെന്റ്റില്‍ കടന്നുകയറുന്ന കഥയാണ്. 'ചാര വനിതകള്‍' അവരുടെ സുഭഗമായ ശരീരവും, സ്‌ത്രൈണ സൗന്ദര്യവും ഉപയോഗിച്ച് റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തുന്നു. ഇത്തരം ഇന്റ്റെലിജെന്‍സ് പ്രവര്‍ത്തനങ്ങളില്‍ ധാര്‍മികത വളരെ കമ്മിയാണ്. മൗര്യന്‍ സാമ്രാജ്യത്ത്യ കാലത്ത് ഇന്ത്യയില്‍ 'വിഷ കന്യകമാര്‍' ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. ഇന്ത്യയിലേക്ക് പടയോട്ടത്തിന് വേണ്ടി തിരിക്കുമ്പോള്‍ ഇന്ത്യയിലെ 'വിഷ കന്യകമാരെ' കുറിച്ച് അരിസ്റ്റോട്ടില്‍ അലക്സാണ്ടറെ ഓര്‍മപ്പെടുത്തുന്നത് ഗ്രീക്ക് ചരിത്രത്തില്‍ ഉണ്ട്. സത്യം പറഞ്ഞാല്‍ എല്ലാ രാജ്യങ്ങളും അധാര്‍മികമായ അനേകം പ്രവൃത്തികള്‍ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനായി ഉപയോഗിച്ചിട്ടുണ്ട്. രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ ധാര്‍മികതക്ക് വലിയ സ്ഥാനമൊന്നുമില്ല. 'റിയലിസം' അല്ലെങ്കില്‍ യാഥാര്‍ഥ്യ ബോധമാണ് രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ വേണ്ടത്. ഹാന്‍സ് മോര്‍ഗന്‍തോയുടെ 'റിയാലിസ്റ്റ് തിയറി' തന്നെ ഇക്കാര്യത്തില്‍ ഇന്റ്റര്‍ നാഷണല്‍ റിലേഷന്‍സിലെ പഠന വിഭാഗത്തില്‍ ഉണ്ട്.

പുടിന്‍ യാഥാര്‍ഥ്യ ബോധത്തോടെ അധികാരമേറ്റതിന് ശേഷം പ്രവിശ്യാ ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരം കൊടുത്തു. ചെച്ചന്‍ പ്രക്ഷോഭം അടിച്ചമര്‍ത്തി. ഉയര്‍ന്ന എണ്ണവില ഉപയോഗപ്പെടുത്തികൊണ്ട് റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്ത് കുറെയൊക്കെ വീണ്ടെടുത്തു. റഷ്യന്‍ മിലിട്ടറിയുടെ കരുത്തും പുട്ടിന് കീഴില്‍ വര്‍ധിച്ചു. ജോര്‍ജിയ, ഉക്രൈന്‍ ഇടപെടലുകളില്‍ വര്‍ധിത വീര്യത്തോടെ പോരാടിയ ഒരു റഷ്യന്‍ സൈന്യത്തെ ആണ് നാം കണ്ടത്. ഇതിലൊക്കെ റഷ്യന്‍ പ്രഡന്റ്റിന്റ്റെ ഏകാധിപത്യ സ്വഭാവം വേണമെങ്കില്‍ വിമര്‍ശിക്കപ്പെടാവുന്നതാണ്. പക്ഷെ അമേരിക്കയില്‍ ട്രംപിനോ ഇന്ത്യയില്‍ മോഡിക്കോ ഇല്ലാത്ത പൊതുജന പിന്തുണ റഷ്യയില്‍ പുടിന് ഉണ്ടെന്നുള്ളത് ആര്‍ക്കും നിഷേധിക്കുവാന്‍ സാധ്യമല്ല.

പക്ഷെ ഇതിനൊക്കെയര്‍ത്ഥം റഷ്യയില്‍ പ്രശ്‌നങ്ങളിലെന്നല്ല. പുടിന് കീഴില്‍ റഷ്യ കരുത്താര്‍ജിക്കുമ്പോഴും സാമ്പത്തിക പ്രശ്‌നങ്ങള്‍ റഷ്യയില്‍ ഉണ്ട്. റഷ്യ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നോക്കുമ്പോള്‍ എണ്ണയും പ്രകൃതി വാതകവും ഒക്കെ വിറ്റു കാശുണ്ടാക്കിയപ്പോള്‍ പുടിന്റ്റെ കീഴില്‍ നിര്‍മാണ മേഖല കരുത്താര്‍ജിക്കാതിരുന്നത് ഒരു വലിയ പ്രശ്‌നമായി കാണാം. 'Nobody goes to Russia except for arms, metals, oil and gas' - എന്നാണ് മുന്‍ അമേരിക്കന്‍ പ്രെസിഡന്റ്റ് ബാരക്ക് ഒബാമ ഒരു ഇന്റ്റെര്‍വ്യൂവില്‍ പറഞ്ഞത്. അത് തന്നെയാണ് റഷ്യയുടെ പ്രശ്‌നവും.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Facebook Comments

Comments

 1. Boby Varghese

  2020-01-22 13:24:24

  Great article. Trump really wanted and prepared to have a better relationship with Russia. But our fake news and the Democrats spent 3 years saying nothing but Russia collusion and tried to picture Russia as a very satanic country. A better relationship with Russia was the big casualty of their action. I am sure that Trump will take initiative to strengthen the relationship during his second term.

 2. പൂട്ടിന്‍റെ പുറകെ മീന്‍ കുട്ടയുടെ പുറകെ പൂച്ച നടക്കുന്നത് പോലെ ഇ ലേഖനം കൊണ്ട് എന്ത് പ്രയോചനം? മലയാളം വായിച്ചു പൂട്ടിന്‍ രസിക്കുംയിരിക്കും.

 3. observation

  2020-01-21 12:07:55

  And his next aim is to resurrect USSR. And, for that, he has to destroy the democratic system around the world. Unfortunately, he found some friends in Trump and Modi. I don't understand why you are so excited about Putin, a dictator who is worth 200 billion, acquired the money by looting public. There are millions of people in Russia want to escape from his tyranny.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതും ശവക്കുഴി തോണ്ടുന്നതും യു.ഡി.എഫു തന്നെ ?? (എ.സി.ജോര്‍ജ്)

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)

ഹമാസ് ഭീകരന്മാരെ ചുട്ടെരിക്കുന്നത് സൗമ്യയെന്ന മലയാളി പെണ്‍കുട്ടി (ലേഖനം: സാം നിലമ്പള്ളില്‍)

നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

View More