MediaAppUSA

നേപ്പാളിലെ ദുരന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് (മിനി വിശ്വനാഥന്‍)

Published on 25 January, 2020
നേപ്പാളിലെ ദുരന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് (മിനി വിശ്വനാഥന്‍)
വിനോദ സഞ്ചാരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ സങ്കടത്തോടൊപ്പം ഞെട്ടലും അനുഭവപ്പെട്ടത് ആറ് മാസങ്ങള്‍ക്ക് മുന്‍പ് ഞങ്ങളും അങ്ങനെയൊരു യാത്രക്കാരായിരുന്നു എന്നത് കൊണ്ടാണ്. ഒരു പരിചയവുമില്ലാത്ത ഒരു നാട്ടില്‍ അപകടങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് ഭീകരമായ ഒരവസ്ഥയാണ്. ഇത്തരമൊരു വാര്‍ത്തക്ക് ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ പ്രത്യേകിച്ചും.

കഴിഞ്ഞ പ്രളയം ഓര്‍മ്മ മാത്രമായി അവശേഷിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഈ വര്‍ഷത്തെ വെക്കേഷന്‍ പ്ലാന്‍ ചെയ്തത്. നേപ്പാളിലൂടെയാവാം നാട്ടിലേക്കുള്ള യാത്ര എന്ന് തീരുമാനിച്ചത് പെട്ടെന്നായിരുന്നു. മഴക്കാലമാണെങ്കിലും കാഴ്ചകള്‍ കാണാന്‍ തടസ്സമുണ്ടാവില്ലെന്ന് കൂടെ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശികള്‍ ധൈര്യം തന്നു. റെയിന്‍ കോട്ടുകളും കുടയുമായി ഒരു വിനോദയാത്രയുടെ വൈഭിന്ന്യം പരീക്ഷിക്കാമെന്ന് തീരുമാനിച്ചാണ് ഞങ്ങള്‍ നേപ്പാളിലേക്ക് വിമാനം കയറിയത്. താമസിക്കാനുള്ള മുറികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരുന്നു. രണ്ടു ദിവസം തമ്മേല്‍ മാര്‍ക്കറ്റിനുള്ളിലെ മൈല്‍സ്റ്റോണ്‍ ഹോട്ടലിലും അടുത്ത ദിവസം ഹിമാലയ കാഴ്ചകള്‍ കാണാനായി നാഗര്‍കോട്ടിലെ പീസ്ഫുള്‍ കോട്ടേജ് എന്ന റിസോര്‍ട്ടിലും ആയിരുന്നു ബുക്കിങ്ങ്.

ആദ്യത്തെ രണ്ടു ദിവസം ചാറ്റല്‍ മഴയും ചൂടു ചായയുമായി കാഠ്മണ്ഡു ചുറ്റിക്കറങ്ങി. മഴ ഒരു ശല്യമായതേ ഇല്ല ഞങ്ങള്‍ക്ക്. കാഴ്ചകളാല്‍ സമൃദ്ധമായ നേപ്പാളിന്റെ വന്യ ഭംഗിയില്‍ ഞങ്ങള്‍ മതിമറന്നെങ്കിലും ഭൂകമ്പം ആ നാടിനെ ഏല്പിച്ച മുറിപ്പാടുകളുടെ കാഴ്ചകള്‍ വേദനിപ്പിക്കുകയും
ചെയ്തിരുന്നു.

പക്ഷേ മൂന്നാം ദിവസം വെയിലില്ലാത്ത മഴയോടെയാണ് ദിവസം പുലര്‍ന്നത് തന്നെ. ഭക്താപ്പൂര്‍ ദര്‍ബാര്‍ സ്‌ക്വയറിലെ കാഴ്ചകള്‍ക്ക് ശേഷം ഹിമാലയന്‍ വ്യു കാണാനുള്ള ഹില്‍സ്റ്റേഷനിലേക്കായിരുന്നു അന്നത്തെ യാത്ര തീരുമാനിച്ചത്. മഴ പെയ്ത് കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. വഴിയില്‍ ഒഴുകിയൊലിക്കുന്ന മഴവെള്ളക്കാഴ്ചകള്‍ മനസ്സില്‍ ആശങ്കകളുണര്‍ത്തി. പക്ഷേ കൂടെയുണ്ടായിരുന്ന സ്വദേശി ഡ്രൈവര്‍ നരേഷ് ഇതിവിടെ പതിവാണെന്ന് ധൈര്യപ്പെടുത്തി.

പക്ഷേ ഞങ്ങളുടെ വാഹനം കുന്നു കയറുമ്പോഴേക്ക് തന്നെ എനിക്ക് എന്തോ പന്തികേട് തോന്നിത്തുടങ്ങിയിരുന്നു. റോഡിന്റെ വശങ്ങളില്‍ നിന്ന് പുത്തന്‍ മണ്ണ് ഇടിഞ്ഞു വീഴുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരിടത്ത് ഞങ്ങളുടെ കണ്‍മുന്നില്‍ വെച്ച് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. ഇതൊക്കെ മഴക്കാലത്ത് സ്വാഭാവികമാണെന്നും പേടിക്കാനൊന്നുമില്ലെന്നും നരേഷ് ധൈര്യം തന്നു. പക്ഷേ എന്റെ വശത്ത് നിന്ന് താഴേക്കു നോക്കുമ്പോള്‍ മണ്ണ് ഇടിയുന്ന കാഴ്ച കാണാമായിരുന്നു. കഴിഞ്ഞ തവണ കേരളത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടാക്കിയ അപകടങ്ങള്‍ ഓര്‍മ്മയുള്ളത് കൊണ്ട് ഞാന്‍ പ്രാര്‍ത്ഥനയോടെ നിശബ്ദയായി.

ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി ഇറങ്ങിയ ചെറിയ ചന്ത വയനാട്ടിലെ ചെറുവഴിയോര കച്ചവട സ്ഥലം ഓര്‍മ്മിപ്പിച്ചു. മഴ പെയ്ത് ദ്രവിച്ചിരുന്നു ചുറ്റുപാടും. നീളന്‍ ബെഞ്ചുകളിലിരുന്ന് ചായ കുടിക്കുന്ന
എല്ലാവരുടെയും ചര്‍ച്ചകള്‍ കാറ്റിലും മഴയിലും പെട്ട് വീടുകള്‍ തകര്‍ന്നതും മറ്റ് അപകടങ്ങളുമായിരുന്നു. എന്റെ ഉള്ളില്‍ ഭയം അരിച്ച് കയറാന്‍ തുടങ്ങി. യാത്ര ഇവിടെ വെച്ച് മതിയാക്കി തിരിച്ചു പോവാമെന്ന് എന്ന് ഞാന്‍ പറഞ്ഞെങ്കിലും ഏതായാലും ഇന്ന് രാത്രി റിസോര്‍ട്ടില്‍ കഴിച്ച് കൂട്ടി നാളെ അതിരാവിലെ പുറപ്പെടാം എന്ന് പിന്നീട് തീരുമാനിച്ചു.

പൊട്ടിപൊളിഞ്ഞ റോഡിലൂടെ താമസം ഏര്‍പ്പാടാക്കിയ റിസോട്ടിലെത്തിയപ്പോള്‍ അവിടേക്കു കയറാനുള്ള പടിക്കെട്ടുകള്‍ പോലും ഇടിഞ്ഞു വീണിരിക്കുന്നു. ശരിക്കും അസ്ഥികളില്‍ കൂടെ ഭയം അരിച്ചു കയറി, അവിടത്തെ അവസ്ഥ കണ്ടിട്ട്. രണ്ടു ദിവസമായി കരണ്ടില്ല. പവര്‍ ബാക്ക് അപ്പ് ഇല്ല. ഇതൊക്കെ സാധാരണമാണെന്ന ഭാവത്തില്‍ നിസ്സംഗരായി നില്‍ക്കുന്ന ജോലിക്കാര്‍.
ഗൂഗിള്‍ കാണിച്ചു തന്ന ചിത്രങ്ങളും വിവരങ്ങളുമായി ഒട്ടും യോജിക്കാത്ത അന്തരീക്ഷം.

അവിടെ പെട്ടു കിടക്കുന്ന ചെറിയ കുഞ്ഞ് അടക്കമുള്ള ഒരു ഫാമിലി ഉണ്ടായിരുന്നു. അവര്‍ക്ക് അടുത്ത ദിവസം ബഹറിനിലേക്ക് തിരിച്ച് പോവാനുള്ളതാണ്. റിസോര്‍ട്ട് അധികൃതര്‍ക്ക് താമസക്കാരുടെ സുരക്ഷിതത്വത്തില്‍ യാതൊരു ശ്രദ്ധയും ഇല്ലെന്ന് അയാള്‍ ഞങ്ങളോട് പറഞ്ഞു. നരേഷ് ഔദാര്യപൂര്‍വ്വം അവരെ താഴെയെത്തിക്കാമെന്ന് ഓഫര്‍ ചെയ്തത് അയാള്‍ സ്വീകരിച്ചില്ല.

അവിടെ അന്ന് രാത്രി താമസിക്കുന്നത് സുരക്ഷിതമല്ല എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ തിരിച്ച് കുന്നിറങ്ങി. റോഡുകള്‍ മുഴുവന്‍ മണ്ണിടിച്ചില്‍ കാരണം വഴി തിരിച്ച് വിട്ടിരുന്നു. മിലിട്ടറി അടിയന്തിര സഹായവുമായി അപ്പോഴേക്കും റോഡുകള്‍ ക്ലിയര്‍ ചെയ്ത് തുടങ്ങിയിരുന്നു. അതി സാഹസികമായി തന്നെ ഞങ്ങള്‍ താഴ്വാരത്തിലെത്തി. എന്റെ ഭയപ്പാട് കണ്ട് തമാശകള്‍ പറഞ്ഞ് എന്നെ കളിയാക്കിയവരും താഴെ എത്തുമ്പോഴേക്ക് നിശബ്ദരായിരുന്നു.

ടൗണിലെത്തിയപ്പോഴാണ് പ്രളയാക്രമണത്തിന്റെ ഭീകരതയും വിമാനങ്ങള്‍ ക്യാന്‍സലാക്കിയതുമായ വിവരം അറിയുന്നത്. ഒരു വിമാനം റണ്‍വേയില്‍ തെന്നിപ്പോയതു കാരണം എയര്‍പോര്‍ട്ട് അടച്ചു. സീസണ്‍ അല്ലാഞ്ഞിട്ടു പോലും ഹോട്ടലുകള്‍ നിറഞ്ഞതിനു കാരണവും അതായിരുന്നു.

മനുഷ്യനിലെ നന്മ തിരിച്ചറിയാനുമൊരു അവസരവുമായി അത്. നരേഷ് ധൈര്യം തന്ന് സമാധാനിപ്പിച്ചു . ഞങ്ങള്‍ ദുബായില്‍ നിന്ന് നാട്ടിലേക്ക് പോവുന്ന വഴിയായതിനാല്‍ ലഗേജുകളും ധാരാളമുണ്ടായിരുന്നു. ഒരു പാട് അന്വേഷണങ്ങള്‍ക്ക് ശേഷം ഒരു മീഡിയം റേഞ്ച് ഹോട്ടലില്‍ റൂം കിട്ടി. പക്ഷേ രണ്ട് പ്രശ്‌നങ്ങള്‍, ലിഫ്റ്റും, എ.സിയും ഇല്ല. എ.സി അത്യാവശ്യമല്ലാത്ത കാലാവസ്ഥയാണ്. പക്ഷേ ലിഫ്റ്റില്ലാതെ ലഗേജ് എങ്ങിനെ മുകളിലെത്തിക്കും ? സമ്മാനം കൊടുക്കാനായി വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ അടക്കമുണ്ട് ലഗേജില്‍ . രാത്രി വൈകിയതിനാല്‍ അധികം ആലോചിക്കാതെ ഞങ്ങള്‍ ബാഗുകള്‍ നരേഷിന്റെ വണ്ടിയില്‍ വെച്ചു; അയാളുടെ താമസ സ്ഥലം ഇതിനടുത്താണെന്നും സാധനങ്ങള്‍ സുരക്ഷിതമായിരിക്കും എന്ന് അയാള്‍ പറഞ്ഞത് വിശ്വസിക്കാതെ മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ മുറികള്‍ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയിട്ടേ നരേഷ് പോയുമുള്ളൂ.

രാത്രി കഴിച്ച് കൂട്ടിയത് എങ്ങിനെയെന്നറിയില്ല. പരിശോധിച്ചപ്പോള്‍ ഷെഡ്യുളുകളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും എയര്‍പോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

രാവിലെ ഏഴ് മണിയാവുമ്പോഴേക്കും നരേഷ് എത്തി ഞങ്ങളെ സമാധാനിപ്പിച്ചു. അയാളല്ലായിരുന്നു ഡ്രൈവര്‍ എങ്കില്‍ ഞങ്ങളുടെ അവസ്ഥ അതി ഭീകരമാവുമായിരുന്നു. ഞങ്ങളെ ഒട്ടും പരിഭ്രാന്തരാക്കാതെ ആ സ്ഥിതിവിശേഷം അയാള്‍ ഭംഗിയായി കൈകാര്യം ചെയ്യുകയായിരുന്നു.

ഭാഗ്യത്തിന് ഫ്‌ലൈറ്റ് ആറ് മണിക്കൂര്‍ താമസിച്ചാണെങ്കിലും ഞങ്ങള്‍ സുരക്ഷിതരായി നാട്ടിലെത്തി. അപ്രതീക്ഷിതമായ പ്രളയാനുഭവങ്ങളുടെ ഓര്‍മ്മകള്‍ എഴുതണമെന്ന് ഓര്‍ത്തിരിക്കുമ്പോഴാണ് ഈ അപകട വാര്‍ത്ത ഒരു സങ്കടമായി മാറിയത്. നേപ്പാള്‍ യാത്രയില്‍ ഞങ്ങളും പഠിച്ച കാര്യം കസ്റ്റമറുടെ സുരക്ഷിതത്വത്തെക്കുറിച്ച് അവിടങ്ങളിലെ ഹോട്ടല്‍ അധികൃതര്‍ക്ക് വലിയ ആശങ്കകള്‍ ഒന്നും ഇല്ലെന്ന് തന്നെയാണ്.

ദുരന്തങ്ങള്‍ അപ്രതീക്ഷിതമാണെങ്കിലും നമ്മള്‍ ആവുന്ന പോലെയൊക്കെ മുന്‍കരുതലുകള്‍ എടുത്തേ പറ്റൂ.. യാത്രകളില്‍ ഒരു പാഠമായി ഈ അനുഭവം എന്നും മനസ്സിലുണ്ടാവും.
നേപ്പാളിലെ ദുരന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് (മിനി വിശ്വനാഥന്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക