'അന്‍ചാഹി' അഥവാ വേണ്ടാത്തവള്‍- അതാണ് അവള്‍ക്കു കിട്ടിയ പേര്. മധ്യപ്രദേശിലെ മങ്‌സോറിലാണ് അവളുടെ ജനനം.
ദരിദ്രര്‍ ആണവളുടെ മാതാപിതാക്കള്‍. ഇതിനകംതന്നെ നാലു പെണ്‍മക്കളുടെ ഭാരം ചുമക്കുന്ന ഗ്രാമീണര്‍. അഞ്ചാമത്തെ കുട്ടിയെങ്കിലും ആണായിരിക്കണമെന്നവര്‍ പ്രാര്‍ത്ഥിച്ചു നേര്‍ച്ചയും വഴിപാടുമായി അമ്പലങ്ങള്‍ തോറും ദര്‍ശനം നടത്തി. പേരറിയാവുന്ന എല്ലാ ദേവന്‍മാരെയും വിളിച്ചപേക്ഷിച്ചു. ഒരാണ്‍കുഞ്ഞിനു വേണ്ടി.
പക്ഷേ, ജനിച്ചതാകട്ടെ, അഞ്ചാമതും പെണ്‍കുഞ്ഞ്! നിരാശയും നിസ്സഹായതയും ഉള്ളില്‍ പുകഞ്ഞും. ആചാരങ്ങള്‍ക്ക് അടിപ്പെട്ട് സ്വന്തം മാതാപിതാക്കള്‍ അവള്‍ക്കു കൊടുത്ത പേരാണ് 'അന്‍ചാഹി', അര്‍ത്ഥം- വേണ്ടാത്തവള്‍! ഈ പേരിട്ടാല്‍ ഇനിയുണ്ടാകുന്ന കുട്ടി ആണായിരിക്കുമെന്ന അന്ധവിശ്വാസം ആ ഗ്രാമത്തിലുണ്ട്. പക്ഷേ, ഇവരുടെ കാര്യത്തില്‍ ആറാമത്തെ കുട്ടിയും പെണ്‍കുട്ടിയായിരുന്നു! അന്‍ചാഹിയെ പുറംതള്ളുന്നതാണ് നാട്ടാചാരം. അധികപ്പറ്റായ ആ പെണ്‍കുട്ടി സ്വന്തം വീട്ടില്‍ ക്രൂരമായി അവഗണിക്കപ്പെടുന്നു! മനം നൊന്ത് തെരുവില്‍ ഇറങ്ങുന്നു.
പെണ്‍കുട്ടികളെ ബാധ്യതയായിക്കാണുന്ന ഇന്‍ഡ്യയില്‍, പ്രത്യേകിച്ച് വടക്കെ ഇന്‍ഡ്യയില്‍, ഇതൊരൊറ്റപ്പെട്ട സംഭവമല്ല. മധ്യപ്രദേശില്‍ വേറെയുണ്ട് അന്‍ചാഹിമാര്‍! പഞ്ചാബില്‍ ഭിക്ഷയെടുത്തു ജീവിക്കുന്ന അന്‍ചാഹിമാരുണ്ട്. മഹാരാഷ്ട്രയില്‍ ഈ അര്‍ത്ഥം വരുന്ന 'നകശി' എന്ന മറാത്തി പേരില്‍ അത്തരം പെണ്‍കുട്ടികള്‍ അവഹേളിക്കപ്പെടുന്നു, ദുരിതമനുഭവിക്കുന്നു.
ആര്‍ക്കാണവള്‍ 'വേണ്ടാത്തവള്‍'? നൊന്തുപെറ്റ തള്ളയ്ക്ക് അവള്‍ പൊന്‍കുഞ്ഞാണ്. ജന്മം നല്‍കിയ അച്ഛന് അവള്‍ ഓമന മകള്‍ തന്നെ. ദുഷിച്ചു ജീര്‍ണ്ണിച്ച സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ക്കാണ് അവള്‍ 'വേണ്ടാത്തവള്‍'. നാട്ടുനടപ്പും അനാചാരങ്ങളും ഒന്നിച്ചുകൂടി, അന്ധവിശ്വാസങ്ങളുടെ കവടി നിരത്തി പ്രശ്‌നം വയ്ക്കുമ്പോള്‍ പെണ്ണ് ഒരു ബാധ്യതയായി കണക്കില്‍ പെടുന്നു. പാരമ്പര്യവും കീഴ് വഴക്കങ്ങളും പെണ്‍കുഞ്ഞിനെ വേണ്ടാത്തവള്‍ ആയി തരംതാഴ്ത്തുന്നു, ശിക്ഷിക്കുന്നു. ശിശുക്കള്‍ക്കു കിട്ടുന്ന സംരക്ഷണം ഇവര്‍ക്കു കിട്ടാറില്ല. ലാളനയുടെ ആനന്ദം അവര്‍ അറിഞ്ഞിട്ടില്ല. ഭക്ഷണംപോലും വേണ്ടത്ര കിട്ടാറില്ല. വിശപ്പടക്കാന്‍ തെരുവുകള്‍ തോറും തെണ്ടേണ്ടിവരുന്ന ഈ മനുഷ്യപുത്രിമാര്‍ക്ക് !
എന്തു ക്രൂരകൃത്യവും ചെയ്യാന്‍ മടിക്കാത്ത കാമവെറിയന്‍മാരുടെ പൈശാചികമായ വിഷപ്പല്ല് ഈ കുട്ടികളുടെ ശരീരത്തില്‍ തുളഞ്ഞിറങ്ങില്ലെന്നാരറിഞ്ഞു! കുട്ടികളെ തട്ടിക്കൊണ്ടുപോയി അംഗവൈകല്യം വരുത്തി ഭിക്ഷയാചിപ്പിച്ച് പണമുണ്ടാക്കുന്ന 'യാചക മാഫിയ' ഈ കുട്ടികളെ തിരഞ്ഞുപിടിക്കില്ലെന്താണുറപ്പ്? അവയവ വില്‍പനക്കുള്ള ഉരു ഈ പെണ്‍കുട്ടിയായെന്നു വരാം. ഇവളുടെ വൃക്കയും കണ്ണും കരളും ഇതര ശരീരഭാഗങ്ങളും ചന്തയില്‍ വിറ്റെന്നു വരാം. വേണ്ടാത്തവളെ വേണ്ടുന്ന വരുണ്ട്- ലാഭത്തിനുവേണ്ടി!
പ്രപഞ്ച സ്രഷ്ടാവായ സര്‍വ്വശക്തന്‍, പലപ്പോള്‍, പല പേരില്‍ അവതരിച്ചത് സ്ത്രീയില്‍ നിന്നാണ്. ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, ശ്രീയേശു, ശ്രീബുദ്ധന്‍, പ്രവാചകന്‍ നബി ഇവരുടെയൊക്കെ ജനനത്തിനു നിയോഗിക്കപ്പെട്ടത് സ്ത്രീകളാണ്. മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് അവതരിക്കാന്‍ സ്ത്രീകള്‍ വേണം. എങ്കില്‍പ്പിന്നെ മനുഷ്യര്‍ക്കെന്തുകൊണ്ട് പെണ്‍കുഞ്ഞ് വേണ്ടാത്തവളാകും? വേണ്ടാത്തവളുടെ മാതാപിതാക്കളും ജനിച്ചത് സ്ത്രീകളില്‍ നിന്നല്ലേ? പെണ്‍കുഞ്ഞാണ് വളര്‍ന്നു വലുതായി അമ്മയാകുന്നത്. അവളെ 'വേണ്ടാത്തവള്‍' എന്നു വിളിച്ച് ആക്ഷേപിക്കുന്നത് മാതൃത്വത്തോടുള്ള ഭര്‍ത്സനമാണ്, ദൈവത്തോടുള്ള നിന്ദയാണ്.
മാഡം കാമ ബിനദാസ്, സുചേത കൃപലാനി, അരുണ ആസഫലി, ദുര്‍ഗാവതി ദേവി, ഉഷ മേത്ത, സരോജനി നായിഡു, മൃദുല സാരാഭായി ഹാജിറ ബീഗം കല്‍പന ദത്ത്, രേണു ചക്രവര്‍ത്തി, രാജകുമാരി അമൃതകൗര്‍, ഇന്ദിരാ ഗാന്ധി തുടങ്ങിയ ഒട്ടനവധി മഹതികളുടെ പാദമുദ്ര പതിഞ്ഞ മണ്ണാണ് ഭാരതത്തിന്റേത്. ആ മണ്ണിലൂടെയാണ് കൊച്ചുപെണ്‍കുട്ടികള്‍,- പെണ്ണായി പിറഞ്ഞ കുറ്റത്തിന് - വിശപ്പടക്കാന്‍ തെണ്ടിനടക്കുന്നത് ! ആര്‍ക്കും വേണ്ടാത്ത അധികപ്പറ്റുകളായി അലയുന്ന അവര്‍ 'വേണ്ടുന്നവര്‍' ക്കൊക്കെ ദുശ്ശകുനങ്ങളാണ്. മനുഷ്യന്‍ മനുഷ്യനു ദുശ്ശകുനം!
പേപ്പട്ടിക്കും വിഷപ്പാമ്പിനും സംരക്ഷണം നല്‍കുന്ന നാടാണ്. ഇന്‍ഡ്യ പശുക്കളെ പരിപാലിക്കുക മാത്രമല്ല ആരാധിക്കുകപോലും ചെയ്യുന്ന സംസ്‌ക്കാരമാണ് ഇന്‍ഡ്യയുടേത്. അവിടെ, ചെയ്യാത്ത കുറ്റത്തിന്, ആരുടേതുമല്ലാത്ത കുറ്റത്തിന് പെണ്‍കുട്ടികള്‍ ശിക്ഷിക്കപ്പെടുന്നു! അവര്‍, ഉപേക്ഷിക്കപ്പെടുന്നു, ഉപദ്രവിക്കപ്പെടുന്നു, ക്രൂരകൃത്യങ്ങള്‍ക്കിരയാകുന്നു.
ഇവരുടെ അവകാശ സംരക്ഷണത്തിനു സമരം ചെയ്യാന്‍ പ്രമുഖ രാഷ്ട്രീയ സംഘടനകള്‍ തയ്യാറാവുകയില്ല. കാരണം, ഇവര്‍ക്ക് വോട്ടുബാങ്കില്‍ അക്കൗണ്ടില്ല.
അമ്പലത്തില്‍ പൂജയോ പള്ളിയില്‍ പെരുന്നാളോ കഴിപ്പിക്കാനുളള സാമ്പത്തിക ശേഷി ഇവര്‍ക്കില്ല. അതുകൊണ്ട്, സംഘടിതമതങ്ങള്‍ക്ക് ഇവര്‍ വേണ്ടാത്തവരാണ്.
ആണായി ജനിക്കാത്തതിനുള്ള കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ഈ ഇളം മനസ്സില്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ക്ക് ആഴം കൂട്ടാന്‍, കാലപ്പഴക്കം കൊണ്ടു തുരുമ്പിച്ച ത്രിശൂലം ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുകയാണ് വിശ്വാസികള്‍!
അന്ധവിശ്വാസികളില്‍ അധിഷ്ഠിതമായ അനാചാരങ്ങള്‍ തെരുവിലേക്കെറിയുന്ന ഈ കുട്ടികളും മനുഷ്യരാണ്. വിശപ്പും ദാഹവും അവര്‍ക്കുമുണ്ട്. ശാരീരികമായ ആവശ്യങ്ങളുണ്ട്. ജീവിക്കാന്‍ മോഹമുണ്ട്. ഇവര്‍ക്ക് വേണ്ടത് ആശ്രയവും അഭയവുമാണ്. മനുഷ്യാവകാശങ്ങളുടെ അംഗീകാരമാണ്. ഇവരെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ശക്തികേന്ദ്രങ്ങളില്‍നിന്ന് ഇവര്‍ക്കു കിട്ടുന്നത് ദയനീയമായ അവഗണനയാണ്. യഥാര്‍ത്ഥ ജനാധിപത്യ ഭരണകൂടം ഇവരുടേതുകൂടിയാണ്. തെരുവില്‍ അലയുന്ന ഇവരുടെ തേങ്ങല്‍, അങ്ങകലെ ഉയരങ്ങളില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന അധികാരികളില്‍ ചലനമുണ്ടാക്കുകയില്ല.
ശബ്ദമില്ലാത്ത ഇവരുടെ ശബ്ദമാകേണ്ടത് ശക്തിയില്ലാത്ത ഇവരുടെ ശക്തിയാകേണ്ടത് മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഉല്‍പതിഷ്ണുക്കളാണ്. മാനവീയതയുടെ കൊടിക്കീഴില്‍ ജനങ്ങളെ അണിനിരത്താന്‍ നവീന നവോത്ഥാന തേജസ്വികള്‍ മുന്നോട്ടു വരണം.
ഒരു ജനതയുടെ വിശ്വാസങ്ങളില്‍ പരമ്പരാഗതമായി വേരുറപ്പിച്ചിരിക്കുന്ന യുക്തിരഹിതമായ അനുഷ്ഠാനങ്ങള്‍ പറിച്ചുകളയാന്‍ എളുപ്പമല്ല. അക്ഷരത്തിന്റെ വെളിച്ചം കടന്നു ചെല്ലാത്ത ഗ്രാമങ്ങളില്‍ ജീവിക്കുന്ന ജനലക്ഷങ്ങള്‍ അജ്ഞതയുടെ അടിമകളാണ്. അവരെ വെളിച്ചത്തിലേക്കു നയിക്കാന്‍ വിദ്യാഭ്യാസം കൂടിയേ തീരൂ.
വിദ്യാഭായസത്തോടൊപ്പം സ്വതന്ത്രചിന്തയും യുക്തിബോധവും ഇവരില്‍ വളര്‍ത്തിയെടുക്കണം. ത്യാഗോജ്ജ്വലമായ ഈ ധീരകൃത്യത്തിന് ഒരുമ്പെട്ടിറങ്ങുന്നവര്‍ നേരിടുന്ന പ്രതിരോധം അവിശ്വസനീയമാണ് അതിശക്തമാണ്. ഈ സത്കര്‍മ്മത്തിന്റെ ഗുണഭോക്താക്കളാകേണ്ടവര്‍ തന്നെ എതിര്‍പ്പുമായി മുന്‍നിരയില്‍ വരുമെന്നുള്ളത്, സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ നേരിടുന്ന ഗുരുതരമായ വെല്ലുവിളിയാണ്.
സതി നിരോധിക്കപ്പെട്ടപ്പോള്‍, ആ നിയമത്തിനെതിരെ, 'സതി വേണം' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് അണിനിരന്നത് ആയിരക്കണക്കിനു സ്ത്രീകളായിരുന്നു! മുസ്ലീംരാജ്യങ്ങളില്‍, സ്ത്രീസ്വാതന്ത്ര്യത്തിനെതിരെ പ്രക്ഷോഭണം നയിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങുന്നു! വൈരുദ്ധ്യാധിഷ്ഠിതമായ ഇത്തരം പ്രതിസന്ധികളെ ഒട്ടേറെ നേരിട്ടുകൊണ്ടുവേണം മാനവീയതയെ മാനിക്കുന്ന പ്രവര്‍ത്തകര്‍ക്ക് മുന്നോട്ടു നീങ്ങാന്‍. അന്ധവിശ്വാസങ്ങള്‍ക്കകും അനാചാരങ്ങള്‍ക്കും അടിമപ്പെട്ടുകിടക്കുന്ന ജനവിഭാഗങ്ങളെ മോചിപ്പിക്കാന്‍ മനുഷ്യസ്‌നേഹികള്‍ നടത്തുന്ന ധീരമായ പ്രവര്‍ത്തനങ്ങള്‍ വിജയിക്കട്ടെ! അന്‍ചാഹിയായി ആരുമില്ലാത്ത ഒരു ലോകം കാലവിളംമ്പം കൂടാതെ സംജാതമാകട്ടെ!