Image

കനല്‍പ്പക്ഷികള്‍ (കവിത: രമാ പ്രസന്ന പിഷാരടി)

Published on 01 February, 2020
കനല്‍പ്പക്ഷികള്‍ (കവിത: രമാ പ്രസന്ന പിഷാരടി)
മിഴികളില്‍ കനല്‍പ്പക്ഷികള്‍
പാടുന്ന കവിതയാണത്
പാഴ്‌വാക്കുകള്‍ ചൊല്ലി
പരവതാനി വിരിച്ചിട്ടു
പോകുന്ന തിരകളല്ലത്
കത്തും ത്രിസന്ധ്യയില്‍
കടലിലേയ്ക്ക് പ്രപഞ്ചമേകും
സൗരവഴികളുള്ള
നിലാപ്പൂക്കളാണത്
ഇരുളു മാഞ്ഞുപോമെന്നു
ചൊല്ലീടുന്ന പ്രകൃതിയാണത്
നിസ്വാര്‍ഥമാണത്
വഴിയിലുണ്ടാം നിഴല്‍
കുത്തി നിങ്ങുന്ന മല
യരചന്റെ വംശപരമ്പര
മനസ്സില്‍ നീതിപ്രമാണങ്ങളില്ലാതെ
വിധി പറയുന്ന ന്യായാസനങ്ങളെ
മുഖമതാവരണങ്ങളില്‍
നിന്നടര്‍ന്നുയിരെടുക്കാന്‍
വരും പേക്കിനാക്കളും
ഉടലില്‍ ശംഖുവരയന്റെ
പോലുള്ള വരകളുള്ള
ജലപ്പിശാചുക്കളും
പുഴകളില്‍ വന്നടിയുന്ന
പായല്‍ പോല്‍
വെറുതെ വന്നു  പോകുന്ന
പാഴ്‌ക്കോലങ്ങള്‍
അഴികളില്‍ നിന്ന്
പര്‍വ്വതങ്ങള്‍ കണ്ട്
തിരികെയത്തുന്ന
യാത്രാവഴിയിലായ്
ചുമരില്‍ ചില്ലിട്ട്
വച്ചിരിക്കും ശൂന്യ
മുറികളെ കടന്നോടുന്ന
കാറ്റുപോല്‍
പലതുമിങ്ങനെ
കണ്ടുപോകാം,
കനല്‍ച്ചിറകുമായി
പറക്കുന്ന പക്ഷിപോല്‍
പലയിടങ്ങളെ കണ്ടു
വാനത്തിന്റെ
നിറുകയില്‍ തൊട്ടു
പോരുന്ന ഭൂമിതന്‍
ഭ്രമണവേഗത്തിലെന്നും
ത്രസിക്കുന്ന വ്രതഋതുക്കളില്‍
കവിതയെ ചേര്‍ത്തിടാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക