ഇരുളിലൊരിലകൂടിക്കൊഴിഞ്ഞു വീഴുന്നു
ഒരു കണ്ണീര്‍ക്കണം വീണു ചിതറുന്നു
ഇനിയുമീമിഴികളിലുറവ ബാക്കിയുണ്ടെന്നോ?!!
ഇരുള്‍ മാറിപ്പുലരി വന്നണയുമ്പോള്‍
മുടിവാരിക്കെട്ടി, മുഖം മിനുക്കാതവളിറങ്ങുന്നു,
വെളിച്ചത്തിലൊളിക്കുവാനിടം തേടണം
ഇരുളും നിഴലും പകുത്തെടുത്ത ജീവന്
വെളിച്ചമെന്നുമൊരധികപ്പറ്റു തന്നെ!
ചതിയനൊരു കാമുകന്‍ വച്ചുനീട്ടിയ
വഴിയാധാരമായിരുന്നവള്‍ക്കു ജീവിതം!
കണ്ണില്‍ നിലാവുനിറച്ചു നെഞ്ചോടു ചേര്‍ത്തവന്‍
കിനാവുകള്‍ അരിഞ്ഞെറിഞ്ഞതെത്ര വേഗം!
ഉയിരില്‍ പൂത്ത കുരുന്നു ജീവന്‍ ഇറുത്തെടുക്കവേ,
അവള്‍ കരഞ്ഞ കരച്ചിലവനൊരു വലിയ ചിരിയായിരുന്നു!
തളിരുടല്‍ വിപണനസാധ്യതയായിരുന്നവനു പ്രണയം
അവള്‍ക്കോ, കരള്‍നുറുങ്ങിപ്പിടയുന്ന നോവും!
ഒരുപിടി മുളകുപൊടിയില്‍ അവളായുദ്ധം ജയിച്ചു
തെരുവിന്നിരുള്‍മാളങ്ങളില്‍ ഒളിച്ചു പാര്‍ത്തു,
കള്ളവണ്ടികള്‍ കയറി, നഗരങ്ങള്‍ പലതു മാറി,
ഇരുട്ടെന്നും കമ്പിളിപ്പുതപ്പായി, വെളിച്ചം വേട്ടക്കാരനും!
മനുഷ്യനെന്നത് ക്രൂരതയ്‌ക്കൊരു വിളിപ്പേരായി!
ചെളിപിടിച്ചുനാറിയ ഉയിരും ഉടലുമുടയാടകളും
കണ്ണില്‍ത്തിളയ്ക്കും ഭ്രാന്തും മാറാപ്പിലെ വാള്‍ത്തലപ്പും
തനിച്ചായവള്‍ക്കു തുണയായി മാറി!
തിരിച്ചുപോകാനിടമില്ലാത്തവള്‍ ചുറ്റിത്തിരിഞ്ഞു
വന്നെത്തിച്ചേരും ഇരുമ്പുപാളങ്ങള്‍ക്കരികിലിടയ്ക്കിടെ.
എന്നോ ചിന്നിച്ചിതറിപ്പോയോരമ്മ ഓര്‍മ്മയില്‍ വന്നുനിറയും
തീവണ്ടികള്‍ കരുണാര്‍ദ്ദ്രം ചൂളംവിളിച്ചു താരാട്ടുപാടും
സ്വയമൊടുക്കാന്‍ ധൈര്യമില്ലതുകൊണ്ടുമാത്രം മടങ്ങും
ആരുമില്ലാത്ത ജീവനുകള്‍ക്കൊരു തൊട്ടുതലോടലാകും
മദംപൊട്ടും മൃഗതൃഷ്ണകള്‍ക്കു മുന്നില്‍ വാളേന്തി രുദ്രയാകും
ഈ ജീവന്റെ നൂലിനിയും പൊട്ടാത്തതെന്തെന്നു പരിതപിക്കും!