Image

മാർക്കറ്റ് നിർജീവം: അങ്ങേയറ്റം നിരാശാജനകമായ ഒരു ബഡ്ജറ്റ് (വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 03 February, 2020
മാർക്കറ്റ്  നിർജീവം:  അങ്ങേയറ്റം നിരാശാജനകമായ ഒരു ബഡ്ജറ്റ്   (വെള്ളാശേരി ജോസഫ്)
ക്രിസ്മസിന് കേക്ക് വാങ്ങാന്‍ ഇതെഴുതുന്ന ആള്‍ ഡല്‍ഹിയിലെ പ്രസിദ്ധമായ INA മാര്‍ക്കറ്റില്‍ പോയിരുന്നു. ആഫ്രിക്കക്കാരും, നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ളവരും, ഡല്‍ഹിയിലെ മലയാളികളും ഒക്കെ ഏറ്റവും പ്രയോജനപ്പെടുത്തുന്ന ഒന്നാണ് ഡല്‍ഹിയിലെ INA മാര്‍ക്കറ്റ്.

കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ അവിടെ ക്രിസ്മസ് കേക്കും, ക്രിസ്മസ് ട്രീയും, സാന്റ്‌റോ ക്ളോസും ഒക്കെയുണ്ട്. പക്ഷെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒട്ടുമേ തിരക്കില്ല. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അവിടെ നിന്നു തിരിയാന്‍ പോലും പറ്റില്ലായിരുന്നു. അത്രക്കായിരുന്നു തിരക്ക്.

ഉത്തരേന്ത്യയില്‍ എവിടെ നോക്കിയാലും കടകളിലെ സ്റ്റോക്ക് തീരാതെ ഉടമസ്ഥര്‍ ഇരിക്കുന്നത് കാണാം. മാര്‍ക്കറ്റുകളില്‍ തിരക്ക് ഒട്ടുമേ ഇല്ലാ. സാധാരണ ഗതിയില്‍ 5 മണി മുതല്‍ 8 മണി വരെയുള്ള സമയം വളരെ തിരക്ക് പിടിച്ചതാണ്; ബൈക്കുകളും മനുഷ്യരും അങ്ങോട്ടുമിങ്ങോട്ടും പായുന്ന സമയമാണത്. ഉത്തരേന്ത്യയിലെ വിന്റ്‌റര്‍ മാര്‍ക്കറ്റിലാകാട്ടെ, കുടുംബിനികളൊക്കെ സ്വെറ്ററും, ജാക്കറ്റും, കുട്ടികള്‍ക്കുള്ള കമ്പിളി വസ്ത്രങ്ങളൊക്കെ തിരയുന്നത് പണ്ട് സ്ഥിരം കാഴ്ചയായിരുന്നു. ഇപ്പോള്‍ അത്തരം സ്ത്രീകളുടേയോ, കുടുംബിനികളുടേയോ സാന്നിധ്യം മാര്‍ക്കറ്റുകളില്‍ വന്‍തോതില്‍ കാണുവാനേ ഇല്ലാ. പഴയ തിരക്കൊന്നും ഒരു മാര്‍ക്കറ്റിലും ഇല്ല. ചില കടകളൊക്കെ അടഞ്ഞുകിടക്കുന്നത് പോലും വലിയ മാര്‍ക്കറ്റുകളില്‍ കാണാം.

പലയിടങ്ങളിലും മുമ്പ് തിരക്കിന്റ്‌റെ കേദാരമായിരുന്ന നിരത്തുകളൊക്കെ ശൂന്യം. കടക്കാരൊക്കെ മരവിച്ച കണ്ണുകളോടെ കടയിലെ സാധനങ്ങളുമായി ആളുകളെ നോക്കിയിരിക്കുന്നത് കാണാം. ഇന്ത്യ മുഴുവന്‍ ഇതാണ് സ്ഥിതി. അപ്പോള്‍ ജനങ്ങളുടെ ക്രയവിക്രയ ശേഷി ഉയര്‍ത്താതെ സമ്പദ് വ്യവസ്ഥയുടെ ഊര്‍ജം എങ്ങനെ വീണ്ടെടുക്കും?

'ഡിമാന്‍ഡ്' സൃഷ്ടിക്കാനുള്ള പദ്ധതികളൊന്നും ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റില്‍ ഇല്ലാ. 'ഡിമാന്‍ഡ് ക്രിയേഷന്' ശ്രമിച്ച് സമ്പദ് വ്യവസ്ഥയില്‍ നവോന്മേഷം സൃഷ്ടിക്കുന്നതിന് പകരം 'സപ്ളൈ സൈഡ്' മാത്രം നോക്കി എന്നതാണ് ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിലെ പ്രധാന പ്രശ്നം. തൊഴിലും വരുമാനവും കൂട്ടാനുള്ള ഒരു നടപടിയും ഈ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല.

റവന്യു വരുമാനം കുറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഈ രാജ്യത്തുള്ളത്. ഡിമാന്‍ഡ് കൂടാതെ റവന്യു വരുമാനം കൂടത്തുമില്ല. ഡിമാന്‍ഡ് കൂട്ടാതെ ഒരു 'ഡിമാന്‍ഡ് സപ്പ്ളൈ ഇക്കോണമിയെ' എങ്ങനെ മുന്നോട്ട് നയിക്കും എന്ന് ധന മന്ത്രി ബഡ്ജറ്റ് പ്രസംഗത്തില്‍ പറയുന്നില്ല. ഇന്നത്തെ ഇന്ത്യയില്‍ മാര്‍ക്കറ്റുകള്‍ പൊതുവെ 'ഡള്‍' ആണ്. അപ്പോള്‍ ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുത്ത് അവരുടെ ക്രയവിക്രയ ശേഷി വര്‍ധിപ്പിക്കുന്നതിന് പകരം ബി.എസ്.എന്‍.എല്ലും, എയര്‍ ഇന്‍ഡ്യയും ഒക്കെ വിറ്റ് ജീവനക്കാരെ പറഞ്ഞു വിടുകയും ചെയ്താല്‍ ആളുകളുടെ വരുമാനം എങ്ങനെയാണ് ഉയരുന്നത്? കാര്യങ്ങള്‍ ഇങ്ങനെയായാല്‍ ഒരു സാധാരണ പൗരന്റ്‌റെ ക്രയവിക്രയ ശേഷി എങ്ങനെ ഉയരും?

LIC, IDBI, BHEL, BPCL, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എയര്‍ ഇന്ത്യ, ഇവയെല്ലാം ഇപ്പോള്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കയാണ് അതല്ലെങ്കില്‍ ലിസ്റ്റ് ചെയ്യാന്‍ പോകുകയാണ്. പ്രൈവറ്റ് ഷെയര്‍ ഹോള്‍ഡേഴ്സിന്റ്‌റെ ഇന്‍വെസ്റ്റ്മെന്റ്‌റ് പ്രകാരം ഇന്ത്യയുടെ അഭിമാനമായിരുന്ന ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭാവിയില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നത് രാജ്യതാല്‍പര്യത്തിന് ഒട്ടുമേ ഉതകുന്ന നടപടി അല്ല. സ്വകാര്യ വ്യക്തികളുടെ താല്‍പര്യ പ്രകാരമല്ല ജന നന്മക്ക് ഉപകാരപ്പെടേണ്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.

സ്വകാര്യവല്‍ക്കരണം അല്ല ശരിക്കുള്ള പ്രശ്നം; നമ്മുടെ പ്രൈവറ്റ് മേഖല പൂര്‍ണമായും നിയമവിധേയമായി പ്രവര്‍ത്തിക്കാത്തതാണ്. ഇന്ത്യയില്‍ പ്രൈവറ്റ് ക്യാപ്പിറ്റല്‍ പൂര്‍ണമായും നിയമ വിധേയമായി ഒരിക്കലും പ്രവര്‍ത്തിച്ച ചരിത്രമില്ല. 'എത്തിക്സും', 'മൊറാലിറ്റിയും' ഇല്ലാത്ത രാഷ്ട്രീയക്കാര്‍ ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്നൂ.

അമേരിക്കയുടേതോ, മറ്റേതെങ്കിലും വികസിത രാജ്യങ്ങളിലേയോ പ്രൈവറ്റ് ക്യാപ്പിറ്റലുമായി നമ്മുടെ സ്വകാര്യ മൂലധന ശക്തികളെ താരതമ്യപ്പെടുത്തുന്നത് തന്നെ മണ്ടത്തരമാണ്. ശത കോടീശ്വരനായ 'എന്‍ റോണ്‍' മേധാവിയെ പോലും വിലങ്ങുവെച്ച് നടത്തിച്ച ചരിത്രമാണ് അമേരിക്കയിലെ നീതിന്യായ സംവിധാനത്തിന്റ്‌റേത്. റഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന കൊര്‍ദോസ്‌കിയെ അവിടുത്തെ നീതിന്യായ വ്യവസ്ഥ ജയിലില്‍ അടച്ചു. ഇന്ത്യയില്‍ അതൊക്കെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുമോ?

ഇവിടേ 'മൊണോപ്പൊളികളെ' നിയന്ത്രിക്കേണ്ട 'കോമ്പറ്റിഷന്‍ കമ്മീഷന്‍' ഒക്കെ നോക്കുകുത്തിയായിട്ട് കാലം കുറെയായി.

'ക്യാപ്പിറ്റല്‍ എക്സ്പന്‍ഡീച്ചര്‍' അതല്ലെങ്കില്‍ മൂലധന നിക്ഷേപം നടത്തി 100 വിമാന താവളങ്ങള്‍ കൂടി നിര്‍മിക്കും എന്ന് ധന മന്ത്രിക്ക് വെറുതേ വാഗ്ദാനം നടത്താം; ജനങ്ങളുടെ കയ്യടി കിട്ടും. പക്ഷെ വരുമാനം കുറഞ്ഞിരിക്കുന്ന സന്ദര്‍ഭത്തില്‍, മൂലധന നിക്ഷേപം എവിടുന്ന് വരും എന്നത് മാത്രം മന്ത്രി പറയുന്നുമില്ല.

ജനങ്ങളുടെ കയ്യില്‍ പണമില്ലെങ്കില്‍ പിന്നെ ആര് ഈ വിമാനാതാവളങ്ങള്‍ ഒക്കെ ഉപയോഗപ്പെടുത്തും എന്നതും കേന്ദ്ര സാമ്പത്തിക മന്ത്രി പറയുന്നില്ല. പണ്ട് ബി.ജെ.പി. ക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ തിളങ്ങിയിരുന്ന നിര്‍മല സീതാരാമന് സാമ്പത്തിക വിഷയങ്ങളെ കുറിച്ച് വലിയ പിടിപാടുള്ളതായി കാണുന്നില്ല. സാമ്പത്തിക സഹ മന്ത്രിയായ അനുരാഗ് ഠാക്കൂറാകട്ടെ, ചാനലുകളില്‍ ബഡ്ജറ്റ് പ്രഖ്യാപനങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ വിക്കുന്നതും കാണാമായിരുന്നു. പരസ്യമായി കൊലവിളിക്കും വെടിവെപ്പിനും ആഹ്വാനം നടത്തുന്ന ഒരു മന്ത്രിക്ക് അല്ലെങ്കിലും സാമ്പത്തിക വിഷയങ്ങളോട് എങ്ങനെ ഒരു പ്രൊഫഷണല്‍ സമീപനം കൈവരും?

നോട്ട് നിരോധനം, ജി.എസ്.ടി., സബ്സിഡി വെട്ടിച്ചുരുക്കല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സ്വതന്ത്ര വിപണി, ബാങ്കുകളുടെ സംയോജനം, സ്വകാര്യവല്‍ക്കരണം, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടല്‍ ഇങ്ങനെ പല പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ തന്നെ ജനങ്ങളുടെ ക്രയവിക്രയ ശേഷി എടുത്തു കളഞ്ഞു. ഒരു ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെട്ടു എന്നാണ് 'ഓട്ടോമോട്ടീവ് കംപോണെന്റ്‌റ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷന്‍' തന്നെ ഈയിടെ പറഞ്ഞത്.

'കമ്പള്‍സറി റിട്ടയര്‍മെന്റ്‌റ്' എന്ന് പറഞ്ഞുകൊണ്ട് കേന്ദ്ര സര്‍ക്കാരിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും പലരേയും പിരിച്ചു വിട്ടുകഴിഞ്ഞു. 'പെര്‍ഫോമന്‍സ് അസസ്മെന്റ്‌റ്' എന്നു പറഞ്ഞുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പലര്‍ക്കും നോട്ടീസ് നല്‍കികഴിഞ്ഞു. നോട്ടീസ് പോലും നല്‍കാതെ അനേകം പേര്‍ക്ക് 'കമ്പള്‍സറി റിട്ടയര്‍മെന്റ്‌റും' കൊടുത്തു കഴിഞ്ഞു. 50 വയസു കഴിഞ്ഞ പലര്‍ക്കുമാണ് 'കമ്പള്‍സറി റിട്ടയര്‍മെന്റ്‌റ്' കൊടുക്കുന്നത്.

അനേകം പേര്‍ക്ക് ഇന്നത്തെ ഇന്ത്യയില്‍ ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. മറ്റ് പലരും ജോലി പോകുമെന്ന ഭീതിയിലും ആണ്. പുതുതായി വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള പദ്ധതികളൊന്നും കേന്ദ്ര സര്‍ക്കാരിനോ, സംസ്ഥാന സര്‍ക്കാരുകള്‍ക്കോ ഇല്ല. ജോലി നഷ്ടപ്പെടും എന്ന് തോന്നിയാല്‍ ആരാണ് സാധനങ്ങള്‍ക്കായി പണം മുടക്കാന്‍ തയാറാവുക? നമ്മുടെ വിപണി പ്രതിസന്ധിയിലാവുന്നതിന്റെ കാരണം അതാണ്.

പൗരത്വ ബില്ലിനെ ചൊല്ലിയുള്ള ആവശ്യമില്ലാതിരുന്ന വിവാദം സൃഷ്ടിക്കപ്പെട്ടത് ഈ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നാണ് തോന്നുന്നത്. പ്രതിപക്ഷവും ജനങ്ങളും ഇന്നത്തെ ഭരണവര്‍ഗം കുഴിച്ച കുഴിയില്‍ വീണത് പോലെയാണ് തോന്നുന്നത്. സാമ്പത്തിക തളര്‍ച്ചയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറിക്കഴിഞ്ഞു. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കേണ്ടതിനു പകരം മതം പറഞ്ഞു ഇന്ത്യയില്‍ ആളുകള്‍ തമ്മില്‍ തല്ലുകയാണ്.

പൗരത്വ ബില്ലിനെ ചൊല്ലിയുള്ള പ്രതിഷേധം ഒന്ന് തണുത്തപ്പോള്‍ ജെ.എന്‍.യു.വില്‍ ആളെ വിട്ട് തല്ലിച്ചു. അതിനു ശേഷം ജാമിയയിലും, ഷഹീന്‍ ബാഗിലും ആയി രാജ്യ സ്നേഹികളുടെ വിളയാട്ടം. കേന്ദ്ര മന്ത്രിമാര്‍ തന്നെ പരസ്യമായി കൊലവിളിക്കും വെടിവെപ്പിനും ആഹ്വാനം നല്‍കുന്നൂ. എല്ലാം രാജ്യസ്നേഹത്തിനു വേണ്ടിയാണ്! ഈ ശ്രദ്ധ തിരിക്കല്‍ പ്രക്രിയയായാണ് ഇപ്പോള്‍ ഈ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. പക്ഷെ ജനം അത് മനസിലാക്കാത്തിടത്തോളം കാലം രാഷ്ട്രീയക്കാര്‍ മതവും, രാജ്യസ്നേഹവും ഒക്കെ കൂടെ കൂടെ പറഞ്ഞു ഇന്ത്യ ഭരിക്കും.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ്‌റിലെ അസിസ്റ്റന്റ്‌റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
മാർക്കറ്റ്  നിർജീവം:  അങ്ങേയറ്റം നിരാശാജനകമായ ഒരു ബഡ്ജറ്റ്   (വെള്ളാശേരി ജോസഫ്)
Join WhatsApp News
Ninan Mathulla 2020-02-03 07:12:58
Good thought provoking article. The cause of 1929 Depression in America where factories closed and people lost job was because of the lose of purchasing power of people. Hope rulers of the country will recognize the grave situation we are facing in India.
VJ Kumr 2020-02-04 09:18:39
നഷ്ടംതിരിച്ചുപിടിച്ച് വിപണി: നേട്ടത്തിനുപിന്നിലെ കാരണങ്ങള്‍...... ബജറ്റ് ആഴ്ചയിലെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ കുതിപ്പ്. ചൊവ്വാഴ്ച സെന്‍സെക്‌സ് 900 പോയന്റിലേറെ കുതിച്ചു. നിഫ്റ്റിയാകട്ടെ 11,982 നിലവാരത്തിലെത്ത... Read more at: https://www.mathrubhumi.com/money/ stock-market/factors-that-have-helped-sensex- nifty-recover-1.4500469 കോണ്‍ഗ്രസ് നേതാവ് ജനാര്‍ദന്‍ ദ്വിവേദിയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു 'ഞാന്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനമാണ് പ്രചോദനമായത്. അതുകൊണ്ടാണ് ഞാന്‍ ബിജെപി തിരഞ്ഞെടുത്തത്'-സമീര്‍ ദ്വിവേദി പറഞ്ഞു. ഒരു ദശാബ്ദക്കാലത്തോളം എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ജനാര്‍ദന്‍ ദ്വിവേദി. Read more: https://www.emalayalee.com/varthaFull.php?newsId=204217
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക